Translate

Wednesday, December 12, 2012

മോണിക്കാസംഭവത്തില്‍ ജെ.സി.സി. യുടെ പൂര്‍ണ്ണ പിന്തുണ


മോനിക്കയുടെ പരസ്യങ്ങള്‍ ഫലം ചെയ്തു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നവം-24-നു പാലായില്‍ നടത്തിയ ചര്‍ച്ചാസമ്മേളനത്തില്‍ കോഴിക്കോട്ടുനിന്നുവരെ ആളുകളെത്തി. കള്ളും കപ്പേം പന്നീം കൊതിച്ചെത്തുന്ന പ്രകടനത്തൊഴിലാളികളായിരുന്നില്ല അവരാരും. ഭ്രാന്തമായ മൂല്യബോധംകൊണ്ടുണളര്‍ന്ന ബുദ്ധിജീവികകളും ചിന്തകളും വിപ്ലവകാരികളുമായിരുന്നു പലരും. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സംസ്ഥാന പ്രസിഡന്റ് ലാലന്‍ തരകന്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജോസഫ് വെളിവില്‍, ജന. സെക്രട്ടറി ആന്റോ കോക്കാട്ട്, ട്രഷറര്‍ അഡ്വ. വര്‍ഗീസ് പറമ്പില്‍, ക്‌നാനായ കത്തോലിക്കാ നവീകരണസമിതി ചെയര്‍മാന്‍ ടി.ഒ. ജോസഫ്, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ.ആര്‍. ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.


കെ.സി.ആര്‍.എം. സെക്രട്ടറി കെ.കെ. ജോസ് കണ്ടത്തില്‍ സ്വാഗതം പറഞ്ഞു. താനുള്‍പ്പെടുന്ന കെ.സി.ആര്‍.എം. കമ്മറ്റി ഇതുവരെ മോണിക്കാ സംഭവത്തില്‍ ഇടപെട്ടതെങ്ങനെ എന്നദ്ദേഹം വിശദീകരിച്ചു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ലാലന്‍ തരകന്റെ അദ്ധ്യക്ഷപ്രസംഗമായിരുന്നു തുടര്‍ന്ന്. യേശുവിന്റെ ആദര്‍ശങ്ങളില്‍ നിന്നകന്ന് കഴുത്തറപ്പന്‍ കച്ചവടപ്പാതയില്‍ പ്രവേശിച്ച സഭ തീവെട്ടിക്കൊള്ളയ്ക്കും മടിക്കില്ലെന്നുള്ളതിന്റെ ഉത്തമോദാഹരണമാണ് മോണിക്കാസംഭവമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്നദ്ദേഹം മോനിക്കയെ തന്റെ തിക്താനുഭവം പങ്കുവയ്ക്കുന്നതിനു ക്ഷണിച്ചു. ഇത്രയേറെ കഴിവും ലോകപരിചയവും ഉള്ള ഇവര്‍ക്കെങ്ങനെ ഇങ്ങനെയൊരബദ്ധം സംഭവിച്ചു എന്ന് സദസ് അത്ഭുതപ്പെടത്തക്കവിധത്തില്‍, ഭംഗിയായി മോണിക്കാ, അവര്‍ വഞ്ചിക്കപ്പെട്ട കഥ വിശദീകരിച്ചു. രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും ശാസ്ത്രജ്ഞന്മാരും ബുദ്ധിജീവികളുംവരെ ആള്‍ദൈവങ്ങളുടെ മുമ്പില്‍ കുമ്പിടുന്നതു കണ്ടിട്ടുള്ളവര്‍ക്ക് ഇതിലത്ഭുതം തോന്നേണ്ട കാര്യമില്ല. 

ദൈവഭക്തി നല്ലതുതന്നെ. പക്ഷെ അതു പുരോഹിതഭക്തിയായി തരംതാഴരുത്. അധികമായാല്‍ അമൃതും വിഷം ദൈവഭക്തിയാണെങ്കിലും അതു ലഹരിയായി പരിണമിക്കുമ്പോള്‍ മദ്യലഹരിയേക്കാള്‍. ആപല്‍ക്കരമാണ് മദ്യലഹരിക്കടിമപ്പെട്ട എത്രയോ സമര്‍ത്ഥമാര്‍ എന്തെല്ലാം കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയിരിക്കുന്നു. ഇടശ്ശേരി എഴുതുന്നു:
'ഭക്തിയാം ചൂണ്ടലൊരിക്കല്‍ വിഴുങ്ങിയ
ബുദ്ധിവിഹീനനു മുക്തിയില്ലൊരിക്കലും'


ഇവിടെ ഭക്തിയുടെ സ്ഥാനത്ത് ഭക്തിലഹരി എന്നൊരു തിരുത്തുകൊടുത്താല്‍ നമുക്കും സ്വീകാര്യമാണ്. വളരെ ബുദ്ധിപൂര്‍വ്വം ആസൂത്രണം ചെയ്ത നാടകത്തിന്റെ പരിസമാപ്തിയാണ് തന്റെ നേരെ നടന്ന തട്ടിപ്പെന്ന് മോണിക്ക ഭംഗിയായി സമര്‍ത്ഥിച്ചു. ശക്തമായൊരു സമരപാതയിലേക്ക് താനിറങ്ങുകയാണെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.


തുടര്‍ന്ന്, ജോസഫ് വെളിവിലിന്റെ പ്രസംഗമായിരുന്നു. ധാരാളം സമരങ്ങള്‍ നയിച്ച് അനുഭവസമ്പത്തുള്ള അദ്ദേഹം, ഇക്കാര്യത്തില്‍ അണുവിട വിട്ടുവീഴ്ചയില്ലെതെ പൊരുതണമെന്ന് ആഹ്വാനം ചെയ്തു. ജന. സെക്രട്ടറി ആന്റോ കോക്കാട്ട് മോനിക്കായുടെ സമരത്തിന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നിര്‍ല്ലോപമായ പിന്തുണ പ്രഖ്യാപിച്ചു. 


വെളിവിലിന്റെ പ്രസംഗത്തിനിടയില്‍ ഒരു നാടകീയ സംഭവമുണ്ടായി. ഒരു ചേട്ടന്‍ എഴുന്നേറ്റുനിന്ന് ഇടപെടുവാന്‍ ശ്രമിച്ചു. താന്‍ പറഞ്ഞുതീര്‍ന്നിട്ടു പറയാമെന്ന് വെളിവില്‍ പറഞ്ഞു. സദസിലുള്ളവരും അതുതന്നെ ആവര്‍ത്തിച്ചു. എന്നിട്ടും അദ്ദേഹം വെളിവിലിനു നേരെ നടക്കാന്‍ തുടങ്ങി. യോഗം കലക്കാന്‍ മെത്രാന്മാര്‍ പറഞ്ഞുവിട്ട വിശുദ്ധഗുണ്ടയാണെന്നുതന്നെ എല്ലാവരും കരുതി. പക്ഷേ ആന്റി ക്ലൈമാക്‌സ് സന്തോഷകരമായിരുന്നു. അദ്ദേഹം വികാരഭരിതനായി ഉറച്ചസ്വരത്തില്‍ വെളിവിലിനോടു പറഞ്ഞു 'ഈ ചേച്ചിക്കുവേണ്ടി കഴുത്തു കണ്ടിച്ചിടാനും താന്‍ തയ്യാറാണ്' എന്നിട്ടദ്ദേഹം കൂട്ടിച്ചേര്‍ത്തു: 'കേരളത്തിലെ ഒരു മെത്രാന്റെ പെങ്ങളുടെ മകനാണ് ഞാന്‍. കൂടെക്കിടക്കുന്നവനല്ലേ രാപ്പനി അറിയൂ'! ഉടനടി സദസില്‍നിന്ന് കരഘോഷം മുഴങ്ങി. 
                                                                                                                       (തുടരും) 

No comments:

Post a Comment