Translate

Thursday, December 13, 2012

മോണിക്കാസംഭവത്തില്‍ ജെ.സി.സി. യുടെ പൂര്‍ണ്ണ പിന്തുണ II



(വെളിവിലിന്റെ പ്രസംഗത്തിനിടയില്‍ ഒരു നാടകീയ സംഭവമുണ്ടായി. ഒരു ചേട്ടന്‍ എഴുന്നേറ്റുനിന്ന് ഇടപെടുവാന്‍ ശ്രമിച്ചു. താന്‍ പറഞ്ഞുതീര്‍ന്നിട്ടു പറയാമെന്ന് വെളിവില്‍ പറഞ്ഞു. സദസിലുള്ളവരും അതുതന്നെ ആവര്‍ത്തിച്ചു. എന്നിട്ടും അദ്ദേഹം വെളിവിലിനു നേരെ നടക്കാന്‍ തുടങ്ങി. യോഗം കലക്കാന്‍ മെത്രാന്മാര്‍ പറഞ്ഞുവിട്ട വിശുദ്ധഗുണ്ടയാണെന്നുതന്നെ എല്ലാവരും കരുതി. പക്ഷേ ആന്റി ക്ലൈമാക്‌സ് സന്തോഷകരമായിരുന്നു. അദ്ദേഹം വികാരഭരിതനായി ഉറച്ചസ്വരത്തില്‍ വെളിവിലിനോടു പറഞ്ഞു 'ഈ ചേച്ചിക്കുവേണ്ടി കഴുത്തു കണ്ടിച്ചിടാനും താന്‍ തയ്യാറാണ്' എന്നിട്ടദ്ദേഹം കൂട്ടിച്ചേര്‍ത്തു: 'കേരളത്തിലെ ഒരു മെത്രാന്റെ പെങ്ങളുടെ മകനാണ് ഞാന്‍. കൂടെക്കിടക്കുന്നവനല്ലേ രാപ്പനി അറിയൂ'! ഉടനടി സദസില്‍നിന്ന് കരഘോഷം മുഴങ്ങി.) 
(തുടര്‍ച്ച) 


ജന. സെക്രട്ടറി ആന്റോ കോക്കാട്ട് മോനിക്കായുടെ സമരത്തിന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നിര്‍ല്ലോപമായ പിന്തുണ പ്രഖ്യാപിച്ചു. ടി.ഒ. ജോസഫ്, ആലോചനായോഗത്തില്‍തന്നെ ഇത്രയേറെ ബഹുജനപങ്കാളിത്തമുണ്ടായത് ശുഭസൂചനയാണെന്ന് ഓര്‍മ്മിപ്പിച്ചു. ക്‌നാനായ നവീകരണസമിതി കോട്ടയത്തു നടത്തിയ യോഗത്തിലും പ്രകടനത്തിലും അയ്യായിരത്തിലേറെപ്പേര്‍ പങ്കെടുത്തതു ചൂണ്ടിക്കാട്ടി പുരോഹിതധാര്‍ഷ്ട്യത്തിനെതിരെ ആഞ്ഞടിക്കുന്ന മുട്ടാടുകളുടെ എണ്ണം കൂടിവരുന്നതില്‍ സന്തുഷ്ടി രേഖപ്പെടുത്തി.

ഇ.ആര്‍. ജോസഫ് തന്റെയും കോട്ടയം ജില്ലയിലെ ലത്തീന്‍ കത്തോലിക്കരുടെയും പിന്തുണ മോണിക്കയ്ക്കുണ്ടായിരിക്കുമെന്ന് ഉറപ്പുകൊടുത്തു. മോണിക്ക നടത്തുന്ന സമരങ്ങള്‍ക്കും നയിക്കുന്ന പ്രകടനങ്ങള്‍ക്കും തൊട്ടുപിറകേതന്നെ താന്‍ ഉണ്ടായിരിക്കുമെന്ന് കുമാരി ഇന്ദുലേഖ ജോസഫ് പ്രഖ്യാപിച്ചു. അരമനകള്‍ക്കു മുമ്പില്‍ കുത്തിയിരിക്കാനും താന്‍ മുമ്പിലുണ്ടാവും. അഞ്ചാം വയസില്‍ തോക്കിന്റെ തുമ്പത്ത് നൃത്തം ചവിട്ടിയ പാരമ്പര്യമാണു തനിക്കുള്ളതെന്നും കത്തോലിക്കാമാഫിയായെ തനിക്കു തരിമ്പും ഭയമില്ലെന്നും ഇന്ദുലേഖ ആവേശഭരിതയായി പറഞ്ഞു. ഈ സമരത്തില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ ആര്‍ക്കെങ്കിലും കൂദാശകള്‍ക്കു തടസ്സമുണ്ടായാല്‍, അതാതു പള്ളികള്‍ക്കു മുമ്പില്‍ സത്യാഗ്രഹം ഇരിക്കാന്‍ വരാനും താന്‍ തയ്യാറാണ് ഇന്ദുലേഖ വാഗ്ദാനം ചെയ്തു. 

അഡ്വ. വറുഗീസ് പറമ്പില്‍ നിയമനടപടികളും പ്രക്ഷോഭപരിപാടികളും സമാന്തരമായി കൊണ്ടുപോകണമെന്ന് നിര്‍ദ്ദേശിച്ചു. പ്രക്ഷോഭപരിപാടികളില്‍ പങ്കെടുത്താല്‍ സഭാധികൃതര്‍ കൂദാശകള്‍ നിഷേധിക്കുമെന്ന ഭയം വിശ്വാസികള്‍ക്കു പാടില്ലെന്നും, കൂദാശകള്‍ വിശ്വാസികളുടെ അവകാശമാണെന്ന് ഊന്നിപ്പറഞ്ഞുള്ള കോടതിവിധികള്‍ കേരളത്തിലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പോപ്പു കേരളത്തില്‍ വന്നപ്പോള്‍ പോപ്പിന്റെ കൈയില്‍നിന്നും കുര്‍ബാന സ്വീകരിച്ച മനുഷ്യന് സഭാധികൃതര്‍ പള്ളി സിമിത്തേരിയില്‍ സംസ്‌കാരം നിഷേധിച്ചു. അയാളെ പൊതുശ്മശാനത്തില്‍ അടക്കേണ്ടിവന്നു. ജോസഫ് വെളിവില്‍ കേസുകൊടുത്തു. അദ്ദേഹത്തിന്റെ മൃതശരീരം പൊതുശ്മശാനത്തില്‍നിന്നും മാന്തിയെടുത്ത് പള്ളി ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ബഹു. കോടതി ഉത്തരവിട്ടു. അമ്പതിനായിരം രൂപാ അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാനും വിധിച്ചു. അമ്പതിനായിരം രൂപയേ നഷ്ടപരിഹാരമായി ചോദിച്ചുള്ളു അല്ലായിരുന്നെങ്കില്‍ കൂടുതല്‍ തുക വിധിച്ചേനെയെന്നു ജഡ്ജി കൂട്ടിച്ചേര്‍ത്തു. ഈ സംഭവം അഡ്വ. വറുഗീസ് വിശദീകരിച്ചത് സദസ് കരഘോഷങ്ങളോടെയാണ് ശ്രവിച്ചത്.
(തുടരും)

No comments:

Post a Comment