Translate

Saturday, August 18, 2012

തലോര്‍ ഇടവകവിശ്വാസികള്‍ക്ക് നീതി ലഭിക്കണം- എന്റെ ജീവിതസാഫല്യം


                                                             ഫാ. ഡേവീസ് കാച്ചപ്പിള്ളി, ഫോണ്‍ : 949717943
സഭയിലെ മെത്രാന്മാരെ, വൈദികരെ, സന്യസ്തരെ, വിശ്വാസികളെ,
തൃശൂര്‍ അതിരൂപതയില്‍ ഉള്‍പ്പെട്ട തലോര്‍ ഇടവകയിലെ അയ്യായിരത്തിലധികം വിശ്വാസികള്‍ക്കെതിരെ സഭയുടെ നിയമങ്ങള്‍ ലംഘിച്ചുക്കൊണ്ട് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് 2009 ഒക്‌ടോബര്‍ 31 ന്റെ പ്രഖ്യാപനത്തിലൂടെ നടപ്പാക്കിയ പ്രമാദമായ ഇടവക പുനഃക്രമീകരണം വിശ്വാസികളോടും സഭയോടും സി.എം.ഐ. വൈദികരോടും ചെയ്ത കടുത്ത അനീതിയാണ് എന്ന് തറപ്പിച്ച് പ്രസ്താവിക്കട്ടെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഞാന്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടേയും, പത്രപ്രസ്താവനകളിലൂടേയും, തൃശൂര്‍ ആര്‍ച്ച് ബിഷപ്പിനും സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിനും, കേരളത്തിലെ വിശ്വാസികള്‍ക്കും, സി.എം.ഐ. സഭയ്ക്കും, എഴുതിയ തുറന്ന കത്തുകളിലൂടെയും ഇതിന്റെ അടിസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. തന്‍മൂലം സീറോ മലബാര്‍ സഭയിലെ ബഹുഭൂരിഭാഗം അംഗങ്ങളും ഇക്കാര്യത്തിന്റെ നിജസ്ഥിതികള്‍ അറിയുന്നവരാണ്. അതുകൊണ്ട് വളരെ അടിസ്ഥാനപരമായ നിയമ ലംഘനങ്ങള്‍ മാത്രം പ്രതിപാദിക്കട്ടെ:
1. ഇടവക പുനഃക്രമീകരണം നടത്താന്‍ കാനോന്‍ നിയമത്തില്‍ മെത്രാന് നല്‍കിയിരിക്കുന്ന അധികാരം ഉപയോഗിക്കാന്‍, മെത്രാന്‍ പ്രസ്തുത നടപടിക്കുമുമ്പു അക്കാര്യം ഇടവക വിശ്വാസികളോട് ആലോചിച്ച് ഉറപ്പുവരുത്തേണ്ടതാണ് എന്ന സഭയുടെ നിബന്ധനയും, രൂപതാ നിയമങ്ങളും പാലിക്കാതെ വ്യക്തികതവും ഏകാധിപത്യപരവുമായ തീരുമാനത്തിലൂടെയാണ് നടപടി ഉണ്ടായിട്ടുള്ളത്.
2. ഇടവകയുടെ ഏത് പ്രവര്‍ത്തനവും തീരുമാനിക്കേണ്ടത് ഇടവകയിലെ പ്രതിനിധിയോഗമോ പൊതു യോഗമോ ആണ്. പ്രസ്തുത കമ്മിറ്റി തീരുമാനിക്കുന്ന കാര്യം അംഗീകരിക്കുകയും അനുവാദം നല്‍കുകയുമാണ് മെത്രാന്റെ കടമ. ഇതാണ് ഇടവക നടത്തിപ്പിനെ സംബന്ധിച്ചുള്ള നിയമവും ഇന്നോളമുള്ള പാരമ്പര്യവും. ഇടവക പുനഃക്രമീകരണത്തിനുവേണ്ടി അത്തരം ഒരു തീരുമാനം എടുക്കുകയോ രൂപതാധ്യക്ഷന് സമര്‍പ്പിക്കുകയോ ഉണ്ടായിട്ടില്ല.
3. ഇടവക പുനഃക്രമീകരണ പ്രഖ്യാപനം നടത്താന്‍ രൂപതാദ്ധ്യക്ഷന്‍ നിശ്ചയിക്കുന്നതിന് മുമ്പ് അക്കാര്യം രൂപതയുടെ പ്രസ്ബിറ്ററി കൗണ്‍സിലുമായി ആലോചിക്കേണ്ടതാണ് എന്ന കാനോന്‍ നിയമം 280/2 പാലിച്ചിട്ടില്ല. അപ്രകാരമൊരു ആലോചനയും ഉണ്ടായിട്ടില്ല.
4. 1977-ല്‍ സ്ഥാപിക്കപ്പെട്ട തലോര്‍ ഇടവകയുടെ നടത്തിപ്പ് കാനോന്‍ നിയമപ്രകാരമുള്ള കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തലോരിലെ സി.എം.ഐ. സന്യാസ ആശ്രമത്തെ ഏല്പിക്കുകയും ആശ്രമ ദേവാലയം ഇടവകയുടെ ഔദ്യോഗിക ദേവാലയമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതിലെ വ്യവസ്ഥകള്‍, കരാറിലെ വ്യക്തികളുമായി ആലോചിക്കാതെ, സ്വന്തം താല്‍പര്യത്തില്‍ മാത്രം ലംഘിച്ചുകൊണ്ടാണ് ഇടവകയുടെ പുനഃക്രമീകരണങ്ങള്‍ ചെയ്തിട്ടുള്ളത്. 
5. ഇടവക ഒരു Juridic Person എന്ന കാനോന്‍ നിയമം 280/3 പ്രകാരവും, കാനോന്‍ നിയമം 270, 280/3 എന്നിവയുടെ അടിസ്ഥാനത്തിലും ഇടവകയുടെ അഖണ്ഠതയ്ക്കും ഇടവകയുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിരായ നടപടിയാണ് ഇടവകക്കാരോടാലോചിക്കാതെ രൂപതാദ്ധ്യക്ഷന്‍ ചെയ്തത്.
6. മേല്‍ പറഞ്ഞ നിയമങ്ങളെല്ലാം ഉണ്ടായിരിക്കെ അവയൊന്നും പാലിക്കാതെ രൂപതാദ്ധ്യക്ഷന് സ്വന്തം തീരുമാനത്തില്‍ മാത്രം ഇടവക പുനഃക്രമീകരണം നടത്താന്‍ അധികാരമുണ്ടെന്ന് പറയുന്ന ഒരു കാനോന്‍ നിയമം സഭയുടെ കാനോന്‍ നിയമങ്ങളില്‍ ഇല്ല. 
എന്റെ സ്‌നേഹിതരെ, സഭാസ്‌നേഹികളെ, 
ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ തൃശൂര്‍ രൂപതാധ്യക്ഷന്‍ നടത്തിയ ഇടവക പുനഃക്രമീകരണ പ്രഖ്യാപനം എല്ലാ അര്‍ത്ഥത്തിലും ഗൗരവമായ തെറ്റാണ്, അനീതിയാണ്, അധികാര ദുര്‍വിനിയോഗമാണ്. ഇത്രയും വലിയ അനീതി പിന്‍വലിക്കാതെയോ വിശ്വാസികള്‍ക്ക് നീതിലഭിക്കത്തക്കവിധം തിരുത്താതെയോ, വിശ്വാസികളെ അടിമത്തത്തിലമര്‍ത്തി സാമൂഹികമായും ആത്മീയമായും നശിപ്പിച്ചത് സഹിക്കാനാകുന്നില്ല. കേരള സഭയിലോ, ആഗോളസഭയിലോ, ഇന്നോളം ഇത്രയും ദാരുണമായ ഒരു പുനഃക്രമീകരണം ഉണ്ടായിട്ടില്ല എന്നാണ് വിദഗ്ദ്ധരും പരിചയസമ്പന്നരും ആത്മീയ ഗുരുഭൂതരുമായ വൈദീകര്‍ എന്നോട് പറഞ്ഞത്. മാര്‍ ആന്‍ഡ്രൂസ് താഴത്ത് സഭയുടെ കാനോന്‍ നിയമത്തില്‍ പണ്ഡിതനാണ്. എന്നിട്ടും നിയമങ്ങള്‍ ലംഘിച്ച് വളരെ ഗൗരവമായ തെറ്റ് ചെയ്തു എന്നത് തെറ്റിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ മേലധികാരിയായ മേജര്‍ ആര്‍ച്ച് ബിഷപ്പും സഹപ്രവര്‍ത്തകരും രൂപതയിലെ പ്രായവും പക്വതയുള്ളവരും തെറ്റിന്റെ ഗൗരവം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം തന്റെ നടപടി തിരുത്താതെ പാറപോലെ ഉറച്ചുനില്‍ക്കുകയാണ്. ഇത് പത്രോസിന്റെ പാറയല്ല; കാരണം ഇത് തിന്മകളാല്‍ മെനയപ്പെട്ട പാറയാണ്. ക്രിസ്തീയതയുടേയോ ആത്മീയതയുടേയോ ഒരു കണികപോലും ഇവിടെ കാണാനാകുന്നില്ല. 
ആര്‍ച്ച് ബിഷപ്പിന്റെ നടപടിയിലും ഇപ്പോഴത്തെ പിടിമുറുക്കത്തിലും തന്മൂലമുള്ള തലോര്‍ വിശ്വാസികളുടെ ആത്മീയനാശത്തിലും, ഇക്കാര്യം അനേകര്‍ക്ക് ഇടര്‍ച്ചയ്ക്ക് ഇടയാക്കുന്നതിലും ദുഃഖിക്കുന്നവരാണ് കേരളത്തിലെ അനേകം സഭാമേലദ്ധ്യക്ഷന്മാരും, വൈദികരും, സന്യസ്തരും, അല്‍മായരും. സഭ വിശ്വാസികളുടേതാണെന്നുള്ള മഹനീയ ആദര്‍ശം തകിടം മറിച്ച,് സഭ തന്റെ കുത്തകയും വിശ്വാസികള്‍ തന്റെ അടിമകളുമാണെന്ന വ്യവസ്ഥിതിയാണ് ആര്‍ച്ച് ബിഷപ്പ് പുലര്‍ത്തുന്നത്. എന്താണ് സത്യം? ആര്‍ച്ചു ബിഷപ്പ് സഭയുടെ (വിശ്വാസികളുടെ) സേവകനാണ്. അദ്ദേഹത്തിന്റെ സേവനത്തിന് സഭ മാന്യമായ വേതനം നല്‍കുന്നുണ്ട്; കൂടാതെ ഒട്ടേറെ ആനൂകൂല്യങ്ങളുമുണ്ട്. എന്നാല്‍ ഇവിടെ സേവകന്‍ ഉടമസ്ഥനായിരിക്കുകയാണ്; ഉടമസ്ഥന്‍ അടിമയും. ആര്‍ച്ച് ബിഷപ്പ് തല മറന്ന് എണ്ണതേക്കുന്ന ഈ സ്ഥിതി തുടരാനിടയാകുന്നത് സഭയുടെ സമൂലനാശത്തിനിടയാക്കും. അതുകൊണ്ട് ഈ നടപടിക്കെതിരെയുള്ള എന്റെ യുദ്ധം ശക്തമാക്കാനുള്ള പ്രചോദനമാണ് ഇന്നലെ ബസ് യാത്രയ്ക്കിടയില്‍ ലഭിച്ചത്. ശാന്തമായി വി.കുരിശില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ മനസ്സിലുയര്‍ന്ന വാചകമാണ് ഈ ലേഖനമായി പരിണമിച്ചത്. “എന്റെ ജീവിത സാഫല്യം. തലോര്‍ വിശ്വാസികള്‍ക്ക് നീതി ലഭിക്കണം.” ഈ ആത്മീയ സമരം സഭയുടെ മുഴുവന്‍ നന്മയ്ക്കുവേണ്ടിയാണ്. ഇത്തരം അനീതികളും നിയമലംഘനങ്ങളും ഒട്ടനവധി വ്യക്തികളില്‍നിന്ന് ഉണ്ടാകുന്നുണ്ട്. ഞാറയ്ക്കല്‍ സ്‌കൂള്‍ പ്രശ്‌നം മറ്റൊരു പ്രമാദമായ ഉദാഹരണമാണ്. അങ്ങനെ പലതും ഉണ്ട്. ഇത്തരം അനീതികളെ കടിഞ്ഞാണിട്ട് സഭയെ സംശുദ്ധമാക്കാന്‍ തലോര്‍ പ്രശ്‌നം നീതിയായി പരിഹരിക്കുന്നത് അടിസ്ഥാന സഹായമാകും എന്നാണ് എന്റെ വിശ്വാസം. ഇതിന്റെ നന്മ നാലഞ്ച് ദശകത്തേക്കെങ്കിലും സഭയിലുണ്ടാകും.
എന്നാല്‍ തലോര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് സീറോ മലബാര്‍ സഭാനേതൃത്വത്തെ പരാജയപ്പെടുത്തിയിരിക്കുകയാണെന്നാണ് അറിയുന്നത്. 2012 - ല്‍ ജനുവരിയിലെ മെത്രാന്‍ സിനഡിന്റെ അവസരത്തില്‍ തലോര്‍ പ്രശ്‌നം പഠിക്കാനായി നിയോഗിച്ച മെത്രാന്മാരുടെ അഭിപ്രായത്തില്‍ വിശ്വാസികള്‍ക്ക് സ്വീകാര്യമായ വിധത്തില്‍ തലോര്‍ ഇടവകയെ രണ്ടായി വിഭജിക്കണമെന്ന നിര്‍ദേശം മേജര്‍ ആര്‍ച്ച് ബിഷപ്പ് തൃശ്ശൂര്‍ രൂപതാധ്യക്ഷന് നല്‍കിയെങ്കിലും അക്കാര്യം ഇന്നോളം തലോരില്‍ നടപ്പിലാക്കിയിട്ടില്ല. ഈ വാര്‍ത്ത 2012 ജനുവരി 14-ന് മനോരമയില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തയായി പ്രസീദ്ധീകിരിക്കുകയുണ്ടായി. പിന്നീട് സഭാവക്താക്കളില്‍ പലരും ഈ വാര്‍ത്തയ്ക്ക് അനുകൂലമായാണ് സി.എം.ഐ. സന്യസ്തരോടും തലോര്‍ വിശ്വാസികളോടും സംസാരിച്ചിട്ടുള്ളത്. മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കാണാന്‍ കാക്കനാട് എത്തിയ തലോരിലെ വിശ്വാസികളോട്, ബന്ധപ്പെട്ട വക്താക്കള്‍ പറഞ്ഞത്, പ്രശ്‌നപരിഹാര മാര്‍ഗ്ഗം നടപ്പിലാക്കാന്‍ തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പിനെ അറിയിച്ചിട്ടുണ്ടെന്നും, അതുകൊണ്ട് ഇനി ഈ കാര്യം അന്വേഷിച്ച് കാക്കനാട് വരേണ്ടതില്ല എന്നുമാണ.് അതേ തുടര്‍ന്ന് തലോര്‍ വിശ്വാസികള്‍ തൃശ്ശൂര്‍ രൂപതാധ്യക്ഷനെ കണ്ട് സംസാരിച്ചു. അരമണിക്കൂറിലധികം സംസാരിച്ചിട്ടും, മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദേശം കിട്ടിയെന്നോ, അത് എന്താണെന്നോ, രൂപതാധ്യക്ഷന്‍ വെളിപ്പെടുത്തിയില്ല. അദ്ദേഹം വിശ്വാസികളുടെ ചോദ്യങ്ങളില്‍നിന്ന് തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറുകയായിരുന്നു എന്നാണ് വിശ്വാസികള്‍ എന്നോട് പറഞ്ഞത്. നിര്‍ദേശം നല്‍കി 8 മാസം പിന്നിട്ടിട്ടും അത് നടപ്പിലാക്കാത്ത സ്ഥിതിയില്‍ മേല്‍നടപടിയെടുക്കാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന് സാധിക്കാത്തത് എന്തുകൊണ്ടാണെന്നാണ് വിശ്വാസികള്‍ ചോദിക്കുന്നത്. എന്റെയും ചോദ്യം അതുതന്നെയാണ്. ആഗോളകത്തോലിക്കാസഭയുടെ ഒരു ഘടകം എന്ന നിലയില്‍ സീറോ മലബാര്‍ സഭയിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിന്റെ അവസാന കണ്ണി മാര്‍പ്പാപ്പയാണല്ലോ. തന്മൂലം ഇക്കാര്യം വിശ്വാസികളുടെ ആത്മീയ അധഃപതനത്തിന്റെ അടിസ്ഥാനത്തില്‍ റോമിലെ ഉന്നത അധികാര കേന്ദ്രങ്ങളില്‍ അറിയിക്കേണ്ട ഗൗരവമായ ഉത്തരവാദിത്വം മേജര്‍ ആര്‍ച്ച് ബിഷപ്പിന് ഇല്ലെന്ന് പറയാനാകുമോ? മാത്രമല്ല, പരസ്പരസംസാരത്തിലല്ലാതെ, രേഖമൂലം ഈ കാര്യങ്ങളുടെ നിജസ്ഥിതി മേജര്‍ ആര്‍ച്ച് ബിഷപ്പ് തലോര്‍ വിശ്വാസികളെ ഇന്നോളം അറിയിച്ചിട്ടില്ല എന്നത് സഭയുടെ സുതാര്യതയേയും സത്യസന്ധതയേയും ബാധിക്കുന്ന പ്രശ്‌നമാണല്ലോ. വിശ്വാസികളുടെ നാശത്തില്‍ ഉല്‍ക്കണ്ഠയോടെ യഥാസമയം പ്രതികരിക്കാനാകുന്നില്ല എന്നത് സഭാ നേതൃത്വത്തിന്റെ ഗൗരവമായ വീഴ്ചയായി മാത്രമെ മനസ്സിലാക്കാനാകു. അതുകൊണ്ട് യേശുവിന്റെ സത്യസഭയെ സ്‌നേഹിക്കുന്ന എല്ലാവരും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കാനായി അരയും തലയും മുറുക്കി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. സഭയുടെ അധഃപതനമോ നാശമോ അല്ല, നന്മയിലുള്ള പുരോഗതിയും നിലനില്‍പുമാണ് ദൈവം ആഗ്രഹിക്കുന്നത് എന്ന സത്യം ഏവര്‍ക്കും പ്രചോദനമാകട്ടെ.
പ്രതീക്ഷയോടെ,                                                                       ഫാ. ഡേവീസ് കാച്ചപ്പിള്ളി
16-8-2012

No comments:

Post a Comment