Translate

Thursday, August 2, 2012

ഇടയനും പാപവും

                                          സാമുവല്‍ കൂടല്‍ 

1. നാഥാന്‍  ശപിച്ചപ്പോള്‍ മ്ലേച്ചനാം ദാവീദ്
പാപകര്‍മ്മങ്ങളെ ഓര്‍ത്തുകേണു;
പിന്നീട് സോളമന്‍കുഞ്ഞിനു പാടുവാന്‍
ഈരടിയായി രചിച്ചു ഗാനം.

2. “പാപത്തിലെന്നെയെന്‍ മാതാവ് പേറി ഹാ!
അകൃത്യത്തിലായി ഗര്‍ഭം ധരിച്ചു;
ഇപ്പൊഴും ഞാനെന്ന പാപസന്താനമെന്‍
താതന്റെ മുന്നില്‍ ബീഭത്സരൂപം”.

3. ഈ ഗാനം ഇന്ത്യയില്‍ ക്രിസ്ത്യാനി പാടണോ
നേരറിയാത്ത പുരോഹിതരേ?
കല്യാണച്ചെക്കനും പെണ്ണിനും വാഴ്‌വുകള്‍
മന്നാപോല്‍ പെയ്തു കൊടുത്തു നിങ്ങള്‍

4. ഒത്തുകല്യാണവും പിന്നെ കൂദാശയും
ചൊല്ലിയ നിങ്ങളോ കാശു നേടി.
“രണ്ടല്ലിനിം നിങ്ങള്‍ ഒന്നെന്നു” ചൊല്ലിയോര്‍
സന്താനഭാഗ്യവും നേര്‍ന്നു മേല്‍മേല്‍

5. പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു സ്‌നേഹിച്ചു മാനവര്‍
സന്താനഭാഗ്യവും വന്നു ചേര്‍ന്നാല്‍,
ജന്മപാപം ചുമത്തുന്നിഹേ നിങ്ങള്‍ക്കു
പിന്നാ മനസ്സും അടിമയാക്കാന്‍.

6. പുണ്യമാണുണ്ണി! ഈ ജന്മമതിന്‍ പുണ്യം!
തമ്പുരാന്‍ തന്ന കൃപാവിലാസം;
അമ്മതന്നന്തരേ സൂക്ഷ്മാണുവായെന്നെ
പോറ്റിയെന്‍ ദൈവമെന്‍ ആത്മതാതന്‍.

7. പുണ്യജന്മങ്ങളില്‍ പാപം ചുമത്തുന്നു
പിന്നീട് മൂറോന്‍ പുരട്ടുവാനായ്;
പാപിയെ കുമ്പസാരിക്കുവാന്‍ ശാസിച്ചു
മുട്ടുക്കുത്തിക്കുന്ന കത്തനാരേ,

8. ദൈവം പൊറുക്കില്ല, സ്വര്‍ഗ്ഗസ്ഥതാതന്റെ
പൊന്നോമനപ്പിളേളര്‍ ഞങ്ങളെന്നും.
“സ്വര്‍ഗ്ഗസ്ഥനായ പിതാവെന്നു” ഞങ്ങളെ
ആദ്യം വിളിപ്പിച്ചോനേശുനാഥന്‍.

9. ദാവീദു ശത്രുവെ നിഗ്രഹിക്കാന്‍ കേണു,
ശത്രുവെ സ്‌നേഹിക്കാന്‍ യേശുവോതി;
ദാവീദിന്‍  ദ്വൈതത്തെ അദ്വൈതമാക്കിയ     
പൊന്നേശുവാണെന്റെ ആത്മനാഥന്‍.

10. ഇടയനോ? ദാവീദാമിടയച്ചെറുക്കന്റെ
മനസ്സിലെ ഇടയനല്ലാ യഹോവ!
ആടുകളല്ലവന്റസ്ഥിയില്‍ നിന്നസ്ഥി;
മാനസ്സപുത്രരീ മാനവര്‍, കേള്‍.

11. ഇടയന്റെ ലേഖനം ഇനിമേലിലരുതെന്ന്
ഉടയോനരുളുന്നു കേള്‍ക്കു ചേലില്‍;
അദ്ധ്വാനിക്കുന്നോര്‍ക്കും ഭാരം ചുമപ്പോര്‍ക്കും
അത്താണി യേശുവെന്നോര്‍ത്തുകൊളളു.

12. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലു കൈയ്യിലായ്
എന്നോര്‍ത്തു നിങ്ങള്‍ പുളകിതരോ?
പാപിനിമാരുമാച്ചുങ്കം പിരിപ്പോരും
സ്വര്‍ഗ്ഗത്തിലെത്തുന്നു! നിങ്ങളോ ഹാ!?. . .

13. മോശതന്‍ കല്‍പ്പന പോരായോ മെത്രാനേ,
വീണ്ടുമീ കല്‍പ്പന!!! കത്തുപോരേ?
“മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍” എന്നപോല്‍
നാടാകെ എന്തിനരമകള്‍?

14. കാലിത്തൊഴുത്തിലെ താഴ്മയെ കാണുവാന്‍
കുരുടരാം നിങ്ങള്‍ക്കു കഴിയില്ലല്ലോ!
സ്വയമങ്ങ് രാജാവായ്, ആസനം ഭദ്രമായ്
സിംഹങ്ങളായ് മനക്കാടു വാഴൂ.

15. മരുഭൂമി താണ്ടുവാന്‍ ഊന്നുവടി മാത്രം
കരുതിയഹറോനും മോശയും പോല്‍;
കാറിന്റെ ഡിക്കിയില്‍ പെട്ടിയില്‍ കഷണമായ്
കരുതിയോരംശവടിയും കേമം!

16. മത്തായി ഇരുപത്തിമൂന്നിന്റെ അഞ്ചിലെ
“മന്ത്രപ്പട്ടകള്‍ക്കു വീതികൂട്ടും,
വസത്രത്തിന്‍ തൊങ്ങലു പിന്നെയും നീട്ടുമാ”
നിങ്ങളെ പണ്ടേ പഠിച്ചെന്നേശു.

17. ആതുരസേവന-വിദ്യാലയക്കൊളള
മാത്രം സഭയ്ക്കു മതിയോ??? പോരാ!
വൈദ്യുതി, വെളളം, പൊതുമരാമത്തുണ്ട്
എക്‌സൈസും ഭക്ഷ്യവകുപ്പും വേറെ.

18. ട്രാന്‍സ്‌പോര്‍ട്ട് കത്തോലിക്കാസഭ  റ്റെന്നാല്‍  
വ്യോമഗതാഗതം പാസ്റ്ററേല്‍ക്കും;
റെയില്‍വേക്കു റീത്തുകാര്‍, മില്‍മായും പോരന്നോ?!
വ്യവസായം മാര്‍ത്തോമ, തൊഴില്‍ സി.എസ്.ഐ. 

19. ആഭ്യന്തരം കോട്ടയം ബാവായ്ക്കായെന്നാല്‍,
ഫോറിനഫേഴ്‌സിനു കുമ്പനാടായ്;
ധനകാര്യം മൂവാറ്റുപുഴ ബാവ മതിയെന്നാല്‍
യേശുവിന്‍ സുവിശേഷം ആളില്ലാതായ്!!!

20. സര്‍ക്കാരില്‍ കര്‍മ്മങ്ങള്‍ മെത്രാനും പാസ്റ്ററും
വീതം വെച്ചാല്‍ സര്‍ക്കാരാര്‍ക്കുവേണം?
മത്തായി പത്തിലെ മശിഹാതന്‍ വേലക്കായ്
ആര്‍.എസ്.എസ് പച്ചക്കൊടി പിടിക്കും.

21. സ്വാശ്രയം പാടില്ലരമന പൂകല്ലേ
ആശ്രമവസിയായ് മേവിനിമേല്‍;
ആശ്രയം ഈശനിലായാല്‍ മനസ്സിലെ
ആശയും കാശിനോടാര്‍ത്തിയും പോം

22. ഒക്കെ പറയുവാനുണ്ടിനി എത്രയോ
കഷ്ടമിതോര്‍ക്കാന്‍ ഒരിക്കലും ഹാ!
ഒക്കെ കുറിക്കുവാന്‍ ലജ്ജയുണ്ടൊട്ടേറെ
ഗദ്ഗദം വന്നതെന്‍ തൂലികയില്‍. . . .

23. അരമനേല്‍ നെടുവീര്‍പ്പിന്‍ കാലം വരാറായി
ആടിനെ പാസ്റ്ററടിച്ചുമാറ്റി! 
കലഹിക്കും ക്രിസ്ത്യാനീ, കാല്‍വരീല്‍ കാണൂ നീ
പിടയുന്നു ക്രൂശിലാ നാഥനിന്നും. . . . .
പിടയുന്നു ക്രൂശിലാ നാഥനിന്നും . . . . .
പിടയുന്നു ക്രൂശിലാ നാഥനിന്നും. . . . .



കലഞ്ഞൂര്‍
25-01-2012

No comments:

Post a Comment