Translate

Monday, March 11, 2013

സ്മാര്‍ട്ട് ചര്ച്ച് - 2013


സിസ്റ്റൈന്‍ ചാപ്പലിന്‍റെ ചിമ്മിനിയിലൂടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെളുത്ത പുക ഉയരും; പള്ളിമണികളെല്ലാം ശബ്ദിക്കുകയും,  അള്‍ത്താരകളെല്ലാം  കൃതജ്ഞതാ ബലികള്‍ക്കായി ഒരുങ്ങുകയും, മത പ്രസിദ്ധീകരണങ്ങളിലെല്ലാം ഒരു പുതിയ പേര് കൂടി എഴുതി ചേര്‍ക്കപ്പെടുകയും ചെയ്യും. കുറെ റോമന്‍ ചോദ്യങ്ങളും ചിന്തകളും മനസ്സില്‍ക്കൂടി കടന്നു പോവുന്നു. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പാ എന്തിനു സ്ഥാന ത്യാഗം ചെയ്തു? കാര്യ കാരണങ്ങള്‍ തരിതലത്തില്‍ ലോക മാധ്യമങ്ങള്‍ വിശകലനം ചെയ്തു – കൃത്യമായ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും സമ്മതിക്കുകയും ചെയ്യുന്നു. ഞാന്‍ ദുര്ബ്ബലനായാതുകൊണ്ടാണെന്നുള്ള മാര്‍പ്പാപ്പയുടെ വാദഗതി ഏതായാലും ആരും വിശ്വസിച്ചിട്ടില്ല. ജോണ്‍ പോള്‍ രണ്ടാമന്‍ ദുര്ബ്ബലനായിരുന്നപ്പോഴും മാര്‍പ്പാപ്പയായി തുടര്‍ന്നതെങ്ങിനെയെന്നു, അദ്ദേഹത്തോടൊപ്പം ഒരേ പാത്രത്തില്‍ ഉണ്ടും പാനം ചെയ്തും ജിവിച്ച അന്നത്തെ കര്‍ദ്ദിനാള്‍ റാറ്റ്സിങ്ങറെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് സ്പഷ്ടം. ജോണ്‍ രണ്ടാമന്‍ യാഥാസ്ഥിതികരും അതിയാഥാസ്ഥിതികരായ കര്‍ദ്ദിനാളന്മാരുടെ ഒരു നെടുംകോട്ട തന്നെ ചുറ്റും സൃഷ്ടിച്ചു – യാഥാസ്ഥിതികനായ ഒരു പിന്ഗാമിക്ക് വഴിയൊരുക്കുകയും ചെയ്തു. അപ്പോള്‍ താന്‍ ദുര്ബ്ബലനായിരിക്കുമ്പോള്‍ വിഘടന വാദികള്‍ സഭയെ തട്ടിക്കൊണ്ടു പോകുമെന്നുള്ള ഭയവുമായിരിക്കില്ല രാജി കാരണം. തന്‍റെ പേരില്‍ പിണിയാളന്മാര്‍ തിളങ്ങുമോയെന്നുള്ള  ഭയവും അസ്ഥാനത്താണ്, കാരണം അത് കാലങ്ങളായി സഭയില്‍ ഉണ്ടായിരുന്നത് തന്നെയാണ്. മാര്‍പ്പാപ്പായുടെ രാജിയുടെ ശരിയായ കാരണം എന്താണ്? അതാണ്‌ ലോകം ഇന്നും ചികഞ്ഞുകൊണ്ടിരിക്കുന്നത്.


സഭയിലെ നട്ടെല്ലായി കൂട്ടുനിന്നു സഹകരിക്കേണ്ട സഭയിലെ പുരോഹിതരും മെത്രാന്മാരും കര്‍ദ്ദിനാള്‍മാരും, പിന്നെ അല്‍മായരും - അദ്ദേഹത്തെ ശാരീരികമായും മാനസികമായും ദുര്‍ബലനാക്കിയെന്നുള്ളത് ഒരു സത്യം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനു ചേര്‍ന്ന വിപ്ലവകരമായ മാറ്റങ്ങള്‍ സഭയില്‍ നടപ്പാക്കാന്‍ തനിക്കു കഴിയില്ലായെന്നുള്ള ഉറച്ച ബോദ്ധ്യമായിരിക്കണം രാജിയുടെ പിന്നിലെന്ന് ഞാന്‍ അനുമാനിക്കുന്നു. ക്രിസ്തുവിനോളം തന്നെ സുതാര്യതയോടെ സഭയെ മുന്നോട്ടു നയിക്കാന്‍ ഒരിക്കലും റോമിന് കഴിയില്ലെന്നാണോ അദ്ദേഹം ഉദ്ദേശിച്ചത്? ഉത്തരമില്ല. ഏതായാലും, വേണ്ടത്ര ആരോഗ്യമുണ്ടായിരുന്നുവെന്നു അദ്ദേഹം കരുതിയ കാലഘട്ടത്തിലും, സഭയില്‍ ഉയര്‍ന്നുവന്ന നിരവധിയായ പ്രശ്നങ്ങളില്‍ ഒന്നിന് പോലും മതിയായ ഉത്തരം കണ്ടെത്താന്‍ കഴിയാതെയാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നതെന്ന് പറയാതെ വയ്യ. ഒരു വശത്ത്‌ ദുര്‍ഭരണം തൊഴിലാക്കിയ മെത്രാന്മാരുടെ ഒരു നിര, മറുവശത്ത്‌ നീതിക്ക് വേണ്ടി അലമുറയിടുന്ന അല്‍മായരുടെ മഹാസമുദ്രം – ഇതിനിടയില്‍ തനിക്കു ചെയ്യാവുന്ന ഏക കാര്യം ഇത് മാത്രമാണെന്നാണോ അദ്ദേഹം ഉദ്ധേശിച്ചത്? അതിനും മറുപടിയില്ല. ഒരു സൂഷ്മ പരിശോധന നടത്തിയാല്‍ ചരട് പൊട്ടിയ പട്ടം പോലെ ലക്ഷ്യമില്ലാതെയാണ് സഭ ഇന്ന് നിങ്ങുന്നതെന്ന് കാണാവുന്നതെയുള്ളൂ. നമ്മുടെ സിറോ മലബാര്‍ സഭ തന്നെ റോമില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന തലവേദന ഒന്ന് നോക്കൂ. മാര്‍പ്പാപ്പയുടെ അധികാരത്തില്‍ നിന്ന് പൂര്‍ണ്ണമായും അടര്‍ന്നു മാറി, മാര്‍പ്പാപ്പാക്ക് തുല്യമായ പാത്രിയാര്‍ക്കാ പദവിക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധം തുടങ്ങിയിട്ട് നാളേറെയായി. സ്വന്തമായി റോമില്‍ ഒരാസ്ഥാനം, സ്വന്തം അടയാളം, ലോകമാകെ സ്വന്തം രൂപതകള്‍, സ്വന്തം സമ്പ്രദായങ്ങള്‍ ... ഇവ പതിയെ പതിയെ അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നുവെന്നത് നിഷേധിക്കാന്‍ പറ്റാത്ത വസ്തുതകള്‍..

മാര്‍പ്പാപ്പായുടെയോ വത്തിക്കാന്‍ കൌണ്‍സിലുകളുടെയോ പ്രബോധനങ്ങള്‍ അനുസരിക്കാന്‍ സിറോ മലബാര്‍ സഭ തയ്യാറായിരുന്നെങ്കില്‍ അല്മായന്‍റെ അഭിപ്രായം കൂടി കണക്കിലെടുത്തുള്ള സുതാര്യമായ ഒരു ഭരണക്രമം പണ്ടേ ഇവിടുണ്ടാകുമായിരുന്നു. തലപ്പത്ത് മുതലുള്ള ഏകാധിപത്യമനോഭാവം ഓരോ മെത്രാനെയും പഴയ നാട്ടു രാജാക്കന്മാര്‍ക്ക് തുല്യരാക്കി. താന്‍ പറഞ്ഞാല്‍ എല്ലാക്കാര്യങ്ങളും അക്ഷരം പ്രതി അതുപോലെ അനുസരിക്കുമെന്നു മേജര്‍ ആര്‍ച്ച്ബിഷപ്പിന് നിശ്ചയമുള്ള ഒരൊറ്റ മെത്രാനും സിറോ മലബാര്‍ സഭയില്‍ ഇന്ന് നിലവിലില്ല. മെത്രാന്‍ കൊടുക്കുന്ന മാര്‍ഗ്ഗ രേഖകള്‍ പള്ളിയില്‍ വായിക്കുമെന്നല്ലാതെ അത് നടപ്പിലാക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുന്ന വൈദികരും തുലോം കുറവ്. മാറുന്ന കാലത്തിനനുസരിച്ച് നാം ഒരു കാര്യം ചെയ്തത് പറയാതെ വയ്യ – പള്ളികളും അരമനകളും സ്മാര്‍ട്ടാക്കി. ജനം അതിനേക്കാള്‍ സ്മാര്‍ട്ടാവുന്നു  – അതാണ്‌  നമ്മുടെ മുമ്പിലുള്ള വലിയ പ്രശ്നം. കീഴാളന്‍റെ പാദങ്ങള്‍ തുടച്ച് അവ ചുംബിക്കാനായി, എളിമയോടെ മേലാളരുടെ ശിരസ്സുകള്‍ കുനിയുന്നത് വരെ ചോദ്യ ചിഹ്നങ്ങളെ നമ്മുടെ മുമ്പില്‍ ഉണ്ടാവാന്‍ ഇടയുള്ളൂ. 

1 comment:

  1. സഭയെന്ന ചൈതന്യമറ്റ മണവാട്ടിയെ അണിച്ചൊരുക്കി പുതുജീവന്‍ നല്‍കുവാന്‍ ഇനിയുള്ള മാര്‍പാപ്പാക്ക് കഴിയുമെങ്കില്‍ 'സ്മാര്‌ട്ട് ചര്‍ച്ച് 2013' എന്നത് ഒരു ചരിത്ര ലിഖിതമാക്കാം. സഭയെ ദുര്‍ബലമാക്കുന്ന പൈശാചികശക്തികളെ പുറംതള്ളി, കഴിഞ്ഞ കാലങ്ങളില്‍ സഭയെ ചെളിവാരിയെറിഞ്ഞവരെ ആട്ടി പുറത്താക്കിട്ടായിരുന്നു ബനഡിക്റ്റ് മാര്‍പാപ്പാ രാജിവെക്കേണ്ടിയിരുന്നത്. വത്തിക്കാനിലെ ക്യൂരിയാ മുഴുവനായിതന്നെ അധികാരത്തിനുള്ള സ്വേച്ഛാധിപതികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. സാമ്പത്തികം തകിടം മറിച്ചു വത്തിക്കാനെ പാപ്പരാക്കുവാനുള്ള ശക്തികളും പിന്നിലുണ്ട്. ലൈംഗിക ഹോമൊകള്‌മൂലം യൂറോപ്പിലും അമേരിക്കയിലും സഭകള്‍ നശിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകളും ബനഡിക്റ്റിനെ ദുഖിതനാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ അധികാരപരിധി ഉപയോഗിച്ച് എന്തുകൊണ്ട് വത്തിക്കാനെ ശുദ്ധികരിക്കുവാന്‍ ശ്രമിച്ചില്ലെന്നും ചോദ്യംവരാം. ജോണ്‍പോള്‍ ഒന്നാമന്റെ ദുരൂഹമായ മരണം ഒരു പക്ഷെ അദ്ദേഹത്തിനു വ്യക്തമായി അറിയാമായിരിക്കും. ഭീക്ഷണികളും അദ്ദേഹത്തെ സഭയുടെ ജോലിയില്‍നിന്ന് മാറിനില്‍ക്കുവാന്‍ പ്രേരിപ്പിച്ചിരിക്കാം. ബനഡിക്റ്റ് മാര്‍പാപ്പയുടെ ഭരണകാലങ്ങളില്‍ 'രാജി'യെന്ന വാക്ക് തന്റെ സ്വയം ഡിക്ഷ്ണറിയില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. മറ്റപ്പള്ളിയെഴുതിയതുപോലെ ഗ്രഹിക്കുവാന്‍ പാടില്ലാത്തവിധം യഥാര്‍ത്ഥകാരണം നിഗൂഢമാണ്. എന്നുമത് ചരിത്രത്തിന്റെ ഒരു ചോദ്യചിന്ഹമായിരിക്കും.

    രാജിവെച്ചത് സഭയെ മാനഹാനിയില്‍നിന്നു രക്ഷിക്കുവാനായിരുന്നുവെങ്കില്‍ സ്വയം ബലിയാടാകാതെ ലോകത്തോട്‌ ചലനമറ്റ, ദുഷിച്ച സഭയില്‍ ഇനിമേല്‍ നില്‍ക്കുവാന്‍ തനിക്കു സാധിക്കുകയില്ലെന്ന് ധൈര്യമായി പറയണമായിരുന്നു. രാജിക്കുള്ള കാരണങ്ങള്‍ വ്യക്തമായി കാണിച്ചിരുന്നുവെങ്കില്‍ ക്യൂരിയായെ നിയന്ത്രിക്കുന്ന തലമൂത്ത ഭരണാധികാരികള്‍ ഒന്നടങ്കം രാജിവെക്കുമായിരുന്നു. പലര്‍ക്കും ജോലി നഷ്ടപ്പെട്ടേനെ. അങ്ങനെ സഭയില്‍ ഒരു ശുദ്ധികലശം നടത്താമായിരുന്നു.

    കഴിഞ്ഞ ജനുവരിയില്‍ മാര്‍പാപ്പാ നേരിട്ടന്വേഷിച്ച വ്യക്തമായൊരു റിപ്പോര്‍ട്ടില്‍ വത്തിക്കാനിലെ ഭരണം ഇന്ന് മുഴുവനായി സ്വവര്‍ഗരതികളായവരുടെ അധികാരത്തിന്‍ കീഴിലെന്നും കണ്ടെത്തിയിട്ടുണ്ട്. തീരുമാനങ്ങളും നിയമങ്ങളും ഉണ്ടാക്കേണ്ട ക്യൂരിയാതന്നെ അധപതിച്ചുപോയാല്‍ മാര്‍പാപ്പാ അവിടെ നിസഹായനാവുകയാണ്. ക്യൂരിയായെ മൊത്തം അടിച്ചു വാര്‍ത്തെങ്കിലേ സഭയെ രക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും ബെനഡി ക്റ്റിനറിയാമായിരുന്നു. അത് ഹിമാലയത്തോളം കഠിനമായ ജോലിയുമായിരുന്നു.

    വൃദ്ധനായ അദ്ദേഹത്തിനു മൊത്തം ശുദ്ധിനടത്തുക എളുപ്പമായിരുന്നില്ല. '2013 സ്മാര്‍ട്ട് ചര്‍ച്ചെ'ന്ന സ്വപ്നത്തില്‍ സഭയെ സര്‍വ്വാഭരണഭൂഷിതയായി പുതുവസ്ത്രമണിയിച്ചു മിനുക്കിയെടുക്കുവാന്‍, മാറ്റങ്ങള്‍ നടത്തുവാന്‍ അദ്ദേഹം ശക്തിയുള്ള ചെറുപ്പക്കാര്‍ക്ക് വഴിമാറി കൊടുക്കുകയായിരുന്നുവെന്നും കരുതാം. സഭയെ നന്നാക്കുവാന്‍, കുറ്റക്കാരെ സമൂലം തുടച്ചു മാറ്റുവാന്‍ മരണംവരെ കാത്തുനില്‍ക്കുവാനും അദ്ദേഹത്തിനു കഴിയുകയില്ലായിരുന്നു. ക്യൂരിയായിലുള്ള സ്വവര്‍ഗപുരോഹിതര്‍ക്ക് തങ്ങളുടെ സ്വഭാവം മാറ്റി സാധാരണജീവിതം നയിക്കുവാന്‍ സാധിക്കുമായിരുന്നില്ല. ആകമാനലോകത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന പുരോഹിത ലൈംഗികരോഗത്തിന് നിവാരണമാര്‍ഗം ഒന്നും തന്നെയില്ലായിരുന്നു.

    ReplyDelete