Translate

Wednesday, July 18, 2012

അല്‍മായശബ്ദത്തിന്റെ സത്യജ്വാല

                                                              സാമുവല്‍ കൂടല്‍ 
1 “ദുഷ്ടന്മാരെ നീതിമാന്‍മാര്‍ എന്നു വിളിച്ചീടരുതേ
ശാപമേല്‍ക്കും” യേശുവോതി “സഭയായാലും”!
നിന്ദ്യമായി പൗരോഹിത്യം, കുപ്പായത്തിന്‍ നിറം മങ്ങി;
ജാഢ! വെറും തയ്യല്‍ക്കാരന്‍ മെനഞ്ഞ വേഷം.

2 ഇതിലെന്തു ദൈവീകത? സ്വയം അറിയാത്തവരെ 
നരഹത്യാപാപം ചെയ്യും മനസ്സുകളെ 
'തിരുമനസ്സെ'ന്നുകൂറി കുറേക്കൂടി പുങ്കരാക്കി;
ഹോമോസെക്‌സിന്‍ മെത്രാനിതാ 'തിരുമേനി'യായ് !

3 പരുശുദ്ധി തീണ്ടാത്തോരെ 'പരിശുദ്ധ'രെന്നു വാഴ്ത്തി,
ആ പദവും വ്യഭിചരിച്ചശുദ്ധമാക്കി !
മെയ്യനങ്ങും പണിയില്ല, നാവു സത്യം പറയീല
പുസ്തകത്തിന്‍ അക്ഷരങ്ങള്‍ ജല്‍പ്പനമാക്കി.

4 കുറേ കാണാ പഠിച്ചെന്നാല്‍ നിത്യത്തൊഴിലഭ്യാസമായ്,
കൂലിക്കല്ലോ കുര്‍ബ്ബാനയും ഇവര്‍ ചൊല്ലുന്നു ?
ആചാരത്തില്‍ വിചാരത്തെ മുക്കിക്കൊന്നു; ആത്മീയത
മനനത്തില്‍ ആര്‍ജ്ജിക്കേണ്ട കരുത്തേവരും.

5 സ്വയമറിഞ്ഞാല്‍ അറിവായ്, അറിവുതാന്‍ ആത്മമോദം!
അഹം ബ്രഹ്മമെന്നു” സ്വയം അറിഞ്ഞു വാഴൂ.
മുന്തിരിതന്‍ ചില്ലിക്കെന്തു ദുഖിക്കുവാന്‍ ? സ്വയം നാമേ
മുന്തിരിതന്‍ അംശമെന്ന അറിവാനന്ദം !

6 ദൈ്വതമില്ല, പാപമില്ല, കുമ്പസാര നരകങ്ങള്‍,
പാതിരിക്കും പള്ളിക്കുമായ് കൊടുത്തു നമ്മള്‍.
അല്‍മായര്‍ക്കായിതാ ശബ്ദം സത്യജ്വാല പോലായിതു
മനസ്സുകള്‍ സത്യമറിഞ്ഞതിലലിഞ്ഞു.

7 ജനലക്ഷങ്ങളതിലൂടറിവുതന്നാദ്യ പാഠം
പഠിച്ചു മനം തെളിഞ്ഞു മനനമേറി;
സത്യജ്വാലയതിന്‍ കെടാത്തെരിതീയില്‍ നശിക്കട്ടെ
പാതിരിതന്‍ പകല്‍ക്കൊള്ള, വിവരക്കേടും.

8 പഠിപ്പില്ലാ പാവങ്ങളാം പിതാമഹര്‍ പാതിരിമാര്‍ 
പറഞ്ഞ പാഴ്ക്കഥകളില്‍ മനം കുരുക്കി;
ഒരു മോചനവുമില്ല ഗതികിട്ടാ പ്രേതങ്ങളായ്,
അവരുടെ വിശ്വാസങ്ങള്‍ ചതിച്ചവരെ.!

9 നസറായന്‍ മൊഴിഞ്ഞില്ലേ, “പ്രര്‍ത്ഥിക്കുവാന്‍ പള്ളിവേണ്ട,
മനസ്സിന്നുള്‍ മനസ്സിലായിരിപ്പൂ ദൈവം !
ഇന്ദ്രിയങ്ങളഞ്ചുവാതില്‍ അടിച്ചിട്ടാമനമാകും
ഉള്ളറയില്‍ കടന്നാലോ ഈശനെക്കാണാം”.

10 രഹസ്യത്തിന്‍ രഹസ്യംപോലവനോടു പ്രാര്‍ത്ഥിച്ചറി
വവനില്‍ നിന്നേറെ വാങ്ങി സുഖിച്ചു മേവാം.
ഇതിനെന്തു പള്ളി, മെത്രാന്‍ പാതിരിയും പതാരവും
പത്തിലൊന്നു വെട്ടുമേനി തിന്നും പാസ്റ്ററും ?

11 “പിതാവെന്നു ഭൂവിലാരേം വിളിക്കല്ലേ, സ്വര്‍ഗ്ഗസ്ഥനാം
പിതാവൊന്നേയുള്ളുവെന്നും” പറിഞ്ഞിതേശു.
പാതിരിക്കു പണിനല്‍കാന്‍ നാടുതോറും പള്ളിവെച്ചു,
സ്വയമുള്ളിന്നുണര്‍വിനെ അറിഞ്ഞുമില്ല !

12 കസ്തൂരിമാന്‍ പോലെയായി ക്രിസ്ത്യാനിതന്‍ മഠയത്തം
അഖിലേശനുള്ളിലെന്നാല്‍ അലഞ്ഞൂ പള്ളീല്‍.
ഇന്റര്‍നെറ്റിന്‍ ഉപഭോഗര്‍ പഠിക്കുകീ വെബ്‌സൈറ്റ്
www.almayasabdam.blogspot.in മറക്കേല്ലേ വിലാസമീ മറവി പാപം.

13 ഉതകട്ടെ പുതുവേദം തലമുറയ്ക്കാധാരമായ്
ഉപനിഷത്തുകള്‍, ഗീത ഉലകമെങ്ങും;
ക്രിസ്തുവോതും വേദം കാണാന്‍ ഉപനിഷത്തുകള്‍ വേണം
ആത്മജ്ഞാനം അറിയുവാന്‍ ഗീതയും വേണം.

കലഞ്ഞൂര്‍, 18-07-2012





1 comment:

  1. “ദുഷ്ടന്മാരെ നീതിമാന്‍മാര്‍ എന്നു വിളിച്ചീടരുതേ
    ശാപമേല്‍ക്കും” യേശുവോതി “സഭയായാലും”!
    എന്ന് തുടങ്ങുന്ന കവിതയിലൂടെ അല്മായശബ്ദം എങ്ങനെ സത്യജ്ജ്വാലയായി പ്രവര്‍ത്തിക്കുന്നു എന്ന് മനോഹരമായി പ്രഘോഷിക്കുന്നു, സാമുവല്‍ കൂടല്‍ . അവഹേളനാര്‍ഹമായ പൌരോഹ്ത്യ വെറികളെ ചൂണ്ടിപ്പറയുന്നതോടൊപ്പം സത്യാന്വേഷികള്‍ എന്ത് ചെയ്യണമെന്നും അദ്ദേഹം അനുശാസിച്ചിരിക്കുന്നു. ലോകം മുഴുവന്‍ മനുഷ്യന്‍ മനുഷ്യനോടു കാപട്യം കാണിക്കുന്നു. വിശ്വസിച്ച് പുറത്ത് നിന്ന് ഓരോ ഗ്ലാസ് വെള്ളം പോലും വാങ്ങിക്കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇന്ന് മനുഷ്യര്‍ ജീവിക്കുന്നത്. ആക്കൂടെ, ആത്മീയതയില്‍ പോലും മായം ചേര്‍ക്കപ്പെടുന്നു, അതും, മാരകമായി, എന്നാതാണ് ഇന്നത്തെ സ്ഥിതി. ഏതാനും നാണയങ്ങള്‍ക്കായി ഏത്‌ തിരുമേനിയും തരികിട കാണിക്കാന്‍ മടിക്കാത്ത ഇന്നത്തെ ചുറ്റുപാടില്‍ ഇത്തരം കവികളെങ്കിലും ഉണ്ടല്ലോ ഒരല്പ ആശ്വാസത്തിനായി!

    ReplyDelete