Translate

Wednesday, October 3, 2012

പുത്രവാത്സല്യവും ഗുരുഭക്തിയും

Tuesday, October 2, 2012


ബ്ലെസിയുടെ “പ്രണയം” എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ബോളിവുഡിലെ അതിപ്രശസ്ത നടന്‍ അനുപം ഖേര്‍ ശ്രദ്ധേയനായത് 1984-ല്‍ പുറത്തിറങ്ങിയ ''സാരംശ്'' എന്ന ചിത്രത്തിലൂടെയാണ്. ഇരുപത്തെട്ടു വയസുമാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ സാരംശില്‍ അദ്ദേഹം അവതരിപ്പിച്ചത് ഒരു റിട്ടയേര്‍ഡ് അദ്ധ്യാപകന്റെ കഥാപാത്രത്തെയാണ്. വിദേശത്ത് വച്ച് ചരമമടഞ്ഞ തന്റെ പുത്രന്റെ ഭൗതികാവശിഷ്ടം ലഭിക്കുവാനായി ബോംബെയിലെ കസ്റ്റംസ് ഓഫീസിലെ പല മുറികളില്‍ കയറിയിറങ്ങിയ ആ കഥാപാത്രം ഒരു ഓഫീസറുടെ മുറിയില്‍വച്ച് പൊട്ടിത്തെറിക്കുന്നുണ്ട്.

അവിസ്മരണീയമാണ് ആ രംഗം. കഥാപാത്രം ഭ്രാന്തനെപ്പോലെ ഓഫീസറോട് ചോദിക്കുന്നു. ''എന്റെ മകന്റെ ചിതാഭസ്മം ലഭിക്കുവാനും ഞാന്‍ കൈക്കൂലി കൊടുക്കണമോ?''

സാരംശിലെ നായകന് കൈക്കൂലി കൊടുക്കേണ്ടിവന്നില്ല. പ്രസ്തുത ഓഫീസര്‍ നായകന്റെ ശിഷ്യനായിരുന്നു. തന്റെ ഗുരുവിന്റെ അവസ്ഥകണ്ട് മനസ്സിലിഞ്ഞ് വേണ്ട സഹായമെല്ലാം ആ ഓഫീസര്‍ ചെയ്തുകൊടുത്തു.

''ക്‌നാനായ വിശേഷങ്ങള്‍'' എന്ന ബ്ലോഗില്‍ ഈയിടെ പ്രസിദ്ധീകരിച്ചുവന്ന ഏറ്റുമാനൂര്‍ ഇടവകാംഗം ടി.ഒ. സൈമണ്‍ പറമ്പേട്ടിന്റെ പരാതിയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട സാരാംശ് എന്നി ചിത്രത്തിലെ രംഗം മനസ്സിലേക്ക് കൊണ്ടുവന്നത്. (ക്‌നാനായ വിശേഷങ്ങളില്‍ പ്രസിദ്ധീകരിച്ച പരാതി വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)

1958 മുതല്‍ 1994 വരെ കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിച്ചിരുന്ന ഒരദ്ധ്യാപകന്‍. നീണ്ട ഇരുപത്തേഴുവര്‍ഷക്കാലം തന്റെ ഇടവകയില്‍ അക്കൗണ്ടന്റായി സേവനമനുഷ്ഠിച്ചു. പ്രായംകൊണ്ട് സൂപ്പര്‍ സീനിയര്‍. അദ്ദേഹത്തിന്റെ ആവശ്യം ന്യായമല്ല എന്നു പറയാന്‍ നിഷ്പക്ഷമതികള്‍ക്കാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല.

വിവാഹത്തിലൂടെ അംഗമായിമാറിയ പേരൂര്‍ ഇടവകയില്‍ കല്ലറ ലഭ്യമല്ലാതിരുന്നതിനാല്‍ വോള്‍ട്ടില്‍ അടക്കം ചെയ്ത മകളുടെ ഭൗതികാവശിഷ്ടം സ്വന്തം ഇടവകയിലെ കുടുംബക്കല്ലറയിലേക്ക് മാറ്റണം എന്നു മാത്രമായിരുന്നു സൈമണ്‍സാറിന്റെ അപേക്ഷ. ഏറ്റുമാനൂര്‍ ഇടവകാംഗമായ കൊച്ചുപിതാവിന്റെ ഉപദേശപ്രകാരം ഏറ്റുമാനൂര്‍/പേരൂര്‍ ഇടവക വികാരിമാരുടെ സമ്മതത്തോടെ ഇരുകുടുംബങ്ങളും ചേര്‍ന്നു നല്‍കിയ അപേക്ഷ മൂലക്കാട്ട് പിതാവ് നിഷ്‌ക്കരുണം തള്ളിക്കളഞ്ഞു എന്നതാണ് പരാതിയില്‍ പറയുന്നത്. മുന്‍ കീഴ്‌വഴക്കം ഇല്ല എന്നതാണ് കാരണമായി അരമനയില്‍നിന്നു അറിയിച്ചത്.

ഏറ്റവും കഷ്ടമായി തോന്നിയത് വിദേശരാജ്യങ്ങളില്‍ കൂടെകൂടെ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ജനകീയനായി നടിക്കുന്ന പിതാവ് പരാതിക്കാരന് നേരില്‍ കാണാന്‍ അനുവാദം നല്‍കിയില്ല എന്നതാണ്. അതിനെ വിശേഷിപ്പിക്കാന്‍ ''ധാര്‍ഷ്ട്യം'' എന്ന വാക്കല്ലാതെ മറ്റൊന്നുമില്ല.

മൃതദേഹത്തിന് ആത്മാവ് ഇല്ല എന്നാണല്ലോ നമ്മളെല്ലാം വിശ്വസിക്കുന്നതും, വിശ്വസിക്കേണ്ടതും ദേഹി ദേഹത്തോടു വിടപറയുമ്പോഴാണ് ജീവനുള്ള വ്യക്തി ജഢമാകുന്നത്. മൃതദേഹത്തിന്റെ ആത്മീയകാര്യത്തില്‍ സഭയില്‍ ഒട്ടേറെ അവ്യക്തതകളുണ്ട്. ''മരണാനന്തര ശുശ്രൂഷകള്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്നു തോന്നുന്നില്ല.'' എന്നൊരു സീറോ-മലബാര്‍ ബിഷപ്പ് - ഉത്തരംമുട്ടിയപ്പോഴാണെങ്കില്‍പോലും - കോടതിയില്‍ പറഞ്ഞത് അടുത്തകാലത്താണ്. അതിന്റെ ഞെട്ടല്‍ കടുത്ത വിശ്വാസികളില്‍ പലര്‍ക്കും ഇനിയും മാറിയിട്ടില്ല.

ഇവിടെ മറ്റൊരു ചോദ്യം കൂടി ഉദിക്കുന്നു. ആരാണ് ഒരു മൃതദേഹത്തിന്റെ യഥാര്‍ത്ഥ ഉടമ? സഭയ്ക്ക് വിശ്വാസികളുടെമേല്‍ ഉടമസ്ഥാവകാശമില്ല. വിശ്വാസിയുടെ മൃതദേഹമാണെങ്കില്‍ സഭയൊട്ട് വിലയ്‌ക്കെടുക്കുന്നുമില്ല. അടക്കം ചെയ്യാനുള്ള സൗകര്യം, അതിനായി ഏകപക്ഷീയമായി നിശ്ചയിച്ചിട്ടുള്ള തുകവാങ്ങി ഒരുക്കികൊടുക്കുക മാത്രമാണ് ചെയ്യുന്നത്. ആ നിലയ്ക്ക് ഭൗതികാവശിഷ്ടം നീക്കം ചെയ്യാന്‍ മരിച്ചയാളിന്റെ വീട്ടുകാര്‍ക്ക് സഭയുടെ അനുവാദം ആവശ്യമാണോ?

ഇത്തരം ചോദ്യങ്ങളുമായി ആരെങ്കിലും കേരളത്തില്‍ കോടതിയെ സമീപിച്ചിട്ടുണ്ടാവില്ല. ആ നിലയ്ക്ക് ഈവക ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങളില്ല.

ഇതിനെ നിയമപ്രശന്മായല്ല, വൈകാരികപ്രശ്‌നമായാണ് കാണേണ്ടത്. തങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ ഒരു അരുമാസന്താനം മരിക്കുന്നതിന്റെ തീവ്രദുഃഖം മക്കളെ ലാളിച്ചു വളര്‍ത്തിയിട്ടുള്ള ആര്‍ക്കും മനസ്സിലാകും. മാതാപിതാക്കളുടെ ആ ദുഃഖത്തിന് പുല്ലുവില കല്പിക്കാത്തത് ഒരു സമുദായത്തിലെ ആബാലവൃദ്ധം ജനങ്ങളാലും ''പിതാവേ'' എന്ന് അഭിസംബോധന ചെയ്യപ്പെടുന്നയാളാണെന്നോര്‍ക്കുക.

മുന്‍കീഴ്‌വഴക്കം ഇല്ല എന്ന വാദത്തെ ചരിത്രസത്യങ്ങളുടെ വെളിച്ചത്തില്‍ ഒന്നു പരിശോധിച്ചു നോക്കാം.

(1) പാറേമാക്കല്‍ ഗോവര്‍ണദോറുടെ ഭൗതികാവശിഷ്ടം രാമപുരത്തേക്ക് മാറ്റി.

(2) 1786ല്‍ ഗോവയില്‍ അടക്കം ചെയ്ത മാര്‍ ജോസഫ് കരിയാറ്റിയുടെ ഭൗതികാവശിഷ്ടം അനേക വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ ഇടവകയായ ആലങ്ങാട്ട് പള്ളിയിലേക്ക് മാറ്റി.

(3) വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ഭൗതികാവശിഷ്ടം കൂനമ്മാവില്‍ നിന്ന് മാറ്റി മാന്നാനത്ത് സംസ്ക്കരിചെന്നു സി.എം.ഐ.ക്കാര്‍ അവകാശപ്പെടുന്നു.

നമ്മള്‍ ക്‌നാനായക്കാരാണെന്നും, സീറോ-മലബാറുകാരുടെ ''പാഷാണ്ഡത''യൊന്നും നമുക്കു ബാധകമല്ല; നമ്മള്‍ യഹൂദപാരമ്പര്യമാണ് പിന്‍തുടരുന്നതെന്നുമുള്ള വാദം സ്വീകരിച്ചാല്‍തന്നെ ചരിത്രം കോട്ടയം അതിരൂപതാദ്ധ്യക്ഷന് അനുകൂലമല്ല.

സിയോണിസത്തിന്റെ (ഫലത്തില്‍ ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന്റെ തന്നെ) പിതാവെന്നറിയപ്പെടുന്ന തിയോഡോര്‍ ഹെര്‍സല്‍ (Theodor Herzl) എന്നയാളുടെ കാര്യമെടുക്കാം. 1904ല്‍ അന്തരിച്ച അദ്ദേഹത്തെ ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്ന നഗരത്തിലാണ് അടക്കിയത്. 1949ല്‍ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം ജറുസലേമിലേക്ക് മാറ്റുകയുണ്ടായി. (Theodor Herzl നെക്കുറിച്ചുള്ള വിക്കിപീഡീയ ലേഖനം കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)

എന്നിട്ടും ''കീഴ്‌വഴക്കമില്ല'' എന്ന വാദത്തില്‍ കോട്ടയം അരമന ഉറച്ചുനില്‍ക്കുന്നു.

പരാതിക്കാരന്‍ മുഖ്യമന്ത്രിയെ തന്റെ സങ്കടം ബോധിപ്പിച്ചു. അനുഭാവപൂര്‍വ്വമായ പ്രതികരണമാണ് അതിനു ലഭിച്ചത്. തങ്ങളുടെ രാജ്യത്തിന്റെ നിയമം തങ്ങള്‍ക്ക് ബാധകമല്ല എന്ന നിലപാടാണല്ലോ കേരള കത്തോലിക്കാസഭയ്ക്ക് പൊതുവേ. സീസിറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്നു പറഞ്ഞത് സെമിനാരിയുടെ വളപ്പില്‍പോലും കയറിയിട്ടില്ലാത്ത ഒരു തച്ചനാണ്!

ഒത്തുകൂടുമ്പോള്‍ ''തനിമ, ഒരുമ'' തുടങ്ങിയ കുറെ അര്‍ത്ഥമില്ലാത്ത ശബ്ദം സൃഷിക്കുമെങ്കിലും തങ്ങളിലൊരുവന് നീതി നിഷേധിക്കപ്പെടുമ്പോള്‍ അയാളോടോ, അയാളുടെ കുടുംബത്തോടോ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള ആര്‍ജ്ജവം ഒരു സമുദായം എന്ന നിലയില്‍ നമുക്കില്ല. ''സഭയോടും സഭാധികാരികളോടും ഏറ്റുമുട്ടുന്നതുകൊണ്ട് കോട്ടമല്ലാതെ നേട്ടമൊന്നും ഉണ്ടാകില്ല'' എന്ന നിലപാടുകാരാണ് മിക്കവരും. നേട്ടങ്ങളുടെ പിന്നാലെ പായാന്‍ വിസമ്മതിച്ച ഒരാളുടെ അനുയായികളാണ് എന്ന് വീമ്പിളക്കാന്‍ പക്ഷേ നമുക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.

ഈ വിഷയത്തെക്കുറിച്ച ചിന്തിക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നത് തെറ്റില്‍ നിന്ന് തെറ്റിലേക്ക് വഴുതി വീണുകൊണ്ടിരിക്കുന്ന പിതാവിന്റെ ദയനീയ ചിത്രമാണ്. അദ്ദേഹത്തിനു പറ്റുന്ന പിഴവുകള്‍ തെറ്റാണെന്നു പറഞ്ഞുകൊടുക്കാന്‍തക്ക സത്യസന്ധതയുള്ള ഒരാള്‍പോലും അദ്ദേഹത്തിന്റെ സമീപത്തുണ്ടെന്നു തോന്നുന്നില്ല. സ്തുതിപാഠകരാല്‍ ചുറ്റപ്പെടുകയെന്നത് അധികാരത്തിന്റെ ദുര്യോഗങ്ങളിലൊന്നാണ്. വിഭിന്ന സമുദായമായതിനാല്‍ ആലഞ്ചേരി പിതാവ് കോട്ടയം കാര്യങ്ങളില്‍ അധികം ഇടപെടുന്നുണ്ടെന്നു തോന്നുന്നില്ല. ചുറ്റിനുമുള്ളവര്‍ക്ക് പല സ്വാര്‍ത്ഥതാല്പര്യങ്ങളും ഉള്ളവരാണ്. അവര്‍ തെറ്റുകള്‍ ചൂണ്ടികാണിക്കുകയില്ല എന്ന് മനസ്സിലാക്കാന്‍തക്ക വിവേകം ഇല്ലാത്ത ഒരാളാണോ ഇന്ന് നമ്മെ നയിക്കുന്നത്?

അതിരൂപതാഭരണം ഏറ്റെടുത്തതിനുശേഷം അഭിമാനിക്കാന്‍തക്ക നേട്ടങ്ങള്‍ ഒന്നും തന്നെ മൂലക്കാട്ട് പിതാവ് കൈവരിച്ചിട്ടില്ല. അത് സാരമില്ല. അദ്ദേഹത്തിന് സമയം ഇനിയും വേണ്ടുവോളമുണ്ട്. ഭൂമിയില്‍ നീതി നിഷേധിക്കപ്പെട്ട പറമ്പേട്ട് ദമ്പതികള്‍ക്ക് പരലോകത്ത് നീതി ലഭിക്കുമെന്ന് പ്രത്യാശിക്കാം.. പക്ഷെ ആ ദമ്പതികളുടെ ചുടുകണ്ണുനീര്‍ പിതാവിന്റെ യാത്രയില്‍ ശാപമായി തീരാതിരിക്കട്ടെയെന്നും നമ്മെ കുടുതല്‍ വിവേകത്തോടെ നയിക്കാനുളള ബുദ്ധിയും മനുഷ്യത്വവും പിതാവിനുണ്ടാകട്ടെയെന്നും നമുക്ക് പ്രാര്‍ത്ഥിക്കാം.

വാല്‍ക്കഷ്ണം

സാരാംശിലെ നായകനായ അദ്ധ്യാപകനോട് ശിഷ്യന്‍ നീതി കാണിച്ചു. പക്ഷെ പറമ്പേട്ട് സൈമണ്‍ എന്ന അദ്ധ്യാപകന് നീതി നിഷേധിച്ചിരിക്കുന്നതാകട്ടെ പ്രായംകൊണ്ട് ഇളയതാണെങ്കിലും സ്ഥാനം കൊണ്ട് പിതാവായിരിക്കുന്നയാള്‍! ശിഷ്യന് ഗുരുവിനോടു തോന്നുന്നതിലും എത്രയോ മഹത്തായ വികാര മായിരിക്കണം പിതാവിന് പുതനോടു തോന്നേണ്ടത്.

''നീതിമാന്‍ ദരിദ്രരുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നു. ദുഷ്ടനാകട്ടെ അതിലൊന്നും ശ്രദ്ധയില്ല.'' (സുഭാഷിതങ്ങള്‍ 29:7)

No comments:

Post a Comment