Translate

Wednesday, February 20, 2013

സീറോ മലബാര്‍ ''സഭാകൂട്ടായ്മാസിനഡ്'' Syro Malabar 'Church Synod''


                                                         ഫാ. ഡേവീസ് കാച്ചപ്പിള്ളി

സഭാഗാത്രത്തിലെ വിവിധ അവയവങ്ങളാണ് അല്മായരും വൈദികരും സന്യസ്തരും മെത്രാന്മാരും. ''സഭ വിശ്വാസികളുടെ കൂട്ടായ്മയാണ്'' എന്ന രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനത്തിന്റെ ആഴവും അര്‍ത്ഥവും ഇതാണ്. തന്മൂലം സഭയിലെ സമ്മേളനങ്ങളില്‍ എല്ലാ അവയവങ്ങളുടേയും പ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടാകുമ്പോഴാണ് സഭ കൂട്ടായ്മയായി വളരുക. ഈ കൂട്ടായ്മ ശൈലി ശക്തമാക്കാനുള്ള സംവിധാനങ്ങള്‍ കുടുംബം മുതല്‍ രൂപതാതലം വരെ സഭയില്‍ ക്രമീകരിച്ചിട്ടുണ്ട്. അവയാണ് കുടുംബകൂട്ടായ്മ, ഇടവകപൊതുയോഗം, ഇടവകപ്രതിനിധി സഭ, പാസ്റ്ററല്‍ കൗണ്‍സില്‍ എന്നിവ. എന്നാല്‍ സഭയുടെ ഉന്നത അധികാരവേദിയില്‍ ഇത്തരമൊരു സഭാകൂട്ടായ്മ രൂപീകരിച്ചിട്ടില്ല. അതിന് പകരം മെത്രാന്മാര്‍ മാത്രമുള്ള സിനഡാണ് ഇപ്പോഴത്തെ സഭയുടെ ഉന്നത അധികാരവേദി. സഭ വിശ്വാസികളുടെ കൂട്ടായ്മയാണ് എന്ന മഹനീയ തത്വവും അധികാരവികേന്ദ്രീകരണം എന്ന സഭയുടെ അധുനാതുന ശൈലിയും പ്രാവര്‍ത്തികമാക്കണമെങ്കില്‍ ഇപ്പോഴത്തെ മെത്രാന്‍ സിനഡിന്റെ സ്ഥാനത്ത് സഭയിലെ മെത്രാന്മാര്‍ക്കും സന്യസ്തര്‍ക്കും വൈദികര്‍ക്കും അല്മായര്‍ക്കും രൂപതാടിസ്ഥാനത്തില്‍ വോട്ടവകാശത്തോടെ പങ്കാളിത്തം നല്‍കികൊണ്ടുള്ള സീറോ മലബാര്‍ സഭാസിനഡ് രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയെ സംബന്ധിച്ച് നല്‍കിയ പ്രബോധനം അര്‍ത്ഥപൂര്‍ണ്ണമായി നടപ്പിലാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കേരളത്തിലെ മാര്‍ത്തോമാക്രിസ്ത്യാനികളുടെ സഭാനിയമമായിരുന്ന മാര്‍ത്തോമാനിയമത്തിന്റെ ശൈലിയും ഇത് തന്നെയാണ്. മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഡോ. സേവ്യര്‍ കൂടപ്പുഴ, ഡോ. ജോസ് കുറിയേടത്ത് എന്നിവരുടെ ചരിത്രഗ്രന്ഥങ്ങള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. ഓരോ പ്രാദേശികസഭകളുടേയും ആദിമ തനിമയിലേക്ക് തിരിച്ച്‌പോയി സഭയെ നവീകരിക്കണം എന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനവുമാണ്. ഈ സത്യങ്ങള്‍ക്ക് നേരെ ആരും കണ്ണടക്കാനോ, ആരുടേയും കണ്ണടപ്പിക്കാനോ ഇടയാകാതിരിക്കണം. സീറോ മലബാര്‍ സഭയെ യേശുനാമത്തില്‍ വി. കുരിശിലേക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ മനസ്സിലുണ്ടായ പ്രചോദനത്താലാണ് ഇത് സഭയുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. ഇക്കാര്യത്തിന് അനുകൂലമായുള്ള ലക്ഷകണക്കിന് അഭിപ്രായങ്ങള്‍ സ്വരൂപിച്ച് സഭയെ പ്രബുദ്ധമാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്കാകുന്ന എല്ലാ മാര്‍ഗ്ഗങ്ങളിലൂടേയും ഈ ലേഖനം കൈമാറണമെന്നും അനുകൂലമായ മെസേജ് താഴെ പറയുന്ന രീതിയില്‍ എന്റെ ഫോണിലേക്ക്( 9497179433) അയക്കണമെന്നും അപേക്ഷിക്കുന്നു

No comments:

Post a Comment