Translate

Sunday, December 30, 2012

ജനത്തെ ബലാല്‍സംഗം ചെയ്യുന്ന ഗുണ്ടാനേതാക്കള്‍

വെറും ഒരു ന്യൂനപക്ഷമല്ല, ഒരു രൂപതയിലെ ബഹുഭൂരിപക്ഷവും തനിക്കെതിരായി ചിന്തിക്കുമ്പോള്‍ അത് ശ്രവിക്കാന്‍ തയ്യാറാകാതെ, കാശ് വാങ്ങി കോക്രി കാട്ടുന്ന ഗുണ്ടാകളെക്കൊണ്ട് സ്വന്തം ജനത്തെ നേരിടുന്ന ഒരു മെത്രാന്‍ ചെയ്യുന്നത് സ്വന്തം ജനത്തോടുള്ള വൃത്തികെട്ട ബാലാല്‍സംഗമാണ്. അതാണ്‌ അറക്കല്‍ മെത്രാന്‍ ചയ്തുകൊണ്ടിരിക്കുന്നത്. അയാളോട് ചെയ്യാവുന്ന ഒറ്റ കാര്യമേയുള്ളൂ - ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കുക, ശിക്ഷ ഒടുക്കിയ ശേഷം നാട്ടില്‍ നിന്ന് ഓടിക്കുക.വ്യക്തമായും അനീതിയാണെന്ന് ജനത്തിനറിയാവുന്ന ഒരു കാര്യത്തില്‍ എതിര്‍പ്പുമായി ഇന്നലെ ജെ.സി.സി.യുടെ നേതൃത്വത്തില്‍ തന്റെ ആസ്ഥാനത്തിലേയ്ക്ക്‌ സമാധാനപൂര്‍വ്വം നടന്നടുത്ത ജനക്കൂട്ടത്തെ ഗുണ്ടാകളെ അയച്ചു തടയുന്നതിന് പകരം, അല്പമെങ്കിലും വിവരമുണ്ടായിരുന്നെങ്കില്‍, അറക്കലിന്  തന്റെ ഒരു പ്രതിനിധിയെ അയച്ചെങ്കിലും അനുരഞ്ജന സംഭാഷണത്തിനു ശ്രമിക്കരുതായിരുന്നോ? ഗുണ്ടാശക്തിക്ക് പകരം എന്തുകൊണ്ട് ആശയയുദ്ധത്തിന് അയാള്‍ തയ്യാറല്ല? അതല്ലേ ഒരു നേതാവിന് ജനത്തോടു കാണിക്കാവുന്ന ഏറ്റവും ആദ്യത്തെ പ്രതിപത്തി? ആസനം ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ജനം പുല്ലാണ് എന്ന ചിന്ത ഇയാളെ എവിടെവരെ എത്തിക്കും? വിശ്വാസികള്‍ക്ക് വേണ്ടാത്ത, അവര്‍ വെറുക്കുകയും നിറുത്താതെ അപലപിക്കുകയും ചെയ്യുന്ന, ഒരു മെത്രാന് സഭയില്‍ എന്ത് വിലയാണ് ഉള്ളത്? സഹികെട്ട്, പോപ്പിന് കൂട്ടപെറ്റിഷന്‍ കൊടുത്ത്, തങ്ങള്‍ക്കു വേണ്ടാത്ത മെത്രാന്മാരെ സ്ഥാനഭ്രഷ്ടരാക്കിയ സംഭവങ്ങള്‍ സ്വിറ്റ്സര്‍ലന്റില്‍ ഒന്നില്‍കൂടുതല്‍ ഉണ്ടായിട്ടുണ്ട്.   

ഇത് അല്‍മായശബ്ദമാണെങ്കിലും, നമ്മളും ഡല്‍ഹിയില്‍ നടന്നതിനെപ്പറ്റി അങ്ങേയറ്റം ആകുലരാകണം. നമ്മുടെ നേതാക്കളുടെ നാറുന്ന കഴിവുകേടാണ് ഈ ദിവസങ്ങളില്‍ അവിടെ തെളിഞ്ഞു നിന്നത്. വാര്‍ത്തകളിലൂടെ, നടന്നത് എത്ര ഹീനമായ കാര്യങ്ങളാണെന്ന് ഏവര്‍ക്കുമറിയാം. 
ഒന്നിന് പുറകേ ഒന്നായി അക്രമികള്‍ പൊതുസ്ഥലങ്ങളില്‍ വച്ച് പോലും സ്ത്രീകളെ മരണംവരെ കൂട്ടബലാല്‍സംഗം നടത്തിയിട്ടും, അതിനെതിരെ സഹായവും നീതിയും തേടി സംഘടിക്കുന്ന ചെറുപ്പക്കാരെ ലാത്തി കൊണ്ടും വാട്ടര്‍ കാനന്‍ കൊണ്ടും നേരിടുന്ന നേതാക്കളും ജനത്തെ അവഹേളിക്കുകയാണ്. അവരോടും ചെയ്യാവുന്നത് ഒന്നേയുള്ളൂ. എത്രയും വേഗം അധികാരത്തില്‍ നിന്ന് തുരത്തുക. ജനദ്രോഹക്കുറ്റം  ചുമത്തി അഴികള്‍ക്കുള്ളില്‍ എറിയുക.

 ഇക്കാര്യത്തില്‍ പ്രസിഡന്റും പ്രധാന മന്ത്രിയും കോണ്ഗ്രസ് അദ്ധ്യക്ഷയും ആഭ്യന്തര മന്ത്രിയും, ദല്‍ഹി മുഖ്യമന്ത്രിയും അവിടുത്തെ ബിഷപ്പും - പോര, അടുത്ത ഊഴം കാത്തിരിക്കുന്ന രാഹുലും കജ്രിവാളും പ്രിയങ്കയും തുടങ്ങിയ നേതാക്കളും - ഇത്ര നിഷ്ക്രിയരായി പോകുമ്പോള്‍, അത് അവര്‍ ജനത്ത്നു നേരെ ചെയ്യുന്ന ബലാല്‍സംഗമായിത്തന്നെ വേണം കാണാന്‍. ഡിസംബര്‍ 22ന് Raisina Hillsല്‍ നീതിക്ക് വേണ്ടി തടിച്ചു കൂടിയ, കൂടുതലും സ്ത്രീകളടങ്ങിയ, യുവജനത്തോട് അനുഭാവത്തിനു പകരം പോലീസിന്റെ കിരാതശക്തിക്ക് അവരെ വിട്ടുകൊടുത്ത നേതൃത്വത്തെ വിളിക്കാന്‍ പറ്റിയ ഒരു വൃത്തികെട്ട പേരും ഞ്ഞാന്‍ കാണുന്നില്ല. എന്തിനാണ് തങ്ങളുടെ ഇരിപ്പിടങ്ങളെ അവരുടെ വൃത്തികെട്ട ആസനങ്ങള്‍ കൊണ്ട് അവര്‍ മലീനസമാക്കുന്നതു? കാര്യപ്രാപ്തിയില്ലെങ്കില്‍, ഇറങ്ങിപ്പോകരുതോ, ഇവറ്റകള്‍ക്ക്?

രാഷ്ട്രത്തിന്റെയും മതത്തിന്റെയും തലപ്പത്തുനിന്ന് ബലാല്‍സംഗികളെ തുരത്തുക!
അടുത്ത തവണയെങ്കിലും ഇന്ത്യാക്കാര്‍ ഇത്തരം അലവലാതികളെ തിരഞ്ഞെടുത്ത് തലപ്പത്ത് ഇരുത്തരുത്. അതുപോലെ, റോമായില്‍ നിന്ന് നിയമിക്കുന്ന ഒറ്റ മെത്രാനെ ഇനി കേരളസഭയില്‍ അധികാരം കൈയാളാന്‍ സമ്മതിക്കരുത്‌. നമ്മുടെ പഴയ ആചാരമാനുസരിച്ച്, സ്വന്തം മെത്രാന്മാരെ തിരഞ്ഞെടുക്കാനുള്ള അവകാശം നമ്മള്‍ തിരിച്ചു പിടിക്കണം. വത്തിക്കാന്‍ രണ്ട് അമ്പത് കൊല്ലം മുമ്പ് അതനുവദിച്ചു തന്നതാണ്. പോപ്പിന്റെ കാലുനക്കികളാണ് അത്തരം അവകാശങ്ങളെല്ലാം കുഴിച്ചുമൂടിയത്. ഇപ്പോള്‍ ഉള്ളവരെ വലിച്ചു താഴെയിറക്കി ഓരോ തൂമ്പായും കൊടുത്ത് പണിയാന്‍ വിടണം. വിയര്‍പ്പിന്റെ അപ്പം ഭക്ഷിക്കാന്‍ അവരും പഠിക്കട്ടെ.

No comments:

Post a Comment