Translate

Sunday, February 17, 2013

വത്തിക്കാനും അംബ്രോസിയാനൊ ബാങ്കും


(മതാധിപത്യം കത്തോലിക്കാസഭയില്‍ എന്ന പുസ്തകത്തിലെ 
ഏഴാം അധ്യായം)
ശ്രീ ചാക്കോ കളരിക്കല്‍

''I do not undervalue for a
moment our material prosperity....
but we must keep steadily in
mind that no people were ever
benefited by riches if their prosperity
corrupted their virtue.''
- Theodore Roosevelt

ലോകമെമ്പാടുമുള്ള കത്തോലിക്കാരൂപതകളിലെ സാമ്പത്തിക ഇടപാടുകള്‍ രഹസ്യമാണ്. വിശ്വാസികളുടെ മുമ്പില്‍ കണക്കുവയ്ക്കുന്ന ഒരു പാരമ്പര്യമോ സമ്പ്രദായമോ കത്തോലിക്കാസഭയിലില്ല. രൂപതാതലസ്ഥാനത്തെത്തുന്ന സമ്പത്ത് രൂപതാധികാരികള്‍ എങ്ങനെ എന്തിനു വേണ്ടി വിനിയോഗിക്കുന്നു എന്ന് ഒരു സാധാരണ വിശ്വാസിക്ക് അറിയാന്‍ പാടില്ല. അക്കാരണത്താല്‍ സഭയുടെ സാമ്പത്തികകാര്യങ്ങളെ വിശ്വാസികള്‍ എന്നും സംശയത്തോടെ വീക്ഷിക്കുന്നു. കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടെ വത്തിക്കാനില്‍ നടന്ന ലജ്ജാവഹമായ സാമ്പത്തികക്കുഴച്ചിലും അതിന്റെ പരിണതഫലമായുണ്ടായ ധാര്‍മികാധഃപതനവും സാമ്പത്തികപരാജയവും ഇവിടെ കുറിക്കട്ടെ.
 


സംഭവസ്ഥലം ഇറ്റലി, സംഭവവേദി വത്തിക്കാന്‍
1969-മുതല്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റ് വത്തിക്കാന്റെ ധനനിക്ഷേപത്തില്‍നിന്നു ലഭിക്കുന്ന ലാഭവിഹിതത്തിന് പതിനഞ്ചു ശതമാനം നികുതി ഈടാക്കിത്തുടങ്ങി. ഇറ്റാലിയന്‍ ഗവണ്‍മെന്റ് യഥാര്‍ഥത്തില്‍ 1929-ലെ കൊണ്‍കൊര്‍ദാത്ത് (Concordat) അസാധുവാക്കുകയാണ് ഇക്കാര്യത്തില്‍ ചെയ്തത്. പോള്‍ ആറാമന്‍ മാര്‍പ്പാപ്പാ മാഫിയ ലീഡറായ മൈക്കിള്‍ സിന്‍ഡോനയിലേക്ക് (Michale Sindona) സഹായത്തിനായി തിരിഞ്ഞു. മാര്‍പ്പാപ്പാ മിലാനിലായിരുന്ന കാലത്ത് സിന്‍ഡോനയെ പരിചയപ്പെട്ടിട്ടുള്ളതാണ്. സിന്‍ഡോന റോമന്‍ കാര്യാലയത്തിന്റെ പ്രധാന ബാങ്കര്‍ ആകാമെന്ന് മാര്‍പ്പാപ്പായ്ക്ക് സമ്മതംമൂളി. 1922 ജനുവരി 22-ാം തീയതി ചിക്കാഗോയില്‍ ജനിച്ച് 1947-ല്‍ പട്ടമേറ്റ ആറടി നാലിഞ്ചു പൊക്കവും 120 കിലോ തൂക്കവുമുള്ള ആജാനുബാഹുവായ ഫാദര്‍ പോള്‍ മര്‍സിങ്കസ് (Fr. Paul Marcinkus) സിന്‍ഡോനയുടെ സഹായിയായി പ്രവര്‍ത്തിച്ചു. വത്തിക്കാനില്‍ മര്‍സിങ്കസ് 'ദ ഗോറില്ല' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഫാദര്‍ മര്‍സിങ്കസ് പിന്നീട് വത്തിക്കാന്‍ ബാങ്കിന്റെ (Institute of Religious Works) തലവനായി. (ബാങ്കിന്റെ പേര് വളരെ ശ്രദ്ധേയമാണ്). 

''നന്മനിറഞ്ഞ മറിയത്തില്‍ പള്ളിയെ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കയില്ല'' എന്ന ചൊല്ലായിരുന്നു ഫാദര്‍ മര്‍സിങ്കസിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പഴമൊഴി. മര്‍സിങ്കസ് ഒരിക്കല്‍ മിലാനില്‍വച്ച് പോള്‍ ആറാമന്‍ മാര്‍പ്പാപ്പായെ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചയാളെ തട്ടിവീഴ്ത്തി. മര്‍സിങ്കസിന്റെ കരബലംകൊണ്ട് മാര്‍പ്പാപ്പാ അങ്ങനെ രക്ഷപ്പെട്ടു. 1970-ലാണ് ഈ സംഭവം. ഈ പുതിയ വത്തിക്കാന്‍ സംരക്ഷകന് വത്തിക്കാന്‍ ബാങ്കിന്റെ ഉന്നതപദവി നല്കി മാര്‍പ്പാപ്പാ ബഹുമാനിച്ചു. 

സിന്‍ഡോനയ്ക്ക് മയക്കുമരുന്നു കച്ചവടവുമായി ബന്ധമുണ്ടായിരുന്നു. വത്തിക്കാനുമായുള്ള സാമ്പത്തികസഹപ്രവര്‍ത്തനം തന്റെ മയക്കുമരുന്നു കച്ചവടത്തിന് വമ്പിച്ച തുകകള്‍ മറിക്കുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം കരുതി. 

സഭ പലപ്രാവശ്യം നിന്ദിച്ചിട്ടുള്ള രഹസ്യസംഘടനയായ ഫ്രീ മെയ്‌സന്‍സിലെ (Free Masons) അംഗമായിരുന്നു സിന്‍ഡോന. 1918-ലെ കാനോന്‍ നിയമപ്രകാരം (കാനോന്‍ 2335) അദ്ദേഹം മഹറോന്‍ ശിക്ഷയില്‍ പെട്ടിട്ടുള്ള ആളാണ്.2, 3 1983-ലെ പുതുക്കിയ കാനോന്‍ നിയമത്തിലും (കാനോന്‍ 1374) ഈ നിയമം ആവര്‍ത്തിച്ചിട്ടുണ്ട്. വിശുദ്ധകുര്‍ബാന സ്വീകരിക്കുന്നതില്‍നിന്ന് അവരെ മുടക്കിയിട്ടുണ്ട്. 

അങ്ങനെ നല്ല കത്തോലിക്കനല്ലാത്ത സിന്‍ഡോനയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പാ തീരുമാനിച്ചു. കാരണം സമ്പത്തു വര്‍ധിപ്പിക്കാന്‍ അത്തരക്കാര്‍ക്ക് വളരെ കഴിവുണ്ടെന്ന് വത്തിക്കാനറിയാം. ലക്ഷ്യം മാര്‍ഗത്തെ നീതീകരിക്കുമെന്ന സിദ്ധാന്തം വത്തിക്കാന്‍ ഇതിനുമുമ്പും സ്വീകരിച്ചിട്ടുണ്ട്. കുരിശുയുദ്ധങ്ങളും ഇന്‍ക്വിസിഷനുമൊക്കെ ഇതിന് ഉദാഹരണങ്ങളാണല്ലോ. 

വത്തിക്കാന്റെ സാമ്പത്തികകാര്യങ്ങളില്‍ സഹായിയായി വന്ന വേറൊരു വ്യക്തിയാണ് ലിച്ചിഒ ജെള്ളി (Licio Gelli). പലവിധ കുറ്റകൃത്യങ്ങള്‍ നടത്തി സമ്പത്തു ശേഖരിച്ച ഒരു വ്യക്തിയായിരുന്നു ലിച്ചിഒ. സിന്‍ഡോനയെപ്പോലെ ലിച്ചിഒയും മെയ്‌സന്‍ സംഘടനയിലെ ഒരംഗമായിരുന്നു. പള്ളിനിയമത്തെ അവഗണിച്ചുകൊണ്ട് ഫാദര്‍ മര്‍സിങ്കസും മെയ്‌സന്‍ സംഘടനയിലെ അംഗമായി. 

വത്തിക്കാന്റെ പ്രധാന ബാങ്കര്‍ എന്ന നിലയില്‍ ഫാദര്‍ മര്‍സിങ്കസ് വത്തിക്കാനുണ്ടായിരുന്ന ഇറ്റാലിയന്‍ കമ്പനികളുടെ ഓഹരികള്‍ സിന്‍ഡോനയ്ക്ക് വിറ്റുതുടങ്ങി. ഇറ്റാലിയന്‍ ഗവണ്‍മെന്റ് ഈടാക്കുന്ന നികുതി ഒഴിവാക്കാനായിരുന്നു ഈ വില്പന. സിന്‍ഡോനയ്ക്ക് മാഫിയാ കുറ്റകൃത്യങ്ങള്‍കൊണ്ടും മയക്കുമരുന്നു കച്ചവടംകൊണ്ടും ഉണ്ടായ പണമാണ് ഈ ക്രയവിക്രയത്തിന് അദ്ദേഹം ഉപയോഗിച്ചത്. അങ്ങനെ വത്തിക്കാന്‍ ഇറ്റാലിയന്‍ കമ്പനികളില്‍നിന്ന് ഓഹരി മാറ്റി വമ്പിച്ച അമേരിക്കന്‍ കമ്പനികളില്‍ നിക്ഷേപിച്ചു. അതല്ലായിരുന്നെങ്കില്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റിന് ലക്ഷക്കണക്കിന് ഡോളര്‍ നികുതിയായി കൊടുക്കേണ്ടിവരുമായിരുന്നു. 

ഈ സമ്പത്തിക കര്‍മപരിപാടിക്ക് ഫ്രീ മെയ്‌സനും ബാങ്കറുമായ റൊബേര്‍ട്ടൊ കാല്‍വിയുടെ (Roberto Calvi) സഹായം ആവശ്യമായിരുന്നു. അദ്ദേഹം ബാങ്കോ അംബ്രോസിയാനൊയുടെ (Banco Ambrosiano) പ്രസിഡന്റായിരുന്നു. അങ്ങനെ ഏകവും പരിശുദ്ധവും ശ്ലൈഹികവും സാര്‍വത്രികവുമായ സഭയ്ക്ക് സാമ്പത്തികമായി ഗുണകരമായ ഈ മഹാകാര്യം ത്രിനായകത്വത്തില്‍ മുന്നേറി. യു.എസ്. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ജസ്റ്റീസ് (U.S. Department of Justice) ഈ ത്രിനായകരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. 
                                                                       (തുടരും)

2 comments:

  1. മാര്‍പ്പാപ്പായുടെ രാജിയിലേക്കു നയിച്ചത് മതപരവും വ്യക്തിപരവും എന്നതിലേറെ രാഷ്ട്രീയവും സാമ്പത്തികവുമായ സാഹചര്യങ്ങളാണെന്നാണ് ഈ ലേഖനത്തില്‍നിന്ന് മനസ്സിലാകുന്നത്. കൂടുതല്‍ പല കാര്യങ്ങളും അറിയാവുന്ന വിദേശമലയാളികളായ വായനക്കാര്‍ ഈ ലേഖനം പഠിക്കുകയും അവര്‍ക്കറിയാവുന്ന അധികവിവരങ്ങള്‍ കമന്റായി പോസ്റ്റുചെയ്യുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. വത്തിക്കാന്‍ ബാങ്കിന്റെ സാമ്പത്തികക്രമക്കേടുകള്‍ ചരിത്രമായി തീര്‍ന്നു. ഇതിലുള്ള നായകന്മാര്‍ എല്ലാം തന്നെ മണ്ണിനോട് ചേര്‍ന്നു കഴിഞ്ഞു. അന്നത്തെ കുറ്റവാളികള്‍ ജീവിച്ചിരുപ്പുണ്ടെങ്കിലും ചത്തതിനു തുല്യമായിരിക്കും. പോള്‍ ആറാമന്റെ കാലത്തും ജോണ് പോളിന്റെ കാലത്തുമായിരുന്നു വത്തിക്കാനിലെ മാഫിയാ സാമ്പത്തിക അഴിമതികള്‍ നടന്നത്. ബനഡിക്റ്റ് മാര്‍പാപ്പയുടെ രാജിയുടെ കാരണം അന്നുള്ള അഴിമതികളുമായി ബന്ധപ്പെടുത്തി ലോകപത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതായി കണ്ടില്ല. മാര്‍പാപ്പാ പടിയിറങ്ങുന്നതിനുള്ള ചില ഊഹൊപാഹങ്ങള്‌ സി.എന്‍.എന്‍. ന്യൂസില്‍നിന്നും കുറിച്ചുവെച്ചത് മലയാളത്തിലാക്കി പോസ്റ്റ്‌ ചെയ്യുന്നുണ്ട്.

      Delete