Translate

Saturday, June 16, 2012

സഭാനവീകരണം - നിലപാടുകള്‍, നിര്‍ദ്ദേശങ്ങള്‍, അവകാശപ്രഖ്യാപനങ്ങള്‍(തുടര്‍ച്ച)

4. 16-ാം നൂറ്റാണ്ടുമുതല്‍ കേരളസഭയില്‍ അടിച്ചേല്പിക്കപ്പെട്ട പാശ്ചാത്യമായ ആധിപത്യസഭാഘടനയില്‍നിന്ന് ഈ സഭയെ മുക്തമാക്കുക എന്നതും, അതുവരെ ഇവിടെ നിലനിന്നിരുന്ന 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' അനുസരിച്ചുള്ള പള്ളിയോഗസമ്പ്രദായം വീണ്ടെടുക്കുക എന്നതുമാണ് സഭയെ ക്രിസ്തുവല്‍ക്കരിക്കുന്നതിനുള്ള ആദ്യപടി എന്നു ഞങ്ങള്‍ കരുതുന്നു. സ്വന്തം സഭയുടെ പൂര്‍വ്വപാരമ്പര്യങ്ങള്‍ വീണ്ടെടുക്കാമെന്നും സ്വന്തം നിലയില്‍ത്തന്നെ വീണ്ടെടുക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പൗരസ്ത്യദേശത്തെ സഭകളോട് ആഹ്വാനം ചെയ്തിട്ടുമുണ്ട് (രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രമാണരേഖകള്‍, പേജ് 158). ഇന്നത്തെ നിലയില്‍, കേരളത്തിലുള്ള രണ്ടു കത്തോലിക്കാ റീത്തുകളിലെങ്കിലും മെത്രാന്മാര്‍ ഇച്ഛാശക്തിയോടെ സിനഡു ചേര്‍ന്നു തീരുമാനമെടുത്താല്‍ സാധിക്കാവുന്നതേയുള്ളു ഇത്. വിശ്വാസികളുടെ അനവധി സംഘടനകളും പ്രസ്ഥാനങ്ങളും ഈ ആവശ്യമുന്നയിച്ച് പതിറ്റാണ്ടുകളായി എണ്ണിയാലൊടുങ്ങാത്തത്ര നിവേദനങ്ങള്‍ മെത്രാന്‍സമിതിക്കു നല്‍കിയിട്ടുമുണ്ട്. എന്നാല്‍, പാശ്ചാത്യ സഭാഘടന നല്‍കുന്ന അധികാരത്തിന്റെയും സമ്പത്തിന്റെയും സുഖാലസ്യത്തില്‍ ആദ്ധ്യാത്മികനിദ്രയിലാണ്ടു കിടക്കുന്ന സഭാധികാരികള് വിശ്വാസിസമൂഹത്തിന്റെ ഈ മുറവിളി കേള്‍ക്കാന്‍ ഇന്നുവരെ തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ്, ക്രൈസ്തവരുടെ പൊതുസ്വത്തും സ്ഥാപനങ്ങളും ഭരിക്കുന്നതിന് നസ്രാണി പാരമ്പര്യത്തിലധിഷ്ഠിതമായ ഒരു നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ സംഘടനകള്‍ ഗവണ്‍മെന്റിനെ സമീപിക്കാനിടയായത്. നിയമപരിഷ്‌ക്കരണകമ്മീഷന്റെ അതു സംബന്ധിച്ച ശിപാര്‍ശകള്‍ സഭാധികാരികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണിപ്പോള്‍.

- അതുകൊണ്ട്, ഇനിയെങ്കിലും അക്രൈസ്തവമായ പാശ്ചാത്യസഭാഘടനയില്‍നിന്നു കേരളസഭയെ സ്വതന്ത്രമാക്കി, ഈ സഭയുടെ പൗരാണികപാരമ്പര്യമായ പള്ളിയോഗസമ്പ്രദായം സഭാത്മകമായി വ്യവസ്ഥാപിക്കണമെന്ന് സീറോ-മലബാര്‍, സീറോ-മലങ്കര സിനഡുകളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

5. വിവാഹവും, കുടുംബജീവിതവും തന്റെ ശിഷ്യരാകുന്നതിനോ അപ്പോസ്തലരാകുന്നതിനോ തടസ്സമായി യേശു കണ്ടിരുന്നതായി ബൈബിളില്‍ സൂചനയില്ല. ആദിമസഭയിലോ, 16-ാം നൂറ്റാണ്ടുവരെ നസ്രാണിസഭയിലോ സഭാശുശ്രൂഷകര്‍ക്ക് വിവാഹം വിലക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നുമില്ല. തന്മൂലം, സഭാശുശ്രൂഷകരാകാനാഗ്രഹിക്കുന്ന യുവതീ-യുവാക്കളെക്കൊണ്ട് കന്യാത്വ-ബ്രഹ്മചര്യവ്രതങ്ങള്‍ എടുപ്പിക്കുന്നത് ബൈബിളിനും ആദിമസഭാപാരമ്പര്യത്തിനും നസ്രാണിസഭാപാരമ്പര്യത്തിനും വിരുദ്ധമാണെന്നു ഞങ്ങള്‍ കരുതുന്നു. അവരില്‍ ഒട്ടുവളരെ മാനസ്സിക സമ്മര്‍ദ്ദങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും കാരണമാകുകയും കുറ്റകൃത്യങ്ങള്‍ക്കുപോലും ഇടനല്‍കുകയും ചെയ്യുന്നുണ്ട്, വിവാഹം വിലക്കുന്ന ഇന്നത്തെ സമ്പ്രദായം എന്നു ഞങ്ങള്‍ കാണുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരം, ഇക്കാര്യത്തിലും കുടുംബജീവിതം നയിച്ചുകൊണ്ടുള്ള നസ്രാണി സഭാശുശ്രൂഷകസമ്പ്രദായം വീണ്ടെടുക്കാന്‍ നസ്രാണിപാരമ്പര്യമുള്ള കേരളത്തിലെ കത്തോലിക്കാ റീത്തുകള്‍ക്ക് അവകാശമുണ്ട്.

- അതുകൊണ്ട്, നിലവില്‍ വിവാഹം ആഗ്രഹിക്കുന്ന വൈദികരെയും കന്യാസ്ത്രീകളെയും, കാമത്തിലെരിയാന്‍ വിടാതെ (1 കോറി. 7:9) സഭാത്മകമായി വിവാഹിതരാകാന്‍ അനുവദിക്കണമെന്നും, നസ്രാണിസഭയുടെ കുടുംബസ്ഥ സഭാശുശ്രൂഷകസമ്പ്രദായം വീണ്ടെടുക്കാന്‍ എത്രയുംവേഗം നടപടികള്‍ സ്വീകരിക്കണമെന്നും സീറോ-മലബാര്‍, സീറോ-മലങ്കര സിനഡുകളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

6. വൈദികരും കന്യാസ്ത്രീകളുമാകാനുള്ള പരിശീലനത്തിനായി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സെമിനാരികളിലേയ്ക്കും മഠങ്ങളിലേക്കും കൗമാരപ്രായത്തില്‍ത്തന്നെ ആനയിക്കുന്ന ഇന്നത്തെ സമ്പ്രദായം വിവേകരഹിതവും അശാസ്ത്രീയവുമാണെന്നു ഞങ്ങള്‍ കരുതുന്നു. കൗമാരമനസ്സ് ഏറെ തരളമാണ്, എങ്ങോട്ടും വഴങ്ങുന്നതാണ്. ആദ്ധ്യാത്മികപരിവേഷമുള്ള അന്തരീക്ഷത്തില്‍ അച്ചടക്കത്തോടെ, വൈദിക-കന്യാസ്ത്രീരൂപീകരണം ലക്ഷ്യംവച്ചുനടത്തുന്ന പരിശീലനത്തില്‍ മിക്കവരും അതിനനുസൃതമായിത്തന്നെ പരുവപ്പെടുന്നു എന്നതാണു വസ്തുത. ഈ സാഹചര്യത്തില്‍, വൈദികനാകാനും കന്യാസ്ത്രീയാകാനും ഓരോരുത്തരും അന്തിമ തീരുമാനമെടുക്കുന്നത് പ്രായപൂര്‍ത്തിയായതിനുശേഷമാണെന്ന സഭാധികൃതരുടെ ന്യായീകരണവാദം നിലനില്‍ക്കുന്നതല്ല.

മറ്റൊന്ന്, വൈദികരും സന്ന്യസ്തരും ആകാനുദ്ദേശിക്കുന്നവരെക്കൊണ്ട് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന വ്രതവാഗ്ദാനം എടുപ്പിക്കുന്നതിലെ അനൗചിത്യമാണ്. ഓരോ വ്യക്തിയുടെയും ഭാവിയുടെ വിധാതാവ് ദൈവമായിരിക്കേ, കേവലം മനുഷ്യരായ വൈദികരെയും കന്യാസ്ത്രീകളെയുംകൊണ്ട് സ്വന്തം ഭാവി ജീവിതത്തിനുമേല്‍ വിധി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിക്കുന്നത് ദൈവദൂഷണമാണെന്നു ഞങ്ങള്‍ കരുതുന്നു.
-അതുകൊണ്ട്, സ്വന്തം സഹജപ്രകൃതത്തെയും ചോദനകളെയും തിരിച്ചറിയാനും സ്വജീവിതത്തിന്റെ സ്വാഭാവികചാല്‍ ഏതെന്നു തീരുമാനിക്കാനുംമാത്രം പ്രായവും പക്വതയും ആകുന്നതിനുമുമ്പ്, കുറഞ്ഞത് 21 വയസ്സെങ്കിലും ആകുന്നതിനുമുമ്പ്, വൈദികപരിശീലനത്തിനോ കന്യാസ്ത്രീപരിശീലനത്തിനോ ആരംഭം കുറിക്കരുത് എന്ന് മനുഷ്യസ്‌നേഹത്തെപ്രതി, ഞങ്ങള്‍ സഭാധികൃതരോട് ആവശ്യപ്പെടുന്നു.

അതുപോലെതന്നെ, സ്വയം അറിഞ്ഞുകൂടാത്ത സ്വന്തം ഭാവിജീവിതത്തെയപ്പാടെ ബാധിക്കുന്ന തരത്തിലുള്ള നിത്യവ്രതവാഗ്ദാനസമ്പ്രദായം നിര്‍ത്തലാക്കി 'ദൈവം തിരുമനസ്സാകുന്ന കാലത്തോള'മെന്നു തിരുത്തണമെന്നും അതിന്‍പ്രകാരം തങ്ങളുടെ വൈദിക-കന്യാസ്ത്രീജീവിതാന്തസ്സ് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മാന്യമായി വേണ്ടെന്നുവയ്ക്കാന്‍ സഹായകമായ വിധത്തില്‍ അനുഭാവപൂര്‍വ്വകമായ സഭാന്തരീക്ഷം സൃഷ്ടിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

7. കേരളത്തിലെ സന്ന്യസ്തര്‍, പ്രത്യേകിച്ച് കന്യാസ്ത്രീകള്‍, സഭാധികൃതരില്‍നിന്നും വിവിധതരത്തിലുള്ള ചൂഷണങ്ങള്‍ക്കും അസ്വാതന്ത്ര്യങ്ങള്‍ക്കും വിധേയരാണ് എന്നും അവരില്‍ വലിയൊരു വിഭാഗം അസംതൃപ്തിയിലാണ് ജീവിതം തള്ളിനീക്കുന്നതെന്നുമുള്ള വസ്തുത സഭാതലത്തില്‍തന്നെയുള്ള പഠനങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്. സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വമില്ലാത്തതുകൊണ്ടുള്ള നിവൃത്തികേടുകൊണ്ടാണ് പലരും സന്ന്യാസാന്തസില്‍ തുടരാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. അക്രൈസ്തവവും മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്നതുമായ ഈ ദുരവസ്ഥ തിരുത്തപ്പെടേണ്ടത് അത്യാവശ്യമായി ഞങ്ങള്‍ കരുതുന്നു. അതായത്, സഭയില്‍നിന്നു പിരിഞ്ഞുപോകണമെന്നുള്ളവര്‍ക്ക് സുരക്ഷിത്വബോധത്തോടെതന്നെ അങ്ങനെ തീരുമാനമെടുക്കാന്‍ സഹായകമായ സാഹചര്യമൊരുക്കിക്കൊടുക്കാന്‍ സഭയ്ക്കു ധാര്‍മ്മിക ഉത്തരവാദിത്വമുണ്ട്. അതുപോലെതന്നെ, എന്തെങ്കിലും കാരണത്താല്‍ സഭ പുറത്താക്കുന്നവരുടെ ജീവിതസുരക്ഷിതത്വം ഉറപ്പുവരുത്താനും സഭയ്ക്കു കടമയുണ്ട്.

- അതുകൊണ്ട്, സന്ന്യാസിനീ-സന്ന്യാസ സഭകളില്‍നിന്നു പുറത്താക്കപ്പെടുന്നവര്‍ക്കും സഭയില്‍നിന്നു പിരിഞ്ഞുപോകാന്‍ തീരുമാനിക്കുന്നവര്‍ക്കും ജീവനാംശവും പുനരധിവാസവും ഉറപ്പുവരുത്തുവാനുതകുന്ന നടപടിക്രമങ്ങള്‍ക്ക് എത്രയും വേഗം രൂപംകൊടുത്ത് വ്യവസ്ഥാപിതമാക്കണമെന്ന് എല്ലാ സന്യസ്തസഭകളോടും സഭാസിനഡുകളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

8. കേരളത്തിലെ മിക്ക കത്തോലിക്കാരൂപതകള്‍ക്കും എസ്റ്റേറ്റുകളുള്‍പ്പെടെ ധാരാളം ഭൂസ്വത്തും, കൂടാതെ, അവയുടെ ആസ്ഥാനപട്ടണങ്ങളില്‍ വാടക ലഭിക്കുന്ന ധാരാളം കെട്ടിടങ്ങളും സ്ഥാപനങ്ങളും, ഇവയില്‍നിന്നെല്ലാമായി ആവശ്യത്തിലേറെ വരുമാനവുമുണ്ട് എന്ന വസ്തുത എല്ലാവര്‍ക്കും അറിവുള്ളതാണ്. ഈ സാഹചര്യത്തില്‍, രൂപതയുടെ വരവു-ചെലവു കണക്ക് ഇടവകകളെ അറിയിക്കുകപോലും ചെയ്യാതെ, ഇടവകകളുടെ വരുമാനത്തിന്റെ പത്തും പന്ത്രണ്ടും ശതമാനം രൂപതാവിഹിതമായി വസൂലാക്കുന്നതു ശരിയല്ല എന്നു ഞങ്ങള്‍ കരുതുന്നു.

- അതുകൊണ്ട്, രൂപതാവരുമാനത്തിന്റെ കൃത്യമായ കണക്ക് ഇടവകകളെ അറിയിക്കണമെന്നും, രൂപതയുടെ സാമ്പത്തികസ്ഥിതി കണക്കിലെടുത്തുമാത്രം ഇടവകവിഹിതം തീരുമാനിക്കുന്ന സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും ഞങ്ങളാവശ്യപ്പെടുന്നു

No comments:

Post a Comment