Translate

Wednesday, August 1, 2012

സംഗ്രഹം


2012 ജൂലൈമാസം അവസാനത്തോടെ അല്മായശബ്ദത്തില്‍ കണ്ട ആശയസമ്പുഷ്ടമായ ഏതാനും കുറിപ്പുകള്‍ സംഗ്രഹിച്ച്, മലയാളം മാത്രം വായിക്കുന്നവര്‍ക്കായി പോസ്റ്റ്‌ ചെയ്യാന്‍ ആഗ്രഹിക്കുകയാണ്. ഈ സഭയെ എങ്ങനെ നവീകരിക്കാന്‍? അതിന്റെ കാതലായ ഭാഗം നുണകളില്‍ അധിഷ്ഠിതമാണ്. അത് മാറ്റിയാല്‍ പിന്നെ ബാക്കിയെന്തുണ്ട് എന്നൊരാള്‍ ചോദിച്ചു. അതാണ്‌ സത്യം. ആദ്യത്തേ രണ്ട് നൂറ്റാണ്ടുകള്‍ക്കു ശേഷം യേശു എതിര്‍ത്തിരുന്ന കാര്യങ്ങളെല്ലാംതന്നെ സഭയുടെ ഭാഗമായിത്തീര്‍ന്നു, രാജകീയത, അധികാരം, പൌരോഹിത്യം, പണം, എതിരാളികളെ വക വരുത്താനായി യുദ്ധം എന്നിങ്ങനെ. ആദ്യം മനുഷ്യരെയും അവരിലൂടെ ദൈവത്തെയും സ്നേഹിക്കാന്‍ പഠിപ്പിച്ച യേശുവിനെ മറന്നിട്ട്, ദൈവത്തെയും മനുഷ്യരെയും ബലികള്‍കൊണ്ട് പ്രീണിപ്പിക്കുന്ന പാരമ്പര്യത്തിന് തുടക്കമായി. ഇന്നാകട്ടെ,  കേള്‍ക്കുക, അനുസരിക്കുക, പിരിവു കൊടുക്കുക, ആരോ കുറിച്ചിട്ട ചില മന്ത്രങ്ങള്‍ ഉരുവിടുക, എന്നിട്ട് തോന്നിയപോലെ ജീവിക്കുക എന്നതായി മാറിയിരിക്കുന്നു ക്രിസ്തീയവിശ്വാസവും മതവും.
ഇക്കാര്യങ്ങളെല്ലാം പല ഉദാഹരങ്ങളിലൂടെ പണ്ഡിതരായ ജെയിംസ്‌ കോട്ടൂരും ചാക്കോ കളരിക്കലും റോഷന്‍ ഫ്രാന്‍സിസും ജോര്‍ജ് മൂലെച്ചാലിലും ജോസഫ്‌ പടന്നമാക്കലുമൊക്കെ സത്യാന്വേഷികളെ പറഞ്ഞു മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. ചില പ്രധാന കുറിപ്പുകള്‍ ഇംഗ്ലീഷിലായതിനാല്‍ അവയിലെ ആശയങ്ങള്‍ സംഗ്രഹിച്ച്  ഇവിടെ എടുത്തെഴുതുകയാണ്.
1. യേശു നൂറു ശതമാനം അല്മായനായിരുന്നു. പള്ളിപ്രസങ്ങങ്ങളില്‍ മറിച്ചാണ് പല്ലവിയെങ്കിലും, താന്‍ പുരോഹിതനാണെന്നോ തന്റെ ശിഷ്യരെ പുരോഹിതരായി വാഴിക്കുന്നുവെന്നോ ഒരവകാശവാദവും ഒരിടത്തും യേശു നടത്തിയിട്ടില്ല. തന്നെയല്ല, പൌരോഹിത്യത്തിന്റെ വ ഷളത്തരങ്ങള്‍ക്ക് എതിരെയാണ്, ലോകത്താരും ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്തത്ര മൂര്‍ച്ചയുള്ള വാക്കുകളും ഉപമകളും വഴി അവിടുന്ന് പ്രതികരിച്ചത്. നല്ല സമാരിട്ടന്റെ ഉപമയില്‍ യേശു തറപ്പിച്ചു പറയുന്നത്, പുരോഹിതരുടെ ഇരട്ടത്താപ്പിനെയും സ്വാര്‍ത്ഥതയും ഒരിക്കലും അനുകരിക്കരുത് എന്നാണല്ലോ.  ക്രിസ്തീയ സഭയിലെ പൌരോഹിത്യം ബൈബിളില്‍ അധിഷ്ഠിതമല്ല.
2. തങ്ങളുടെ ആത്മീയവും ഭൌതികവുമായ അധികാരം നിലനിര്‍ത്താന്‍ വേണ്ടി ഓരോരുത്തര്‍ തിരുകിവച്ച നുണകളിലൂടെയാണ് പൌരോഹിത്യവും അവയെ ബലപ്പെടുത്തുന്ന കൂദാശകളും സഭയില്‍ വന്നുപെട്ടത്. യേശുവാകട്ടെ ഇതൊന്നും ഭാവനയില്‍ പോലും ആഗ്രഹിച്ചിട്ടേയില്ല. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം പടപൊരുതിയതുതന്നെ പുരോഹിതവര്‍ഗ്ഗത്തിന്റെ ജനദ്രോഹങ്ങള്‍ക്കും ദൈവികതയില്ലാത്ത അവരുടെ മാമൂലുകള്‍ക്കും സ്വാര്‍ത്ഥത നിറഞ്ഞ പൊള്ളത്തരങ്ങള്‍ക്കും എതിരെയായിരുന്നു. അപ്പോള്‍ പിന്നെ പൌരോഹിത്യപ്രധാനമായ ഇന്നത്തെ സഭക്ക് എന്ത് ആധികാരികതയും യേശു ചൈതന്യവും അവകാശപ്പെടാനാവും?
3. ഇക്കാര്യങ്ങള്‍ നന്നായി അറിയാവുന്ന ഗവേഷണത്വരയുള്ള പുരോഹിതര്‍ ഇന്ന് ഭാരതസഭയിലും വിരളമല്ല. പക്ഷേ, അതേറ്റുപറയുക എന്ന് വച്ചാല്‍ അത് അവരിരിക്കുന്ന കൊമ്പു തന്നെ വെട്ടുന്നതിനു തുല്യമാണ്. തങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങളും അണലിയുടെ സന്തതികളുമാണെന്നുള്ള ബോധത്തോടെയാണ് ഇക്കൂട്ടര്‍ ഇന്ന് ജീവിക്കുന്നത്.  മാത്രമല്ല, സാധാരണ വിശ്വാസികള്‍ക്ക് മരണതുല്യമായ ഒരു ഞെട്ടലാവും അതുവഴി ഉണ്ടാവുക. പൌരോഹിത്യം അക്രൈസ്തവവും അനാവശ്യവുമാണെന്നത് തറപ്പിച്ചു പറയാവുന്ന ഒരു സത്യമാണെങ്കിലും ഈ സത്യം അംഗീകരിക്കുകയെന്നാല്‍, രണ്ടായിരത്തോളം വര്‍ഷം നീണ്ടു നിന്ന "വിശുദ്ധ" പാരമ്പര്യത്തെ ചോദ്യം ചെയ്യുക എന്നാണ്. 
4. എനിക്ക് വേണ്ടത് ബലിയല്ല, കരുണയാണ് എന്ന് പല കാലങ്ങളിലും പലയവസരങ്ങളിലും പല വിധത്തില്‍ വ്യക്തമാക്കിയ സ്നേഹമയിയായ ഒരു ദൈവത്തെപ്പറ്റി പറഞ്ഞുനടന്ന യേശു, സ്വയം ആ ദൈവത്തിനു ബലിയാകുക മാത്രമല്ല, മനുഷ്യര്‍ക്ക്‌ കോപ്പിയടിച്ചുകൊണ്ടിരിക്കാന്‍ വേണ്ടി  ഒരു "ദിവ്യബലി" തന്നെ സ്ഥാപിച്ചു എന്നൊക്കെ ആവര്‍ത്തിച്ചുകൊണ്ടിരിക്കണമെങ്കില്‍ കനത്ത ബുദ്ധിമാന്ദ്യം തന്നെ അനുഭവിക്കണം.
5. പ്രാര്‍ഥനക്കായി യേശു ഒരിക്കലും ദേവാലയത്തില്‍ പോയതായി ഒരിടത്തും നാം വായിക്കുന്നില്ല. പോകണമെന്ന് ഒരിക്കലും തന്റെ അനുഗാമികളോട് ഉപദേശിച്ചിട്ടുമില്ല. മറിച്ച്, നിങ്ങളുടെ ഹൃദയത്തില്‍ ദൈവത്തെ ആരാധിക്കുക എന്ന് പറഞ്ഞ അവിടുന്ന് മലന്ചെരുവുകളുടെയും വനാന്തരങ്ങളുടെയും എകാന്തതയിലാണ് ധ്യാനിച്ചിരുന്നത്. അന്യരെ കാണിക്കാന്‍ വേണ്ടി വെറുതേ ആവര്‍ത്തിക്കുന്ന എല്ലാ അനുഷ്ഠാനങ്ങളെയും യേശു വെറുക്കുകയും അവയെ പ്രോത്സാഹിപ്പിക്കുന്നവരെ കളിയാക്കുകയും ചെയ്തിരുന്നു. പള്ളികളിലെ ഇന്നത്തെ വാചിക പ്രാര്‍ത്ഥനകളിലൂടെയും താന്ത്രിക ആചാരങ്ങളിലൂടെയും  ദൈവം തങ്ങള്‍ക്കായി എന്ത് ചെയ്യണമെന്നാണ് അച്ചന്മാരും വിശ്വാസികളും വിളിച്ചുപറയുന്നത്. പ്രകൃതിയിലൂടെ അവിടുന്ന് ചെയ്യുന്നവയെ അംഗീകരിക്കാനോ അവയ്ക്കനുസരിച്ചു ജീവിതത്തെ ചിട്ടപ്പെടുത്താനോ ആരും സന്നദ്ധരല്ല. അനുഷ്ഠാനങ്ങളില്‍ ഉറച്ചുപോയ പുരോഹിതര്‍ ജനത്തെ പള്ളികളിലേയ്ക്ക് ആകര്‍ഷിക്കാന്‍ വേണ്ടി പലതും കരുപ്പിടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അവയൊന്നും ആരെയും ദൈവത്തിലേയ്ക്ക് അടുപ്പിക്കുന്നില്ല എന്ന് പറയാന്‍ ഇന്ന് എത്ര പുരോഹിതര്‍ക്കുണ്ട് ധൈര്യം?  അതുപോലെ തന്നെ ഇന്ന് പള്ളികൃഷി നടത്തുന്ന പാതിരിമാര്‍ കെട്ടി ഉയര്‍ത്തുന്ന സൌധങ്ങള്‍, യേശു മനോഹരമായ യെരുസലേം ദേവാലയത്തെ ചൂണ്ടി പറഞ്ഞതുപോലെ, കല്ലിന്മേല്‍ കല്ലില്ലാതെ തകരും എന്ന് പ്രവചിക്കാന്‍ അവരിലാരെങ്കിലും ധൈര്യപ്പെടുമോ?
6. അന്നത്തെ യഹൂദമതത്തിലെ പൗരോഹിത്യമേധാവിത്തത്തെയും ചൂഷണത്തെയും എതിര്‍ക്കാനും തകര്‍ക്കാനുമാണ് യേശു ശ്രമിച്ചത്. അതുകൊണ്ടുതന്നെയാണ്  അവിടത്തേക്ക് കുരിശുമരണം വരിക്കേണ്ടിവന്നതും എന്ന്  സാന്ദ്ര എന്ന തൂലികാനാമത്തില്‍ ആരോ എഴുതിയിരുന്നു. വളരെ വളരെ ശരിതന്നെ. അതുപോലെ തന്നെ യേശു ആ കൂദാശ ഉണ്ടാക്കി, ഈ കൂദാശ ഉണ്ടാക്കി എന്നൊക്കെ സഭ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നത് കള്ളസത്യമാണ്. അവയുടെ ചട്ടക്കൂട്ടില്‍ വിശ്വാസികളെ തളച്ചിടാന്‍ വേണ്ടി മാത്രമാണത്.  കൂദാശകളിലെല്ലാം ഓരോ തരം ആംഗ്യങ്ങളും മനുഷ്യര്‍ക്ക്‌ തിരിയാത്ത വചനങ്ങളുമൊക്കെയാണുള്ളത്. ചുമ്മാ നിന്നുകൊടുത്താലും, ഓട്ടോമാറ്റിക് ആയി, അവയിലൂടെ ദൈവവരപ്രസാദം മനുഷ്യനിലേയ്ക്ക് ഒഴുകും എന്നൊക്കെ പറഞ്ഞാല്‍ പെണ്ണുങ്ങള്‍ വിശ്വസിച്ചേക്കും, അതുപോലെ, തലക്കടികൊണ്ട കുറേ ആണുങ്ങളും.
7. മനുഷ്യമനസ്സുകളില്‍ പള്ളികളും ഭക്തിപ്രസ്ഥാനങ്ങളും സൃഷ്ടിക്കുന്ന യേശുവിന്റെ രൂപം ഒന്നുകില്‍ ദുര്‍ബലനും അതിശാന്തനും സഹനം തേടി നടക്കുന്ന ബലിയാടുമായിട്ടാണ്. അല്ലെങ്കില്‍ , ഭൂഗോളത്തെ കൈയിലെടുത്ത്, സ്വര്‍ണയങ്കിയണിഞ്ഞ് ചെങ്കോലും പിടിച്ച് സിംഹാസനത്തില്‍ ആരൂഡനായ രാജകുമാരനായി. സുവിശേഷങ്ങളിലെയേശു ഇവ രണ്ടുമല്ലായിരുന്നു. ഇന്നത്തെ മിക്ക പുരോഹിതരെയും മെത്രാന്മാരെയും പോലെ ദുര്‍മേദസ് നിറഞ്ഞ അനങ്ങാത്ത ശരീരവും വ്യായാമമില്ലാത്ത ബുദ്ധിയുമായി നടന്നവനല്ല യേശു. അദ്ദേഹം പണിയെടുത്തുറച്ച ശരീരമുള്ള തൊഴിലാളിയും, സമൂഹത്തിലെ അനീതികളും ദുഷ്ടതകളും കണ്ടുകണ്ട്  അശാന്തനായ വിപ്ലവകാരിയും, ജനത്തെ പീഡിപ്പിക്കുന്ന വിദേശ, പൌരോഹിത്യ മേല്‍ക്കോയ്മകളെ ഒട്ടും വകവയ്ക്കാത്തെ തന്റേടിയും ആയിരുന്നു. എന്നാല്‍ ആദ്യം പറഞ്ഞ സങ്കല്പബിംബത്തെയാണ്‌ ഇന്നത്തെ പുരോഹിതവര്‍ഗം ഇഷ്ടപ്പെടുന്നതും അനുകരിക്കുന്നതും. തന്റെ ജീവിതബലിയുടെ ഔദ്യോഗികഭാഷ്യമായി സഭ കൊണ്ടാടുന്ന അവസാന അത്താഴത്തില്‍ എന്താണ് നാം കാണുന്നത്? യഥാര്‍ത്ഥത്തില്‍ അതിലെ അതിപ്രധാന അംശം സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സേവനത്തിന്റെയും മാതൃകയായ കാലുകഴുകല്‍ ആയിരുന്നു. രണ്ടാമത്, ഉള്ളത് പങ്കുവച്ചും ഒരുമിച്ചും കൊണ്ടാടേണ്ട ഭക്ഷണശീലം. അധികാര, പൌരോഹിത്യശ്രേണിയുടെ നട്ടെല്ല് ഒടിക്കുന്ന ഈ സംഭവത്തില്‍ നിന്ന് സഭ ഉണ്ടാക്കിയെടുത്തതോ അവര്‍ക്കുതകുന്ന ഒട്ടും സത്യമില്ലാത്ത വേറൊരു ചിത്രം! അന്ന് പത്രോസ് യേശുവിനോട് പറഞ്ഞതുപോലെ, നമ്മുടെ പുരോഹിതര്‍ക്ക്  ഇന്നും ആ അത്താഴവിരുന്നിന്റെ കാതലായ സന്ദേശം മനസ്സിലായിട്ടില്ലെന്നോ? നേതാവ് നഷ്ടപ്പെട്ട ആദ്യ ക്രിസ്ത്യാനികളെ വേട്ടയാടിയ പൌലോസെന്ന സൌളിനോട് യേശു ചോദിച്ചതുപോലെ ഇന്നും അവിടുന്ന് ചോദിക്കുന്നു, എടോ ബെനഡിക്റ്റ്, ആലഞ്ചേരീ, പവ്വത്തില്‍ .... അങ്ങാടിയത്ത് ... എന്തുകൊണ്ടാണ് നിങ്ങളും നിങ്ങളുടെ പരിവാരങ്ങളും എന്നെയും എന്റെ ജനത്തെയും അസത്യങ്ങളിലൂടെയും വഞ്ചനകളിലൂടെയും ഇങ്ങനെ പീഡിപ്പിക്കുന്നത്?  
മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങള്‍ അല്മായശബ്ദത്തിലെഴുതുന്ന ഏതാനും പേരുടെ മനോസൃഷ്ടിയല്ല. പണ്ഡിതരായ എത്രയോ പുരോഹിതര്‍ പോലും വിദേശത്തും ഈ നാട്ടില്‍ തന്നെയും ഇതൊക്കെ എഴുതിയും പറഞ്ഞും സത്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുന്നു. ഹെര്‍ബെര്‍ട്ട് ഹാഗ്, ഹാന്‍സ് ക്യൂന്‍ഗ്, ഒയ്ഗന്‍ ഡേര്‍വെര്‍മന്‍ , ജോസെഫ് മറ്റം തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. 

No comments:

Post a Comment