Translate

Friday, April 13, 2012

ദൈവത്തിനു സ്തുതി: ജോസഫ് പുലിക്കുന്നേല്‍


ഈ ഏപ്രില്‍ 14-ാം തീയതി എനിക്ക് 80 വയസ് തികയുകയാണ്. എന്റെ സഹോദരീ സഹോദരന്മാര്‍ക്കും അനേകം സഹപാഠികള്‍ക്കും കിട്ടാത്ത ഒരു ഭാഗ്യമാണ് ഇതെന്നു പറയട്ടെ.

ശാരീരികമായി അവശതകള്‍ ഉണ്ട് എങ്കിലും വിഷയവിശകലനങ്ങളില്‍ യുക്തിബോധം നഷ്ടപ്പെട്ടിട്ടില്ല എന്ന് എന്റെ സുഹൃത്തുക്കള്‍ എന്നോടു പറയുന്നു.

കഴിഞ്ഞ 37 കൊല്ലമായി എന്റെ ജീവിതം ഓശാനയ്ക്കുവേണ്ടിയായിരുന്നു. ഞാന്‍ ഒന്നും അതില്‍നിന്നെടുത്തിട്ടില്ല. എന്റെ അഭിപ്രായങ്ങള്‍ ആരുടെയും മുഖം നോക്കാതെ സ്വതന്ത്രമായി പറയാനുള്ള ഒരു വേദിയായിരുന്നു ഓശാന. ആദ്യകാലങ്ങളില്‍ വളരെയധികം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഇന്നുമുണ്ട്. എങ്കിലും ഇതൊന്നും ഞാന്‍ കാര്യമായി കണക്കാക്കിയിട്ടില്ല. കാരണം ഞാന്‍ എഴുതിയവയൊന്നും വ്യക്തിപരമായ വിദ്വേഷത്തില്‍നിന്നോ എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടാക്കാനോ ആയിരുന്നില്ല.

ഓശാന ആരംഭിക്കുമ്പോള്‍ എനിക്ക് സഭാചരിത്രത്തെക്കുറിച്ച് ശരിയായ ഒരു അറിവും ഉണ്ടായിരുന്നില്ല. ലോക ചരിത്രവും ഇന്ത്യാചരിത്രവും വായിക്കുമ്പോള്‍ എനിക്കു കിട്ടിയ തുച്ഛമായ അറിവു മാത്രമായിരുന്നു സഭയെക്കുറിച്ച് ഉണ്ടായിരുന്നത്. വേദപാഠ ക്ലാസുകളില്‍ ഞാന്‍ അങ്ങേയറ്റം ശ്രദ്ധയോടുകൂടിയാണ് പഠിച്ചത്. തന്മൂലം സഭയുടെ അടിസ്ഥാന വിശ്വാസത്തെക്കുറിച്ച് എനിക്ക് ധാരണകളുണ്ടായിരുന്നു.

സഭ കടന്നുപോയ 20 നൂറ്റാണ്ടുകളില്‍ എന്തെല്ലാം സംഭവിച്ചു എന്നു വായിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. മധ്യകാലങ്ങളിലെ മാര്‍പാപ്പാമാരെക്കുറിച്ചുള്ള കഥകള്‍ ധാരാളമായി കേട്ടിരുന്നു. അവയെല്ലാം സഭാശത്രുക്കള്‍ പറഞ്ഞുപരത്തിയവയാണെന്നുള്ള പ്രതിവാദവും കേട്ടിരുന്നു. 16-ാം നൂറ്റാണ്ടില്‍ യൂറോപ്പിലെ ക്രൈസ്തവരെ രണ്ടായി വിഭജിച്ചുകൊണ്ട് നടത്തപ്പെട്ട നവീകരണശ്രമങ്ങളെ അപലപിക്കുന്ന പരാമര്‍ശനങ്ങള്‍ ഞാന്‍  വായിച്ചിരുന്നു. ലൂഥര്‍ ഒരു കന്യാസ്ത്രീയെ വിവാഹം കഴിക്കുന്നതിനുവേണ്ടി സഭയെ പിളര്‍ത്തിയെന്ന് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു അച്ചന്‍ പള്ളിയില്‍ പ്രസംഗിച്ചത് ഞാന്‍ ഓര്‍ക്കുന്നു.

1975-ല്‍ ഞാന്‍ ഓശാന ആരംഭിക്കുമ്പോള്‍ സഭയെക്കുറിച്ചുള്ള എന്റെ അല്പജ്ഞാനത്തെകുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. സഭയെക്കുറിച്ചു കൂടുതല്‍ അറിയണം. അതിനായി ആന കരിമ്പിന്‍തോട്ടത്തില്‍ കയറിയ ജിജ്ഞാസയോടെ ഞാന്‍ സഭാചരിത്രങ്ങള്‍ വായിച്ചു. സഭാ ചരിത്രത്തെ ആദ്യം എനിക്ക് പരിചയപ്പെടുത്തി തന്നത് ശ്രീ. എന്‍.കെ.ജോസ് ആയിരുന്നു. പിന്നീട് കൂടപ്പുഴ അച്ചന്റെ സഭാചരിത്ര ഗ്രന്ഥങ്ങള്‍ വായിച്ചു. അനേകം ദൈവശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിച്ചു. വി. ആഗസ്തിനോസ്. തോമസ് അക്വിനാസ് മുതലായവരുടെ ദൈവശാസ്ത്രഗ്രന്ഥങ്ങള്‍ വായിച്ചു.

മാത്രമല്ല രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം സഭാനവീകരണ ലക്ഷ്യത്തോടെ എഴുതിയ ഗ്രന്ഥങ്ങള്‍ ഓരോന്നായ് വായിച്ചു തളളി. ഇതിനിടയിലാണ് വിമോചന ദൈവശാസ്ത്രം എന്ന പുതിയ ചിന്താധാര സഭയ്ക്കുള്ളിലേക്ക് കടന്നുവന്നത്. അവരുടെ ഗ്രന്ഥങ്ങളും മനസിരുത്തി വായിച്ചു.

കേവലം ലാഘവ ബുദ്ധിയോടുകൂടിയായിരുന്നില്ല ഞാന്‍ ഓശാനയില്‍ ലേഖനങ്ങള്‍ എഴുതിയത്. മറിച്ച് അതിന്റെ പിന്നില്‍ ആഴമായ പഠനങ്ങളുണ്ടായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അത്മായ പ്രേഷിതത്വം എന്ന ഡിക്രി ആദ്യം വായിച്ചപ്പോള്‍ വലിയ പ്രചോദനമാണുണ്ടായത്. എന്നാല്‍ സഭയില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് എനിക്കു മനസ്സിലായി. കേരളത്തില്‍ ക്രൈസ്തവ സഭകള്‍ ഇന്ന് വളരെ ശക്തമാണ്. പ്രത്യേകിച്ചും എപ്പിസ്‌കോപ്പല്‍ സഭകള്‍. പക്ഷേ അവയുടെ അടിത്തറ ഇളകുന്നുണ്ടോ എന്ന് ഈ സഭകളെ നയിക്കുന്നവര്‍പോലും പഠിക്കാറില്ല. സഭ ക്രിസ്തുവിന്റെ ശാശ്വത പഠനങ്ങളുടെ നിരന്തരമായ പ്രഭവശ്രോതസായി തീരേണ്ടതാണ്. പക്ഷേ ക്രിസ്തുവില്ലാത്ത സഭയാണ് ഇന്ന് എല്ലാ എപ്പിസ്‌കോപ്പല്‍ സഭകളും വളര്‍ത്തിയെടുക്കുന്നത്. പുണ്യവാളന്മാരുടെയും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സഭ! സക്രാരിയില്‍ ബന്ധിതനായ ക്രിസ്തുവിനെപ്പോലെ യേശു സഭയ്ക്കുള്ളില്‍ ഇന്നു ബന്ധിതനാണ്. യേശുവിനെ പ്രഘോഷിക്കുന്നു എന്നു വ്യാജേന നടത്തപ്പെടുന്ന ധ്യാനപ്രസംഗങ്ങള്‍ സഭയുടെ കെട്ടുറപ്പിനെ തകര്‍ക്കുന്നതല്ലാതെ ഉറപ്പിക്കാന്‍ പര്യാപ്തമല്ലെന്ന് തെളിഞ്ഞു കഴിഞ്ഞു. വ്യക്തി നവീകരണമല്ല മറിച്ച് സമൂഹ നവീകരണമാണ് ആവശ്യമെങ്കില്‍ അതിന് ധ്യാനമന്ദിരങ്ങള്‍ ഒരിക്കലും സഹായകമാകുകയില്ല.

ഏതായാലും കുറെക്കാലം കൂടി ഓശാന നടത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞേക്കാം. 37 വര്‍ഷങ്ങളായി ഞാന്‍ നടത്തിയ ആശയ വിതരണം നാളത്തെ ചരിത്രം സൃഷ്ടിക്കുന്നതിന് ഉതകും എന്ന് എനിക്കുറപ്പുണ്ട്. ഒരു ആശയവും മരിക്കുന്നില്ല. അത് മാനവ സംസ്‌കാരത്തിന്റെ ഭാഗമായി പിന്നീട് തുടരും. ക്രിസ്തു എന്നെ പഠിപ്പിച്ച പാഠവും അതാണ്. കല്ലറയില്‍ സംസ്‌കരിച്ച് കൂലിപട്ടാളത്തെ ചുറ്റും നിര്‍ത്തിയിട്ടും നൂറ്റാണ്ടുകളോളം പീഢിപ്പിച്ചിട്ടും ക്രിസ്തു ജനഹൃദയങ്ങളില്‍ മരിച്ചില്ല. 

3 comments:

  1. അലക്സ്‌ കണിയാംപറമ്പില്‍April 14, 2012 at 3:39 AM

    പുലിക്കുന്നേല്‍ സാറിന് ജന്മദിനാശംസകള്‍!

    ReplyDelete
  2. George Kuttikattu,GermanyApril 14, 2012 at 8:26 AM

    HAPPY BIRTH DAY Dear Prof;Joseph Pulikkunnel-George Kuttikattu,Germany.

    ReplyDelete
  3. गते शोको न कर्तव्यो भविष्यं नैव चिंतयेत्।

    वर्तमानेन कालेन वर्तयंति विचक्षणाः॥
    -One should not regret the past. One should not worry about the future.
    Wise men act by the present time-.

    ഭാരതക്രിസ്തീയ നവീകരണശില്‍പ്പി എന്ന പേരിനു അര്‍ഹന്‍ പുലിക്കുന്നേല്‍സാര്‍ തന്നെ. ഒരു ജീവിതത്തില്‍ ഇതിനെക്കാളും ഉപരി നേട്ടങ്ങള്‍ ആര്‍ക്കുലഭിക്കും. ഇദ്ദേഹത്തിന്‍റെ തൂലിക വഴിതിരിഞ്ഞു അധികാരമത്തു പിടിച്ച പുരോഹിതര്‍ക്ക് ഓശാന പാടിയിരുന്നെങ്കില്‍ കൂടിയാല്‍ ഒരു ഷെവലിയര്‍ ആകുമായിരുന്നു.

    Octogenerian പടിയിലേക്ക് കാലുകുത്തുന്ന പുലിക്കുന്നന്‍ സാറിന്‍റെ സ്വപ്നങ്ങള്‍ സഫലമാവുന്നത് കണ്ടു ആനന്ദിക്കട്ടെ.വീണ്ടും ആയിരം പൂര്‍ണ്ണ ചന്ദ്രന്മാര്‍ക്കായും പ്രാര്‍ഥിക്കുന്നു.

    ReplyDelete