Translate

Thursday, July 19, 2012

പിളരുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപത-ശ്രീ കൊട്ടൂരുന്റെ ലേഖനത്തില്‍ക്കൂടിയുള്ള യാത്ര



ശ്രീ Dr.ജയിംസ് കൊട്ടൂരിനു  സഭാനവീകരണത്തിനായി  നീണ്ടകാലം പ്രവര്‍ത്തിച്ച  അനേക അനുഭവകഥകളുണ്ട്. പാലാരൂപതയിലെ  പുരാതനമായ കോട്ടൂര്‍ കുടുംബത്തിലെ അംഗം, പതിറ്റാണ്ടുകള്‍ നവീകരണ സഭക്കായി തൂലിക ചലിപ്പിച്ച  ഒരു വിപ്ലവ വേദാന്തി എന്നീ നിലകളില്‍ അദ്ദേഹം അറിയപ്പെടുന്നു.  അനീതി എവിടെ കണ്ടാലും പൊറുക്കാന്‍ സാധിക്കാതെ,  സത്യത്തില്‍ കലര്‍പ്പില്ലാതെ  പത്രമാസിക വഴിയും
 പുസ്തക രൂപത്തിലും അഭിപ്രായങ്ങള്‍ വെട്ടി തുറന്നു പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം തന്റെ പത്രധര്‍മ്മം നിര്‍വഹിച്ചിരുന്നത്.  എഴുത്തില്‍ക്കൂടി ഏറ്റുമുട്ടലുകളുടെ  ഒരു നീണ്ടകാല അനുഭവവും ഉണ്ട്.   

സ്വന്തം നില നില്പ്പിനെ വകവെക്കാതെ  കലര്‍പ്പില്ലാത്ത സത്യം പലപ്പോഴും ലോകത്തെ അറിയിക്കുന്നതുകൊണ്ട് മിത്രങ്ങളും  വിമര്ശകരും ഒരുപോലെ നേടിയിട്ടുണ്ട്.   ശക്തിയേറിയ അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് പദങ്ങള്‍ കൂട്ടിവായിക്കുവാന്‍ മെത്രാന്മാര്‍ക്ക് അറിവുള്ള സെക്രട്ടറിമാരെ വെക്കേണ്ടി വരും. ആശയങ്ങള്‍കൊണ്ട് പടക്കളത്തില്‍ ഇറങ്ങുന്ന കോട്ടൂരിനെ   കണ്ടാല്‍ മെത്രാന്‍ പുരോഹിത  ലോകം  തിരിഞ്ഞോടുമെന്നും തീര്‍ച്ചയാണ്. 

നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങള്‍ക്കുമുമ്പ് പത്ര പ്രവര്‍ത്തനത്തില്‍ പഠിക്കുവാന്‍  ശ്രീ കോട്ടൂര്‍ അമേരിക്കയില്‍ വന്നു.  മലയാളികളോ മറ്റു കുടിയേറ്റക്കാരോ അമേരിക്കയില്‍ അന്നു അധികം ഇല്ലാതിരുന്ന കാലം.  അനേക ഡിഗ്രികളും ഡോക്റ്ററെറ്റും പ്രസിദ്ധങ്ങളായ സര്‍വ്വകലാശാലകളില്‍നിന്നും  കരസ്ഥമാക്കി.   Dr. . കോട്ടൂരിനെ ഒരിക്കല് ‍കണ്ടുമുട്ടുന്നവര്‍,  സൌഹാര്‍ദ്ദം പുലര്‍ത്തുന്നവര്‍ പിന്നീട് ഒരിക്കലും അദ്ദേഹത്തെ മറക്കുകയില്ല. 

ശ്രീ കൊട്ടൂരിന്റെ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്. പ്രിയപ്പെട്ടവരേ, അറ്റ്ലാന്റാ മഹാ സമ്മേളനത്തിനുമുമ്പ് ഇതില്‍ പങ്കാളിയെന്നു അഭിമാനിക്കുന്ന ഓരോ അല്‍മായനും  ഈ ചെറുലേഖനം വായിച്ചിട്ട്  സ്വയം മനസാക്ഷിയോട് ചോദിച്ചു വിധി എഴുതുവാന്‍ ആഗ്രഹിക്കുന്നു.  അല്‍മായ ശബ്ദത്തിലും ഈ മലയാളിയിലും കൂടുതല്‍  വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജെയിംസ്‌ കൊട്ടൂരിന്റെ മനം കവരുന്ന  ലേഖനം വളരെ കൌതുകത്തോടെ വായിച്ചു. ഈ ലേഖനത്തിന്റെ ചുരുക്കം മലയാളത്തില്‍ നിരൂപിക്കുന്നതു ഉചിതമായിരിക്കുമെന്നും തോന്നി.അറ്റ്‌ലാന്‍റ്റാ മഹാസമ്മേളനത്തിന്റെ പാശ്ചാത്തലത്തില്‍ എഴുതിയ  വിമര്‍ശന ശരങ്ങളാണ് ഇവിടെ പ്രതിഫലിക്കുന്നത് മുഴുവനും.

ഷിക്കാഗോ രൂപതയുടെ ചാന്‍സലര്‍ ആയ ഫാദര്‍ സെബാസ്റ്റ്യന്‍ വേത്താനത്തിന്റെ  ദീപികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ   അപൂര്‍വ്വ ചിന്താഗതികളും കാഴ്ചപ്പാടുകളും ജയിംസ് വിലയിരുത്തുന്നുണ്ട്.  സെബാസ്റ്റ്യന്‍അച്ചന്‍ അമേരിക്കന്‍ സീറോ മലബാര്‍ സഭകളുടെ വളര്‍ച്ചക്ക്  പ്രധാന കാരണം വൈദികരുടെ അര്‍പ്പിത സേവനവും പ്രയത്നവും കൊണ്ടായിരുന്നുവെന്നു ലേഖനത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ഒരു ലക്ഷം വിശ്വാസികള്‍,  59 അച്ചന്മാര്‍ ആറായിരം മതപരിശീലകര്‍ അടങ്ങിയ  സഭയുടെ ശക്തിക്കും വളര്‍ച്ചക്കും കാരണങ്ങള് ‍പുരോഹിതരുടെ നേട്ടങ്ങളായിട്ടാണ് ലേഖനത്തിന്റെ സംഗ്രഹം. 

അമേരിക്കന്‍ സീറോ മലബാര്‍സഭയിലെ  അല്മേനികളുടെ യോജിപ്പ്,  ശക്തി, ഏകമായ മനസ് ഇവകളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള    ലേഖനത്തെ നിശിതമായി വിമര്ശിച്ചുകൊണ്ട് 'പിളര്‍ന്നു പന്തലിക്കുന്ന അമേരിക്കന്‍ സീറോ മലബാര്‍ സഭയെന്ന' മറ്റൊരു   ലേഖനം അല്‍മായ ശബ്ദത്തില്‍ വന്നത് വലിയ ഒരു ഹിറ്റുമായിരുന്നു.   പുരോഹിതരുടെയും ഉവ്വേ വാദികളുടേയും നട്ടെല്ല് തകര്‍ത്ത്, മൂര്‍ച്ചയേറിയ വിമര്ശന ശരങ്ങള്‍കൊണ്ട് ഫാദര്‍ സെബാസ്റ്റിയന്‍ വെത്താനത്തിന്റെ  എല്ലാ വാദഗതികളെയും കാറ്റില്‍ പറത്തി കൊണ്ടായിരുന്നു ഈ ലേഖനം അവസാനിപ്പിച്ചത്. 

അറ്റ്ലാന്റാ സമ്മേളനത്തെപ്പറ്റി     പ്രൌഡഗംഭീരമായ ഒരു ലേഖനം ശ്രീ ചാക്കോ കളരിക്കല്‍ അല്‍മായ ശബ്ദത്തിലും മറ്റു വാര്‍ത്താ പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു .  ഒരു ഗവേഷകന്റെ വീക്ഷണത്തോടെ   അല്മെനിയുടെ കാഴ്ചപ്പാടുകള്‍ വിശദമായി ഈ ലേഖനത്തില്‍ സവിസ്തരം വര്‍ണ്ണിച്ചിട്ടുണ്ട്. നീണ്ട മുപ്പതു വര്‍ഷക്കാലം അമേരിക്കന്‍  ജീവിതത്തിലുള്ള അദ്ദേഹത്തിന്‍റെ പരിചയവും, അമേരിക്കന്‍ യൂണിവേഴ്സിറ്റികളിലും ഇന്ത്യന്‍ യൂണിവേഴ്സികളിലും പഠിച്ചു  ഉന്നത ബിരുദങ്ങളും,  സഭാ ചരിത്രങ്ങളെ രൂക്ഷമായ് വിമര്ശിച്ചു കൊണ്ടുള്ള മൂന്നു നാലു പുസ്തകങ്ങളുടെ ഗ്രന്ഥ കര്‍ത്താവും  എന്നീ  നേട്ടങ്ങളുടെ പ്രതിഫലനവും വിജ്ഞാന പ്രദമായ ഈ ലേഖനത്തിനു മാറ്റ് കൂട്ടിയിട്ടുണ്ട്.    ശ്രീ ചാക്കോ പുരോഹിതരുടെ ചൂഷണത്തില്‍ അകപ്പെട്ട അല്മെനികളുടെ ദുര്‍ഘടാവസ്തകളെപ്പറ്റി  ലേഖനത്തിലുടനീളം പരാമര്ച്ചിരിക്കുന്നതും കാണാം.

ശ്രീ കോട്ടൂര്‍ തുടരുന്നു. അധികാരത്തിനു വേണ്ടിയുള്ള പുരോഹിതരുടെ മത്സരം,  കുതികാല്‍ വെട്ടല്‍, വഞ്ചന, ചതി, അഴിമതികള്‍, അല്മെനിയുടെ വിയര്‍പ്പിനെ ചൂഷണം ചെയ്തശേഷം പുറംകാലുകൊണ്ട് പുറത്താക്കല്‍ ഇങ്ങനെയുള്ള  വിലയിരുത്തലുകള്‍ ലേഖനത്തിലുടനീളം കാണാം.  പരിശുദ്ധ പുരോഹിത, പിതാക്കന്മാരുടെ   തിരുനാവുകള്‍  ആജ്ഞാപിക്കുന്നതിങ്ങനെ ,   പ്രാര്‍ഥിക്കൂ, പണം തരൂ, അനുസരിക്കൂ. ഇല്ലെങ്കിലോ നിത്യമായ നാശം, നരകം. ഭൂമിയിലും  സന്തതി പരമ്പരകള്‍ നാശം സംഭവിക്കുമെന്നും പുരോഹിതര്‍ ശപിക്കുകയായി . പുരോഹിത ശാപം ഒരു അല്മെനിയെ സംബന്ധിച്ച് ജീവന്റെ വെല്ലുവിളിയുമാണ്.

ഉള്പ്പോരുകളുടെ ചുറ്റിക്കളികളാണ് അമേരിക്കന്‍ സീറോ പുരോഹിത അല്മെനികളുടെ ഇടയിലെ വാര്‍ത്തകള്‍ മുഴുവനും. ഓരോ ഗ്രൂപ്പിനും ചുക്കാന്‍ പിടിക്കുന്നത്‌ പുരോഹിതരും. തമ്മില്‍ അടിപ്പിക്കുവാന്‍  ഇവര്‍ വിരുതരും.  ഉവ്വേ- കുഞ്ഞാടുകളുടെ കൂടെ ഭൂരിഭാഗം പുരോഹിതരും വിളവുകള്‍ കൊയ്യുവാന്‍ ഉണ്ട്. പുരോഹിതരുടെയും പിതാക്കന്മാരുടെയും വാക്കുകള്‍ ദൈവതുല്ല്യവും. 

സീറോ മലബാര്‍ സഭയെ യേശുവില്‍ക്കൂടി സ്നേഹിക്കുന്നവര്‍ക്ക് അവിശ്വസിനീയവും അസംഭാവികവുമായ  ഞെട്ടിക്കുന്ന അല്‍മായരുടെ ഉള്പ്പോരുകള്‍  വേദനിപ്പിക്കുന്നുമുണ്ട്. ഒരേ ചിന്താഗതിയും ഒരേ മനസുമുള്ള ഭവനത്തിലെ അംഗങ്ങള്‍ പരസ്പരം തല്ലു കൂടുന്നത് നല്ലവരായ അല്മെനികള്‍ കാഴ്ച്ചക്കാരെപ്പോലെ നിസഹായതയോടെ നോക്കി നില്‍ക്കുന്നു.   ചിന്നി ചിതറി പോയ ഒരു വിഭാഗം കൂക്കുവിളിച്ചുകൊണ്ടു പറയുന്നു " 'പൂജ്യപാദരാല്‍ നയിക്കപ്പെടുന്ന സീറോ മലബാര്‍ സഭയെ തറപറ്റിച്ചു ഞങ്ങള്‍ പൂജ്യമായി തന്നെ സീറോ ആക്കും.'   
 
വിശ്വാസിലോകത്തെ  വിഭിന്ന ചേരികളായി മൊത്തം ഇരുട്ടാക്കികൊണ്ട്സീറോ മലബാര്‍ യുദ്ധം അമേരിക്കയില്‍ എങ്ങനെ,എപ്പോള്‍ ആരംഭിച്ചു? സംഭവാമി യുഗേ യുഗേ സംഭവിക്കേണ്ടത്‌ സംഭവിച്ചുവെന്നു വേണം കരുതുവാന്‍.   കാരണം,പള്ളിയില്‍ പോകുന്നവരുടെ പാപങ്ങള്‍ പരിഹരിക്കുവാന്‍  സ്വരൂപിച്ച അനീതിയുടെ പണം  ഇവിടെ ഒഴുകി.  വെളിച്ചം കാണാത്ത പണപ്പെട്ടികളിലെ പണവും   കണക്കില്‍ വരവ് വെച്ച പണവും സമാഹരിച്ചു ത്തിനോട്  ഭ്രാന്തു പിടിച്ച ചിലര്‍ ഒത്തുകൂടി ബെല്‍വുഡ് അഥവാ ഹെല്‍വൂടില്‍ 2008 ജൂലൈ അഞ്ചാം തിയതി കത്തീദ്രല്‍ പള്ളി പൂര്‍ത്തിയാക്കി. 

പള്ളിപണിയില്‍ നടന്ന വന്‍വെട്ടിപ്പിന്റെ കണക്കുകള്‍ പരസ്യമായ രഹസ്യമാണെങ്കിലും ചോദിക്കുന്നവന്റെ വായ്‌ അടക്കുവാന്‍ പള്ളിയിലെ ഗുണ്ടാ നേതാക്കന്മാര്‍ക്ക് അറിയാം. പിതാവ് മുതല്‍ അനുസരിക്കുന്ന കുഞ്ഞാടുകള്‍വരെ ഈ ഗുണ്ടാകളെ അനുഗ്രഹിക്കുന്നുണ്ട്. വലവീശി സൂത്രത്തില്‍ മീന്‍പിടിച്ച കപട ഭക്തര്‍  അള്‍ത്താരയുടെ പുറകില്‍ കുമ്പസാരിച്ചു പാപത്തിന്റെ  മോചനവും  നേടുന്നുണ്ട്. പണം കൊടുത്തു സഹായിച്ചു കത്തീദ്രല്‍ പണി പൂര്‍ത്തിയാക്കിയ    വിഭിന്ന ചേരി തിരിഞ്ഞുള്ള  വഴക്കുകള്‍ മലബാര്‍ വോയിസ്‌ (Syro Malabar voice), സിറോ മലബാര്‍ ഫെയിത്ത് (Syro malabar faith) ബ്ലോഗുകളില്‍ വായിക്കാം.  സഭാ ശുദ്ധീകരണ വാദികളുടേയും  പള്ളികൃഷി നടത്തുന്നവരുടെയും വിഭിന്നങ്ങളായ ആശയപോരാട്ടങ്ങള്‍  ഈ ബ്ലോഗുകളില്‍ നിന്നു വിലയിരുത്തുവാന്‍ സാധിക്കും. അല്‍മായ ശബ്ദത്തിനു അമേരിക്കന്‍ സഭയില്‍ വഴക്കുകള്‍ ഉണ്ടാക്കുവാന്‍ പരിമിതികള്‍ ഉണ്ട്.  പാലായില്‍ നിന്നുള്ള മഹത്തായ ഒരു സംഘടനയുടെ നയപരിപാടികളും നിയമവും അനുസരിക്കേണ്ടതായും ഉണ്ട്.   

ശ്രീ കോട്ടൂര്‍ തന്റെ ഒരു അനുഭവ കഥയാണ് ഇവിടെ വിവരിക്കുന്നത്. ഷിക്കാഗോയില്‍ കൊപ്പല്‍ അല്‍ഫോന്‍സാ പള്ളിയുടെ അഭിഷേക ചടങ്ങുകളുടെ രംഗം യുദ്ധക്കളം പോലെയായിരുന്നു. പന്തംകൊളുത്തി പ്രകടനംപോലെ മലയാളി പ്രകടനങ്ങളും എതിര്‍ പ്രകടനങ്ങളും അമേരിക്കന്‍ ജനതയെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു. മലയാള
 ഡിക്ഷ്ണറികളില്‍ അറിയപ്പെടാത്ത  പ്രാസം ഒപ്പിച്ച തെറികള്‍ കൊണ്ടുള്ള  ഒരു അഭിഷേകകര്‍മ്മമായിരുന്നു തെറി പറഞ്ഞിട്ടില്ലാത്ത അല്ഫോന്സായുടെ നാമത്തില്‍ ഉള്ള പള്ളിയില്‍ അന്നു അരങ്ങേറിയത്. 

 ചടങ്ങുകള്‍ക്കു അനുഭവ സാക്ഷികളായി ആയുധധാരികളായ പോലീസുകാര്‍ നിരത്തു മുഴുവനും ഉണ്ടായിരുന്നു. ചുറ്റും ആകാശത്തില്‍ പോലീസ് കവച ഹെലിക്കൊപ്റ്ററുകളും പറക്കുന്നുണ്ടായിരുന്നു. ഏതു നിമിഷവും ആകാശത്തേക്ക്നിയമ പാലകര്‍ വെടിവെക്കാന്‍ തയ്യാറാവുന്ന നിമിഷവും. മംഗളം പത്രത്തില്‍ ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കോട്ടൂര്‍ അന്നു ഇന്ത്യന്‍ കറന്റ് പത്രത്തിന്റെ പത്രാധിപര്‍ ആയിരുന്നു. സുപ്രസിദ്ധമായ അനേക ലേഖന പരമ്പരകളോടെ ഇംഗ്ലീഷ് ഭാഷയില്‍ ഈ വാര്‍ത്തകള്‍ അദ്ദേഹം ലോകത്തെ അറിയിച്ചു. അന്നുള്ള വാര്‍ത്തകളില്‍ പലതും അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ പോയാല്‍ അറിയാം.

പള്ളികൃഷിയും കൊയ്ത്തും സഹികെട്ട് മെത്രാന്‍ പുരോഹിത കൊള്ളരുതായ്മകള്‍ക്കെതെരെ പട പൊരുതുവാന്‍ അമേരിക്കന്‍ അല്മേനി നേതൃത്വത്തിന്റെ ആദ്യകാല നേതാക്കന്മാരായ  ശ്രീ തോമസ്‌ തോമസും
ശ്രീ കൂവല്ലൂരും  രംഗത്തുണ്ട്. പുരോഹിത നേതൃത്വത്തിന്റെ കയ്പ്പേറിയ അനുഭവങ്ങള്‍ പങ്കുവെക്കുവാന്‍ ഇവര്‍ രണ്ടു പേരും ഉത്സുകരായി സന്നദ്ധത പ്രകടിപ്പിച്ചു മുമ്പോട്ടു വന്നിരിക്കുന്നതും അഭിമാനകരമാണ്.   ഇതിനോടകം പ്രസിദ്ധരായ ബുദ്ധിജീവികളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി ഈ രണ്ടു നേതാക്കളും പൌരാഹിത്യ നേത്രുത്വ ത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു കഴിഞ്ഞു.

 അമ്പതില്‍പ്പരം പ്രവര്‍ത്തകരുടെ ശക്തിയായ ഒരു പട തന്നെ ഇവര്‍ക്കു പിന്നിലുണ്ട്. മീറ്റിംഗുകളും സെമിനാറുകളും അടിയന്തിരമായി വിളിച്ചു കൂട്ടി  അമേരിക്കന്‍ സഭാ നവീകരണത്തിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുവാന്‍ ഒരു പുതിയ നേതൃത്വം തന്നെ തയാറായി കൊണ്ടിരിക്കുന്നു. സഭാ മന്ദിരങ്ങളും പള്ളികളും പണിയുന്നതിനു ഏറ്റവും അധികം പരിശ്രമിച്ച തിളങ്ങുന്ന രണ്ടു വ്യക്തി പ്രഭാവങ്ങളാണ്  ശ്രീ കൂവല്ലൂരും ശ്രീ തോമസ്‌  തോമസും. (തുടരും)

No comments:

Post a Comment