Translate

Friday, July 13, 2012

വിശ്വാസികളില്‍നിന്ന് ദശാംശം പിരിക്കാനുള്ള കെ.സി.ബി.സി. തീരുമാനം ഭരണഘടനാവിരുദ്ധം.

സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസികളില്‍നിന്ന് വരുമാനത്തിന്റെ ദശാംശം നിര്‍ബന്ധിതമായി പിരിക്കാനുള്ള കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ തീരുമാനം ഇന്ത്യന്‍ ഭരണഘടനയുടെ നിഷേധവും രാഷ്ട്രാധികാരത്തിന്മേലുള്ള മതത്തിന്റെ കടന്നുകയറ്റവുമാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. വിദേശരാഷ്ട്രമായ വത്തിക്കാന്റെ ഭരണാധികാരിയായ മാര്‍പാപ്പ നിര്‍മ്മിച്ച കാനോന്‍നിയമത്തിന്റെ 1012 വകുപ്പനുസരിച്ചാണ് കെ.സി.ബി.സി. ഈ നികുതി വിശ്വാസികളില്‍നിന്ന് പിരിക്കുന്നത്. കാനോന്‍ നിയമം 1012-ാം വകുപ്പ് ഇങ്ങനെ പറയുന്നു: “രൂപതയുടെ ആവശ്യത്തിനുവേണ്ടി രൂപതാമെത്രാന് ഫൈനാന്‍സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ തന്റെ അധികാരത്തിന്‍കീഴിലുള്ള ഓരോരുത്തരില്‍നിന്നും വരുമാനത്തിന് ആനുപാതികമായി നികുതി ചുമത്താന്‍ അധികാരമുണ്ടായിരിക്കും.” ( “In so far as it is necessary for the good of the eparchy, the eparchial bishop has the right, with the consent of the finance council, to impose tax on juridic persons subject to him; this tax is to be proportionate to the income of each person.” Code of Canons of the Eastern Churches. Canon 1012) ഇപ്പോള്‍ കെ.സി.ബി.സി. ചുമത്താന്‍ തീരുമാനിച്ചിട്ടുള്ള ദശാംശപിരിവ് വരുമാനനികുതി (Income Tax) യാണ്. ഇന്ത്യയില്‍ ഭരണഘടനയനുസരിച്ച് സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും നികുതി ചുമത്താന്‍ അധികാരമില്ല. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമായ കുറ്റകൃത്യമാണ്. 
            
മുന്‍കാലങ്ങളില്‍ കത്തോലിക്കാമെത്രാന്മാര്‍ക്ക് ആദ്ധ്യാത്മികാധികാരത്തിനു പുറമേ രാജ്യഭരണാധികാരവും ഉണ്ടായിരുന്നു. അന്നത്തെ ഏകാധിപത്യഭരണസമ്പ്രദായങ്ങള്‍ ഇന്നും വിശ്വാസികളുടെമേല്‍ അടിച്ചേല്‍പ്പിക്കാനാണ് അവരുടെ ശ്രമം. ഇതിന്റെ പ്രത്യക്ഷോദാഹരണമാണ് ഇന്നും നിലവിലുള്ള അരമനകോടതികള്‍..  ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടാണ് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാര്‍ സിവില്‍ കോടതിക്ക് സമാന്തരമായി അരമനകോടതി നടത്തുന്നതും ഭരണകൂടാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് വരുമാനനികുതി ചുമത്തുന്നതും. ഭരണഘടനാവിരുദ്ധമായ അരമനകോടതികള്‍ നിര്‍ത്തലാക്കണമെന്നും ദശാംശമെന്നപേരില്‍ വരുമാനനികുതി ചുമത്താനുള്ള കെ.സി.ബി.സി. തീരുമാനം പിന്‍വലിക്കണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ശക്തമായി ആവശ്യപ്പെടുന്നു.
സഭാസ്വത്തുക്കളുടെ ദാതാക്കളും യഥാര്‍ത്ഥ ഉടമകളുമായ വിശ്വാസികള്ക്കു മുമ്പില്‍ മെത്രാന്മാര്‍ ഒരിക്കലും കണക്കുകള്‍ അവതരിപ്പിക്കാറില്ല. സഭയുടെ പണമിടപാടുകളില്‍ സുതാര്യതയൊ വിശ്വാസ്യതയൊ പുലര്‍ത്താനുള്ള ശ്രമം ഒരു കാലത്തും ഉണ്ടായിട്ടില്ല. ദശാംശമായി പിരിക്കുന്ന പണത്തിന് അക്കൗണ്ടബിലിറ്റി ഉണ്ടായിരിക്കുമെന്നൊ ആ പണം പാവപ്പെട്ടവരുടെ ഉന്നമനത്തിന് വിനിയോഗിക്കപ്പെടുമെന്നൊ ഉള്ളതിന് യാതൊരു ഉറപ്പുമില്ല. സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസരച്ച് ഒരു ചര്‍ച്ച് ആക്ട് നിലവില്‍ വന്ന് സഭാസമ്പത്തിന്റെ വിനിയോഗത്തില്‍ സുതാര്യതയും അക്കൗണ്ടബിലിറ്റിയും പുനസ്ഥാപിക്കുന്നതുവരെ എല്ലാവിധ പിരിവുകളും നിര്‍ത്തിവക്കുകയാണ് വേണ്ടത്. 
           
‘വിശ്വാസം വ്യക്തിപരമാണെന്നും പൊതുരംഗത്ത് അതിന് പ്രസക്തിയില്ലെന്നും പറയുന്ന മതേതരത്വത്തെ ചെറുക്കണം’ എന്നുള്ള കെ.സി.ബി.സി.യുടെ തീരുമാനം സമൂഹത്തില്‍ കലാപം വിതക്കാന്‍ മെത്രാന്മാര്‍ തയ്യാറാവുന്നു എന്നതിന്റെ സൂചനയായി കണക്കാക്കണം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍തന്നെ ഇന്ത്യ ഒരു മതേതരരാഷ്ട്രമായിരിക്കുമെന്ന് പ്രഖ്യാപിക്കുന്നുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പൈതൃകം മതേതരമൂല്യങ്ങളില്‍ ഊന്നിയതാണ്. ഇതിനെ വെല്ലുവിളിക്കാനുള്ള മെത്രാന്‍സമിതിയുടെ തീരുമാനം ചെറുത്തു തോല്‍പ്പിക്കേണ്ടതാണ്. മതം മനുഷ്യന്റെ സ്വകാര്യതയായി കണക്കാക്കി ആരാധനായലയങ്ങളുടെ നാലതിരുകളിലേക്ക് ഒതുങ്ങുമ്പോള്‍ മാത്രമേ പൊതുസമൂഹത്തില്‍ പരസ്പരസ്‌നേഹവും ധാരണയും ഐക്യവും മതേതരകാഴ്ചപ്പാടും നിലനില്‍ക്കുകയുള്ളു. ഇതിനെ ചോദ്യം ചെയ്യുന്നത് സാമൂഹ്യദ്രോഹമായി മാത്രമേ കാണാന്‍ കഴിയൂ. ഗ്രാമസഭകള്‍, റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, ഗ്രന്ഥശാലാസംഘങ്ങള്‍, സഹകരണസംഘങ്ങള്‍, സഹകരണബാങ്കുകള്‍, ത്രിതല പഞ്ചയാത്തുകള്‍ എന്നിവയില്‍ വിശ്വാസികള്‍ സജീവമായി പങ്കെടുക്കണമെന്ന കെ.സി.ബി.സി.യുടെ ആഹ്വാനം സമൂഹത്തില്‍ വിഭാഗീയതയും വിഭജനവും മതസ്പര്‍ദ്ദയും വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ. മെത്രാന്മാരുടെ ആഹ്വാനമില്ലാതെതന്നെ കത്തോലിക്കരായ ഇന്ത്യന്‍ പൗരന്മാര്‍ ഈ മേഖലകളിലെല്ലാം മതചിന്തകൂടാതെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. മതാന്ധത വച്ചുപുലര്‍ത്തുന്ന മെത്രാന്മാരുടെ പാര്‍ശ്വവര്‍ത്തികളോട് ഇത്തരം വേദികളില്‍ നുഴഞ്ഞുകയറി സാമൂഹ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു ആഹ്വാനമായി മാത്രമേ ഇതിനെ കാണാനാകൂ.
       
മദ്ധ്യയുഗത്തിലെ ഇരുണ്ടകാലഘട്ടത്തിലേക്ക് തിരിച്ചുനടക്കാന്‍ കത്തോലിക്കാവിശ്വാസികളെ പ്രേരിപ്പിക്കുക എന്ന ഹിഡന്‍ അജണ്ടയാണ് കെ.സി.ബി.സി.യുടെ പുതിയ തീരുമാനങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ ചെറുത്തുതോല്‍പ്പിക്കണമെന്ന് മുഴുവന്‍ വിശ്വാസികളോടും ജോയിന്റെ     ക്രിസ്ത്യന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്യുന്നു.
        
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആശയാദര്‍ശങ്ങളുമായി യോജിപ്പുള്ള മറ്റു സംഘടനകളുടെ ഐക്യവേദി അഖിലേന്ത്യാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുവാന്‍ കോര്‍ഡിനേറ്ററായി അഡ്വ. ഹോര്‍മിസ് തരകനെ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നിര്‍വാഹകസമിതി തെരഞ്ഞെടുത്ത വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.

കൊച്ചി ജോയ് പോള്‍ പുതുശ്ശേരി,
12-07-2012 ജനറല്‍ സെക്രട്ടറി,


ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. പങ്കെടുക്കുന്നവര്‍:-:


1) ലാലന്‍ തരകന്‍, പ്രസിഡണ്ട്
2) ജോസഫ് വെളിവില്‍, വര്‍ക്കിങ് പ്രസിഡണ്ട്
3) ജോയ് പോള്‍ പുതുശ്ശേരി, ജനറല്‍ സെക്രട്ടറി
4) ഫെലിക്‌സ്. ജെ. പുല്ലൂടന്‍, മുന്‍ജനറല്‍ സെക്രട്ടറി.
5) ജോര്‍ജ് ജോസഫ്. കെ. , വൈസ്പ്രസിഡണ്ട്.

6 comments:

  1. dasamshm onnum padilla
    sabha devils
    nty kooday annu
    shaha pravarthakar annu
    isso youday boss annu
    oru paisa poolum kodukkaruth george

    ReplyDelete
  2. ദശാംശത്തെപ്പറ്റി നടന്ന ചര്‍ച്ച ശ്രദ്ധിച്ചു. ഇവിടെ അത് പിരിക്കാമോ ഇല്ലയോ എന്നതിലുപരി, എന്തിനാണ് പിരിക്കുന്നത് എന്നും കൂടിയുണ്ട്. ഒരു സാമ്പത്യവിദഗ്ദനായ നമുക്കറിയാവുന്ന ഒരു പിതാവ് ഒപ്പിച്ച ഈ പണി എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. 2000 വര്‍ഷം കഴിഞ്ഞപ്പോള്‍ ആണ് ഇതുവരെ ആ പണി ചെയ്യാതിരുന്നതിന്റെ അബദ്ധം ബാക്കിയുള്ളവര്‍ക്കും മനസ്സിലായത്. തൃശൂര്‍ രൂപതയില്‍ ഒരു ഇടവകയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ടി മാത്രം ഒരു സ്ഥിരം കമ്മറ്റി ഉണ്ടായി കഴിഞ്ഞു. കുമിഞ്ഞു കൂടുന്ന പണം നമ്മെ കൂടുതല്‍ കൂടുതല്‍ നാശത്തിലേക്ക് കൊണ്ടുപോകുമെന്നത് ഒരു പ്രപഞ്ചതത്വം.
    "കനകം മൂലം കാമിനി മൂലം .." എന്നാണല്ലോ ചൊല്ല്.

    രണ്ടാമത്തെ പ്രശ്നം, ഇന്ത്യയില്‍ റോമിന്റെ നിയമമനുസരിച്ച് നികുതിക്ക് സമാനമായ പണം പിരിക്കാമോ എന്നുള്ളതാണ്. ഉത്തരം ഇല്ലായെന്ന് തന്നെയാണ്. എങ്കിലും നിരവധി കാര്യങ്ങളില്‍ സഭ ജനങ്ങളില്‍ റോമന്‍ നിയമം അടിച്ചേല്‍പ്പിക്കുന്നു. നിയമം ഇവിടെയുണ്ടായതാണെങ്കിലും, ജനങ്ങളില്‍നിന്ന് സര്‍ക്കാരിന്റെ നിയമങ്ങള്‍ മറികടന്ന്‍ ഏതെങ്കിലും തരത്തില്‍ പിരിക്കാനുള്ള സാദ്ധ്യത തടഞ്ഞേ ഒക്കൂ. ഒന്ന് പോയാല്‍ അടുത്ത പേരില്‍ അവര്‍ വേറൊന്നു ഇറക്കും. ഈ കിറാമുട്ടി ഒരു സ്ഥിരം അടിസ്താനത്തില്‍ പരിഹരിക്കാന്‍ KCRM സിവില്‍ കോടതികളെ തന്നെ സമിപ്പിക്കണം എന്നാണു എനിക്ക് തോന്നുന്നത്. പണത്തിന്റെ ഒഴുക്ക് കുറഞ്ഞാലേ ഇവര്‍ സമാധാനമായി ഉറങ്ങൂ.

    മൂന്നാമത്, ദശാംശം പിരിക്കാന്‍ ബൈബിള്‍ നിര്‍ദ്ദേശിക്കുന്നുണ്ടോ എന്നാണു. ഈ പറയുന്ന രിതിയില്‍ വരുമാനത്തിന്റെ ഒരു ഭാഗം ചെലവ് ചെയ്യാന്‍ പറയുന്ന ഒരു വചനവും ഇല്ല. പക്ഷെ അത് പറഞ്ഞിട്ട് കാര്യമില്ല, കാരണം അതിനു പോന്ന തിരുവചനം സൃഷ്ടിക്കാനോ തിരുത്താനോ ഇവര്‍ക്ക് ബുദ്ധിമുട്ടില്ല. അവര്‍ അത് ചെയ്തിട്ടുണ്ട്, ചെയ്യുകയും ചെയ്യും. നനഞ്ഞിടത്തു കുഴിക്കുക എന്നതാണ് ഇവരുടെ നയം.
    ചിക്കാഗോയില്‍ താമസിക്കുന്ന 4000 ത്തോളം കത്തോലിക്കാ കുടുംബങ്ങളില്‍, പകുതി മാത്രമേ പുതിയ ഇടവകയില്‍ ഒരിക്കലെങ്കിലും തല കാണിച്ചിട്ടുള്ളൂ. രൂപതയുടെ തിരുമാനങ്ങള്‍ ചോദ്യം ചെയ്യുന്നവരുടെ പേരില്‍ നടപടി എടുക്കുമെന്ന് വരെ അവിടുത്തെ വികാരി ജനറാള്‍ ഭിഷണിപ്പെടുത്തിത്തുടങ്ങി. നടപടി എന്താണെന്ന് പറഞ്ഞിട്ടില്ല. അത്രയും പറയാനുള്ള തന്റേടം ഏതായാലും കേരളത്തിലില്ല. ഇവിടെ വല്ല ശവങ്ങളെയും വെച്ചുള്ള വില പറച്ചിലെ ഉള്ളൂ.

    അവസാനം, ഇത്രയും നാള്‍ ഈ ദശാംശം പിരിച്ചിട്ടു നാം എന്ത് നേടിയെന്നതാണ്. നമുക്ക് കിട്ടിയത്, കുറെ ഹൈടെക് സ്ഥാപനങ്ങളും വര്‍ദ്ധിച്ച ഉള്‍പ്രശ്നങ്ങളും. വൈദികര്‍ക്കു സഭാ സ്ഥാപനങ്ങളുടെ നടത്തിപ്പും, വാടക പിരിവും കഴിഞ്ഞു വേറെ പണിക്കു നേരമില്ലായെന്നായി. സമുദായം ആവട്ടെ പൊതു ജനത്തിന്റെ മുമ്പില്‍ കൂടുതല്‍ കൂടുതല്‍ അവഹെളിതരായിക്കൊണ്ടുമിരിക്കുന്നു. എന്ത് ചെയ്യാം? നമ്മുടെ വിധി!

    ReplyDelete
  3. വിദേശരാജ്യം ആസ്ഥാനമായ കത്തോലിക്കാസഭയുടെ മെത്രാന്‍ സമിതി
    വിശ്വാസികള്‍ തങ്ങളുടെ വരുമാനത്തിന്റെ പത്തു ശതമാനം വത്തിക്കാന്‍ കമ്പനിക്കു കൊടുക്കണമെന്നു പറയുന്നത് നിയമവിരുദ്ധം തന്നെയാണ്. മെത്രാന്‍സമിതിയുടെ നിയന്ത്രണത്തിലുള്ള സഭാസ്വത്തുക്കളില്‍ അല്മെനിക്ക് പങ്കില്ലാത്ത സ്ഥിതിക്ക് ഇത്തരം തീരുമാനങ്ങള്‍ ഈ രാജ്യത്തിലെ ജനാധിപത്യത്തിനു നേരെയുള്ള ഒരു വെല്ലുവിളി കൂടിയാണ്.

    സഭാസ്വത്തിന്മേല്‍ കൂടുതല്‍ ജനകീയമാക്കുവാന്‍ നിര്‍ദ്ദേശിക്കുന്ന
    കൃഷ്ണയ്യരുടെ ചര്ച് ആക്റ്റ് പാസാക്കിയാല്‍പ്പോലും കാനോന്‍ നിയമം തള്ളി കളയുന്നില്ല. കാനോന്‍ നിയമം അനുസരിക്കുന്ന മെത്രാന്‍സമിതി ഇങ്ങനെ ഒരു തീരുമാനം എടുത്തതും ഇന്ത്യന്‍ ഭരണഘടന ലംഘനം ആണ്.

    സ്വാതന്ത്രം കിട്ടിയ നാളുകളില്‍ ഇന്ത്യന്‍ സഭാനേതൃത്വത്തിന് നെഹ്‌റു സര്‍ക്കാരില്‍ നല്ല സ്വാധീനം ഉണ്ടായിരിക്കണം. മതസ്വത്തിന്മേല്‍ വക്കഫ് ബോര്‍ഡും ഹിന്ദു മുസ്ലിം സിക്ക് നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിട്ടും ഒരു ജനാതിപത്യരാജ്യത്ത് നിയമങ്ങള്‍ക്കുപരിയായി വത്തിക്കാന്‍ പ്രഭുക്കള്‍ ഒന്നാംപൌരത്വം നേടിയതെങ്ങനെയുന്നു അവിശ്വസിനീയമാണെന്നും തോന്നും. രാജ്യത്തിന്റെ ഇന്നുള്ള നിയമങ്ങളില്‍ ഈ വിവേചനം ഒരു സത്യവുമാണ്.

    മറ്റു മതസ്ഥരെപ്പോലെ സഭക്കു നിയമങ്ങള്‍ പാടില്ലായെന്ന് മുറവിളി കൂട്ടുവാന്‍
    എന്തു അവകാശം. സഭാ സ്വത്തുക്കളില്‍മേല്‍ അധികാര വികീന്ദ്രണം ഉണ്ടെങ്കിലും ചര്ച് ആക്റ്റ് പാസായാലും അന്ത്യമമായി സ്വത്തുക്കള്‍ കൈകാര്യം ചെയ്യുവാന്‍ അവകാശം സഭാനേതൃത്വത്തിനു തന്നെയായി കാണുന്നു. സഭാ സ്വത്തുക്കള്‍ നിയന്ത്രിക്കുവാന്‍ അല്മേനി പങ്കാളിയാണെങ്കില്‍ കപ്പ്യാരുതൊട്ടു മുകളില്‍ഉള്ള മേല്പ്പട്ടക്കാരുടെ കൊള്ളകളെയും അഴിമതികളേയും ഒരു അളവുവരെ നിയന്ത്രിക്കുവാന്‍ സാധിക്കും. പള്ളിക്ക് വരുമാനവും കൂടും.

    പിന്‍ വാതില്‍ക്കല്ക്കൂടിയുള്ള കോളേജു കൊഴകളും കയ്യോടെ പിടിച്ചു നിയമപരമായി ഇത്തരക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുവാനുമുള്ള സംവിധാനവും ഉണ്ടാകണം.

    ആത്മീയകാര്യങ്ങളില്‍ വത്തിക്കാന് നിയന്ത്രണം കൊടുത്തു സഭാ സ്വത്തുക്കള്‍ ജനകീയമാക്കിയാല്‍ ദശാംശം ഭരണഘടന വിരുദ്ധമല്ലെന്നാണ് എന്റെ അഭിപ്രായം. ഇവിടെ പ്രശ്നം കാനോന്‍ നിയമം അനുസരിക്കുന്ന ഒരു വിദേശരാജ്യത്തിന്റെ അഭ്യര്‍ഥനയാണ്. ദശാംശം ശേഖരിച്ചാല്‍ എല്ലാ മതങ്ങള്‍ക്കും പ്രയോജനവും ലഭിക്കണം. അധികം ശേഖരിക്കുന്ന പണം സഭയിലെ ദളിതര്‍ക്ക് ചിലവാക്കണം.

    അല്മെനിക്കും ജനകീയമായ രീതിയില്‍ സഭാസ്വത്തുക്കളില്‍ ക്രയവിക്രയ അവകാശം കൊടുത്തുകൊണ്ട് കൃഷ്ണയ്യരുടെ ചര്ച്ആക്റ്റ് ഒന്നുകൂടി ഭേദഗതി വരുത്തി അവതരിപ്പിക്കെണ്ടാതായും ഉണ്ട്. ഇങ്ങനെ ജനപങ്കാളിത്ത വ്യവസ്ഥയില്‍
    സര്‍വ്വജനങ്ങള്‍ക്കും ഗുണപ്രദമായ രീതിയില്‍ സഭ മുമ്പോട്ട്‌ പോകുന്നപക്ഷം, ചര്ച്ച് ആക്റ്റും പാസായാല്‍ ദശാംശം അനുവദിക്കുകയായിരിക്കും ഉത്തമം. ഒരു പുരോഹിതനെപ്പോലും പണത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുവാന്‍ അനുവദിക്കുകയുമരുത്.

    സഭസ്വത്തുക്കള്‍ ഭരണഘടനയുടെ അധികാരത്തില്‍ കൊണ്ടുവന്നാല്‍ സര്‍ക്കാരിനു ഇരട്ടനികുതിയില്‍ പൌരനു ഇളവും നല്‍കാം. അധികം ലഭിക്കുന്ന വരുമാനം ക്രിസ്ത്യന്‍ ദളിതപുരോഗതിക്കെന്നു വ്യവസ്ഥയും ചെയ്യണം.

    ReplyDelete
  4. ദശാംശം ആവശ്യപ്പെട്ടാല്‍ ഭൂരിപക്ഷം പേരും നല്കുമെന്നും എതിര്‍പ്പുള്ളവര്‍ സഭവിട്ടു പോയ്‌ക്കൊള്ളുമെന്നും അതു നല്ല കാര്യമെന്നും ആണ് സഭാധികാരികള്‍ ചിന്തിക്കുന്നത്. കത്തോലിക്കാസഭാ നവീകരണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ ഇതര സഭകള്‍ വിരിക്കുന്ന വലകളില്‍ വീണു പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

    ReplyDelete
  5. കൊട്ടൂരിനും പൂത്രുക്കയ്ച്കും സെഫിയ്കും വിലപിടിച്ച അഭിഭാഷകരെ നല്‍കാനും
    വിശുദ്ധ സെഫിയെ വ്യാജ പാസ്പോര്‍ട്ടില്‍ വിദേശത്ത് കൊണ്ട് പോയി കന്യാചര്‍മം
    ഫിറ്റു ചെയ്യാനും പണം എവിടെ നിന്ന് ?

    ReplyDelete
  6. Money is the root of all evil. The numerous cases of priests stealing from the collection box (as evidenced by prosecutions in the U.S.), of priests indulging in pedophilia, etc., are proof of this. Priests should earn a living by the sweat of their brow like everyone else. The priesthood should be their vocation, a full time job their avocation. They should not behave like politicians who squeeze the lifeblood out of the people. Jesus condemned the priestly class for imposing burdens on their followers, burdens that they themselves would not bear. The Catholic hierarchy seems to follow the same custom. "Do whatever we say (even if what they say is not commanded by God), or else you will go to hell." Scared of such threats, most of their flock follow them like lambs led to the slaughter.
    DO NOT SUCCUMB TO THEIR DEMANDS FOR MONEY. WORSHIP GOD IN SPIRIT AND IN TRUTH.

    ReplyDelete