Translate

Friday, November 2, 2012

കാലമേ, സാക്ഷി!

സാമുവല്‍ കൂടല്‍
1. 
കാലമേ, സാക്ഷിയെന്നക്ഷരങ്ങള്‍ക്കു നീ
മാനസം നേദിച്ച വാക്കുകള്‍ക്കും;
ചിന്തതന്നോശാന സൂനങ്ങളാണിവ,
യെശയ്യാവൊന്നിന്‍ പതിനഞ്ചുപോല്‍.
2.

പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കേണ്ട യാഹന്നന്‍
മൗനിയായ്, കാതങ്ങടച്ചപോലെ;
കാണാതെ കാണുവോന്‍ കണ്ണടച്ചാമുഖം
പണ്ടേ തിരിച്ചു നിങ്ങള്‍ക്കെതിരായ്!
3. 

ദേവന്റെ തേന്മൊഴി ചിന്നഭിന്നം ചൊല്ലി
ദ്വന്ദയുദ്ധങ്ങള്‍തന്‍ വിശ്വാസവും,
വേദവും വിപരീതാരാധനാരീതിയും
സ്തുതി, യാചനാരവമാകെ വ്യര്‍ത്ഥം.
4. 

യിരമ്യാവിരുപത്തിമുന്നിന്റെ എട്ടിലെ
കളളപ്രവാചകപ്പാസ്റ്ററെങ്ങും!
കര്‍ത്താവിന്റെച്ചായന്‍ കത്തനാരും മെത്രാന്‍
അരമനതോറും സിംഹാസനസ്ഥന്‍;
5. 

കര്‍ദ്ദിനാള്‍ ബാവയും പാപ്പയും കേമരായ്
അന്തിക്രിസ്തുപോലും തോറ്റകാലം,
ദൈവസ്‌നേഹം മറന്നിന്നിഹേ ശണ്ഠയായ്
സാത്താനു കൂടാരമായ് ഹൃദന്തം!
6. 

പ്രാര്‍ത്ഥിക്കാന്‍ പളളിയില്‍ പോകരുതെന്നവന്‍
പണ്ടേ പഠിപ്പിച്ചു പ്രാര്‍ത്ഥനയും;
പാടേ മറന്നീക്കുരുടര്‍ക്കു പിന്‍പറ്റി
തലമുറ കുഴിയില്‍ ഹാ! വീണിടുന്നു.
7. 

ലഹളക്കളങ്ങളാം പളളികളാകവേ
ഇല്ലാതെയായാല്‍ ഇവിടെ സ്വര്‍ഗ്ഗം!
അങ്കം കുറിക്കും സഭകള്‍ നശിക്കണം,
എങ്കിലേ സത്യസഭയുണരൂ....
8. 

എന്നെപ്പോലെന്നയല്‍ക്കാരനെ സ്‌നേഹിച്ചാല്‍
ദൈവസഭയിലൊരംഗമായ് ഞാന്‍;
ആഴിയില്‍ നീര്‍ക്കണം ചേര്‍ന്നപോലദൈ്വതം
സ്‌നേഹമാമീശനില്‍ നാമലിയാം....

കലഞ്ഞൂര്‍
02-02-2011 

No comments:

Post a Comment