Translate

Monday, December 17, 2012

സ്വേച്ഛാധിപത്യം മഹാപാപം


സ്വാമി സ്നേഹാനന്ദ ജ്യോതി 

[Dr. John K. Thekkedam (Swami Snehananda Jyoti) who is a licensed Clinical Psychologist as well as a catholic Priest (independent of any church) and a Spiritual Guide is the founder and Director of East-West Awakening. He was a Jesuit for 25 years. He has taught courses in  Jnana Deep Vidyapeeth (Institute of Philosophy and Religion), Pune, India, and in Lindenwood University, St. Charles, Missouri, USA.  He was the  Director of Psychological Services in the Department of Psychiatry of Kenneth Hall Regional Hospital and also was a Director of Pastoral Care Services in Hawthorn Children's Psychiatric Hospital, St. Louis.]

ആധുനിക കാലത്തെ മഹാപാപങ്ങളില്‍ ഒന്നാണ് സ്വേച്ഛാധിപത്യം. സ്വേച്ഛാധിപത്യം എക്കാലവും മനുഷ്യകുലത്തിന്‍റെ വളര്‍ച്ചയെ മരവിപ്പിച്ചിട്ടേയുള്ളൂവെന്നതുകൊണ്ട് സ്വേശ്ചാധിപത്യത്തെ ഗുരുതരമായ തെറ്റായി കാണിച്ച്, എല്ലാ ധാര്‍മ്മിക ദൈവശാസ്ത്ര ഗ്രന്ഥങ്ങളും മാറ്റി എഴുതപ്പെടുകതന്നെ ചെയ്യണം. ഒരു വ്യക്തി എന്തായിത്തിരണമോ അവിടെയെത്താന്‍, ആത്മിയമായോ, വൈകാരികമായോ, ഭൌതികമായോ സ്വേച്ഛാധിപത്യം സഹായിക്കുന്നില്ല. ദൈവിക പദ്ധതിയനുസരിച്ചുള്ള മനുഷ്യന്റെ സമ്പൂര്‍ണ്ണമായ വളര്‍ച്ചക്ക് സ്വേശ്ചാധിപത്യം ഒരു വിലങ്ങുതടിയാണെന്നു പറയാതിരിക്കാന്‍ വയ്യ. സ്വേച്ഛാധിപത്യം ആത്മീയതയുമായി ബന്ധപ്പെട്ട ഒരു ഘടകമേയല്ല. വി.ഗ്രന്ഥങ്ങളില്‍ പറയുന്ന, ദൈവം മനുഷ്യന് നല്‍കിയ മഹത്തായ സ്വാതന്ത്ര്യത്തെ ഇത് ഹനിക്കുന്നു. സര്‍വ്വരും പൂര്‍ണ്ണരായും, തുല്യരായും, ഒരേ അവകാശത്തോടെയുമാണ് ദൈവത്തിന്റെ മുമ്പില്‍ ആയിരിക്കുന്നതെന്ന് മറക്കാന്‍ പാടില്ല.

എല്ലാവരെയും ഭരിക്കുന്നത്‌ ഒരേ നിയമമാണ്, ഓരോരുത്തര്‍ക്കുമുള്ള അവകാശങ്ങളും കടമകളും വ്യത്യാസമില്ല. അങ്ങിനെയെങ്കില്‍ ജനാധിപത്യത്തിന് പ്രാമുഖ്യമുള്ള ഈ നവ യുഗത്തില്‍ എന്തുകൊണ്ട് സ്വേച്ഛാധിപത്യം ഇപ്പോഴും നിലനില്‍ക്കുന്നു? ഇത് തികച്ചും ഒരു വൈരുദ്ധ്യം തന്നെയാണ്.

മനുഷ്യവംശത്തിന്‍റെ  പരിണാമചക്രത്തില്‍ സ്വേച്ഛാധിപത്യം, അടിമത്വം, എന്നിവയൊക്കെ  അവശ്യമായി കരുതപ്പെട്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. മതത്തിന്‍റെയും വര്‍ഗ്ഗത്തിന്‍റെയും പേരില്‍ നടമാടിയിരുന്ന കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന കാടന്‍ നിയമത്തില്‍ നിന്നാണ് നാം ജനാധിപത്യത്തിലേക്ക് കടന്നുവന്നത്. സ്വേശ്ചാധിപത്യത്തിന്‍റെ തുടക്കത്തില്‍ ശിക്ഷയോടുള്ള ഭയമാണ് അതിനു  വിധേയനാകാന്‍ മനുഷ്യരെ പ്രേരിപ്പിച്ചതെങ്കില്‍, പിന്നിട് രാഷ്ട്രിയ മത പരമാധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയരായെ ജീവിക്കാന്‍ തന്നെ നിവൃത്തിയുള്ളൂവെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. ഈ രണ്ടു മേഖലകളില്‍ നിന്നും സ്വാതന്ത്ര്യം അപ്രത്യക്ഷമായി - മനുഷ്യന് സ്വതന്ത്രമായി ശ്വസിക്കാനോ, സംസാരിക്കാനോ, ഒന്നുചേരാനോ, കാര്യങ്ങളെ വിലയിരുത്താനോ പോലും സാധിക്കില്ലായെന്നായി. പ്രതിയോഗികളെ രാഷ്ട്രിയശക്തി കൊണ്ട് ഭരണാധികാരികള്‍ നേരിട്ടു. മനുഷ്യാവകാശം എന്നൊന്ന്  ഉണ്ടായിരുന്നേയില്ല. സൂത്രക്കാര്‍ക്കും, മുഖസ്തുതിക്കാര്‍ക്കും മാത്രമേ നിലനില്‍ക്കാന്‍ ആവുമായിരുന്നുള്ളൂ. മനുഷ്യര്‍ അവരുടെ കഴുത്തു സുരക്ഷിതമാക്കുക എന്ന പ്രാഥമിക കടമയുടെ ഭാഗമായി സര്‍വ്വപ്രവൃത്തികളെയും കാണേണ്ടി വന്നു.

 സ്വേച്ഛാധിപത്യത്തിന്‍റെ കാഴ്ചപ്പാട് അനുസരിച്ച്, ഒരു പരമാധികാരിക്ക് മാത്രമേ മറ്റുള്ളവരുടെ ആവശ്യമെന്തെന്നു കൃത്യമായി അറിയാന്‍ സാധിക്കുമായിരുന്നുള്ളൂ. ഓരോരുത്തരുടെയും സ്ഥാനവും കടമയും ലക്ഷ്യവുമൊക്കെ കൃത്യമായി നിര്‍വ്വചിക്കപ്പെട്ട ബഹുതല സ്വേശ്ചാധിപത്യ ഭരണ ക്രമത്തില്‍ എല്ലക്കാര്യങ്ങളും സുഗമായും കൃത്യമായും നടക്കുമായിരുന്നു. ഒരു വ്യക്തിക്ക് പ്രത്യേകമായി തിരുമാനിക്കാനോ, ദൈവിഹിതത്തിനു വിട്ടുകൊടുക്കെണ്ടാതായോ ഒന്നും ഉണ്ടായിരുന്നില്ലവിടെ. അധികാരത്തെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഒരുവന്റെ സാമൂഹ്യ സുരക്ഷിതത്വത്തെ അപകടപ്പെടുത്താതെ അധികാരികളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ആവുമായിരുന്നുമില്ല. ഇരുണ്ട മദ്ധ്യകാലഘട്ടത്തിലെ സാമൂഹ്യ ജിവിതത്തിന്‍റെ ചിത്രം ഇങ്ങിനെയായിരുന്നു. അധികാരികളുടെയോ, അവരുടെ സില്‍ബന്ധികളുടെയോ ഇടുങ്ങിയ ബുദ്ധിക്കൊതുങ്ങാത്തതെല്ലാം  മതനിന്ദയുടെയും പൈശാചിക പ്രവര്‍ത്തനങ്ങളുടെയും ഭാഗമെന്നു വ്യാഖ്യാനിച്ചു നിശബ്ദമാക്കിയതിന്റെ ഫലമായി, ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ വളര്‍ച്ച പാടെ മുരടിച്ചു. വി. ഗ്രന്ഥങ്ങളെ അവര്‍ മനസ്സിലാക്കിയതുപോലെയും വ്യാഖ്യാനിച്ചതുപോലെയുമേ മറ്റുള്ളവര്‍ മനസ്സിലാക്കാന്‍ അവര്‍  സമ്മതിക്കുമായിരുന്നുള്ളൂ. ധാര്‍മ്മികമായി നല്ലതും ചിത്തയും വേര്‍തിരിക്കാന്‍ അവര്‍ക്കെ അവകാശമുണ്ടായിരുന്നുള്ളൂ. ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള വ്യക്തികളുടെ അവകാശം നിഷേധിക്കപ്പെട്ടു. ഒരു കാര്യമാത്ര പ്രസക്തമായ എതിര്‍പ്പിനു പോലും അവസരം ഉണ്ടായിരുന്നില്ല. അവരുടെ ചിന്താഗതികളെയും, പ്രവൃത്തികളെയും നിതികരിക്കുന്ന ദൈവശാസ്ത്രം ആയിരുന്നു അവര്‍ പടച്ചു കൂട്ടിയത്. ഏകാധിപത്യം ദൈവികമായ ഒരു നിയോഗമാണെന്നു അവര്‍ വിശദികരിച്ചു. മതപരമാധികാരിക്ക് അപ്രമാദിത്യമുണ്ടെന്നും പ്രത്യേകദൈവിക പരിരക്ഷയുണ്ടെന്നും അവര്‍ ചിത്രികരിച്ചു. മതപരവും ആത്മിയവുമായ വളര്‍ച്ചക്ക്‌ എന്തെല്ലാം ആവശ്യമുണ്ടെന്നും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും അവര്‍ നിശ്ചയിച്ചു. സാധാരണക്കാരും നിരക്ഷരരുമായ ജനങ്ങളെ, അവര്‍ മാത്രമാണ് ഇവിടെയും മരണാനന്തരവും സുരക്ഷിതത്വത്തിലെക്കും രക്ഷയിലെക്കുമുള്ള,  ശരിയായ മാര്‍ഗ്ഗമെന്ന് തെറ്റിദ്ധരിപ്പിച്ചു.

ക്രിസ്ത്യാനികള്‍ക്ക് ആധിപത്യമുണ്ടായിരുന്ന മദ്ധ്യ കാലഘട്ടത്തില്‍ മനുഷ്യന് ക്രിസ്തുവെന്ന മദ്ധ്യസ്ഥന്‍ മാത്രം പോരായെന്നു അവര്‍ തിരുമാനിച്ചു. എങ്ങിനെ പ്രാര്‍ഥിക്കണമെന്നും, എന്തെല്ലാമാണ് ഉരുവിടെണ്ടാതെന്നും, എന്തെല്ലാമാണ് അനുഷ്ടാനങ്ങളെന്നും, വിശുദ്ധികരണത്തിനു എന്തെല്ലാം ത്യാഗങ്ങളാണ് ചെയ്യേണ്ടതെന്നുമെല്ലാം  മതാധികാരികളാണ് നിശ്ചയിച്ചിരുന്നത്. രത്ന ചുരുക്കം പറഞ്ഞാല്‍, ഈ ഏകാധിപതികള്‍ പറഞ്ഞത്, ചിന്തിക്കുന്ന കാര്യം ഞങ്ങള്‍ക്ക് വിട്ടേക്കൂ, ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാം; നിങ്ങളില്‍നിന്നു ദൈവം എന്താണ് പ്രതിക്ഷിക്കുന്നതെന്ന് ഞങ്ങളിലൂടെയെ നിങ്ങള്‍ക്കറിയാന്‍ സാധിക്കൂ വെന്നോക്കെയാണ്. ദൈവം നേരിട്ട് തിരഞ്ഞെടുക്കുകയും അധികാരപ്പെടുത്തുകയും ചെയ്തിട്ടുള്ള പ്രത്യേക ദൂതന്മാരാണ് ഞങ്ങളാണെന്നും അവര്‍ അവകാശപ്പെട്ടു.  നിങ്ങളെ നിരാശപ്പെടുത്തുകയില്ലെന്നു അവര്‍ ഉറപ്പും കൊടുത്തു. ക്രിസ്ത്യന്‍ സ്വേച്ഛാധിപതികള്‍ എക്കാലവും ഇങ്ങിനെ പറയുമായിരുന്നൂ. നോക്കൂ എങ്ങിനെയാണ് ക്രിസ്തു നമ്മെ രക്ഷിച്ചതെന്ന്. അവന്‍ ദൈവത്വത്തിലും പിതാവിനോട് മരണം വരെ എല്ലാക്കാര്യത്തിലും എളിമപ്പെട്ടവനായി; ഞങ്ങള്‍ പറയുന്നതും മറുവാക്ക് പറയാതെ അനുസരിക്കൂ, അതായിരിക്കും ഇനിമേല്‍ പരിശുദ്ധമായ അനുസരണ. ഞാന്‍ ക്രിസ്ത്യാനികളെപ്പറ്റി പറഞ്ഞത് മറ്റു പ്രമുഖ മതങ്ങളുടെ കാര്യത്തിലും ശരിയാണെന്നതും മറക്കരുത്. സ്വന്തം കാര്യ സാധ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഈ ദൈവിക അനുസരണയെ ഉപയോഗിച്ചത് രാഷ്ട്രിയക്കാരായിരുന്നു. ഇതിന്റെ പരിണിതഫലം ചുരുക്കത്തില്‍, ഏറ്റവും സവിശേഷമായ  ഒരു സമ്മാനമായി മനുഷ്യന് സ്വാതന്ത്ര്യത്തെ നല്‍കിയ  ദൈവം ചിത്രത്തില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായിയെന്നതാണ്.  (തുടരും). 

സാമി സ്നേഹാനന്ദ ജ്യോതിയുടെ കൂടുതല്‍ ലേഖനങ്ങള്‍ വായിക്കാന്‍ സദയം ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment