Translate

Friday, January 25, 2013

ചര്‍ച്ച് ആക്ട് നടപ്പിലാക്കുക -- ചങ്ങനാശ്ശേരി അതിരൂപതാ മാര്‍ച്ച്


-->

മോണിക്കാ തോമസ്
(കലാകൗമുദി, മലയാളം, ചിന്ത, ദേശാഭിമാനി എന്നീ വാരികകളില്‍ നല്‍കിയ ഒരുപേജ്പരസ്യം)

എന്റെ ഒന്നാമത്തെ ലക്ഷ്യം നീതി നിഷേധിക്കപ്പെട്ട നിസ്സഹായയായ സ്ത്രീ ഒരു ജനാധിപത്യ രാജ്യത്ത് എങ്ങനെയൊക്കെ പോരാടണമെന്ന് കാണിച്ചുകൊടുക്കലാണ്. സ്ത്രീ അമ്മയാണ്. മക്കള്‍ക്ക് ജീവിക്കുവാന്‍ നാളത്തെ ലോകം നന്നായി കിടക്കേണ്ടത് അമ്മമാരുടെ ആവശ്യമാണ്. കരിസ്മാറ്റിക്കുകാരുടെ നെഞ്ചത്തടികളെക്കാളും നിലവിളികളെക്കാളും നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് യേശു ഇഷ്ടപ്പെടുന്ന പ്രാര്‍ത്ഥനയെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. കാഞ്ഞിരപ്പള്ളി രൂപത തട്ടിയെടുത്ത ഭൂമി തിരിച്ചുവാങ്ങുക എന്നതുപോലും രണ്ടാമത്തെ ലക്ഷ്യമാണ്. മരിക്കുന്നതുവരെ ഞാന്‍ എന്റെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും. അരമനകള്‍ക്കുമുമ്പിലും സെക്രട്ടറിയേറ്റിനുമുമ്പിലും പാര്‍ലമെന്റിനുമുമ്പിലുമൊക്കെ ഇനി നിങ്ങള്‍ക്കെന്നെ കാണാം. നിയമം അനുവദിക്കുമെങ്കില്‍ വത്തിക്കാനു പറക്കാനും ഞാന്‍ മടിക്കില്ല. അനീതിക്കെതിരെയുള്ള പോരാട്ടം- ഏറ്റവും ശ്രേഷ്ഠമായ ഈശ്വര പ്രാര്‍ത്ഥന - എത്ര ആനന്ദകരമാണ്!

തിരഞ്ഞെടുപ്പ് ഗോദായിലും നമുക്കു കാണാം. വെയിറ്റിംഗ് ഷെഡ്ഡില്‍ അന്തിയുറങ്ങിയിരുന്ന ഒരു പാവം അമ്മാമ്മയെ പഞ്ചായത്ത് ഇലക്ഷനില്‍ വിജയിപ്പിച്ച പാരമ്പര്യമുള്ള പൂഞ്ഞാര്‍നിയോജകമണ്ഡലത്തിലാണ് ഞാന്‍ ജീവിക്കുന്നതെന്ന കാര്യം മറക്കരുത്. പിതാവ് മതവിമര്‍ശനഗ്രന്ഥം എഴുതിയതിന്റെ പേരില്‍ അരുവിത്തുറ സെന്റ്‌ജോര്‍ജ് കോളജില്‍നിന്നും ആട്ടിപ്പുറത്താക്കപ്പെട്ട ഇന്ദുലേഖാ ജോസഫിന്റെ അമ്മ കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിച്ചപ്പോള്‍ ലഭിച്ച വോട്ടുകള്‍ സൂചിപ്പിക്കുന്നത്, നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ ഭയവും സങ്കോചവുംമൂലം പരസ്യമായി പിന്തുണയ്ക്കാത്തവര്‍പോലും പോളിംഗ് ബൂത്തിന്റെ സ്വകാര്യതയില്‍ രഹസ്യമായി പ്രോത്സാഹിപ്പിക്കുമെന്നാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് പൂഞ്ഞാര്‍ മണ്ഡലത്തില്‍ മത്സരിക്കാനെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ദുലേഖയുടെ കെട്ടിടത്തില്‍ തന്റെ ഇലക്ഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്‌തെങ്കിലും, ബിഷപ്പ്മാരുടെ അസംതൃപ്തിമൂലം പിറ്റേദിവസം തന്നെ ബോര്‍ഡ് പറിച്ചുകൊണ്ടുപോകുകയാണുണ്ടായത്. പിന്നീട് അല്‍ഫോണ്‍സ് ഇലക്ഷന്‍ രംഗത്തുനിന്നുതന്നെ പിന്മാറി. എന്റെയും ഇന്ദുലേഖയുടേതുമൊക്കെ പോരാട്ടം മെത്രാന്മാരുടെ വോട്ടു ബാങ്കില്‍ വിള്ളലുണ്ടാക്കാന്മാത്രം ശക്തമാണെന്നല്ലേ ഇതെല്ലാം സൂചിപ്പിക്കുന്നത്? ജനങ്ങളുടെ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി പൂഞ്ഞാറില്‍ ഞാന്‍ സ്വതന്ത്രയായി മത്സരിക്കും. ഏതു പാര്‍ട്ടി പിന്തുണ തന്നാലും സ്വീകരിക്കും. ചര്‍ച്ച് ആക്ടിനെ - പള്ളിസ്വത്തുഭരണം വിശ്വാസികള്‍ക്ക് കൈമാറുന്ന നിയമത്തെ - അനുകൂലിക്കുന്നവര്‍ എനിക്കു തീര്‍ച്ചയായും വോട്ടുചെയ്യും.

എന്റെ അടുത്ത സമരം ചങ്ങനാശ്ശേരി അതിരൂപതാ മാര്‍ച്ചാണ്. കാഞ്ഞിരപ്പള്ളി മെത്രാന്റെ തൊട്ടടുത്ത അധികാരി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തയാണ്. അദ്ദേഹം മെത്രാനെ തിരുത്താത്ത സാഹചര്യത്തില്‍ അതിരൂപതാ ആസ്ഥാനത്തും പ്രതിഷേധിക്കാതിരിക്കാന്‍ ആവില്ല.
കാഞ്ഞിരപ്പള്ളി മാര്‍ച്ച് അപൂര്‍വ്വ വിജയമായിരുന്നു. ഇരുനൂറോളം പേര്‍ അണിനിരന്നു. മൂവായിരംപേര്‍ കാഴ്ചക്കാരായുണ്ടായിരുന്നു. ചരിത്ര പ്രസിദ്ധമായ പന്തിഭോജനത്തിന് കേവലം 18 പേരേ പങ്കെടുത്തുവുള്ളൂവെന്ന് ഓര്‍ക്കണം. ജല്‍ത്രൂദ് വട്ടമറ്റം, സിസ്റ്റര്‍ മരിയാ തോമസ്, സിസിലി തോമസ്, തെരേസ മനയത്ത്, അലോഷ്യ ജോസഫ്, അഡ്വ. ലിജാ ജെയിംസ്, ചിത്രലേഖ ജോസഫ് എന്നിവര്‍ ഉള്‍പ്പടെ പന്ത്രണ്ട് സ്ത്രീകള്‍ മാര്‍ച്ചിന്റെ മുന്നണിയില്‍ ഉണ്ടായിരുന്നു. ളോഹ ധരിച്ചെത്തിയ ഫാ. ഏബ്രഹാം വെള്ളാന്തടം മാര്‍ച്ചിന്റെ ശ്രദ്ധാകേന്ദ്രമായി.  

മദോന്മത്തരായ മദ്യപന്മാരുടെ നേതൃത്വത്തില്‍ ഒരു സംഘം ഗൂണ്ടകള്‍ ഞങ്ങളുടെ മാര്‍ച്ച് തടഞ്ഞു. (മെത്രാന്മാരുടെ മദ്യവര്‍ജ്ജനം വിജയിക്കട്ടെ!) മാര്‍ച്ചിന് മുമ്പില്‍ ജീപ്പിലിരുന്ന് അനൗണ്‍സ് ചെയ്തിരുന്ന ഇന്ദുലേഖയെ അസഭ്യം പറഞ്ഞു. മൈക്കിന്റെ കേബിള്‍ വലിച്ചു പറിച്ചു. പ്ലാക്കാര്‍ഡുകളും പതാകകളും പിടിച്ചുവാങ്ങി നശിപ്പിച്ചു. ഈ കോപ്രായങ്ങളൊക്കെ നിങ്ങള്‍ ദൃശ്യമാദ്ധ്യമങ്ങളിലൂടെ കണ്ടുവല്ലോ. ഒരു മെത്രാന്‍ വിചാരിച്ചിട്ട് പെണ്ണുങ്ങളെ തടയാന്‍ ഏതാനും മദ്യപാനികളെ മാത്രമേ കിട്ടിയുള്ളൂവെന്നത് നാണക്കേടാണെങ്കിലും കേരളസഭയ സംബന്ധിച്ച് ശുഭസൂചനയാണ്.
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലി’ന്റെ നേതാക്കന്മാരായ ലാലന്‍ തരകന്‍, ആന്റോ കോക്കാട്ട്, റ്റി..ജോസഫ്, കെ.ജോര്‍ജ് ജോസഫ്, കെ.കെ.ജോസ്, ജോര്‍ജ് മൂലേച്ചാലില്‍, ബേബി പള്ളത്ത്, മാത്യു തകിടിയേല്‍, പി.കെ. മാത്യു, പോള്‍സണ്‍ കയ്പമംഗലം, പ്രൊഫ. ജോസഫ് വര്‍ഗ്ഗീസ് മുതലായവരും, എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരുമായ സാമുവല്‍ കുടല്‍, മറിയമ്മ, ജോസ് പുളിക്കല്‍കുന്നേല്‍, സെലസ്റ്റിന്‍ ഡിസ്മസ്, എന്നിവരും ചേര്‍ന്ന് കാഞ്ഞിരപ്പള്ളി മാര്‍ച്ച് നയിച്ചു. അവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. ചങ്ങനാശ്ശേരി മാര്‍ച്ചിലും അവരുടെയെല്ലാം പിന്തുണ ഉണ്ടാകും.

കാത്തലിക് ലേമെന്‍സ് അസ്സോസിയേഷ’ന്റെ ആഭിമുഖ്യത്തില്‍ 1998-ല്‍ ശ്രീ. എം.എല്‍. ജോര്‍ജിന്റെ നേതൃത്വത്തില്‍ മുന്നൂറോളംപേര്‍ താമരശ്ശേരി രൂപതാആസ്ഥാനത്തേക്ക് മാര്‍ച്ചു ചെയ്തുചെന്ന് വിശ്വാസിവിരുദ്ധമായ മെത്രാന്‍കല്പനകള്‍ കത്തിച്ചു. ‘നസ്രാണികത്തോലിക്കാ പൈതൃകസംരക്ഷണസമിതി’ കാക്കനാട്ട് സെന്റ്തോമസ് മൗണ്ടില്‍വച്ച്, പ്രൊഫ. ജോയി മൈക്കിളിന്റെയും പ്രൊഫ. റ്റി.ജെ. മത്തായിയുടെയും നേതൃത്വത്തില്‍ അല്‍മായ വിരുദ്ധരേഖകള്‍ കത്തിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതില്‍ അല്‍മായര്‍ക്കും വൈദികര്‍ക്കും പങ്കാളിത്തം ആവശ്യപ്പെട്ട് ‘ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലി’ന്റെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് മൗണ്ടില്‍ ധര്‍ണ്ണ നടത്തി. സ്വാശ്രയ വിദ്യാഭ്യാസകൊള്ളയ്‌ക്കെതിരെ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി', ജനറല്‍ സെക്രട്ടറി ജോയി പോള്‍ പുതുശ്ശേരിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളജില്‍നിന്നും ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. ചര്‍ച്ച് ആക്ട് നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് ‘ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍’ POC-യിലേക്ക് മാര്‍ച്ച് നടത്തി. ഈ സമരങ്ങളില്‍ പങ്കെടുത്ത മിക്കവരും ചങ്ങനാശ്ശേരി മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്! കാരണം ‘ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലി’ന്റെ പിന്തുണയില്‍ ഞാന്‍ നയിക്കുന്ന രൂപതാ മാര്‍ച്ചുകള്‍ ഈ സമരങ്ങളുടെ തുടര്‍ച്ചയാണ്. ഇതാ ഗുണപരമായ മാറ്റത്തിന്റെ ശംഖൊലി വീണ്ടും മുഴങ്ങുകയായി
 

ഈ പരസ്യത്തിന്റെ ഫോട്ടോസ്റ്റാറ്റെടുത്ത് പരമാവധിപേര്‍ക്ക് വിതരണം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. മാര്‍ച്ച്, 25.01.2013 വെള്ളിയാഴ്ച 3 പി.എം.ന് എസ്.ബി. കോളജ് ഗെയിറ്റിങ്കല്‍ നിന്ന് ആരംഭിക്കുന്നു. ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം...
                                                                          മോണിക്കാ തോമസ് 


No comments:

Post a Comment