Translate

Wednesday, March 27, 2013

മഗ്ദലനമറിയത്തിന് യേശുവിന്റെ കത്ത്


മരിയാ തോമസ്, പീടികയ്ക്കല്‍

(തന്റെ അന്ത്യഅത്താഴവിരുന്നിലേക്ക് മഗ്ദലനമറിയത്തെ ക്ഷണിച്ചുകൊണ്ട് യേശു എഴുതിയിരിക്കാനിടയുള്ള കത്ത് ഭാവന ചെയ്യുകയാണിവിടെ, മുന്‍ കന്യാസ്ത്രീയായ ലേഖിക. 
മുംബൈയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'The Examiner' 
എന്ന മാസികയില്‍ ‘Dear Mary’’ എന്ന തലക്കെട്ടില്‍ 
1996 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച കത്തിന്റെ 
മലയാള ഭാഷാന്തരമാണിത്: )

നസ്രത്ത് മാര്‍ച്ച് -3
പ്രിയപ്പെട്ട മറിയം,
ദൈവകൃപ നിന്നോടുകൂടി ഉണ്ടായിരിക്കട്ടെ! നേരിട്ടുവന്ന് നിന്നെ കാണുവാന്‍ സാധിക്കാത്തതിനാല്‍ ഏതാനും വരികള്‍ കുറിക്കുന്നു.
ഞാനൊരുക്കുന്ന ഒരു കൂട്ടായ്മാവിരുന്നില്‍ നീയും പങ്കുചേരണമെന്ന് ഞാനാഗ്രഹിക്കുന്നു. അടുത്ത ഏപ്രില്‍ നാല് വ്യാഴാഴ്ച, ബഥനിയിലുള്ള മാളികയുടെ മുകള്‍നിലയിലാണ് വിരുന്നൊരുക്കപ്പെടുന്നത്.


ഇത്ര പെട്ടെന്ന്, എനിക്കിപ്രകാരം തോന്നാ ന്‍ എന്താണു കാരണമെന്ന് നിനക്ക് ആശ്ചര്യം തോന്നുന്നുണ്ടാകും. പുതിയ രാഷ്ട്രീയമാറ്റങ്ങള്‍; എല്ലായിടത്തുനിന്നും എനിക്കു നേരെ ഉയരുന്ന ഭീഷണികള്‍! ഇതെല്ലാംകൂടി, എന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു എന്നെന്നോടു മന്ത്രിക്കുന്നു. മറിയം, ഇനിയൊരിക്കലും ദൈവാലയത്തില്‍ പരസ്യമായി പഠിപ്പിക്കാന്‍ എനിക്കാവില്ലെന്നു നിനക്കറിയാമല്ലോ. 

മഹാപുരോഹിതനായ കയ്യേഫാസിനും ഉദ്യോഗസ്ഥപ്രമുഖരായ യഹൂദര്‍ക്കും എന്നിലുള്ള സംശയം വര്‍ദ്ധിച്ചുവരുന്നു.
എന്റെ അന്തിമവിധിദിനം ഒരുങ്ങിക്കഴിഞ്ഞു; എന്നോടൊപ്പം നില്‍ക്കാന്‍ ആരെങ്കിലുമുണ്ടാകുമോ? ഈ പാനപാത്രം എന്നില്‍നിന്നു നീങ്ങിപ്പോകുമോ? എന്തായാലും ഒന്നെനിക്കറിയാം - എന്റെ ദൈവം എന്നെ കൈവിടില്ല. ഗോതമ്പുമണി മണ്ണി ല്‍ വീണഴിയുന്നില്ലെങ്കില്‍, അതങ്ങനെതന്നെ നിലകൊള്ളുകയേയുള്ളൂ; മണ്ണില്‍ വീണഴിഞ്ഞാല്‍, അതു ധാരാളം ഫലം പുറപ്പെടുവിക്കും. അതുകൊണ്ട്, ഞാന്‍ അനേകര്‍ക്കു വേണ്ടിയുള്ള മോചനദ്രവ്യമാകേണ്ടിയിരിക്കുന്നു.


നിന്റെ ഉദാരമനസ്‌കതയിലും, പ്രത്യേകിച്ച് എന്നെയും നിനക്കിപ്പോള്‍ സഹോദരതുല്യരായിത്തീര്‍ന്നിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരെയും തീറ്റിപ്പോറ്റാന്‍ പലപ്പോഴും നിന്റെ സ്വന്തം വരുമാനം വിനിയോഗിക്കുന്നതിലുമുള്ള തീരാക്കടം ഏതെങ്കിലും വിധത്തില്‍ വീട്ടാന്‍ എനിക്കാവില്ല എന്നു ഞാനറിയുന്നു. എന്നിരിക്കിലും, എന്റെ സഹനങ്ങള്‍ക്കു മുമ്പായി നിന്നോടൊപ്പം ഒരിക്കല്‍ക്കൂടി ഭക്ഷണം കഴിക്കണമെന്നുണ്ട്. ദൈവരാജ്യത്തില്‍ അതിനി നിവൃത്തിയാകുംവരെ ഞാന്‍ ഭക്ഷണം കഴിക്കാനിടയില്ല. ഞാന്‍ പോയിക്കഴിയുമ്പോള്‍, എന്റെ പേരില്‍ നിങ്ങള്‍ ഒന്നിച്ചുകൂടണമെന്നും എന്റെ ഓര്‍മ്മയ്ക്കായി അപ്പം മുറിച്ചു കൂട്ടായി ഭക്ഷിക്കണമെന്നും ഞാന്‍ നിര്‍ദ്ദേശിക്കുന്നു.


ഈ വിരുന്നില്‍ എന്റെ അമ്മയും പങ്കെടുക്കും. നിന്നോടു സംസാരിക്കാന്‍ അവര്‍ക്കാഗ്രഹമുണ്ട്. കൂടാതെ, ജോവന്നാ, സൂസന്നാ, മാര്‍ത്താ, ബഥനിയിലെ മറിയം, പിന്നെ സമര്യായില്‍ നാം കണ്ട സ്ത്രീ എന്നിവരും നിനക്കു സൗഹൃദം പകരാന്‍ അന്നവിടെയുണ്ടാകും.


നിന്നെ അന്നു കാണാമെന്ന പ്രതീക്ഷയില്‍ നിര്‍ത്തട്ടെ. ഈ പ്രത്യേക സാഹചര്യത്തില്‍ നിന്റെ പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു.
                                                           

                                                                      സ്‌നേഹപൂര്‍വ്വം
                                                                           സ്വന്തം യേശു

(തര്‍ജ്ജമ - എഡിറ്റര്‍, സത്യജ്വാല 

2013 മാര്‍ച്ച് ലക്കം സത്യജ്വാലയില്‍നിന്ന്)

No comments:

Post a Comment