Translate

Tuesday, June 5, 2012

യേശുവും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളും (തുടര്‍ച്ച)

യേശു കമ്മ്യൂണിസ്റ്റോ?
അദ്ദേഹം ഒരു വിപ്ലവകാരിയെന്നു ചിന്തിക്കുവാന്‍ സാധിക്കുമായിരിക്കും. എന്നാല്‍ യേശുവിന്റെതു അക്രമ രഹിതമായ ഒരു വിപ്ലവമായിരുന്നു. അവിടുത്തെ വിപ്ലവം അന്നത്തെ ജനതയുടെ സമൂല ചിന്താഗതിക്ക് മാറ്റം വരുത്തുന്നതായിരുന്നു. തികച്ചും വിശാല മനസ്ക്കതയോടെ, നവീകരണ ചിന്തയോടെ മാറ്റത്തിനായി  നിലകൊണ്ട ഒരു യുവാവിന്റെ ശബ്ദം   അന്നു ജെരുസ്ലെമില്‍ മുഴങ്ങി. പട്ടാളമോ ആയുധമോ ഇല്ലാത്ത ഒരു വിപ്ലവം. പുത്തനായ യുഗത്തിനായി  മുക്കവ കുടിലിലെ യുവാക്കള്‍ക്ക്  നേതൃത്വം നല്‍കി. മാനുഷിക ചിന്തയോടെ സ്നേഹത്തെയും ക്ഷമിക്കുവാനുള്ള  തത്വങ്ങളെയും ജനഹൃദയങ്ങളില്‍ അര്‍പ്പിച്ചുകൊണ്ട് യേശുവിന്റെ ദൌത്യം അവിടെ നിര്‍വഹിച്ചു.സമത്വം വിഭാവന ചെയ്ത ഒരു കാഴ്ച്ചപ്പാടായിരുന്നു  യേശുവില്‍ അന്നു ജനം ദര്ശിച്ചത് .

യേശു ഭൌതിക സ്വത്തുക്കള്‍ സമ്പാദിക്കുന്നതില്‍ എതിരായിരുന്നു. ദരിദ്രര്‍ ഭൂമിയില്‍ എന്തിനെന്നു ചോദിച്ചപ്പോള്‍ അന്നു  പറഞ്ഞ മറുപടി  സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതെന്നയിരുന്നു. കണ്ണിനു കണ്ണെന്നുള്ള മോശയുടെ അന്ധമായ പ്രമാണത്തെ ന്യായികരിച്ചില്ല. തുറന്ന ഹൃദയവും തെളിവാര്‍ന്ന കാഴ്ച്ചപ്പാടുമായിരുന്നു യേശുവിന്റെ പ്രമാണം.

എന്തുകൊണ്ട് യേശുവിനെ കമ്മ്യൂണിസ്റ്റ് ആക്കി. :
 അമിത പലിശക്കാരെയും ചൂതുകളിക്കാരെയും യേശു ദേവാലയത്തില്‍നിന്നു പുറത്താക്കി. പരിശുദ്ധ ദേവാലയം കൊള്ളക്കാര്‍ക്കും കള്ളന്മാര്‍ക്കുമുള്ളതല്ലെന്നു അദ്ദേഹം പ്രഖ്യാപിച്ചു. ഇവര്‍ കൂടുതലും നികുതി വെട്ടിപ്പുകാര്‍ ആയിരുന്നു.  അന്നത്തെ രാജ്യ ഭരണാധികാരികള്‍ ഇവരുടെ വ്യക്തിപരമായ  കച്ചവടങ്ങളെ( laissez-faire economy) തടസ്സപ്പെടുത്തിയിരുന്നുമില്ല.

ധനികന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതു ഒട്ടകം
സൂചിക്കുഴലില്‍ക്കൂടിയെന്നുള്ള ഉപമയും
 മുതലാളിത്വത്തിനെതിരെയുള്ള ശബ്ദമായിരുന്നു. നിനക്കുള്ളതില്‍നിന്നും മറ്റുള്ളവര്‍ക്കും ദാനം ചെയ്താല്‍ സ്വര്‍ഗത്തില്‍ നീ എണ്ണപ്പെടുമെന്നും യേശു പറഞ്ഞു. ഇതു സമത്വ ഭാവനയായ സോഷ്യലിസത്തിന്റെ ഒരു ഉദയമായിരുന്നു.

 യേശു പറഞ്ഞു നീ പരിപൂര്‍ണ്ണനെങ്കില്‍ നിനക്കുള്ളതു വിറ്റു ദരിദ്രര്‍ക്ക് ദാനം ചെയ്യൂ. (Matthew 19:21) അങ്ങനെയെങ്കില്‍ എന്നെ അനുഗാമിച്ചാലും. ധനികര്‍ക്ക് ദുര്‍ഗതിഎന്ന് നാശകാലത്തെപ്പറ്റി പ്രവചിച്ചുകൊണ്ട് മുന്നറിയുപ്പും നല്‍കി. 

നിനക്കു ലഭിക്കുവാനുള്ള കടം പൊറുത്താല്‍ നിന്റെ കടങ്ങള്‍ അന്യരും നിന്നോടു പൊറുക്കും. കടംകൊണ്ടു വലയുന്ന ദരിദ്രര്‍ക്ക് ഒരു മുക്തിയായിരുന്നു യേശുവിന്റെ ഈ നീക്കം. അന്നന്നുള്ള അപ്പം ഞങ്ങള്‍ക്ക് തരണമെയെന്നുള്ളത് ജീവിക്കുവാന്‍ വേണ്ടിയുള്ള ഒരു അവകാശ സമരമായിരുന്നു.

 പര്‍വതങ്ങള്‍ താഴും, താഴ്വരകള്‍ ഉയര്‍ത്തപ്പെടും. ഇതു പ്രകൃതിയോടുള്ള ഒരു വെല്ലുവിളിയായിരുന്നു. അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കുമുള്ള ഒരു സന്ദേശം.

അങ്ങനെ ആദിമ ക്രിസ്ത്യാനികളുടെ ഇടയില്‍ കാര്‍ഷിക സംഘടനകള്‍ക്കും രൂപമേറി. യേശു ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവരെയും വിധവകളെയും, സമൂഹം ഒറ്റപ്പെടുത്തുന്ന വേശ്യകളെയും, കുഷ്ടരോഗികളെയും സ്നേഹിച്ചു. അവര്‍ക്ക് ആരോഗ്യ രക്ഷകളും നല്‍കി.  ചോദിക്കൂ, നല്‍കപ്പെടും. അന്വേഷിക്കൂ കണ്ടെത്തും, മുട്ടുവിന്‍ തുറക്കപ്പെടും. ഈ മലയിലെ വാഗ്ദാനങ്ങള്‍ പാവങ്ങള്‍ക്കുള്ള ഒരു അംഗീകാരമായിരുന്നു.

 വസ്ത്രം ചോദിക്കുന്നവന് നിന്റെ മേലങ്കിയും ഊരികൊടുക്കുക. നിന്നോടു ഒരു കാതം നടക്കുവാന്‍ കല്പ്പിക്കുന്നവന് രണ്ടു കാതം നടന്നു മാത്രുകയാകുക. ഇന്നത്തെ കാലഘട്ടത്തില്‍ നിരാശരായ കമ്യൂണിസ്റ്റ്കാര്‍ പിടിച്ചു പറിക്കാരായി  ജനദ്രോഹം ചെയ്യുന്നു എന്നുള്ളതും ദുഖകരമായ വസ്തുതയാണ്.

യേശു സ്റ്റലിനീസ്റ്റോ?
പുതിയ നിയമത്തില്‍ യേശുവിനെ മുതലാളിത്ത  വ്യവസ്ഥിതിയില്‍ ചിത്രീകരിച്ചു  ഏറെയൊന്നും കാണുന്നില്ല. എന്നാല്‍ ആദിമ ക്രിസ്ത്യന് സഭയുടെ കമ്മ്യൂണിസ്റ്റ്  ചിന്താഗതികളോടെയുള്ള  രണ്ടു വചനങ്ങള്‍ അപ്പോസ്തോലിക്കാ പ്രവര്‍ത്തനങ്ങളില്‍ കാണാം.

" വിശ്വസിച്ചവര്‍ എല്ലാവരും ഒരു സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റു ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു."(Acts 2:44-45) അന്നു കൂട്ടായ്മയില്‍ വന്ന ആദിമസഭ തങ്ങളുടെ വസ്തുവകകള്‍ വിറ്റു അപ്പോസ്തോല്മാരുടെ കാല്‍ക്കല്‍ വെക്കുകയും പിന്നീട് തുല്യമായി പങ്കിടുകയും ചെയ്തു. ബര്നാബാസ് എന്നു പേരുള്ള സയിപ്രസ്കാരന്‍ ജോസഫ് തന്റെ  അധീനതയില്‍ ഉണ്ടായിരുന്ന ഒരു വയല്‍വിറ്റു കിട്ടിയ പണം അപ്പോസ്തോല്‍മാരുടെ കാല്‍ക്കല്‍ വെച്ചു. (Acts 4:34-37) ഇതു തന്നെയല്ലേ കാറല്‍ മാര്‍ക്സ് പറഞ്ഞതും.

പുതിയ നിയമത്തില്‍ രസകരമായ മറ്റൊരു വചനവുമുണ്ട്. അനനിയാസ്, സഫിറാ ദമ്പതികളുടെ കഥയാണ്. അവരും വസ്തുവകകള്‍ വിറ്റു.  സ്വന്തം വസ്തുക്കളില്‍നിന്നും വിറ്റ പണത്തില്‍ ഏറെ അപ്പസ്തോല സമൂഹത്തിനു കൊടുക്കുകയും ഒരു വീതം സ്വന്തം ആവശ്യത്തിനായി കരുതുകയും ചെയ്തു. വിറ്റ സ്വത്തിന്മേല്‍ സ്വന്തമായി പണം ‍ സൂക്ഷിച്ചത് പീറ്ററിനെ കുപിതനാക്കി. ഇതു  ദമ്പതികളുമായി വാക്കു തര്‍ക്കത്തിലായി. ഉടന്‍തന്നെ പീറ്ററിന്റെ ശാപത്താല്‍ ഈ ദമ്പതികള്‍ മരിച്ചു വീണു. ബൂര്‍ഷാ മുതലാളിമാരെ കൊന്നു സ്വത്ത് പൊതു സമൂഹം അപഹരിക്കുന്നത് കമ്യൂണിസമല്ല. ഇതു  നക്സല്‍ബാരിസമോ സ്റ്റലിനീസമോയെന്നു പറയാം.

കമ്മ്യൂണിസത്തിന്റെ പിതാവ് യേശുവോ കാറല്‍ മാര്‍ക്സോ?
യേശുവിനെ കമ്മ്യൂണിസ്റ്റ് ആക്കുന്നവര്‍ യേശുവിന്റെ കാലങ്ങളില്‍  എന്ത് കമ്മ്യൂണിസം നിലവിലുണ്ടായിരുന്നെന്നു വ്യക്തമായ ഒരു ഉത്തരം നല്‍കുന്നില്ല. യേശുവിനു ആയിരത്തി തൊള്ളായിരം വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു  കമ്മ്യൂണിണിസം ജനിച്ചതും.ഇന്നത്തെ വ്യവസ്ഥിതിക്കും സഹസ്രാബ്ധത്തിനു മുമ്പുള്ള വ്യവസ്ഥിതിക്കും സമാനതകള്‍ കാണാം. അതുപോലെ കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി യേശു പറഞ്ഞതും യോജിച്ചെന്നിരിക്കും.  ഇവകള്‍ യേശുവിനെ ഒരു സംഘടിത പ്രവര്‍ത്തനത്തിന്റെ നേതാവായി കണക്കാക്കുവാന്‍ സാധിക്കുകയില്ല. 

പ്രപഞ്ച രഹസ്യങ്ങളിലും പ്രപഞ്ചത്തിലെ വസ്തുതകളിലും കമ്മ്യൂണിസം വിശ്വസിക്കുന്നു. ദൈവം എന്നതു കമ്മ്യൂണിസത്തില്‍ കാര്‍മേഘങ്ങള്‍ പോലുള്ള ഭാവനകളും. ദൈവമില്ലാത്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍  യേശു എങ്ങനെ കമ്മ്യൂണിസ്റ്റാകും. കമ്മ്യൂണിസത്തില്‍ തെറ്റും ശരിയുമെന്തെന്നു ഒരു അതിര്‍ത്തി നിശ്ചയിട്ടില്ല. കമ്മ്യൂണിണിസത്തില്‍ കുറച്ചു ശരിയും കൂടുതല്‍ തെറ്റുകളുമുണ്ടെങ്കിലും തെറ്റിനെയും ന്യായികരിക്കും. ഈ തെറ്റുകളും രാഷ്ട്രത്തിന്റെ വളര്‍ച്ചക്ക് ആവശ്യമെന്നും ജനങ്ങളെ തെറ്റിധരിപ്പിക്കും.

എന്നാല്‍ ക്രിസ്തുമതം പരമമായ സത്യവും മിഥ്യയും വിശ്വസിക്കുന്നു. കമ്മ്യൂണിസ്റ്റു പ്രത്യേയ ശാസ്ത്രം  മതനിന്ദ നിറഞ്ഞതാണ്‌.  കാറല്‍ മാര്‍ക്സും ലെനിനും കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയില്‍ മതത്തിന് എതിരായി സംസാരിച്ചു. അവിടെ യേശു കമ്യൂണിസ്റ്റാണെന്ന് പറയുന്നതും തികച്ചും പരിഹാസിക ജനകമാണ്.

അങ്ങനെയുള്ള ഒരു അവകാശവാദം ഇന്നത്തെ ലോകവ്യവസ്ഥയെ രണ്ടായിരം കൊല്ലങ്ങള്‍ക്ക് മുമ്പിലേക്ക് പുറം തള്ളുകയാണ്. ചുരുക്കി പറഞ്ഞാല്‍ യേശുവും കമ്മ്യൂണിസവും തമ്മിലുള്ള വെറും ഒരു അജ്ഞതയെന്നു പറയാം.

കമ്മ്യൂണിസ്റ്റെന്നു പറയുന്നത് ഇന്നു മോശ മായി വണ്ടി ഓടിക്കുന്ന ഒരു  ഡ്രൈവറുമായി ഉപമിക്കുന്നതിനു തുല്യമാണ്.സത്യം എന്തെന്നാല്‍ അക്കാലത്ത് വണ്ടികള്‍ കണ്ടു പിടിച്ചിട്ടില്ല. യേശു അങ്ങനെ ഒരു മോശം ഡ്രൈവര്‍ ആകുവാനും കഴിയുകയില്ല. യേശുവിന്റെ കാലത്തു കമ്മ്യൂണിസം ഉദയം ചെയ്തിട്ടുമില്ല. ആ സ്ഥിതിക്ക് യേശുവിനു കമ്മ്യൂണിസ്റ്റ്കാരന്‍ ആകുവാന്‍ കഴിയുകയില്ല.
 
കമ്മ്യൂണിസം തികച്ചും പരാജയപ്പെട്ട ഒരു തത്വസംഹിതയാണ്‌. ഏതാനും രാഷ്ട്രങ്ങള്‍, പരാജയപ്പെട്ട ഈ തത്വങ്ങളില്‍ മുറുകെപ്പിടിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പല രാഷ്ട്രങ്ങളിലും കമ്മ്യൂണിസം പൂര്‍ണ്ണമായും തകര്‍ന്നുപോയി.

No comments:

Post a Comment