Translate

Friday, July 20, 2012

''ആത്മാവിനെ മാറ്റിനിര്‍ത്തിക്കൊണ്ട് നവീകരണം സാധ്യമല്ല''


- ഫാ. കെറ്റി. ജയിംസ് OFM (Cap), 
അസ്സീസി ഗ്രാമാശ്രം, അഗളി-678581

സത്യജ്വാല മാസിക 2012 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച എഴുത്തുകുത്തു സല്ലാപത്തില്‍നിന്ന്
സ്‌നേഹപൂര്‍വ്വം അയച്ച 'സത്യജ്വാല' യഥാസമയം കിട്ടി. അടിസ്ഥാനത്തോട് വിശ്വസ്തത പുലര്‍ത്തുന്ന നവീകരണം കാലത്തിന്റെ ആവശ്യമാണ്. അത് എങ്ങനെ നിര്‍വ്വഹിക്കും? ആര് അതിനു നേതൃത്വം നല്‍കും? ആരൊക്കെ സഹകരിക്കും? എഴുതാന്‍ കഴിവും പറയാന്‍ നാക്കും വിശ്വാസികളെ ഒന്നിച്ചുകൂട്ടാന്‍ സാമര്‍ത്ഥ്യവും ഉള്ളതുകൊണ്ടു മാത്രം സ്ഥായിയായ നവീകരണം നാമ്പെടുക്കുമെന്ന് എനിക്കു വിശ്വാസമില്ല. ഇവിടെയാണ് ആത്മാവിന്റെ ഇടപെടലും സ്വാധീനവും സഹായവും ആവശ്യമായിരിക്കുന്നത്............ ആത്മാവിനെ മാറ്റിനിര്‍ത്തിക്കൊണ്ട് നവീകരണം സാധിക്കുമെന്ന് എനിക്കു വിശ്വാസമില്ല. ആത്മാവിന്റെ പ്രചോദനത്തിനും പ്രേരണയ്ക്കും കീഴ്‌പ്പെട്ടുകൊണ്ട് നവീകരണപ്രസ്ഥാനം മുമ്പോട്ടു പോകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. 


- 'നീതിക്കുവേണ്ടി പാടുപെടുന്നവര്‍ ഭാഗ്യവാന്മാര്‍' എന്ന് യേശു പറയുമ്പോള്‍ ആത്മാവിന്റെ ഇടപെടലിനെപ്പറ്റി പ്രത്യേകമൊന്നും എടുത്തുപറഞ്ഞു കാണുന്നില്ലല്ലോ. ഓരോരുത്തരുടേയും ഉള്ളിലും ആകമാനവും നിറഞ്ഞു നില്‍ക്കുന്നത് അത്മാവായിരിക്കേ, ആ വാക്കെപ്പോഴും എടുത്തു പ്രയാഗിക്കേണ്ട ആവശ്യമില്ലാഞ്ഞിട്ടാകാം, അങ്ങനെ എന്നു കരുതുന്നു.
ഒരുവന്‍, സര്‍വ്വതുംതമ്മിലുള്ള ആന്തരികബന്ധത്തെക്കുറിച്ചുള്ള അവബോധത്തിലായിരിക്കുമ്പോള്‍, അയാളില്‍ തന്‍കാര്യവ്യഗ്രതയ്ക്കുപകരം പരാര്‍ത്ഥതാഭാവം കൈവരുന്നു. അതല്ലേ ആത്മീയത? അതിന്റെ പ്രചോദനത്തില്‍, സ്വന്തം നേട്ടം നോക്കാതെ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ അവനു കഴിയുന്നു. ...എത്ര എളിയ രീതിയിലാണെങ്കിലും അങ്ങനെയൊരു പ്രചോദനമാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഈ മാസികയ്ക്കും അടിസ്ഥാനമെന്നാണ് ഞങ്ങളുടെ വിചാരം.


എഡിറ്റര്‍, 'സത്യജ്വാല' 

No comments:

Post a Comment