Translate

Friday, July 20, 2012

കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍ ബോധിപ്പിക്കുന്ന നിവേദനം.

ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍/മുഖ്യമന്ത്രി/ചീഫ് സെക്രട്ടറി/ലോ റിഫോംസ് കമ്മീഷണന്‍/സ്പീക്കര്‍/നിയമവകുപ്പ് മന്ത്രി/മന്ത്രിമാര്‍/നിയമസഭ പ്രതിപക്ഷ നേതാവ്/നിയമവകുപ്പ് സെക്രട്ടറി/എം.എല്‍.എ.മാര്‍ സമക്ഷം, കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍ എന്ന സംഘടനയ്ക്കുവേണ്ടി കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ശ്രീ എം.എല്‍.ജോര്‍ജ്ജ് മാളിയേക്കല്‍ ബോധിപ്പിക്കുന്ന നിവേദനം.
സര്‍/മാഡം,
സംസ്ഥാനത്ത് ക്രൈസ്തവരുടെ മതസമ്പത്തുകള്‍ മാത്രം അവരുടെ നിയന്ത്രണത്തിലും പങ്കാളിത്തത്തിലും ജനാധിപത്യ രീതിയില്‍ നിയന്ത്രിക്കുന്നതിനും ഭരിക്കുന്നതിനും ആവശ്യമായ നിയമം ഇന്നോളം ഭരിച്ച സര്‍ക്കാരുകള്‍ പ്രാബല്യത്തിലാക്കിയിട്ടില്ല. തന്മൂലം ഇന്‍ഡ്യന്‍ ഭരണഘടനയ്ക്കും വിശുദ്ധ ബൈബിളിനും ദേശീയതയ്ക്കും സന്മാര്‍ഗ്ഗത്തിനും വിരുദ്ധവും ഏകാധിപത്യപരവുമായ വത്തിക്കാന്‍ രാഷ്ട്ര കാനന്‍നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് ഇവിടുത്തെ കത്തോലിക്കരുടെ മതസമ്പത്തുക്കള്‍ വത്തിക്കാനും വത്തിക്കാന്‍ പ്രതിനിധികളായ മെത്രാന്മാരും ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. ഇവിടുത്തെ കത്തോലിക്കര്‍ അവരുടെ പൊതുവായ ആത്മീയ ഗുണ പൂര്‍ത്തിക്കുവേണ്ടി അതാത് സബ്ബ് രജിസ്റ്ററുകള്‍ തോറും തീറാധാരങ്ങള്‍വഴി സമ്പാദിച്ചിട്ടുള്ളതാണ് പള്ളിസ്വത്തുക്കള്‍. ഈ സ്വത്തുക്കള്‍ നിയമപരമായ ഒരു പുനര്‍ രജിസ്‌ട്രേഷന്‍പോലുമില്ലാതെ വത്തിക്കാന്‍ രാഷ്ട്രത്തിന്റെ കാനന്‍ നിയമംമൂലം ഉടമസ്ഥാവകാശം മെത്രാന്മാരുടെതും അതുവഴി വത്തിക്കാന്റേതുമാക്കിയിരിക്കുന്നത് ഇന്‍ഡ്യാ രാജ്യത്തിന്റെ പരമാധികാരത്തിനെതിരായിട്ടുള്ള കടുത്ത നിയമലംഘനവും സാമൂഹ്യനീതിക്ക് വിരുദ്ധവുമാണ്.
മെത്രാന്മാര്‍ നമ്മുടെ രാജ്യത്തിന്റെ പരമാധികാരങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ട് വത്തിക്കാന്‍ രാഷ്ട്രത്തിന്റെ ഏകാധിപത്യ കാനന്‍ നിയമങ്ങള്‍ക്ക് വിധേയമായി ഇവിടെ സമാന്തര ജുഡീഷ്യറിയും കോര്‍ട്ട്ഫീസും മുദ്രപത്രങ്ങളും വിചാരണയും ഫൈനും ശിക്ഷാവിധികളും പ്രാബല്യത്തിലാക്കി കൊളോണിയല്‍ വാഴ്ച നടത്തിക്കൊണ്ടിരിക്കുന്നു. തന്മൂലം കത്തോലിക്കാസമൂഹങ്ങള്‍ക്കിടയില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും പുലരുന്നില്ല. സ്വാതന്ത്ര്യവും ജനാധിപത്യവും പുലര്‍ത്തുവാന്‍ ഇവര്‍ അനുവദിക്കുന്നുമില്ല. അതിനാല്‍ കത്തോലിക്കാ പൗരന്മാര്‍ മെത്രാന്മാരുടെ അടിമത്തത്തിലും പീഡനത്തിലുമാണ്. വിദേശശക്തികളുടെ കടന്നുകയറ്റംവഴി പൗരാവകാശങ്ങളും ജനാധിപത്യവും ഹനിക്കപ്പെടുമ്പോള്‍ അത് സ്ഥാപിതമാക്കേണ്ടത് ജനാധിപത്യ സര്‍ക്കാരുകളുടെ കടമയും ഭരണഘടനാപരമായ ബാധ്യതയുമാണ്. 
പൗരന്മാരുടെ ക്രിസ്ത്യന്‍ ന്യൂനപക്ഷാവകാശങ്ങള്‍ വത്തിക്കാന്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്. കൂടാതെ വരുമാന നികുതി, കാര്‍ഷികാദായ വരുമാന നികുതി തുടങ്ങിയ ഇനത്തില്‍ പ്രതിവര്‍ഷം കോടിക്കണക്ക് രൂപായുടെ നികുതികള്‍ കൃത്രിമരേഖകള്‍ സൃഷ്ടിച്ച് വെട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുകയുമാണ്. മിച്ചഭൂമി സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കാതെ തട്ടിപ്പും വാടക നിയന്ത്രണ ഇളവ് തട്ടിപ്പും നടത്തിക്കൊണ്ടിരിക്കുന്നു. മെത്രാന്മാരുടെ കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാന്‍ കത്തോലിക്കരുടെ അഭിപ്രായ സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും സിവില്‍ അവകാശങ്ങളും പൗരാവകാശങ്ങളും മറ്റും കാനന്‍ നിമയങ്ങള്‍മൂലം ഹനിച്ചിരിക്കുകയാണ്. ഈ കാര്യങ്ങള്‍ സംബന്ധിച്ച് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നേരിട്ടോ, നിയമസഭാ കമ്മിറ്റി മുമ്പാകെയോ ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെയോ തെളിവുകള്‍ നല്‍കുവാന്‍ കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍ തയ്യാറാണെന്നുംകൂടി അറിയിച്ചുകൊള്ളട്ടെ.
ഈ സാഹചര്യത്തില്‍ ക്രൈസ്തവ സമൂഹങ്ങളില്‍ സാമൂഹ്യനീതിയും ജനാധിപത്യവാഴ്ചയും സ്ഥാപിതമാക്കിത്തരുന്നതിനുവേണ്ടി കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍ എന്ന സമിതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും പാര്‍ലമെന്റേറിയന്മാര്‍ക്കും കേരളത്തിലെ എം.എല്‍.എ.മാര്‍ക്കും പ്രമേയങ്ങളും നിവേദനങ്ങളും കാലാകാലങ്ങളില്‍ നല്‍കിപ്പോന്നിരുന്നതാണ്. തല്‍ഫലമായി കേരള സര്‍ക്കാര്‍ നിയമിച്ച ''കേരള ലോ റിഫോംസ് കമ്മീഷന്‍'' വിശദവും വിപുലവുമായ തെളിവെടുപ്പുകള്‍ നടത്തിയശേഷം ''ദി കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍'' എന്ന പേരില്‍ ഒരു ബില്‍ തയ്യാറാക്കി, ടി. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ 2009 ല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച് നിയമപ്രാബല്യത്തില്‍ ആക്കുന്നതിനുവേണ്ടി കേരളസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. ഈ ബില്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും തത്വങ്ങള്‍ക്കും സഭയുടെ പൈതൃകത്തിനും പാരമ്പര്യത്തിനും ഇന്‍ഡ്യന്‍ ഭരണഘടനക്കും തികച്ചും വിധേയമായിട്ടുള്ളതാണ്. അതിനാല്‍ ബില്ല് ഉടന്‍ നിമയപ്രാബല്യത്തിലാക്കണമെന്ന് കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍ അടക്കമുള്ള നിരവധി സംഘടനകളും പ്രസ്ഥാനങ്ങളുംമറ്റും കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. എങ്കിലും വത്തിക്കാന്‍ പ്രതിനിധികളായ മെത്രാന്മാരുടെ അവിഹിത സ്വാധീന-സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും ഈ ബില്‍ അസംബ്ലിയില്‍ അവതരിപ്പിച്ച് നിയമപ്രാബല്യം നല്‍കാന്‍ തയ്യാറാകാതിരിക്കുകയാണ്. ഈ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച് കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍ 19.09.2011-ാം തീയതി ബഹു.മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുള്ളതാണ്.
ആകയാല്‍, രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷയും സുസ്ഥിതിയും ഉറപ്പാക്കുന്നതിനും ക്രൈസ്തവ സമൂഹങ്ങളില്‍ ജനാധിപത്യം സ്ഥാപിതമാക്കുന്നതിനും കത്തോലിക്കര്‍ക്കിടയില്‍ അവരുടെ പൗരാവകാശങ്ങളും സ്വാതന്ത്ര്യവും പ്രാബല്യത്തിലാക്കുന്നതിനും സാമൂഹ്യ നീതി ലഭ്യമാക്കുന്നതിനും ഉതകുന്ന ''ദി കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍'' കേരള നിയമസഭയില്‍ അവതരിപ്പിച്ച് നിയമപ്രാബല്യം നല്‍കുവാന്‍ സന്മനസ്സ് കാണിക്കണമെന്ന് ഈ നിവേദനം വഴി കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍ ആവശ്യപ്പെടുന്നു.
എന്ന്
എം.എല്‍.ജോര്‍ജ്ജ് മാളിയേക്കല്‍
സെക്രട്ടറി
കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി
കൂടരഞ്ഞി കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍
29.06.2012 കൂടരഞ്ഞി പി.ഒ., കോഴിക്കോട്‌

No comments:

Post a Comment