Translate

Tuesday, April 3, 2012

'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം' (KCRM) നടത്തിയ മാര്‍ച്ചുമാസ ചര്‍ച്ചാപരിപാടി -ഹ്രസ്വറിപ്പോര്‍ട്ട്


KCRM-ന്റെ പ്രതിമാസപരിപാടിയുടെ ഭാഗമായി, 2012 മാര്‍ച്ച് 24, ശനിയാഴ്ച 2 P.M. മുതല്‍ 6P.M. വരെ, പാലാ ടോംസ് ചേമ്പര്‍ ഹാളില്‍ 'യുവജനങ്ങളും സഭയും' എന്ന വിഷയത്തില്‍ ഒരു ചര്‍ച്ചാസമ്മേളനം നടന്നു. പ്രസ്ഥാനം ചെയര്‍മാന്‍ ശ്രീ. കെ. ജോര്‍ജ് ജോസഫ് മോഡറേറ്റ് ചെയ്ത ഈ പരിപാടിയില്‍ വിഷയാവതരണം നടത്തി ചര്‍ച്ച നയിച്ചത്, 'വിശ്വശാന്തി ഇന്റര്‍നാഷണല്‍ മിഷന്‍' പ്രസിഡന്റും 'Indian Thoughts Foundation' സ്ഥാപകഡയറക്ടറും, സര്‍വ്വോപരി 'അത്മായശബ്ദം' ബ്ലോഗിലെയും 'സത്യജ്വാല' മാസികയിലെയും പ്രമുഖ എഴുത്തുകാരനുമായ ശ്രീ. ജോസഫ് മറ്റപ്പള്ളി ആയിരുന്നു. അദ്ദേഹത്തിന്റെ മുഖ്യ സഹപ്രവര്‍ത്തകനും KCRM മുന്‍ ചെയര്‍മാനുമായ ശ്രീ.മാത്യു എം. തറക്കുന്നേല്‍ ശ്രീ. ജോസഫ് മറ്റപ്പള്ളിയെ സദസ്സിനു പരിചയപ്പെടുത്തി. മോഡറേറ്ററുടെ ആമുഖപ്രസംഗത്തോടെ ചര്‍ച്ചാസമ്മേളനം ആരംഭിച്ചു.
മനുഷ്യനിലെ സാമാന്യബുദ്ധി മരണപ്പെട്ട ഒരു കാലഘട്ടമാണിതെന്നും, അല്ലായിരുന്നെങ്കില്‍ അവ്യക്തതകളും വൈരുദ്ധ്യങ്ങളും അന്ധതയും ചൂഴ്ന്നുനില്ക്കുന്ന സീറോ-മലബാര്‍ സഭ ഇന്നത്തെ രൂപത്തില്‍ ഇവിടുണ്ടാകുമായിരുന്നില്ലെന്നും പ്രസ്താവിച്ചുകൊണ്ടാണ് ശ്രീ. ജോസഫ് മറ്റപ്പള്ളി വിഷയത്തിലേക്കു പ്രവേശിച്ചത്. വിശ്വാസിസമൂഹത്തില്‍ അതിശുഷ്‌ക്കമായ ഒരു വിഭാഗം മാത്രമേ ഈ സഭയില്‍ സന്തോഷം കണ്ടെത്തുന്നവരായിട്ടുള്ളു. യേശുവിന്റെ വചനങ്ങള്‍ക്കും അരൂപിക്കുമനുസൃതമായാണ് ജീവിതത്തെ രൂപപ്പെടുത്തേണ്ടതെന്നു നാം കരുതുന്നപക്ഷം, തീര്‍ച്ചയായും ഈ സഭയ്ക്ക് യാതൊരു വിധത്തിലും നമ്മെ സഹായിക്കാനാവില്ല, അദ്ദേഹം പറഞ്ഞു.
മനുഷ്യനില്‍ മൂല്യരൂപീകരണം സംഭവിക്കുന്നത്, ബാല്യ -കൗമാര- യുവത്വാരംഭദശകളിലാണ്. ആ കാലയളവില്‍ ബൈബിളിനെയും ആത്മീയതയെയും അനുദിനജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കേണ്ടതുണ്ട്. ജീവിതമാതൃകകളായി സഭാനേതൃത്വം അവരുടെ മുമ്പില്‍ അവതരിക്കേണ്ടതുമുണ്ട്. ഇതിലൊക്കെ അങ്ങേയറ്റം ശ്രദ്ധിക്കേണ്ട സഭ, ബൈബിളിനെ മുത്തശ്ശിക്കഥകളെ തോല്പിക്കുന്നത്ര ബാലിശവും അയുക്തികവുമായ പുരാണകഥകളായി അവതരിപ്പിച്ച് കുട്ടികളുടെ സാമാന്യബുദ്ധിയെത്തന്നെ മരവിപ്പിക്കുകയാണ്. ഓരോരുത്തരെയും അവരവരുടെ തനിമകളില്‍നിന്നുകൊണ്ട് സ്വന്തം വിശ്വാസം കണ്ടെത്താന്‍ സഹായിക്കേണ്ട സഭ, അവരുടെയെല്ലാം തലയ്ക്കുമേല്‍ ഒരു പൊതുവിശ്വാസസംഹിതയും നിയമാനുഷ്ഠാനങ്ങളും നിര്‍ബന്ധപൂര്‍വ്വം കെട്ടിവച്ച്, എല്ലാ വൈയക്തികത്തനിമകളെയും ഇല്ലായ്മചെയ്യുകയാണിന്ന്. ഇതിന്റെ ഫലമായി, സ്വന്തം ഇഷ്ടപ്രകാരംതന്നെ അന്യഥാ സംഭവിക്കുമായിരുന്ന സമഗ്രമായ വ്യക്തിത്വവികാസവും, ആത്മീയതലത്തിലുള്ള വിപ്ലവകരമായ രൂപാന്തരീകരണവും സംഭവിക്കാതെ പോകുന്നു. പകരം, സ്ഥാപനാകാരസഭയുടെ സ്ഥാപിതതാല്പര്യങ്ങള്‍ക്കൊത്ത് വെറുതെ ഒഴുകുന്നവരായിത്തീരുകയാണവര്‍.
സഭാപഠനങ്ങളിലെ ബാലിശത്വങ്ങളെയും, സഭ പ്രോത്സാഹിപ്പിക്കുന്ന ഭക്തിയഭ്യാസങ്ങളിലെ അന്ധതകളെയും, സ്വേച്ഛാപരമായ സഭാഭരണസമ്പ്രദായത്തിലെ നിഷ്ഠൂരതയെയും ചൂണ്ടിക്കാട്ടിക്കൊണ്ട്, ലോകത്തിന്നു നിലവിലുള്ള മറ്റെല്ലാ മതസമ്പ്രദായങ്ങളെയുംകാള്‍ പരിഹാസ്യമായ അവസ്ഥയിലാണ് കത്തോലിക്കാസഭ എന്നദ്ദേഹം വിലയിരുത്തി. അതുകൊണ്ടുതന്നെ വിശ്വാസിസമൂഹം, പ്രത്യേകിച്ച് യുവജനങ്ങള്‍, സഭയോട് ഒരകലം സൂക്ഷിക്കുന്നു. സഭയുടെ സ്ഥാപനശക്തിയില്‍ ഭയന്നും, കാര്യസാധ്യത്തിനുവേണ്ടിയുമുള്ള ഒരു ബന്ധമേ അവര്‍ക്കിന്നു സഭയോടുള്ളു എന്നു പൊതുവേ പറയാം.
ഒട്ടും ആശാസ്യമല്ലാത്ത ആ അവസ്ഥയില്‍നിന്ന് നമ്മുടെ യുവജനങ്ങളെ മോചിപ്പിക്കുന്നതിന്, താഴെപ്പറയുന്ന 6 നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവയ്ക്കുകയുണ്ടായി:
(1) സഭാവ്യാഖ്യാനങ്ങള്‍ക്കും നിയമങ്ങള്‍ക്കുമപ്പുറം, വചനാനുസൃതമായി ജീവിക്കാനും സ്വന്തം നിഗമനങ്ങളിലെത്തിച്ചേരാനും യുവജനങ്ങളെ സഭ അനുവദിക്കണം
(2) ക്രൈസ്തവമൂല്യങ്ങളെ തങ്ങളുടേതായ സാഹചര്യത്തില്‍ പ്രയോഗക്ഷമമാക്കാന്‍ ഓരോരുത്തര്‍ക്കും പ്രേരണ നല്‍കണം. കൂടാതെ, അവരുടെ സഹജമായ താല്പര്യങ്ങളെയും വാസനകളെയും കഴിവുകളെയും വളര്‍ത്തിക്കൊണ്ടുവരാനാവശ്യമായത്ര അവസരങ്ങള്‍ സഭാതലത്തില്‍ അവര്‍ക്കൊരുക്കിക്കൊടുക്കണം. അങ്ങനെ, ക്രോഡീകൃതവും പുരോഗമനാത്മകവുമായ പ്രവര്‍ത്തനങ്ങളിലൂടെ, കൗമാരത്തിന്റെയും പ്രായപൂര്‍ത്തിയുടേയുമായ വെല്ലുവിളികളെ അതിജീവിച്ച് സാമൂഹികവും ധാര്‍മ്മികവും വൈകാരികവും കായികവുമായി പക്വതയിലും പ്രാപ്തിയിലുമെത്താന്‍ അവരെ സഹായിക്കേണ്ടതുണ്ട്.
(3) സഭയുടെ ഭരണകാര്യങ്ങളിലും അനുഷ്ഠാനനിര്‍വ്വഹണത്തിലും യുവജനങ്ങള്‍ക്ക് വേണ്ടത്ര അവസരങ്ങള്‍ നല്‍കണം.
(4) നൈസര്‍ഗ്ഗിക രീതിയിലുള്ള പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും സവിശേഷമായ ആന്തരികശാന്തിയും സന്തോഷവും അനുഭൂതമാക്കാനുതകുന്ന തരത്തിലുള്ള പരിശീലനങ്ങള്‍ യുവതീ-യുവാക്കള്‍ക്കായി ഒരുക്കുകയും വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വേണം. അങ്ങനെ, മദ്യം, മയക്കുമരുന്ന്, പുകവലി, ലൈംഗികാസക്തി, അക്രമവാസന എന്നിവയുമായി ബന്ധപ്പെട്ടുള്ള അപകടകരമായ പെരുമാറ്റദൂഷ്യങ്ങളില്‍നിന്ന് അവരെ രക്ഷിക്കണം.
(5) മറ്റു മതങ്ങളില്‍ നിലനിന്നുപോരുന്ന നല്ല സങ്കല്പങ്ങളെയും ദര്‍ശനങ്ങളെയും സംസ്‌കാരങ്ങളെയും സ്വീകരിക്കുന്നതില്‍നിന്നും അവര്‍ വിലക്കപ്പെടരുത്. അതുപോലെതന്നെ, മതമൈത്രിയിലും യഥാര്‍ത്ഥ രാജ്യസ്‌നേഹത്തിലും അധിഷ്ഠിതമായ ഒരു പാരസ്പര്യജീവിതം കെട്ടിപ്പടുക്കാനുള്ള അവരുടെ പരിശ്രമങ്ങള്‍ക്കും വിലക്കുണ്ടാവരുത്.
(6) ആത്മീയതയെക്കുറിച്ചുള്ള അവരുടെ ധാരണകള്‍, വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ സ്വതന്ത്രമായി പങ്കുവയ്ക്കാന്‍ അവരെ അനുവദിക്കണം.
യുവാക്കളില്‍ കെട്ടിക്കിടക്കുന്ന ഊര്‍ജ്ജസ്രോതസ്സ്, തനതു രീതിയില്‍ ഒഴുകാനാരംഭിക്കുന്ന ആ നിമിഷം, സഭയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായിരിക്കും എന്നദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ നിര്‍ണ്ണായകമായ ഒരു മാറ്റം വരുത്താന്‍പോന്ന, സമൂഹത്തെ ആകമാനം രൂപാന്തരപ്പെടുത്താന്‍പോന്ന ഒരു തീനാളം അവിടെ കത്തിയുയരുകയും പടര്‍ന്നുപിടിക്കുകയും ചെയ്യും.
സഭയെയും സമൂഹത്തെയും പരിവര്‍ത്തനത്തിന്റെ പാതയിലേക്കു നയിക്കുന്നതിനായി, ഇളംതലമുറയെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ട് ശ്രീ. ജോസഫ് മറ്റപ്പള്ളി തന്റെ അവതരണം അവസാനിപ്പിച്ചു.
തുടര്‍ന്ന് നടന്നത്, അദ്ദേഹം മുന്നോട്ടുവച്ച 6 നിര്‍ദ്ദേശങ്ങള്‍ ഓരോന്നായെടുത്തിട്ടുള്ള പ്രതികരണപ്രസംഗങ്ങളായിരുന്നു. ഓരോ നിര്‍ദ്ദേശത്തെയും കേന്ദ്രീകരിച്ച്, യഥാക്രമം, സര്‍വ്വശ്രീ ഡോ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍സാര്‍), ഷാജു ജോസ് തറപ്പേല്‍, മാത്യു എം. തറക്കുന്നേല്‍, റ്റി.റ്റി. ജോര്‍ജ് കല്ലടയില്‍, കെ.കെ. ജോസ് കണ്ടത്തില്‍, ടോമി നെടുങ്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. വളരെ ഗൗരവ്വപൂര്‍വ്വകമായി നടന്ന പ്രതികരണങ്ങളെല്ലാംതന്നെ, വിഷയാവതാരകന്റെ ഓരോ നിര്‍ദ്ദേശത്തെയും വളരെ ക്രിയാത്മകം എന്നംഗീകരിക്കുകയും, എന്നാല്‍ അധികാരസഭയുടെ അംഗീകാരത്തോടെ അവയിലൊന്നുപോലും പ്രാവര്‍ത്തികമാക്കാനാവില്ലെന്നു വിലയിരുത്തുകയും ചെയ്തു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യത്തിലേക്കു സഭ വരുകയോ, 'ചര്‍ച്ച് ആക്ട്' നടപ്പായി വിശ്വാസിസമൂഹത്തിന് സഭാകാര്യങ്ങളില്‍ നിര്‍ണ്ണായകസ്വാധീനം ഉണ്ടാകുകയോ ചെയ്താല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം പ്രായോഗികമാക്കാനാകും എന്ന അഭിപ്രായം പലരും പ്രകടിപ്പിച്ചു.
തുടര്‍ന്നു നടന്ന പൊതുചര്‍ച്ചയും വളരെ സജീവമായിരുന്നു. സര്‍വ്വശ്രീ എന്‍.റ്റി. പോള്‍ നടയ്ക്കല്‍, പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം, സി.ഒ. ഫ്രാന്‍സീസ് ചക്കുളിക്കല്‍ കൂടാതെ അതിഥി ആയെത്തിയ 'Ecological Security & Climate Organizations Net' (ESCON) ചെയര്‍മാന്‍ ശ്രീ എസ്.എ. റഹീം എന്നിവര്‍, മൂല്യരഹിതമായിത്തീര്‍ന്നിരിക്കുന്ന ഇന്നത്തെ മതവ്യവസ്ഥയെക്കുറിച്ചും അതില്‍നിന്നുള്ള മോചനമാര്‍ഗ്ഗങ്ങളെക്കുറിച്ചും സംസാരിച്ചു.
50-ലേറെ പേര്‍ പങ്കെടുത്ത ചര്‍ച്ചാപരിപാടി 6 P.M-ന്പര്യവസാനിച്ചു.


ജോര്‍ജ്ജ് മൂലേച്ചാലില്‍
(സെക്രട്ടറി, KCRM)

No comments:

Post a Comment