Translate

Thursday, July 12, 2012

സീസറിന്റെ ഭാര്യയും ക്നാനായ വൈദികരും

കേരളത്തില്‍ നിന്നും ഒരു ക്നാനായ പുരോഹിതനെ മൂലെക്കാട്ടു തിരുമേനി അമേരിക്കയിലേക്ക്  ഷിപ്പ് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ക്നാനായക്കാര്‍ കഴിയുന്നതും ജാഗ്രതയായിരിക്കുക.. പേര് പ്രസിദ്ധപ്പെടുത്തുന്നില്ല. സീറോ മലബാറിലെ ഇത്തരം കുറുക്കന്മാരുടെ പേരുകളും ഇവിടെ ലഭിച്ചിട്ടുണ്ട്. ക്നായി വിശേഷങ്ങള്‍ ബ്ലോഗില്‍ നിന്നും അലക്സ് കണിയാംപറമ്പില്‍ വക  രസകരമായ ലേഖനം ഇവിടെ വായാനക്കാര്ക്കായി അവതരിപ്പിക്കുന്നു.(Posted here by: Joseph Padannamakkel)


റോമാസാമ്രാജ്യത്തിലെ ഏറ്റവും ശക്തനെന്നു നിസ്സംശയം പറയാവുന്ന മഹാനാണ് ജൂലിയസ് സീസര്‍. ക്രിസ്തു ജനിക്കുന്നതിന് നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ജനിച്ച ഇദ്ദേഹത്തെ അന്പത്തിയാറാമത്തെ വയസ്സില്‍, താന്‍ പുത്രതുല്യം സ്നേഹിച്ചിരുന്ന ബ്രുട്ടസ് കുത്തികൊല്ലുകയായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് റോമാസാമ്രാജ്യം ചോദ്യം ചെയ്യാപ്പെടാത്ത ശക്തിയായിരുന്നു. ബ്രിട്ടനെ ജൂലയിസ്‌ സീസര്‍ കീഴടക്കിയതിനെക്കുറിച്ചു അദ്ദേഹം പറഞ്ഞ അതിപ്രശസ്തമായ വാചകമാണ്, “ഞാന്‍ ചെന്നു; കണ്ടു; കീഴടക്കി” (Veni, vidi, vici - I came, I saw, I conquered) എന്നത്.

ആദ്യഭാര്യയുടെ മരണശേഷം സീസറിന്റെ സഹധര്‍മ്മിണി ആയിരുന്നു പോമ്പീ. (Pompei). ഈ ഭാര്യയുമായുള്ള ബന്ധം സീസര്‍ പിന്നീട് വിടര്ത്തുകയുണ്ടായി. വിവാഹമോചനത്തിന്റെ കഥ ഇങ്ങനെയാണ്.

ബോണാ ദേയാ (Bona Deya – Good Goddess) എന്ന പെരുന്നാളിനോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് മാത്രമായി പോമ്പീ ഒരു വിരുന്നു സല്‍ക്കാരം നടത്തി. ഈ വിരുന്നില്‍ ഒരു യുവാവ് സ്ത്രീയുടെ പ്രച്ഛന്നവേഷത്തില്‍ പങ്കെടുത്തു. ഇത് നാട്ടില്‍ പാട്ടാകുകയും, പ്രസ്തുത യുവാവ് പോമ്പീയുടെ ജാരനാണെന്ന് ജനസംസാരം ഉണ്ടാവുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് സീസര്‍ വിവാഹബന്ധം വിടര്ത്തുന്നത്.

വെറും ഒരു സംശയത്തിന്റെ പേരില്‍ വിവാഹബന്ധം വിഛേദിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് സീസര്‍ ഏറെ പ്രസിദ്ധമായ ഒരു മറുപടി കൊടുത്തു: സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീത ആയിരിക്കണം!” (Caesar's wife must be above suspicion).

ക്രിസ്തു ജനിക്കുന്നതിനു മുമ്പേ ഒരാള്‍ പറഞ്ഞ വാചകമാണിത്. പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ സ്വഭാവശുദ്ധി ഉള്ളവരായിരിക്കണം; അവരുടെ കുടുംബാംഗങ്ങള്‍ പോലും അങ്ങിനെ ആയിരിക്കണം. കാലം മാറി. ഇന്ന് സ്വഭാവശുദ്ധി ഉള്ളവര്‍ മാത്രമേ പൊതുരംഗത്ത്‌ വരാവൂ എന്ന് ശാട്യം പിടിച്ചാല്‍ നമ്മുടെ നിയമനിര്‍മ്മാണസഭകള്‍ കാലിയാകും.

നിയമനിര്‍മ്മാണശാലകള്‍ പോലെയല്ലല്ലോ നമ്മുടെ അരമനകളും പള്ളിമേടകളും.

ബില്‍ ക്ലിന്റണ്‍ന്റെ സ്വഭാവദൂഷ്യം അമേരിക്കന്‍ സമൂഹത്തെ ആഴത്തില്‍ ബാധിച്ചില്ല. അപവാദത്തിനു ശേഷവും അദ്ദേഹം തന്റെ പദവിയ്ക്ക് ചേര്‍ന്ന കടമകള്‍ ഭംഗിയായി നിര്‍വഹിച്ചു; അദ്ദേഹം ഇന്നും സമാരാധ്യനായി കഴിയുന്നു.

എന്നാല്‍ ഒരു പുരോഹിതന്റെ കാര്യം വിഭിന്നമാണ്. പുരോഹിതന്‍ ആത്മീയശുശ്രൂഷകനാണ്; ജനത്തിന് മാതൃകയാകേണ്ടവനാണ്. നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ പേരും - എത്ര തെളിവ് ലഭിച്ചാലും - വൈദികരെ കണ്ണുമടച്ചു വിശ്വസിക്കാന്‍ തയ്യാറാകുന്നവരാന്. സ്വന്തം അനുഭവത്തില്‍ നിന്ന് മാത്രമാണ് അത്തരക്കാര്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുകയുള്ളൂ. ഈ പുരോഹിതര്‍ക്ക് ഇളംപ്രായത്തിലുള്ള കുട്ടികളുമായി അടുത്തിടപെടാന്‍ വളരെയേറെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇളംപ്രായത്തില്‍ ചെറിയ കുട്ടികള്‍ക്ക് ഉണ്ടാകുന്ന തിക്താനുഭവങ്ങള്‍, ഒരിക്കലും മായിക്കാനാവാത്ത ആന്തരികക്ഷതങ്ങളാണ് അവര്‍ക്ക് നല്‍കുന്നത്.

ഇതേക്കുറിച്ച് ചാക്കോ കളരിക്കല്‍ രചിച്ച “ലൈംഗികതയും പൌരോഹിത്യവും” എന്ന പുസ്തകത്തില്‍ പറയുന്നത് എന്താണെന്ന് നോക്കാം:

"ലൈംഗികദുരുപയോഗത്തിനു വിധേയരാകുന്നതിന്റെ ഫലമായി കുട്ടികള്‍ക്ക് പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പീഡനവിധേയരാകുന്നവന്‍ ഭയവും ലജ്ജയും കുറ്റബോധവും കൊണ്ടു വീര്‍പ്പുമുട്ടി ജീവിതം തുടരേണ്ടിവരുന്നു. കുമ്പസാരിക്കാന്‍ ചെന്നാല്‍ തന്നെ അടിമയാക്കി യിരിക്കുന്ന ബാലപീഡകനാരെന്നു പുറത്തു പറയുന്നത് മാരകപാപമാകുമെന്ന ഭീഷണി. താന്‍ സമൂഹത്തില്‍നിന്ന് പുറംതള്ളപ്പെട്ടവനും ആത്മാര്‍ഥതയില്ലാത്തവനും കലഹമുണ്ടാക്കുന്നവനും ധനമോഹിയും വ്യാജവാഗ്ദാനങ്ങള്‍ നല്കുന്നവനും ഒക്കെയാണെന്ന തോന്നല്‍ അവനില്‍ ശക്തമാണ്. കുറ്റബോധം, സ്വയം കുറ്റപ്പെടുത്തല്‍, പേടി സ്വപ്നങ്ങള്‍, ഉറക്കമില്ലായ്മ (insomnia), ലൈംഗിക ദൗര്‍ബല്യം, വിട്ടുമാറാത്ത ഓര്‍മകള്‍ (flashback), വിട്ടുമാറാത്ത വേദനകള്‍, സ്വയം മുറിപ്പെടുത്തല്‍, ആത്മഹത്യാപ്രവണത, വൈകാരികാഘാതത്തെത്തുടര്‍ന്നുണ്ടാകുന്ന സമ്മര്‍ദ്ദം (post traumatic stress disorder), ഉത്കണ്ഠ, മാനസികരോഗം, വ്യക്തിത്വത്തകര്‍ച്ച എന്നിവ ചിലതു മാത്രം. ഒരു ബാലപീഡകന്‍ ഒരു കുട്ടിയെ ദുരുപയോഗിക്കുമ്പോള്‍ ആ കുട്ടിയുടെ മനോലൈംഗികവികാസം ശിഥിലമാകുകയാണ്. യാതൊരു തരത്തിലുമുള്ള മരുന്നുകള്‍ക്കും ചികിത്സകള്‍ക്കും ഭേദപ്പെടുത്താനാവില്ലാത്ത തകരാറാണത്."

ക്നാനായ സമുദായത്തിലെ വൈദികരുടെയിടയില്‍ ചീത്തപ്പേര് കേള്‍പ്പിച്ച അനേകം പേരുണ്ട്. പലതും അടുത്ത കാലംവരെ അടക്കിപിടിച്ച സംസാരം മാത്രമായിരുന്നു. ഈയടുത്തകാലത്തായിട്ടാണ് കഥകള്‍ പൊതുജനശ്രദ്ധയില്‍ പെടാന്‍ തുടങ്ങിയത്. പണ്ട് ഒരു ഇടവകയില്‍ നിന്ന് മറ്റൊരു ഇടവകയിലെയ്ക്ക് സ്ഥലംമാറ്റകുപ്പയമാണിയിച്ചാല്‍ ഇത്തരം നാണക്കേടുകള്‍ ഒഴുവാകുമായിരുന്നു - പ്രശനം പരിഹാരമില്ലാതെ തുടരുമെങ്കിലും. ഇന്നത്തെ ഗതി അങ്ങനെയല്ല; ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വികസിച്ചപ്പോള്‍, മാലക്കല്ലില്‍ ഒരു സംഭവം ഉണ്ടായാല്‍ അത് കടുത്തുരുത്തിയിലോ കാലിഫോര്‍ണിയയിലോ എത്താന്‍ സെക്കണ്ടുകളുടെ കാലതാമസം പോലും ഉണ്ടാകുന്നില്ല.

എന്നിട്ടും നമ്മുടെ പിതാക്കന്മാര്‍ ഗൌരവത്തോടെ കാണേണ്ട ഈ പ്രശ്നത്തിനെ “സ്ഥലംമാറ്റകുപ്പായം” കൊണ്ടുതന്നെയാണ് പരിഹരിക്കാന്‍ ശ്രമിക്കുന്നത്. ഓട്ടകൊണ്ട് ഇരുട്ടടയ്ക്കുന്നത് പോലെ തന്നെ!

ഈ ഒരു കാര്യത്തിലെങ്കിലും അത്മേനി ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ. ഇത് നമ്മുടെ കുട്ടികളെയും അവരുടെ ജീവിതത്തെയും സാരമായി ബാധിക്കുന്ന വളരെ പ്രാധാന്യമര്‍ഹിക്കുന്ന, ഗുരുതരമായ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞ്, സ്വഭാവദൂഷ്യമുള്ള വൈദികര്‍ തങ്ങള്‍ക്കു സ്വീകാര്യരല്ല എന്ന് വ്യക്തമായി സഭാധികൃതരെ അറിയിക്കേണ്ടതുണ്ട്. അത്തരക്കാരെ പിന്‍വലിക്കാന്‍ പിതാക്കന്മാര്‍ വിമുഖത കാണിച്ചാല്‍ അവര്‍ ഇത്തരക്കാരുടെ അസന്മാര്‍ഗിക നടപടികളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നു തന്നെ കരുതണം; അങ്ങനെ പ്രചരിപ്പിച്ചു അവരെ നാണം കെടുത്തണം. ഇക്കാര്യത്തില്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറാകരുത്;

സീസറിന്റെ ഭാര്യ മാത്രമല്ല ആത്മീയശുശ്രൂഷകരും സംശയത്തിന് അതീതരായിരിക്കണം. ആയേ പറ്റൂ.

1 comment:

  1. CAESAR WAS A FOOL TO SAY SO.IF NOW HE WOULD NOT HAVE SAID AND DONE SO.
    IF ALL PRIESTS AND BISHOPS SHOULD BE FREE FROM ALL CORRUPTIONS, INIQUITIES AND SCANDALOUS ALLEGATIONS HOW MANY PRIESTS WILL BE THERE IN OUR COMMUNITY OR WORLD. IT WILL GO EXTINCT.

    ReplyDelete