Translate

Thursday, July 26, 2012

ജ്ഞാനസ്‌നാനം

                                         സാമുവല്‍ കൂടല്‍ , കലഞ്ഞൂര്‍

1. സകലവുമറിയുമൊരറിവായി നീയെന്നുളളില്‍
നിറഞ്ഞിരിക്കുന്നുവെന്നേ അറിയേണ്ടു ഞാന്‍ ;
സകലവുമറിയും നീ നിജ നിത്യചൈതന്യമായ്
നിറഞ്ഞുനില്ക്കുമെന്‍ ജീവന്‍ അമൃതനുമായ്!
2.   അറിവിനെ അറിയുവാന്‍ മനസ്സിനെ ഉണര്‍ത്തുമെന്‍
     ഉണര്‍ത്തുപാട്ടായ് ഉളളില്‍ മരുവുവോനേ,
     ഉണരുമെന്‍ മനസ്സിലായ് ഉദിക്കുമീ കദനങ്ങള്‍
     ഉരുക്കി ആനന്ദമന്നാ പൊഴിക്കുവോന്‍ നീ!
3. മനസ്സുതന്‍ വാസനയാം കരുക്കളില്‍ മെനയുമീ
സുഖദുഃഖമെന്നും മായ; മനസ്സു നിത്യം!
മനസ്സിനു ജീവന്‍ നല്‍കി പുലര്‍ത്തുമെന്‍ ചൈതന്യമേ,
മനസ്സു മെനഞ്ഞ നിന്നില്‍ ലയിക്കും മനം.
4.  മനസ്സ് നിന്നിന്‍ ലയിച്ചാല്‍ ‘അഹം’ പോയി, നീയായി ഞാന്‍ !
    'അഹംബ്രഹ്മം” എന്ന സൂക്തം മനസ്സുപാടും!
    'തത്ത്വമസി’ എന്നുമെന്നില്‍ നാദബ്രഹ്മമായി മേവും,
    വചനം ജഡമായോനേ,’ ഞാന്‍ നിന്‍ ‘വചനം’!
5. വചനമുണരുന്നത് മനസ്സില്‍ നിന്നതു സത്യം,
വചനമുള്‍കൊളളുവോനും മനസ്സുമാത്രം;
വചനമാം’ തിരുനാവില്‍ ഒഴുകിയ സ്‌നേഹമാകും
നദിയതില്‍ സ്‌നാനം ചെയ്യാന്‍ കൊതിച്ചെന്‍ മനം
6.  സ്‌നേഹനദീ പുളിനത്തില്‍ ജ്ഞാനസ്‌നാനം ചെയ്തഹമേ
    നീയെന്നറിഞ്ഞാനന്ദിപ്പോന്‍ അമൃതനെന്നും!
    സുഖദുഃഖ വിചാരങ്ങള്‍ , ശത്രുമിത്ര ബന്ധം പോയി;
    ജനനമരണമില്ലാതലിയും നിന്നില്‍ !

No comments:

Post a Comment