Translate

Wednesday, May 16, 2012

സഭാനവീകരണം ഓശാനയിലൂടെ: ചാക്കോ കളരിക്കല്‍

ഏപ്രില്‍ മാസത്തിലെ ഓശാനയില്‍ ശ്രീ.ജോസഫ് പുലിക്കുന്നേല്‍ എഴുതിയ ''ദൈവത്തിനു സ്തുതി'' എന്ന ലേഖനമാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. 80 വയസുതികഞ്ഞ ജോസഫ് സാറിന് പിറന്നാള്‍ ആശംസകള്‍ നേരുന്നതോടൊപ്പം 1000 പൂര്‍ണചന്ദ്രനെ കാണാനുള്ള ഭാഗ്യവും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.

ഓശാനമൗണ്ട്

35 വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയിലേക്ക് കുടിയേറിപാര്‍ത്ത ഒരാളാണ് ഞാന്‍. കഴിഞ്ഞ 10 വര്‍ഷങ്ങളായി അവധിക്കായി നാട്ടില്‍ വരുമ്പോള്‍ ഇടമറ്റത്തുള്ള ഓശാന മൗണ്ടിലാണ് എന്റെ താമസം. ഒരു മാസം മുതല്‍ മൂന്നുമാസം വരെ ഞാനവിടെ താമസിച്ചിട്ടുണ്ട്. 'സസ്യശ്യാമളകോമള' മായ ഓശാനമൗണ്ടിന്റെ പ്രകൃതി സൗന്ദര്യവും അവിടുത്തെ പ്രശാന്തതയുമാണ് അവധിക്കാലത്ത് അവിടെ താമസിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. വിശാലമായ ആ പുരയിടത്തിലെ വന്‍വൃക്ഷങ്ങളും ചെറുമരങ്ങളും കൂറ്റന്‍ കുടപ്പനകളും ചൂണ്ടപ്പനകളും ഇല്ലിക്കൂട്ടങ്ങളും പലവിധ പുഷ്പലതാദികളുമെല്ലാം കണ്ണിന് കൗതുകം നല്‍കുന്നതാണ്. ഇത്തരം പുരയിടങ്ങള്‍ മീനച്ചില്‍ താലൂക്കില്‍ വേറെ അധികം കാണാന്‍ വഴിയില്ല. വന്‍നഗരത്തിലെ കോലാഹലങ്ങളില്‍പെട്ട് വീര്‍പ്പുമുട്ടിക്കഴിയുന്ന എനിക്ക് ഈ പ്രകൃതിസൗന്ദര്യവും പ്രശാന്തതയും നിറഞ്ഞ പറമ്പ് തേ നിലെ മധുരംപോലെയാണ്. ഓശാനമൗണ്ടിന്റെ ഈ സ്ഥിതി വിശേഷംകൊണ്ടായിരിക്കാം ചലച്ചിത്രസംവിധായകരും കഥാകൃത്തുക്കളും സംഗീതത്തിന് ഈണം പകരുന്നവരുമെല്ലാം അവിടെ വന്ന് താമസിക്കുന്നത്.

എതിര്‍പ്പുകാര്‍

ഈ മനോഹരമായ ഓശാനമൗണ്ടില്‍നിന്നുമാണ് ശ്രീ.ജോസഫ് പുലിക്കുന്നേല്‍ ചീഫ് എഡിറ്ററായി പ്രസിദ്ധീകരിക്കുന്ന ഓശാന മാസികയും ബൈബിളിന്റെ മലയാള വിവര്‍ത്തനവും സഭാനവീകരണ സംരംഭങ്ങളും മുന്നേറിക്കൊണ്ടിരിക്കുന്നത്. പുരോഹിതര്‍ക്കും അവരെ അന്ധമായി അനുധാവനം ചെയ്യുന്ന വിശ്വാസികള്‍ക്കും അത് കണ്ണില്‍ കരടാണ്. ശ്രീ. പുലിക്കുന്നേല്‍ തന്റെ ലേഖനത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ''ആദ്യകാലങ്ങളില്‍ വളരെയധികം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഇന്നുമുണ്ട്. അതൊന്നും ഞാന്‍ കാര്യമായി കണക്കാക്കിയിട്ടില്ല.''

എന്റെ രണ്ട് അനുഭവങ്ങള്‍ ഞാനിവിടെ കുറിക്കട്ടെ: ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് ചോദിച്ചു ഞാന്‍ അവധിക്കു നാട്ടില്‍ പോകുമ്പോള്‍ എവിടെയാണ് താമസിക്കുന്നതെന്ന്. ഇടമറ്റത്തുള്ള ഓശാന മൗണ്ടിലാണ് എന്റെ താമസമെന്ന് സന്തോഷപൂര്‍വം ഞാന്‍ അദ്ദേഹത്തിന് മറുപടി നല്‍കി.  ഓശാന മൗണ്ടിലെ എന്റെ താമസം അദ്ദേഹത്തിന് അത്ര പിടിച്ചിട്ടില്ലെന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ സംസാരത്തില്‍നിന്ന് എനിക്ക് മനസ്സിലായി.

കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് കാനഡയില്‍ താമസിക്കുന്ന എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഞാന്‍ ഡിന്നറിനായി പോയി. ഞങ്ങള്‍ അഞ്ചെട്ടുപേര്‍ കൂടിയിരുന്ന് പലവിധ വിഷയങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. ആ കൂട്ടത്തില്‍ ഒരു കത്തോലിക്കാ വൈദികനുമുണ്ടായിരുന്നു. ആരോ ഒരാള്‍ ഓശാനയില്‍ വായിച്ച എന്തോകാര്യം അവിടെ പറഞ്ഞു. ഓശാന ആരംഭിക്കുന്നതിന് മുന്‍പേതന്നെ നാടുവിട്ടവരായിരുന്നു അവരില്‍ അധികംപേരും. അതിലൊരാള്‍ ഈ ഓശാന എന്താണെന്ന് തിരക്കി. ഉടനെ അവിടെയിരുന്ന വൈദികന്‍ പറയുകയാണ് ''ആ അച്ചന്മാരെ തെറിപറയുന്ന ആള്‍ നടത്തുന്ന മാസികയല്ലേ ഓശാനയെന്ന്''. ശ്രീ. പുലിക്കുന്നേലിനെ ഓശാന വായിക്കുന്നവര്‍ക്ക് നല്ലതുപോലെ അറിയാം. എനിക്ക് അദ്ദേഹത്തെ നേരിട്ടറിയാം. അച്ചന്മാരെ തെറിവിളിക്കുന്ന വിലകുറഞ്ഞ മനുഷ്യനായിട്ട് വൈദികരും അവരുടെ സില്‍ബന്ധികളും അദ്ദേഹത്തെകാണുകയുള്ളൂ. ഇതാണ് വൈദിക മനഃസാക്ഷി!

വത്തിക്കാന്റെ ധനനിക്ഷേപങ്ങള്‍ എവിടെയൊക്കെയാണെന്ന് വത്തിക്കാനുതന്നെ നിശ്ചയമില്ലായിരിക്കും. കാരണം നിക്ഷേപം ചെയ്യാന്‍ വത്തിക്കാന്‍ ഏല്പിച്ചിരിക്കുന്ന കമ്പനി റിട്ടേണ്‍ നല്ലതുപോലെ ലഭിക്കുന്ന കമ്പനികളില്‍ നിക്ഷേപിക്കും. വയാഗ്ര ഉണ്ടാക്കുന്ന പ്‌ഫൈസര്‍ (Pfizer) ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ സ്റ്റോക്കിലും കോണ്‍ഡം നിര്‍മിക്കുന്ന ബ്രാവോ (bravo) ലാറ്റക്‌സ് കമ്പനിയുടെ സ്റ്റോക്കിലും വത്തിക്കാന് നിക്ഷേപങ്ങള്‍ ഉണ്ടാകാം. അതിലൊന്നും എന്റെ സുഹൃത്തിനും ആ വൈദികനും ഒരു പരാതിയും ഇല്ലായിരിക്കും. ആ വൈദികനാണെങ്കില്‍ പുലിക്കുന്നേല്‍ സാറിനെ നേരില്‍ കണ്ടിട്ടുപോലുമില്ല. ആ വിവരം അദ്ദേഹത്തില്‍നിന്നുതന്നെയാണ് ഞാനറിഞ്ഞത്. ''‌നിങ്ങള്‍ കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നെ വിളിക്കുകയും ഞാന്‍ പറയുന്നത് അനുഷ്ഠിക്കാതിരിക്കുകയും ചെയ്യുന്നത് എന്ത്?'' (ലൂക്കോ. 6: 46) എന്നുള്ള കര്‍ത്താവിന്റെ ചോദ്യം ഇത്തരക്കാരോടാകാനേ വഴിയുള്ളൂ.

ഓശാന മാസിക

ശ്രീ. ജോസഫ് പുലിക്കുന്നേലിന് 80 വയസ്സു തികഞ്ഞ ഈ അവസരത്തില്‍ സഭാധികാരികളുടെ അംഗീകാരമോ പ്രോത്സാഹനമോ പ്രതീക്ഷിക്കാതെ അദ്ദേഹം ജന്മം കൊടുത്ത സഭാനവീകരണ സംരംഭങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത് ഉചിതമായിരിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് ഇന്ത്യ (CRMI) എന്ന സംഘടന 1970-ല്‍ രൂപംകൊണ്ടു. ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ സഭാസംബന്ധമായ വിഷയങ്ങളിലും പ്രശ്‌നങ്ങളിലും ലഘുലേഖകളും പ്രസ്താവനകളും ശ്രീ. പുലിക്കുന്നേല്‍ അച്ചടിച്ചു വിതരണം ചെയ്തു തു ടങ്ങി. അവ വിതരണം ചെയ്യാന്‍പോലും ഭയംമൂലം ആരും സഹായിച്ചില്ല. കൂലിക്കാരെ വച്ചാണ് കടകളിലും ബസ് സ്റ്റോപ്പുകളിലുമൊക്കെ അവ വിതരണം ചെയ്തത്. ഭയചകിതരായിട്ടാണെങ്കിലും കിട്ടിയവര്‍ കിട്ടിയവര്‍ അവയെല്ലാം ആവേശപൂര്‍വം വായിക്കുകയും മറ്റുള്ളവര്‍ക്ക് രഹസ്യമായി കൈമാറുകയും ചെയ്തു. പല ആധികാരിക സഭാസമീപനങ്ങള്‍ക്കുമെതിരെ തങ്ങളുടെ മനസ്സില്‍ ഉറഞ്ഞുകൂടി കിടന്നിരുന്ന വിമതാശയങ്ങളുടെ പ്രതിഫലനമായാണ് അവ പലര്‍ക്കും അനുഭവപ്പെട്ടത്. അവയെല്ലാം സുവിശേഷാധിഷ്ഠിതവും യുക്തിഭദ്രവുമായിരുന്നതിനാല്‍ മറിച്ചു സമര്‍ഥിക്കാന്‍ ആര്‍ക്കുമൊട്ടും കഴിഞ്ഞതുമില്ല. ഈ ലഘുലേഖ പ്രസ്ഥാനം വളര്‍ന്നാണ് 1975-ല്‍ ശ്രീ. പുലിക്കുന്നേല്‍ ചീഫ് എഡിറ്ററായി ഓശാന മാസിക പ്രസിദ്ധീകരണം ആരംഭിച്ചത്. ആ മാസിക കത്തോലിക്കാ സഭയില്‍ നിലനില്ക്കുന്ന അനാചാരങ്ങള്‍ക്കെതിരായി ഇന്നും ശബ്ദമുയര്‍ ത്തിക്കൊണ്ടിരിക്കുന്നു. ഒപ്പം സഭാധികാരത്തിന്റെ പീഡനത്തിനും അവഗണനയ്ക്കുമൊക്കെ വ്യക്തിപരമായി ഇരയാകുന്നവര്‍ക്ക് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ബൈബിള്‍ വിവര്‍ത്തനം

ഓശാനയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മലയാളത്തിലേയ്ക്കുള്ള ബൈബിള്‍ വിവര്‍ത്തനത്തേയും അതിലൂടെ നിര്‍വഹിക്കപ്പെട്ട കേരളത്തിലെ ഏറ്റവും വലിയ സുവിശേഷവത്ക്കരണത്തെയും പറ്റി ഇത്തരുണത്തില്‍ നാം ചിന്തിക്കേണ്ടതാണ്. വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായത്തോടെ ശ്രീ. പുലിക്കുന്നേലിന്റെ നേതൃത്വത്തില്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ രീതിയിലും ആധുനിക മലയാള ശൈലിയിലും കത്തോലിക്കാ സഭയുടെ വിശ്വാസത്തിന് എതിരല്ലാതെയും ബൈബിള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. കേരളത്തിലെ മര്‍ദിതരും പീഡിതരുമായ ദരിദ്രര്‍ക്കിടിയില്‍ ജാതി-മത-സഭാവിഭാഗഭേദമില്ലാതെ വളരെ ചെറിയ വിലയ്ക്കും സൗജന്യമായും ലക്ഷക്കണക്കിന് കോപ്പികള്‍ വിതരണം ചെയ്യപ്പെട്ട ഓശാന ബൈബിള്‍ ശ്രീ. പുലിക്കുന്നേലിന്റെ സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനമായി എന്നും നിലനില്ക്കും. ഈ ബൈബിളിലെ ഒരു വാക്കുപോലും കത്തോലിക്കാസഭയുടെ വിശ്വാസത്തിന് എതിരല്ലെന്ന് പ്രഗത്ഭ ബൈബിള്‍ പണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായ റവ.ഡോ. ലൂക്ക് ഒ.എഫ്.എം. കപ്പൂച്ചിന്‍ സാക്ഷ്യപ്പെടുത്തി ഇംപ്രിമാത്തൂര്‍ നല്‍കാന്‍ മെത്രാന്മാരോട് ശുപാര്‍ശചെയ്തിരുന്നെങ്കിലും സഭാധികാരം ഇന്നുവരെ അതിന് തയ്യാറായിട്ടില്ല. പോട്ടയിലെ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍നിന്നും അതിന്റെ അധികൃതര്‍ ഓശാന ബൈബിളിന്റെ ആയി രക്കണക്കിനുകോപ്പികള്‍ വിതരണം ചെയ്തിരുന്നു. മലയാളം ബൈബിളും കരിസ്മാറ്റിക് ധ്യാനങ്ങളും ധാരാളം വിശ്വാസികളെ ബൈബിള്‍ സ്വാധീനത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നുള്ളത് വെറും ഒരു യാഥാര്‍ഥ്യമാണ്. ബൈബിള്‍ ഒരു പൂജനീയ ഗ്രന്ഥമാണെന്നതിലുപരി ജീവിതമാര്‍ഗദര്‍ശിയായി കാണാനുള്ള യഥാര്‍ഥ വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്നിരുന്നാലും യേശുപഠനങ്ങള്‍ക്കിന്ന് പ്രാധാന്യം വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഓശാന ബൈബിളിന്റെ സ്വാധീനം വളരെ വലുതാണ്.

ചര്‍ച്ച് ആക്ട്

2004 ആഗസ്റ്റ് 21-ന് കോട്ടയം ഡീ.സീ. ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ക്രൈസ്തവ നേതാക്കളുടെ ഒരു ചര്‍ച്ചായോഗത്തിലാണ് 'പള്ളിഭരണത്തിന് സിവിള്‍ നിയമം' എന്ന  ആശയം ഉരുത്തിരിഞ്ഞത്. കേരളത്തിലെ 200 ഓളം പ്രഗത്ഭരായ ക്രൈസ്തവനേതാക്കള്‍ പങ്കെടുത്ത ആ ചര്‍ച്ചാ സമ്മേളനത്തില്‍ ഇന്ത്യയിലെ മറ്റു മതസ്ഥര്‍ക്കുള്ളതുപോലെ ഇവിടുത്തെ ക്രൈസ്തവസമൂഹത്തിനും അവരുടെ മതസ്വത്തും സ്ഥാപനങ്ങളും ഭരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം എന്ന ആശയം ഉള്‍ക്കൊള്ളുന്ന ഒരു പ്രബന്ധം ശ്രീ. ജോസഫ് പുലിക്കുന്നേലാണ് അവതരിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ 26-ാം അനുച്ഛേദപ്രകാരം ഇപ്രകാരമുള്ള ഒരു നിയമം നിര്‍മിച്ചു നല്കാനുള്ള കടമ സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം അതില്‍ സമര്‍ത്ഥിക്കുകയുണ്ടായി. ചര്‍ച്ച് ആക്ട് ആവശ്യമെന്ന നിലപാടിന്റെ വെളിച്ചത്തില്‍ കേരള സര്‍ക്കാരിന് നിവേദനം നല്‍കിയതിന്റെ ഫലമായാണ് ഇടതുപക്ഷ ഗവണ്‍മെന്റ് മുന്‍സുപ്രീംകോടതി ജഡ്ജി  ശ്രീ. വി.ആര്‍.കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള നിയമ പരിഷ്‌കരണ കമ്മീഷന്‍ 'The Kerala Christian Church Properties and Institution's trust Bill 2009' എന്ന പേരില്‍ ഒരു കരടുബില്‍ തയ്യാറാക്കി 2009 ജനുവരി 28-ന് കേരള ഗവണ്‍മെന്റിന് സമര്‍പ്പിച്ചത്. ഇതിന്‍പ്രകാരമുള്ള ഒരു നിയമനിര്‍മാണത്തിലേയ്ക്ക് സര്‍ക്കാര്‍ ഇതുവരെ കടന്നിട്ടില്ല. ഭാവിയില്‍ അത്തരം നിയമം സര്‍ക്കാര്‍ നിര്‍മിച്ചേ പറ്റൂ.  അതല്ലായെങ്കില്‍ ക്രിസ്ത്യന്‍ സഭകളോടുള്ള സര്‍ക്കാരിന്റെ വിവേചനമായേ ജനങ്ങള്‍ അതിനെ കാണൂ. ഏതായാലും കേരള ക്രൈസ്തവ സഭകളുടെ ചരിത്രത്തില്‍ ഒരു സുപ്രധാന വഴിത്തിരിവിന് കാരണക്കാരനായെന്ന് ശ്രീ. ജോസഫ് പുലിക്കുന്നേലിനെപ്പറ്റി ഭാവി ചരിത്രം സുവര്‍ണലിപികളില്‍ എഴുതിച്ചേര്‍ക്കും എന്നതിന് സംശയമില്ല.

(ചാക്കോ കളരിക്കല്‍ 2012 മെയ്‌ ലക്കം ഓശാന മാസികയില്‍ പ്രസധീകരിച്ചത്)

6 comments:

  1. സഭ നശീകരണം ഓശാനയിലൂടെ എന്നല്ലേ പറയേണ്ടിയിരുന്നത്?

    ReplyDelete
    Replies
    1. ജോണികുട്ടന്‍ കത്തോലിക്കന്‍ തന്നെയാണോ? യേശുവാല്‍ സ്ഥാപിതം, അതും പത്രോസാകുന്ന പാറമേല്‍. ഇരുപത്തൊന്നു നൂറ്റാണ്ടു കാലത്തെ പരീക്ഷണങ്ങളെ അതിജീവിച്ച മഹാപ്രസ്ഥാനം – ഇത്രയെങ്കിലും കത്തോലിക്കാസഭയെക്കുറിച്ച് പറയാനില്ലേ? പെന്തക്കോസ്തുകാര്‍ പോലും ഒരു ജോസഫ് പുലിക്കുന്നന്‍ വിചാരിച്ചാല്‍ കത്തോലിക്കാസഭ നശിക്കും എന്ന് വിശ്വസിക്കുന്നുണ്ടാവുകയില (അവര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കിലും). പിന്നെ എന്താണ് ജോണികുട്ടണ് ഇത്ര പേടിക്കുന്നത്?

      നവീകരണവും നശീകരണവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാല്‍ നന്ന്.

      Delete
    2. "ഇരുപത്തൊന്നു നൂറ്റാണ്ടു കാലത്തെ പരീക്ഷണങ്ങളെ അതിജീവിച്ച മഹാപ്രസ്ഥാനം"
      ഈ പറഞ്ഞതിനോട് അനുകൂലിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇരുപത്തൊന്നു നൂറ്റാണ്ടു കാലത്തെ പരീക്ഷണങ്ങളെ അതി ജീവിച്ചില്ല എന്ന് മാത്രം അല്ല മരിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. എവിടെ ആണ്? എന്ത് ആണ് അതിജീവിച്ചത്? ഒരു പ്രസ്ഥാനമോ അതോ കര്‍ത്താവ്‌ സ്ഥാപിച്ച സഭയോ?. കര്‍ത്താവ്‌ ഉദ്ദേശിച്ച സഭ ഒത്തിരി കുശുത് പോയി. ഇനി അതിന്റെ പുറത്തു കാലാകാലങ്ങളില്‍ പലരായി അണിയിച്ച മേലാടകളുടെ തൊങ്ങലുകള്‍ മാത്രം അവിടവിടെ തൂങ്ങി കിടപ്പുണ്ട്. പിന്നെ മഹാ പ്രസ്ഥാനം. ശരിയാ ഇന്നതൊരു പ്രസ്ഥാനം ആണ്. ഒരു പ്രസ്ഥാനം എന്നാ നിലയില്‍ ഏറ്റവും വിജയിച്ച പ്രസ്ഥാനം. ഏറ്റവും കെട്ടുറപ്പുള്ള പ്രസ്ഥാനം എന്ന് പറയാം.ഒത്തിരി നന്മയും അത് പോലെ തിന്മയും ഉണ്ടാക്കി. ചിലര്‍ ഈ മരണം കാണാന്‍ കാത്തിരിക്കുന്നു എന്നത് സത്യം. കഴുക കണ്ണുകളുമായി. പക്ഷെ അടിത്തറ സ്ട്രോങ്ങ്‌ ആയതു കൊണ്ട് പിടിച്ചു നില്‍ക്കുന്നു എന്ന് പറയാം. അത്രമാത്രം. മേല്‍ക്കൂരയും, കഴിക്കോലും ചിതലരിച്ചിരിക്കുന്നു. ഭിത്തികളില്‍ അവിടവിടെ വിള്ളലുകള്‍ വീണിട്ടുണ്ട്. തറ അവിടവിടെ പൊളിഞ്ഞിരിക്കുന്നു. അവസാനം ചിലപ്പോള്‍ അടിത്തറ മാത്രം അവശേഷിക്കും. അപ്പോള്‍ മറ്റുള്ളവര്‍ക്ക് തകര്‍ന്നു വീണ ഭാഗങ്ങള്‍ പെറുക്കി അവരുടെ "പള്ളി " പണിയാം. ചില പെന്തക്കൊസ്തക്കാര്‍ വിളിച്ചു പറയുന്ന പോലെ ചിലര്‍ വിളിച്ചു പറയും " മഹാ ബാബിലോണ്‍ വീണു പോയി" എന്ന്. ഹാ ഹി ഹു.

      Delete
  2. ഓശാനയില്‍ സഭാനശീകരണം എങ്ങനെയെന്നു വ്യക്തമാക്കാമോ? ആശയങ്ങള്‍ യുക്തമെങ്കില്‍ താങ്കളെ അനുകൂലിച്ചു ഞാന്‍ മറുപടി എഴുതാം. സഭാ നവീകരണത്തെ സംബന്ധിച്ച് അനേക പ്രഗല്‍ഭരായവരുടെ വ്യക്തമായ ലേഖനങ്ങള്‍ അല്‍മായശബ്ദത്തില്‍ ഉണ്ട്. Church act, womens code ബില്‍, പാലായിലെ കേരള നവീകരണ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, അല്‍മായ പോസ്റ്റുകള്‍ എന്നിവ വിശദമായി പഠിച്ചശേഷം ഓശാനയുടെ സഭാനശീകരണം എന്തെന്ന് വ്യക്തമാക്കിയ ഒരു ലേഖനം താങ്കളില്‍നിന്നും അല്‍മായ ശബ്ദത്തിലെ വായനക്കാര്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. അല്മായാ ശബ്ദം മറ്റനേകം ബ്ലോഗുകളുമായി വേറിട്ട്‌ നില്‍ക്കുന്നത് ഉപയോഗിക്കുന്ന ഭാഷയും, കൈകാര്യം ചെയ്യുന്ന വിഷയവും വ്യത്യസ്തമായതുകൊണ്ടാണ്. അതിന്റെ നിലവാരം കാത്തു സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. കാള പെറ്റു എന്ന് കേട്ടപ്പോഴേ കയറെടുക്കുന്ന പോലെയുള്ള കമന്റുകളും കാണുന്നു. എഴുത്തുകാരില്‍ പലരും ശ്രദ്ധാപൂര്‍വ്വം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍, ചിലരെങ്കിലും എഴുതാന്‍ വേണ്ടി എഴുതുന്നു, എറിയാന്‍ വേണ്ടി എറിയുന്നു. ഇത് ദോഷം ചെയ്യും. ഇത് നിരവധി വൈദികരും, സന്യസ്തരും വായിക്കുന്നുണ്ട്. അല്മായാ ശബ്ദത്തിലെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് പല ഔദ്യോഗിക ജിഹ്വകളിലെയും ലേഖനങ്ങളും.

    ഓശാന ഒരു മാറ്റത്തിന്റെ തുടക്കം തന്നെയായിരുന്നു. സംസ്കാരമുള്ള നല്ല ഭാഷ തന്നെയാണ് അത് ആദ്യന്തം ഉപയോഗിച്ചിരുന്നത്. അതുപോലെ അതിലെ പരാമര്‍ശങ്ങളെല്ലാം വസ്തു നിഷ്ടവുമായിരുന്നു. ഓശാനക്കും പുലിക്കുന്നേല്‍ സാറിനും അഭിവാദ്യമര്‍പ്പിക്കാതെ ഒരു നവികരണ പ്രസ്ഥാനത്തിനും മുന്നോട്ടു പോകാനാവില്ല. ഒരു മുന്നേറ്റത്തിനു അടിത്തറയിട്ടത്‌ ഓശാന തന്നെ. അതിനും മുമ്പും പാലായില്‍ വിപ്ലവകാരികള്‍ ഉണ്ടായിരുന്നു എന്നത് മറക്കാന്‍ ആവില്ല. ഒരു പറമ്പില്‍ രണ്ടു ഇടവക പള്ളികള്‍ പാലായില്‍ അല്ലാതെ വേറെവിടെ?

    സഭ നവികരിക്കപ്പെടും എന്നത് ഉറപ്പ്. അത്രമേല്‍ അസ്വസ്തത സഭയില്‍ ഇന്നുണ്ട്. ഒരു അല്മായന്‍ പോലും തൃപ്തനല്ല. കാണിക്കുന്ന പലതും വിഡ്ഢിത്തരമാനെന്നു അവര്‍ക്ക് ബോധ്യമില്ലാ എന്നതേ ഉള്ളു. അത് ബോധ്യപ്പെടുത്തുന്ന ജോലിയാണ് അല്മായാ ശബ്ദം ചെയ്യേണ്ടത് എന്നാണു എന്റെ എളിയ അഭിപ്രായം. വിശുദ്ധനായി ഒരാളെ പ്രഖ്യാപിക്കാനുള്ള അവകാശം സഭക്കില്ല. അതുപോലെ വിശുദ്ധരാനെന്നുള്ള പല പ്രഖ്യാപനങ്ങളും വൈകാരികവുമായിരുന്നു. അതിനു ഉപയോഗിച്ച മാനദണ്ടങ്ങളും മാറിക്കൊണ്ടിരുന്നു. മരിയാ ഗോരെത്തി മാനഭംഗ ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടു. അതല്ലാതെ ഒരു പ്രത്യേകതയും അവര്‍ക്കില്ലായിരുന്നു. വി. അല്ഫോന്സായുടെ കാര്യത്തില്‍ എന്നതുപോലെ ബാക്കി ചരിത്രം ആരൊക്കെയോ എഴുതി. അങ്ങിനെ എഴുതാനായിരുന്നെങ്കില്‍ അനുദിവസം ഇവിടെ നിരവധി വിശുദ്ധകള്‍ ഉണ്ടാകേണ്ടതാണ്. ഫ്രാന്‍സിസ് ന്റെ കാര്യത്തില്‍ മാത്രമല്ല നിരവധി പ്പെരുടെ കാര്യത്തില്‍ ഇതാണ് ഗതി. ഇവിടെ കിടന്നു കളിക്കുന്നത് കണ്ടില്ലേ? ചെങ്ങനാശ്ശെരിക്കാര്‍ ഒരു വിശുദ്ധനു വേണ്ടി ദാഹിക്കുന്നു. പാവങ്ങള്‍ ! അതിനുവേണ്ടി എന്ത് ത്യാഗത്തിനും തയ്യാര്‍. പാലാക്കാരുടെ രാജ യോഗം. യേശു ഒരൊറ്റ ആളിനെയെ സ്വര്‍ഗ്ഗത്തില്‍ എന്നോടൊപ്പം ആയിരിക്കും എന്ന് പറഞ്ഞിട്ടുള്ളൂ. അത് നല്ല കള്ളനാണ്. ആ വിശുദ്ധന്റെ പേരില്‍ എത്ര പള്ളികള്‍ നമുക്കുണ്ട്?

    വിശുദ്ധ കുര്‍ബാന എത്ര ഭയ ഭക്തി ബഹുമാനത്തോടെയാണ് ഒരു കാലത്ത് കൊടുക്കപ്പെട്ടത്‌. ഇന്നത്‌ വേണ്ടിയോനു എടുക്കാം എന്നായി. രജി. പാര്‍സല്‍ ആയി എത്തിച്ചുകൊടുക്കുന്ന കാലവും വന്നു കൂടായ്കയില്ല. വെള്ളത്തിനു പകരം ബാറ്ററി വെള്ളം ആശിര്‍വദിച്ചു മിശിഹായുടെ രക്തമാക്കിയ ബിഷപ്‌ തൊണ്ട പൊള്ളി ആസ്പതിയിലായത് കേട്ടിട്ടില്ലേ? തൃശൂര്‍ ഭാഗത്ത് നിന്നുള്ള സംഭവ കഥയാണ്. അല്‍പ്പ കാലത്തിനുള്ളില്‍ കുര്‍ബാന കൈക്കൊള്ള പ്പാടിന് വരുന്ന എല്ലാവരും യുണിഫോം ഇട്ടു വരേണ്ടിയും വന്നേക്കാം. അങ്ങിനെയേ ക്ലൈമാക്സ് എത്തുകയുള്ളൂ.

    ദേഹം മുഴുവന്‍ സ്വര്‍ണം മൂടി പള്ളിയില്‍ വരുന്ന അന്ഗനമാരെ വിവാഹത്തിനു പള്ളിയില്‍ കയറ്റുന്നതും സഭ ആണെന്നോര്‍ക്കണം. എന്നിട്ടോ? എങ്ങിനെ ചടങ്ങ് നടത്തണം എന്ന് നിശ്ചയിക്കുന്നത് വിഡിയോക്കാര്‍. ഇല്ലാതിരുന്ന ഒത്തു കല്യാണ മാമാങ്കം സഭയല്ലേ പ്രോത്സാഹിപ്പിച്ചത്. ഹിന്ദുവിന്റെ നില വിളക്കു വിട്ടില്‍ കണ്ടാല്‍ അവിടെ കയറില്ലായിരുന്നു ഒരു കാലത്ത് അച്ചന്മാര്‍. ഇന്നോ? വിളക്കും കൊടിമരവുമെല്ലാം തോമ്മായുടെ കണ്ടുപിടുത്തമായി. കഷ്ടം എന്ന് പറഞ്ഞാല്‍ പോര...അതി കഷ്ടം എന്നെ പറയേണ്ടൂ.

    ReplyDelete
  4. ദേഹം മുഴുവന്‍ സ്വര്‍ണം മൂടി പള്ളിയില്‍ വരുന്ന അന്ഗനമാരെ വിവാഹത്തിനു പള്ളിയില്‍ കയറ്റുന്നതും സഭ ആണെന്നോര്‍ക്കണം. എന്നിട്ടോ? എങ്ങിനെ ചടങ്ങ് നടത്തണം എന്ന് നിശ്ചയിക്കുന്നത് വിഡിയോക്കാര്‍. ഇല്ലാതിരുന്ന ഒത്തു കല്യാണ മാമാങ്കം സഭയല്ലേ പ്രോത്സാഹിപ്പിച്ചത്. ഹിന്ദുവിന്റെ നില വിളക്കു വിട്ടില്‍ കണ്ടാല്‍ അവിടെ കയറില്ലായിരുന്നു ഒരു കാലത്ത് അച്ചന്മാര്‍. ഇന്നോ? വിളക്കും കൊടിമരവുമെല്ലാം തോമ്മായുടെ കണ്ടുപിടുത്തമായി. കഷ്ടം എന്ന് പറഞ്ഞാല്‍ പോര...അതി കഷ്ടം എന്നെ പറയേണ്ടൂ. (റോഷന്‍ എഴുതിയത് )

    വായിക്കാന്‍ രസമുന്ടെന്നു മാത്രമല്ല, നൂറു ശതമാനം സത്യവുമാണ് , മേല്‍പ്പറഞ്ഞത്‌. ഏറ്റവും ആഴമായ ആത്മനിന്ദ മലയാളി സമൂഹത്തെപ്പറ്റിയും എന്റെ തന്നെ ബന്ധുക്കളെപ്പറ്റിയും എനിക്ക് തോന്നുന്ന നിമിഷങ്ങള്‍ , റോഷന്‍ സൂചിപ്പിച്ചതുപോലെ, ഒരു കലാബോധവും വിവേകവുമില്ലാതെ അവര്‍ എല്ലാ കൃത്രിമ ചമയങ്ങളും നടത്തി, സുന്ദരിയായ ഒരു യുവതിയെ കുമ്മായം തേച്ച പ്രതിമ പോലെ വിവാഹമെന്ന കൂദാശക്ക് കൊണ്ടുവരുന്ന രീതിയും, വീടിയോക്കാര്‍ സംവിധാനം ഏറ്റെടുക്കുകയും ചെയ്യുന്നത് കാണുകമ്പോഴാണ്. ചില പ്രധാന കൃത്യങ്ങള്‍ വിടിയൊക്കാരുടെ നിര്‍ദെശമനുസരിച്ചു ആവര്‍ത്തിക്കുക പോലും ചെയ്യാറുണ്ട്. ചടങ്ങിന്റെ എല്ലാ വിശുദ്ധിയും കളഞ്ഞു കുളിക്കാന്‍ ഇതൊക്കെ മതി.

    ഈ വിഷയങ്ങളെക്കുറിച്ചും, പൊന്നുരുക്കുന്നിടത്ത് പൂച്ചയെപ്പോലെ ചെന്നു വൈദികര്‍ വിവാഹമാമാങ്കം മൊത്തത്തില്‍ കൈയടക്കുന്നതിനെപ്പറ്റിയും ഞാന്‍ പലപ്പോഴും പലയിടത്തും എഴുതിയിട്ടുണ്ട്. സ്വന്തക്കാര്‍ പോലും പുല്ലുവില അതിനൊന്നും കല്പിച്ചിട്ടില്ല. എനിക്ക് മുഴു വട്ടാനെന്നാണ് അവരുടെ അഭിപ്രായം. അതു ശരിയായിരിക്കട്ടെ.

    ReplyDelete