Translate

Saturday, November 10, 2012

ശ്രീമാന്‍ അച്യുദാനന്ദനും ശ്രീമാര്‍ ആലഞ്ചേരിയും

മറ്റു തൊങ്ങലുകളൊന്നും  ചേര്‍ക്കാതെ തന്നെ ഇവര്‍ രണ്ടും ആരെന്ന് വായിക്കുന്നവര്‍ക്കറിയാം. പക്ഷേ, ഇവരുടെ പേരുകള്‍ ഒരുമിച്ചു പറയുക എന്നത് ദൂഷണമായി കാണുന്നവര്‍ വളരെയുണ്ടാവാം. ഈ പേരുകള്‍ എടുത്തുപയോഗിക്കുമ്പോഴും രണ്ടു വ്യക്തികളെ എന്നതിലുപരി അവര്‍ പ്രതിനിധാനം ചെയ്യുന്ന രണ്ട് പ്രസ്ഥാനങ്ങളെ മനസ്സില്‍ വച്ചുകൊണ്ടാണ് ഇതെഴുതുന്നത്. സത്യത്തില്‍, ആരുടേയും പ്രതിച്ഛായയെ തകര്‍ക്കാനല്ല, മറിച്ച്, കത്തോലിക്കാസഭക്ക് ഭൂഷണമായി ഭവിക്കും എന്ന് വിചാരിച്ചുകൊണ്ടു തന്നെയാണ് ഈ കുറിപ്പിന് മുതിരുന്നത്.

കേരളക്കരയിലെ സഭയെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും തമ്മില്‍ താരതമ്യപ്പെടുത്തി പലരും പലപ്പോഴും എഴിതിയിട്ടുണ്ട്. ഞാനും. ഇരു പ്രസ്ഥാനങ്ങളുടെയും അവയെ നയിക്കുന്നവരുടെയും സമാനതകള്‍ ഏറെയാണ് എന്നത് ഒരു തുറന്ന സത്യമാണ്. സത്യം എങ്ങനെയും വെളിച്ചത്തുവരും, അതിനായി ആരുമൊന്നും ചെയ്തില്ലെങ്കിലും.

സഭയുടെ പ്രാരംഭവും രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം അവള്‍ രാജകീയപ്രൌഢികളെ ആശ്ലേഷിച്ച് യേശുവിന്റെ വഴികളില്‍ നിന്ന് അകന്നു പോയതും, കാലാന്തരത്തില്‍ യൂറോപ്പില്‍ അവളുടെ ആത്മീയവും ഭൌതികവുമായ അധീശത്വം നഷ്ടപ്പെട്ടതും ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞുതന്നിട്ടുള്ള കഥയാണ്‌. ഇതെല്ലാമറിയാമായിട്ടും ഭാരതത്തിലെ സഭ സമയോചിതമായ ആത്മശോധനക്കോ കാര്യപ്രസക്തമായ നവീകരണങ്ങള്‍ക്കോ യാതൊരു സന്നദ്ധതയും കാണിക്കുന്നില്ല എന്നത് പരിതാപകരമാണ്. സഭയെ സംബന്ധിക്കുന്നിടത്തോളം ഈ പോക്ക് ആത്മഹത്യാപരവുമാണ്.
 
സോവിയറ്റ് കമ്യൂണിസത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് പല രാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ലക്ഷ്യം ഉപേക്ഷിക്കുകയും പാര്‍ലമെന്ററി ജനാധിപത്യം തങ്ങളുടെ ലക്ഷ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു മാറ്റം ഇന്ത്യയില്‍ പ്രാവര്‍ത്തികമായിട്ടുള്ള ഇടതുപക്ഷരീതികള്‍ക്ക് ആവശ്യമാകുന്നില്ലെങ്കിലും തങ്ങളുടെ അടിസ്ഥാന പ്രത്യയശാസ്ത്രത്തില്‍ ഒരു മാറ്റവും ആവശ്യമുള്ളതായി ഇവിടുത്തെ കമ്യൂണിസ്റ്റുകള്‍ക്ക് തോന്നിയിട്ടില്ല. പ്രത്യയശാത്രകാഴ്ചപ്പാടില്‍ അവര്‍ ഇപ്പോഴും അണികളുടെ മുമ്പില്‍ സവ്വാധിപത്യം തന്നെയാണ് തങ്ങളുടെ ലക്ഷ്യമായി കൊണ്ടുനടക്കുന്നത്. ഇതുവരെയുള്ള ശീലത്തിന്റെ ഫലമായി, അണികളില്‍ ഏറിയ ഭാഗത്തിനും തങ്ങളുടേതായ വിചിന്തനങ്ങളോ ആഗ്രഹങ്ങളോ ജനിക്കാന്‍ അനുവദിക്കാത്ത അത്ര അടിമത്തത്തിലാണ് അവര്‍ കഴിയുന്നത്‌. സാധിക്കുന്നിടത്തെല്ലാം തനി സ്റ്റാലിനിസ്റ്റ് കോപ്പികളായ തങ്ങളുടെ പ്രാദേശിക മൂപ്പന്മാരെ പിന്തുടരുക, അവര്‍ക്ക് "കീജെയ്" വിളിക്കുക എന്നതില്‍ കവിഞ്ഞൊന്നും അവരെക്കൊണ്ടാവില്ല തന്നെ. ഇതേ പ്രവര്‍ത്തന ശൈലിയിലാണ് മതനേതൃത്വവും വിശ്വാസികളായ ആട്ടിന്‍കൂട്ടങ്ങളെ നയിക്കുന്നത്. വിശ്വാസകാര്യങ്ങളില്‍ മാത്രമല്ല, രാഷ്ട്രീയ വിഷയങ്ങളിലും പോലും തനതായ ചിന്തകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കാത്ത സ്ഥിതിവിശേഷമാണ് ഇന്നും സഭയിലുള്ളത്.

പാര്‍ട്ടിയില്‍ അംഗമായിരുന്നുകൊണ്ട്, തന്റേതായ മറ്റു വിധത്തില്‍ മുന്നോട്ടു പോകാന്‍ പറ്റാത്ത ഒരു സാഹചര്യത്തില്‍ എത്തിപ്പെട്ട അച്യുദാനന്ദന്‍ നാണംകെട്ടാണെങ്കിലും തന്റെ പിന്തിരിപ്പന്‍ (പാര്‍ട്ടിയുടെ കാഴ്ചപ്പാടില്‍) നടപടികളെപ്പറ്റി മാപ്പുപറയാന്‍ വരെ തയ്യാറായി. എതാണ്ടിതുപോലെ മാത്രമേ സഭയുടെ ഇടക്കിടക്കുള്ള മാപ്പുപറയലിനും അര്‍ത്ഥമുള്ളു. തല്ക്കാലത്തേയ്ക്ക് സ്വയം രക്ഷിക്കുക. കൈയും മുഖവുമൊന്നു കഴുകുക. കാരണം, ഇതെല്ലാം കഴിഞ്ഞും ഒരതിരുമില്ലാത്ത സാമ്പത്തിക, ലൈംഗിക ക്രമക്കേടുകളില്‍ മുങ്ങിക്കിടക്കുകയാണ് ഇന്നത്തെ സഭ. വത്തിക്കാനില്‍ ഒരു പോപ്പിന് ശേഷം മറ്റൊരാള്‍ സഭ ചെയ്തുകൂട്ടിയ അക്രമങ്ങള്‍ക്ക് ലോകത്തോട്‌ മാപ്പ് പറഞ്ഞു മടുത്തു. എന്നാല്‍ അതേ നികൃഷ്ടകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇന്ത്യയിലും ഇത് തന്നെ സംഭവിക്കുന്നു. ആത്മപാലകരില്‍ വിശ്വാസികള്‍ക്കുണ്ടായിരുന്ന എല്ലാ വിശ്വാസവും ബഹുമാനവും ഒന്നിനൊന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.  അപചയങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നിട്ടും കുറ്റവാളികളെ നിയന്ത്രിക്കാനോ, തങ്ങളുടെ കഴിവുകേടിനെ ഏറ്റുപറയാനോ ഉള്ള എളിമയോ ആത്മധൈര്യമോ ഒരു മെത്രാനും ഇതുവരെ ഉണ്ടായിട്ടില്ല. തന്നെയല്ല, ചേരിപ്പോരുകള്‍ക്ക് പല സഭാവിഭാഗങ്ങളിലും ഒരു കുറവുമില്ല താനും.

അധികാരം കയ്യാളുന്ന ഒരു പാര്‍ട്ടിയുടെ നേതാക്കളും അനുയായികളും അധികാരദുര്‍വിനിയോഗത്തിലേയ്ക്കും അഴിമതിയിലേയ്ക്കും വഴുതിവീഴാന്‍ എമ്പാടും ഇടയുണ്ടെന്ന് കണ്ടിട്ടും അനുഭവിച്ചിട്ടും അത് തടയാന്‍ യാതൊരു ശ്രദ്ധയും ശ്രമവും ഇരു പ്രസ്ഥാനങ്ങളുടെയും നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നില്ല എന്നതാണ് കേരളത്തിലെ ഇന്നത്തെ പരിതാപകരമായ അവസ്ഥ. തന്നെയല്ല, സ്വന്തം സ്ഥാനമാനങ്ങളെ സ്ഥിരീകരിച്ചുറപ്പിക്കാന്‍ വേണ്ടുന്നതൊക്കെ ഇവര്‍ സമയാസമയത്ത് കരുതി വയ്ക്കുന്നുണ്ട്‌ താനും.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ പ്രദര്‍ശിപ്പിച്ച ആദര്‍ശമേന്മയോ പ്രതിരോധമനസ്സോ ഒന്നും സ്വര്‍ണ്ണത്താലത്തില്‍ അധികാരം വച്ചുകൊടുത്തപ്പോള്‍ അച്യുദാനന്ദന് ഇല്ലാതെപോയി. മാര്‍ ആലഞ്ചേരി സഭയുടെ ഉന്നതാധികാരത്തില്‍ എത്തിയപ്പോള്‍, വളരെ ക്രിയാത്മകമായ ഇടപെടലുകള്‍ എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പകരം, ഏത്  മുന്‍ഗാമികളെയും പോലെ റോമായാത്രയും ഫോട്ടോയ്ക്ക് പോസ്സും മാത്രമായി അദ്ദേഹത്തിന്‍റെ സേവനവും തരംതാഴ്ന്നുപോയി. അധികാരവും സമ്പത്തും വിട്ടൊഴിയാന്‍ പുരോഹിതശ്രേണി അണുപോലും സന്നദ്ധമല്ലതാനും. അവരുടെ പൊയ്മുഖങ്ങളുടെ തണലില്‍ കഴിയുന്ന കുഞ്ഞാടുകള്‍ ഇപ്പോഴും മതതീവ്രതയുടെ കൂച്ചുവിലങ്ങില്‍ തന്നെ. അവരില്‍ ഏറിയ ഭാഗവും പരമ്പരാഗതമായി സ്വന്തം തലച്ചോര്‍ ഉപയോഗിക്കാന്‍ ത്രാണിയില്ലാത്തവര്‍ ആയിപ്പോയതിനാല്‍, ക്രിസ്തീയതയുടെ ചില തുരുത്തുകളില്‍ നിന്നും വീശുന്ന, യേശുവിന്റെ തനിമയെ ആശ്ലേഷിക്കാനും സ്വയം തിരുത്തലിനുമുള്ള ആഹ്വാനങ്ങളെ തന്റെടത്തോടെ സ്വാഗതം ചെയ്യാന്‍ പൊതുവേ അവര്‍ക്ക് ധൈര്യമുണ്ടാകുന്നില്ല.

അധികാരത്തിലെത്തുമ്പോള്‍ ഫാസിസ്റ്റ് ശൈലി സ്വീകരിക്കുന്ന കമ്യൂണിസ്റ്റുകാരെപ്പോലെ സഭാധികാരവും ഫാസിസ്റ്റ് ശെലിയിലേയ്ക്കാണ് മാറിക്കൊണ്ടിരിക്കുന്നത് എന്നത് ആര്‍ക്കും കാണാവുന്ന സത്യമാണ്. ഇത്തരം അധികാരവര്‍ഗ്ഗത്തിന്റെ മൂല്യസംഹിതകള്‍ ഒരിക്കലും സുവിശേഷത്തിന്റെ പാഠങ്ങളുമായി ഒത്തുപോകില്ല. സുഖലോലുപരായ ഇടയന്മാര്‍ ദരിദ്രരായ ബഹുപൂരിപക്ഷത്തോട് എങ്ങനെ യേശുവിന്റെ സദ്‌വാര്‍ത്ത പ്രഘോഷിക്കും? പക്ഷേ, ഇനിയും അധികദൂരം കബളിക്കപ്പെട്ടു കഴിയാന്‍ ജനം ആഗ്രഹിക്കുമെന്നു തോന്നുന്നില്ല. ബുദ്ധിയുപയോഗിച്ചും നല്ല വിശ്വാസികളും നല്ല മനുഷ്യരുമായി ജീവിക്കാമെന്ന് ജനം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.

തന്റെ ബോധ്യങ്ങള്‍ക്കനുസാരം കാര്യങ്ങള്‍ നീക്കാന്‍ താനിടപെട്ട എല്ലായിടത്തും പാര്‍ട്ടിയിലെ മല്ലന്മാര്‍  വിലങ്ങുതടിയായപ്പോള്‍, കേരളത്തിലെ ധാരാളം നല്ല മനുഷ്യര്‍ ആഗ്രഹിച്ചു, അച്യുദാനന്ദന്‍ തന്റെ മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് ഒരു നീതിമാനായി ജനസമക്ഷത്തേയ്ക്ക് തിരിച്ചുചെല്ലുമെന്ന്. അതുണ്ടായില്ല. വെറുതേ തന്റെയും അതിലുപരി കേരളത്തിന്റെയും അഞ്ചു കൊല്ലം അദ്ദേഹം പാഴാക്കിക്കളഞ്ഞു. തനിക്കു യേശുവിന്റെ മനസ്സിന്റെ ഒരംശമെങ്കിലും ഉണ്ടെങ്കില്‍, മാര്‍ ആലഞ്ചേരി, യേശുവിനെപ്രതി, താനെല്ലാര്‍ക്കും മീതെയാണെന്നു പ്രഖ്യാപിക്കുന്ന തന്റെ തങ്കക്കിരീടം ധരിക്കാന്‍ വിസമ്മതിക്കുകയെങ്കിലും ചെയ്യുമെന്ന് നിഷ്ക്കളങ്കരായ കുറേ യേശുസ്നേഹികളെങ്കിലും കൊതിച്ചു. അച്യുദാനന്ദന്റെ അഞ്ചു വര്‍ഷങ്ങള്‍ക്കു പകരം മുന്നോട്ടുള്ള തന്റെ ശിഷ്ടജീവിതം മുഴുവന്‍ ശ്രീ മാര്‍ ആലഞ്ചേരിക്കു ബാക്കിയുണ്ട്. ഒന്നുകില്‍ അത് മുഴുവന്‍ കളഞ്ഞു കുളിക്കാം. അല്ലെങ്കില്‍ താന്‍ യേശുവിനെ സ്നേഹിക്കുന്നുണ്ട് എന്ന് തെളിയിക്കാം. അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടോ, ആവോ!    

1 comment:

  1. ഫെഡറേഷന്‍ ഓഫ് സീറോ മലബാര്‍ അല്‍മായ സംരക്ഷണ ഫോറം.

    ബഹു.ബിഷപ്പ് അങ്ങാടിയത്ത് ,

    ടോം വര്‍ക്കിക്ക് എതിരെ നടത്തിയ ശിക്ഷണ നടപടി നിരുപാധികം പിന്‍വലിച്ചു മാതൃക കാണിക്കുക.

    കല്‍ദായ കുരിശു എന്നേയ്ക്കുമായി മാറ്റുക .

    കല്‍ദായ വൈദികരെ കൊപ്പളിലെ പള്ളിയില്‍ നിയമിക്കാതിരിക്കുക.

    യേശു ക്രിസ്തുവിന്‍റെ വചനം പ്രസംഗിക്കുക.

    അല്മായരെ പീഡിപ്പിക്കല്‍ അവസാനിപ്പിക്കുക
    .
    കര്‍ദ്ദിനാളിന്‍റെയും മെത്രാന്മാരുടെയും വൈദികരുടെയും അനാവശ്യ പണപ്പിരിവു അവസാനിപ്പിക്കുക.

    വചന പ്രസംഗം പണപ്പിരിവിനു വെണ്ടിയാകരുത്.

    കൊപ്പളില്‍ സമാധാനം ഉണ്ടാക്കുക....( ഫെഡറേഷന്‍ ഓഫ് സീറോ മലബാര്‍ അല്‍മായ സംരക്ഷണ കമ്മിറ്റി ,യൂറോപ്പ്,അമേരിക്ക. )

    ReplyDelete