Translate

Sunday, June 10, 2012

KCRM സെക്രട്ടറി എഴുതുന്നു


'അത്മായശബ്ദ'ത്തിന്റെ 'ക്വാളിറ്റി ഗ്രാഫ്' ഇക്കഴിഞ്ഞ ദിവസങ്ങളിലായി വല്ലാതെ താണുപോയി എന്നു തോന്നിയതുകൊണ്ട് എഴുതുകയാണ:

സഭയെ നേര്‍വഴിക്ക് നടത്തുകയെന്നത് സഭയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണ്; അവിടെ അല്മായനെന്നോ വൈദികനെന്നോ ഉള്ള വ്യത്യാസം ഇല്ല; ഉണ്ടാകരുത്. “തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ എത്രയെത്ര വേദികള്‍ നമുക്കുണ്ട്” എന്ന് കൂടെക്കൂടെ വീരസ്യം മുഴക്കുമെങ്കിലും സത്യത്തില്‍ അത്തരമൊരു വേദി കേരളത്തിലെ കത്തോലിക്കാസഭയിലില്ല എന്നതാണ് പരമാര്‍ത്ഥം.

ഈ വിടവ് നികത്തുക എന്ന എളിയ ലക്ഷ്യത്തോടെയാണ് പാലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനം അല്മായ ശബ്ദം എന്ന ബ്ലോഗ് ആരംഭിച്ചത്.

തുടക്കത്തില്‍ വളരെ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കുകയും, ഏറെ ജനശ്രദ്ധ പ്ടിച്ചുപറ്റുകയും ചെയ്തു. എന്നിരുന്നാലും ഈ വളരെയടുത്ത കാലത്തായി, നമ്മള്‍ ഈ ബ്ലോഗിന്റെ ഫോക്കസ് മറന്നു പോകുന്നുവോ എന്ന് ആശങ്ക തോന്നുന്നു.

തീര്‍ച്ചയായും വായനയും പാണ്ഡിത്യവും എഴുതാനുള്ള കഴിവും വളരെയുള്ളവരാണ് നമ്മുടെ ബ്ലോഗിലെ എല്ലാ 'കണ്‍ട്രിബ്യൂട്ടര്‍'മാരും.  എന്നാല്‍, യാഥാസ്ഥിതികത്വത്തില്‍നിന്നും അന്ധവിശ്വാസങ്ങളില്‍നിന്നും അജ്ഞതയില്‍നിന്നും കത്തോലിക്കാ വിശ്വാസിസമൂഹത്തെ വിമോചിപ്പിച്ച്് യേശുവിന്‍ സ്വാതന്ത്ര്യം പ്രാപിച്ചവരാക്കുക എന്ന ഉദാത്തലക്ഷ്യത്തോടെ നിലവില്‍ വന്ന ഒരു തുറന്ന ചര്‍ച്ചാവേദിക്ക്, വാസ്തവത്തില്‍, ഈ യോഗ്യതകള്‍മാത്രം പോരാ. പക്വതയും തുറന്ന മനസും ബുദ്ധിപരമായ സത്യസന്ധതയും  പരസ്പരാദരഭാവവുംകൂടി ഉണ്ടായാല്‍ മാത്രമേ അര്‍ത്ഥവത്തായ ആശയവിനിമയവും ആശയമുന്നേറ്റവും ഉണ്ടാകൂ. കാലഘട്ടം ആവശ്യപ്പെടുന്ന ആശയനിര്‍മ്മിതിതന്നെയാണ് നാം ലക്ഷ്യമിടുന്നത്. കാരണം, അത്തരം ആശയങ്ങളാണ് മാറ്റത്തിന്റെ കാറ്റായിവീശി മനുഷ്യമനസുകളെ ഇളക്കിമറിച്ചു നവീകരിക്കുന്നത്; യാഥാസ്ഥികത്വത്തിലുറഞ്ഞുപോയ സമൂഹത്തെ ഉണര്‍ത്തി നവചൈതന്യത്തിന്റെ ചോരയോട്ടമുണ്ടാക്കുന്നത്; സഭാഗാത്രത്തെ സജീവമാക്കുന്നത്.

പരന്ന അറിവുള്ള വളരെപ്പേരും സ്വന്തം സഭയുടെ കാര്യം വരുമ്പോള്‍, കുഞ്ഞുന്നാളില്‍ പഠിച്ച വേദപാഠത്തിന്റെ നിലവാരത്തില്‍ത്തന്നെ നില്‍ക്കുന്നത് ദയനീയമായ ഒരു കാഴ്ചയാണ്. കേട്ടുതഴമ്പിച്ച പുരോഹിതപാഠങ്ങള്‍തന്നെ ഏറ്റുചൊല്ലിയും, അവയെ എങ്ങനെയും ന്യായീകരിച്ചും, നിലവിലുള്ള സഭാസംവിധാനത്തെ താങ്ങിനിര്‍ത്തുന്നതാണ് ക്രൈസ്തവധര്‍മ്മം എന്നു ധരിച്ചുവശായിരിക്കുന്നു, ഏറെപ്പേരും. അല്ലായിരുന്നെങ്കില്‍, മനുഷ്യരെ ആദ്ധ്യാത്മികതയിലേക്കു നയിക്കാനുള്ള ദൈവവിളികേട്ട് ഇറങ്ങിത്തിരിച്ച്, സ്ഥാപനനടത്തിപ്പുകാരും ഭരണാധികാരികളുമായി വാഴുന്ന പുരോഹിത-കന്യാസ്ത്രീ സംവിധാനത്തെ ന്യായീകരിക്കാന്‍ ഒരു ഫാ.ഡാമിയനെയും ഒരു മദര്‍ തെരേസയെയും പൊക്കിയെടുത്ത് അവരുടെയെല്ലാം മുന്നില്‍ പ്രതിഷ്ഠിച്ച് കൃതകൃത്യരാകുമായിരുന്നില്ല, ആരും; തങ്ങളുടെ വഴിമാറിപ്പോയതിലും മേലധികാരികളുടെ കേവലം ആജ്ഞാനുസാരികളാകേണ്ടിവന്നതിലും വേദനിക്കുന്നവരും രക്ഷപെടാന്‍ വഴികാണാതെ നിരാശപ്പെടുന്നവരുമായ അനേകം വൈദികരുടെയും കന്യാസ്ത്രീകളുടെയും അമര്‍ത്തിയ തേങ്ങലുകള്‍ കേള്‍ക്കാനുള്ള ശേഷി ആര്‍ക്കും നഷ്ടപ്പെടുമായിരുന്നില്ല; കന്യാസ്തീകളെ പുരോഹിതര്‍ ലൈംഗികദാഹം തീര്‍ക്കുവാനുള്ള ഉപകരണമായി ഉപയോഗിക്കുന്നതിന്റെ അനുഭവങ്ങള്‍ ഉദാഹരണസഹിതം നിരത്തി കന്യാസ്ത്രീകള്‍തന്നെ എഴുതുമ്പോള്‍ ചങ്കുതകര്‍ന്നൊരു കവിത ഒരാള്‍ എഴുതിയാല്‍ അതിലാരും കന്യാസ്ത്രീനിന്ദനമാകുമായിരുന്നില്ല, കാണുക.

യാഥാസ്ഥിതിക- പുരോഹിതപക്ഷപാതമില്ലായിരുന്നെങ്കില്‍, യേശു ദരിദ്രര്‍ക്കും പാപികള്‍ക്കും വേണ്ടിയാണ് വന്നത് എന്ന വസ്തുതയെ ഒരു വാദമായി  അവതരിപ്പിച്ച്, അവരുടെ വിടുതല്‍ ലക്ഷ്യമിടുന്ന ദൈവരാജ്യസംസ്ഥാപനത്തിനായി യേശു പറഞ്ഞിട്ടുള്ള എല്ലാ വിമോചകസൂക്തങ്ങളെയും അവര്‍ കടപുഴക്കിയെറിയില്ലായിരുന്നു. ''ആദ്യം നിങ്ങള്‍ ദൈവത്തിന്റെ രാജ്യവും അവന്റെ നീതിയും അന്വേക്ഷിക്കുക. എങ്കില്‍  മറ്റുള്ളവയുംകൂടി നിങ്ങള്‍ക്കു ലഭിക്കും'', എന്നതാണ് യേശുവിന്റ മാര്‍ഗദര്‍ശനം. അതുചെയ്യാത്തിടത്തോളം, ദരിദ്രര്‍ക്കെന്നല്ല ആര്‍ക്കും ഭൗതികകാര്യങ്ങള്‍ വേണ്ടപോലെ നടന്നുകിട്ടുകയില്ലതന്നെ. ദൈവത്തിന്റെ രാജ്യം അന്വേഷിക്കുകയെന്നാല്‍, അവനവനില്‍നിന്നും അപരനിലേക്ക് മനസ്സ് വിടര്‍ത്തുകയും അവരുടെ കാര്യങ്ങളില്‍ ആകുലപ്പെടാനും പരിഹാരമാകാനുമുള്ള മനോഭാവം ഉണ്ടാകുകയും ചെയ്യുക എന്നാണ്. യേശുവിന്റെ ഉപദേശസാരംതന്നെ, ഈ പരാര്‍ത്ഥതാഭാവമാണ.് അതാണ് ആത്മീയതയും.  ഈ ആത്മീയതയില്‍, പങ്കുവയ്ക്കുന്ന സമൂഹം-ദൈവരാജ്യം-ഉണ്ടാകും; ദാരിദ്ര്യമകലും.

ഓരോരുത്തരിലും നിക്ഷിപ്തമായിരിക്കുന്ന ഈ ദിവ്യതയെ കണ്ടെത്തുന്നതിനെക്കുറിച്ചാണ്, 'മുട്ടുവിന്‍ തുറക്കപ്പെടും' എന്നും 'അന്വേഷിപ്പിന്‍ കണ്ടെത്തു'മെന്നുമൊക്കെ യേശു പറഞ്ഞിട്ടുള്ളത്. തീര്‍ച്ചയായും, ''ഞങ്ങള്‍ എന്തു തിന്നും, ഞങ്ങള്‍ എന്തു കുടിക്കും, ഞങ്ങള്‍ എന്ത് ഉടുക്കും' എന്നെല്ലാം പറഞ്ഞ് നിങ്ങള്‍ ആകുലരാകരുത്'' എന്നുപദേശിച്ച യേശു ഒരിക്കലും അവയ്‌ക്കെല്ലാം വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടുകയില്ലല്ലോ. ദൈവം  പ്രകൃതിയില്‍ എല്ലാം ഒരുക്കിവച്ചിട്ടുണ്ട്- പരാര്‍ത്ഥമനോഭാവത്തോടുകൂടി, വിവേകപൂര്‍വ്വം, പങ്കുവച്ചനുഭവിച്ച് ആനന്ദിച്ചാല്‍ മാത്രംമതി....അതിനുള്ള ഉള്‍ക്കാഴ്ച ഉണ്ടാകണമെങ്കില്‍, പുരോഹിതവേദപാഠങ്ങളെയെല്ലാം മറികടന്ന്, യേശുവചസ്സുകളെ മനനം ചെയ്തുള്‍കൊള്ളണം....

വിശ്വാസികളെയും വിശ്വാസിസമൂഹത്തെയും നവമായി രൂപാന്തരപ്പെടുത്താന്‍പോരുന്ന അത്തരം, മൗലികചിന്തകളാണ് 'അല്‍മായശബ്ദ'ത്തിലെ രചയിതാക്കളില്‍നിന്നും പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍, ഈ ചര്‍ച്ചാവേദി ഒരു കോലാഹലവേദിയായി മാറും. അല്ല, അതങ്ങനെ മാറിക്കഴിഞ്ഞു.  ഇതിനെ അപ്രകാരം മാറ്റിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും അകത്തും പുറത്തും ഉണ്ടാകാം. അവരെ മനസിലാക്കാന്‍ ഒരു വഴിയുണ്ട്- ആശയത്തെ വിട്ട് വ്യക്തികളെ കയറിപ്പിടിക്കുവാനുള്ള പ്രവണത കാട്ടുന്നുണ്ടോ എന്നു നോക്കിയാല്‍ മതി. വൃഥാവാചാലതയില്‍ അഭിരമിക്കാനുള്ള താത്പര്യം കാട്ടുന്നുണ്ടോഎന്നും നോക്കണം. അങ്ങനെയുള്ളവരോടുള്ള സംവാദങ്ങള്‍ ചൂടല്ലാതെ വെളിച്ചംപകരുകയില്ല എന്നു മനസിലാക്കി, തിരിച്ചു ബഹളംകൂട്ടാതിരിക്കുകയാവും വിവേകം. വ്യക്തിതേജോവധവും വാചാലമായ കൊച്ചുവര്‍ത്തമാനങ്ങളും ഒരു പരിധികഴിഞ്ഞാല്‍, ബ്ലോഗിന്റെ പ്രവേശനകവാടം അവര്‍ക്കെതിരെ  അടച്ചിടാനുള്ള വിവേകം, ഇതിന്റെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ കാണിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ ചെയ്യുന്നത് അവരോടു വിരോധമുള്ളതുകൊണ്ടല്ല; മറിച്ച്, ഈ ചര്‍ച്ചാവേദിയുടെ അന്തസ്സും സര്‍ഗ്ഗാത്മകതയും സംരക്ഷിക്കുന്നതിനാണ്.

സഭയുടെയും സമുദായത്തിന്റെയും കാര്യങ്ങളില്‍ സര്‍ഗ്ഗാത്മകചര്‍ച്ചയും സൃഷ്ടിപരമായ ആശയനിര്‍മ്മിതിയും നടത്തുക എന്ന 'അത്മായശബ്ദ'ം ബ്ലോഗിന്റെ നിലപാട്, KCRM-ന്റെ ആശയഗതികള്‍ ഉറപ്പിച്ചെടുക്കുക എന്ന ലക്ഷ്യംവച്ചുള്ളതല്ല എന്നും പറയട്ടെ. ഞങ്ങളുടെ ആശയഗതികള്‍ ഇതില്‍ ഇടുന്നത് അവയും തുറന്ന ചര്‍ച്ചയ്ക്കു വിധേയമാക്കപ്പെടണമെന്നും ആവശ്യമെങ്കില്‍ തിരുത്തപ്പെടണമെന്നുമുള്ള ഉദ്ദേശ്യത്തോടെയാണ്.

യേശുവിന്റെ ദര്‍ശനവെളിച്ചത്തില്‍ സഭ നവീകരിക്കപ്പെടണം. എങ്കിലേ, മരവിച്ചുകിടക്കുന്ന ഈ സമുദായത്തില്‍ നവചൈതന്യത്തിന്റെ ചോരയോട്ടമുണ്ടാകുകയും, സമൂഹം ഓജസുറ്റതാകുകയും ചെയ്യുകയുള്ളു. ഈ വിശാലലക്ഷ്യത്തോടെയാകട്ടെ, 'അത്മായശബ്ദം' ബ്ലോഗിലെ എല്ലാ രചനകളും കമന്റുകളും എന്ന് ആശിക്കുന്നു. അതിനായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

ജോര്‍ജ്ജ് മുലേച്ചാലില്‍
സെക്രട്ടറി, KCRM

1 comment:

  1. സമയോചിതമായ ഈ തിരുത്തലിന് ജോര്‍ജിനെ അനുമോദിക്കേണ്ടിയിരിക്കുന്നു. വെറും തരികിടയായിപ്പോയ അല്മായജീവിതത്തെ വര്‍ണ്ണശബളമാക്കുന്നതിന് മാത്രമല്ല, സാരസംപൂര്‍ണവുമാക്കുവാനാണല്ലോ നമ്മള്‍ ശ്രമിക്കുന്നത്. ജീവിതത്തെ വത്യസ്തമാക്കുന്നത് ദര്‍ശനങ്ങളാണ്. വെറും കാഴ്ചക്കാരും കേള്വിക്കാരുമായി ചുരുങ്ങരുത് എന്നാണ് അതിനര്‍ത്ഥം. യാഥാസ്ഥിതിക സഭയില്‍ എല്ലാംതന്നെ നമ്മെ മടുപ്പിക്കുന്നത് അതിനെ നയിക്കേണ്ടവരില്‍ ദര്‍ശനവെട്ടം അണഞ്ഞു പോകുമ്പോഴാണ്. ദര്‍ശനങ്ങള്‍ ജീവിതനുകങ്ങളുടെ ഭാരം വല്ലാതെ കുറയ്ക്കും. ആഴങ്ങളിലേയ്ക്ക് വലയെറിയാന്‍ കഴിയുന്നവര്‍ കടന്ന് വന്നാലേ ഇന്നത്തെ സ്ഥിതിഗതികള്‍ മാകറുകയുള്ളൂ. നിസ്സാരതകളില്‍ കുടുംങ്ങിപ്പോയാല്‍ , ഒരിക്കലും നാം ഇപ്പോഴത്തെ ദയനീയ അവസ്ഥയില്‍ നിന്ന് സമൂഹത്തെയോ സഭയെയോ പിടിച്ചുയര്‍ത്തുകയില്ല എന്ന് ഓര്‍മ്മിപ്പിച്ചതിനു ജോര്‍ജിന് നന്ദി. ഒരു കെട്ടിടത്തിലെ ഓരോ കല്ലിനും അതിന്റേതായ സ്ഥാനമുണ്ട്. അത് അവിടെ ഉറച്ചിരിക്കണം. തമ്മില്‍ തള്ളി (തല്ലി എന്നും വായിക്കാം) രസിച്ചുകൊണ്ടിരുന്നാല്‍ , ഭിത്തിക്ക് ഉറപ്പില്ലാതെ പോകും. സ്വന്തം മോടിക്കായിട്ടാണോ, മൊത്തം കെട്ടിടത്തിന്റെ ഉറപ്പിനായിട്ടാണോ താനവിടെ ഇരിക്കുന്നത് എന്ന് ഓരോ കല്ലും ശ്രദ്ധിച്ചുകൊണ്ടിരുന്നാല്‍ സാരാംശത്തില്‍ നിന്ന് നമ്മള്‍ തെന്നിപ്പോകാതിരിക്കും.

    ReplyDelete