Translate

Monday, May 21, 2012

കാലം മാറിയിട്ടും കോലം മാറ്റാത്ത കത്തനാന്മാര്‍....


കേരളകത്തോലിക്കര്‍ വളരെയേറെ ആദരിച്ചിരുന്ന കൂട്ടരാണ് വൈദികര്‍. മെത്രാന്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ അകലെ കാണാന്‍ സാധിക്കുന്ന ഒരു അപൂര്‍വനക്ഷത്രം.

വൈദികര്‍ അന്ന് കുര്‍ബ്ബാനത്തൊഴിലാളി മാത്രമായിരുന്നില്ല. ഇടവകക്കാരുടെ എന്ത് പ്രശ്നവും പരിഹരിക്കുന്ന ഒരു സൂപ്പര്‍ കാരണവര്‍ തന്നെയായിരുന്നു. ഒരു കല്യാണപ്രശ്നം, അല്ലറചില്ലറ ദാമ്പത്യപ്രശ്നങ്ങള്‍ - ഇതെല്ലാം ഒരു വൈദികന്‍ വിളിച്ചു സംസാരിച്ചാല്‍ ഞൊടിയിട കൊണ്ട് തീരുമായിരുന്നു. ഇതിലും വലിയ ഒരു റോള്‍ ഉണ്ടായിരുന്നു – സഹോദരന്മാര്‍ തമ്മില്‍, അയല്‍ക്കാര്‍ തമ്മില്‍ കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരുന്ന വേലിതര്‍ക്കങ്ങള്‍ തീര്‍ക്കുന്നതും വൈദികന്റെ കടമ ആയിരുന്നു. ഏതെങ്കിലും ഒരു വീട്ടില്‍ നല്ലവണ്ണം പഠിക്കുന്ന ഒരു കുട്ടി ഉണ്ടായാല്‍, അവന്റെ ഉപരിപഠനത്തിനുള്ള മാര്‍ഗദര്‍ശിയും ഇടവകവികാരി തന്നെ. സമൂഹത്തില്‍ ഇത്രയും പ്രാധാന്യമുള്ള ഒരാളെ എങ്ങിനെയാണ് ബഹുമാനിക്കാതിരിക്കുന്നത്?

സമൂഹത്തില്‍ അന്നത്തെ വൈദികര്‍ക്കുണ്ടായിരുന്ന പങ്കിനെ ഇന്നത്തെ വൈദികരുടേതുമായി ഒന്ന് താരതമ്യം ചെയ്തു നോക്കുക. പക്ഷെ, ഇന്നത്തെ അച്ചന്മാര്‍ക്ക് ധാര്‍ഷ്ട്യം പഴയവരെക്കാള്‍ വളരെ കൂടുതലും!

സമുദായനേതൃത്വവും, സഭാനേതൃത്വവും കൈകോര്‍ത്തു പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന പ്രയോജനത്തിന്റെ ഒന്നാന്തരം തെളിവാണ് ക്നാനയക്കാരുടെ 1943-ലെ സംഘടിത മലബാര്‍കുടിയേറ്റം. കേരളത്തില്‍ ഇത്രയേറെ കത്തോലിക്കാ രൂപതകള്‍ ഉണ്ടായിട്ടും, സംഘടിത കുടിയേറ്റം നമ്മുടേത് മാത്രമായിരുന്നു എന്നത് നമുക്കെല്ലാം അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. സഭാനേതൃത്വം, സമുദായനേതാക്കളുടെ സഹകരണമില്ലാതെ നടത്തിയ കുടിയേറ്റമാണ് “റാണിപുരം കുടിയേറ്റം.” അതിന്റെ പരാജയത്തെക്കുറിച്ച് ചിലര്‍ക്കെങ്കിലും അറിയാമെന്ന് കരുതുന്നു.

പക്ഷെ ഇന്ന് നമ്മുടെ മൂലക്കാട്ട് തിരുമേനിയ്ക്ക് സമുദായനേതൃത്വത്തെ സഹിക്കാന്‍ സാധിക്കുന്നില്ല. അതിനു വേണ്ടി എന്ത് കുതന്ത്രവും പ്രയോഗിക്കാനും മടി കാണിക്കുന്നില്ല. അതിന്റെ ഒന്നാന്തരം തെളിവാണ്, ഈയിടെ നമ്മുടെ ഔദ്യോഗിക ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ പ്രസധീകരിച്ച (ഇലക്ട്രോണിക് മാദ്ധ്യമം ഔദ്യോഗികമാണെങ്കില്‍ അത് ഇച്ചീച്ചി അല്ല!) നയപ്രഖ്യാപനം:

“കെ.സി.സി.യുടെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ നടക്കുന്ന രീതിയിലുള്ള ഒപ്പുശേഖരണം അതിരൂപതയുടെ അറിവോടെയോ, അംഗീകാരത്തോടെയോ ഉള്ളതല്ലെന്ന്‌ ചോദ്യങ്ങള്‍ക്കു മറുപടിയായി മാര്‍ മൂലക്കാട്ട്‌ യോഗത്തെ അറിയിച്ചു. കാര്യസാധ്യത്തിന്‌ ഒപ്പുശേഖരണം സഭയുടെ ശൈലിയല്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.”

 സഭയുടെ ശൈലി എന്താണെന്ന് തിരുമേനി വിവരമില്ലാത്ത അല്മേനിയുടെ അറിവിലേയ്ക്കായി ദയവുചെയ്ത് പറഞ്ഞു തരണം.

സി. അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു നമ്മുടെ രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും അഴികല്ക്കുള്ളിലായപ്പോള്‍, ഉള്ളതും ഇല്ലാത്തതുമായ സംഘടനകളെക്കൊണ്ട് പത്രപ്രസ്താവനകള്‍ ഇറക്കിയത് സഭാശൈലിയാണോ?

ചെയ്യുന്ന ജോലിക്ക് ന്യായമായി കൂലി ആവശ്യപ്പെട്ട നേഴ്സ്മാര്‍ക്കെതിരെ മുഷ്ടി ചുരുട്ടി, മുദ്രാവാക്യവും വിളിച്ചു  തെരുവിലിറങ്ങുന്നതാണോ സഭയുടെ ശൈലി?

നീതി ലഭിക്കാതെ വരുമ്പോള്‍ അതിനു പരിഹാരം തേടി വ്യക്തിയോ ഒരു പറ്റം വ്യക്തികളോ, നിവേദനം നല്‍കുന്നത് സഭാശൈലിയ്ക്ക് വിരുദ്ധമാണോ? കത്തോലിക്കാസഭയില്‍ പരാതിപ്പെടാന്‍ ഒരു വകുപ്പും ഇല്ല എന്നാണെങ്കില്‍ സീറോ മലബാര്‍ സഭയില്‍ The Superior Tribunal of the Syro-Malabar എന്ന സംവിധാനം എന്തിനാണ്? (പണ്ട് നമ്മളുടെ കൊച്ചുതാഴത്തച്ചനെ ഇടവകഭരണത്തില്‍ നിന്ന് നീക്കം ചെയ്തപ്പോള്‍ വര്‍ക്കിപിതാവ് അച്ചനോട് ഈപ്പറഞ്ഞ Tribunal-നെ സമീപിക്കാന്‍ ഉപദേശിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്.

ആ സംവിധാനവും സഭാവിരുധമാണോ, തിരുമേനീ?

കാലം മാറി; അത് ഉള്‍ക്കൊള്ളുവാന്‍ നമ്മുടെ വൈദികരും തിരുമേനിമാരും തയ്യാറല്ല. ഇത് കോട്ടയം അതിരൂപതയുടെ മാത്രം പ്രശ്നമല്ല. കേരള കത്തോലിക്കാ സഭ മൊത്തം ഇങ്ങനെതന്നെയാണ്.

ഈയടുത്ത ദിവസം, Manchester-ലെ Long Sight എന്ന സ്ഥലത്തൊരു സീറോ മലബാര്‍ പുരോഹിതന്‍ വന്നു. അദ്ദേഹത്തിന് ഇവിടെയുള്ള മലയാളി ദമ്പതികളുടെയെല്ലാം Marriage Certificate കാണണം പോലും! എന്താണ് അദ്ദേഹത്തിന് വേണ്ടത്? ആത്മീയ ശുശ്രൂഷയ്ക്കു തന്നെയാണോ അദ്ദേഹം എത്തിയിരിക്കുന്നത്? ഈ രാജ്യത്തെ ഒരു ഇംഗ്ലീഷ് ഇടവകയില്‍ സഹവികാരി ആയിട്ടാണ് അദ്ദേഹം വന്നതെന്ന് കേള്‍ക്കുന്നു. ഇംഗ്ലീഷ്കാരില്‍ നിന്നും ഇദ്ദേഹം ഇത്തരം സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുമോ? മേമുറി സംഭവം അറിയാവുന്നവര്‍, വൈദികന്‍ വിവാഹിതനല്ല എന്നൊരു സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാല്‍ അദ്ദേഹം അത് ഹാജരാക്കാന്‍ തയ്യാറാകുമോ?

ഇന്ന് സമൂഹത്തില്‍ വൈദികരുടെ പ്രസക്തി വളരെ പരിമിതമാണ്. കാലത്തിനുണ്ടായ മാറ്റം ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ കോമാളികളാകാന്‍ തന്നെയാണ് നിങ്ങളുടെ തീരുമാനമെങ്കില്‍,

Best of Luck!

അലക്സ്‌ കണിയാംപറമ്പില്‍

(ക്നാനായ സമുദായംഗങ്ങള്‍ക്ക് വേണ്ടിയുള്ള ക്നാനായ വിശേഷങ്ങള്‍ എന്ന ബ്ലോഗില്‍ പ്രസധീകരിച്ചതിന്റെ കോപ്പി)

1 comment:

  1. ലളിതമായ ആരാധനാ ക്രമങ്ങള്‍ക്ക്‌ മുന്‍ തൂക്കം കൊടുക്കുവാനും അനാവശ്യ പണ ചെലവുകള്‍ ഒഴിവാക്കാനും മാത്രമല്ല ,പള്ളികളിലെ ചടങ്ങുകള്‍ ഉച്ച ഭാഷിണി യിലൂടെ ഉള്ള ശബ്ദം ഉണ്ടാക്കി പരിസര മലിനീകരണം നടത്തുകയാണെന്നുമുള്ള തിരിച്ചറിവു വിശ്വാസികള്‍ക്ക് നല്‍കുവാനും ആദ്യത്തെ ലത്തീന്‍ സഭാ സിനഡിന് കഴിഞ്ഞത് ഏറെ ശ്ലാഘനീയമാണ്. സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെയും വൈദികരുടെയും ആഡംഭര ജീവിത ശൈലിയും സഭയിലെ ആരാധനക്രമങ്ങളിലെ അരാജകത്വവും, ഉച്ച ഭാഷിണിയുടെ അമിത ഉപയോഗവും വി. കുര്‍ബാനയിലെ ഗാനമേളയും അരോചക മായിരിക്കുകയാണ്. സഭയിലെ ഒരു സാധാരണ വിശ്വാസിക്ക് അഭിപ്രായം പറയുവാനും സ്വാതന്ത്ര്യമില്ല. നിരവധി സീറോമലബാര്‍ സഭാംഗങ്ങള്‍ സഭയിലെ ഏകാധിപത്യ മനോഭാവത്തില്‍ പ്രതിഷേധിച്ചു പ്രതിരോധ നിരയിലേയ്ക്ക് മാറുന്നുണ്ട്. സഭയുടെ കാഴപ്പാടിനു മാറ്റം വരണം.സഭയെന്നതു മെത്രാന്മാരും വൈദികരും മാത്രമാണെന്ന അവരുടെ തോന്നാലിനു അവസാനം ഉണ്ടാകണം.

    ReplyDelete