Translate

Wednesday, April 18, 2012

സാരാംശം - ജൊസഫ് മറ്റപ്പള്ളി



 (സത്യജ്വാല - മേയ് ലക്കം)

               ഒരു സെന്‍ ബുദ്ധിസ്റ്റ് സന്യാസി, ഒരു ചിത്രശലഭമായി പൂക്കളില്‍ നിന്നു പൂക്കളിലേക്ക് പറന്നു രസിച്ചു നടക്കുന്നതായി ഒരിക്കല്‍ ഒരു സ്വപ്നം കണ്ടു. ഉണര്‍്ന്നപ്പോള്‍ അദ്ദേഹത്തിനു ഒരു സംശയം ഉണ്ടായി. താന്‍, ചിത്രശലഭമാ ണെന്ന് സ്വപ്നം കണ്ട മനുഷ്യനാണോ അതോ മനുഷ്യനായി ജീവിക്കുന്നത് സ്വപ്നം കാണുന്ന ചിത്രശലഭം ആണോ എന്നതായിരുന്നത്. മനുഷ്യജിവിതത്തെപ്പറ്റി ദൈവശാസ്ത്രപരമായി പഠിക്കാന്‍ ശ്രമിക്കുന്ന എല്ലാവരെയും കാത്തിരിക്കു ന്നത്, ഇത്തരം സമസ്യകളാണ് എന്നുതന്നെ പറയാം. ഞാനെന്തിനു ഇതൊക്കെ അറിയണം എന്ന് ചിന്തിച്ചുകൊണ്ട് 'സമ്പാദിക്കുക, സല്ലപി ക്കുക, സന്തോഷിക്കുക' എന്ന മുദ്രാവാക്യത്തെ മുറുകെ പിടിച്ചു ജിവിക്കുന്നവരാണ് ഇവിടെ കൂടുതലും. അവര്‍ ഏതെങ്കിലും ഒരു മതത്തിന്റെ യോ വിശ്വാസസംഹിതയുടെയോ അരികുപറ്റി സന്തോഷമായി ജീവിക്കുന്നു. ആധുനിക സമൂഹത്തിന്റെ ഒരു യഥാര്‍ഥചിത്രമാണിത്. ഭാരതിയരെപ്പറ്റിയാണ് പറയുന്നതെങ്കില്‍ ഓരോരു ത്തരും ഏതെങ്കിലും ഒരു മതത്തില്‍ ആണ് ജനിക്കുന്നതും വളരുന്നതും മരിക്കുന്നതും. ഇതൊക്കെയാണെങ്കിലും ജിവിതത്തിന്റെ അര്‍ഥം തേടി സര്‍വസാധ്യതകളും അരിച്ചുപെറുക്കി, കണ്ടെത്തിയതുമായി പൊരുത്തപ്പെട്ട് അര്‍ധവിപ്ലവ കാരികളായി സന്തോഷത്തോടെ ജിവിക്കുന്ന ഒരു നല്ല ശതമാനം ഈ ഭാരതത്തിലുണ്ട്.  
             ജിവിതം ഈ കാണുന്നതല്ലെന്നും അതിനു കൂടുതല്‍ അര്‍ഥതലങ്ങള്‍ ഉണ്ടെന്നുമുള്ള സത്യം എല്ലാവര്‍ക്കുംു ബോധ്യമുള്ള ഒരു കാര്യമാണ്. സത്യത്തെയാണ് എല്ലാവരും  അന്വേഷിക്കുന്നത് . പക്ഷേ, പ്രാപഞ്ചിക വസ്തുതകളെ ഏറെ സസൂക്ഷ്മം വിശകലനം ചെയ്ത വേദഗ്രന്ഥങ്ങള്‍ പോലും, സത്യം എന്നൊന്ന് ഉണ്ടെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ, അതെന്താണെന്ന് നിര്‍വചിച്ചിട്ടില്ല. ഈ സത്യം ഓരോരുത്തരും സ്വയം കണ്ടുപിടി ക്കണം എന്നാണ് ഭാരതിയ ജ്ഞാനികള്‍ ആവശ്യ പ്പെടുന്നത്. സ്വയം തിരിച്ചറിയുക മാത്രമല്ല, തിരിച്ചറിഞ്ഞത് ആയിത്തിരുക എന്നതും വളര്‍ച്ച യുടെ ഭാഗമാണെന്നു കൂടി അവര്‍ പറഞ്ഞു. സത്യം തേടി അലയുന്നവര്‍ അത് കണ്ടെത്താറുണ്ട്. പക്ഷേ, അവരില്‍ ബഹുഭുരിപക്ഷവും അറിവെന്ന ഭാരവും ചുമന്ന്, തുടങ്ങിയിടത്തു തന്നെയോ അതിലും മോശമായതോ ആയ സാഹചര്യങ്ങളില്‍ എത്തിപ്പെടുന്നതും നാം കാണാറുണ്ട്. ഇതിന്റെ പ്രധാന കാരണങ്ങള്‍, അറിഞ്ഞ സത്യത്തെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കാനും, കമ്പോളത്തില്‍ പരിചയ പ്പെടുത്താനും യുക്തിസഹമാക്കാനുമൊക്കെ യുള്ള വ്യഗ്രതയാണെന്നു പറയാം. ആ തകര്‍ച്ച ഉണ്ടാകാതിരിക്കാനാണ് ഭാരതിയ ജ്ഞാനികള്‍, ഗുരുവില്ലാതെ സഞ്ചരിക്കാവുന്ന മാര്‍ഗമല്ല സത്യാന്വേഷണം എന്ന് അടിവരയിട്ടു പറയുന്നത്. ഒരു സദ്ഗുരുവിനെ കണ്ടെത്തിയാല്‍ ആ പാദങ്ങ ളില്‍ പൂര്‍ണമായും സമര്‍പ്പിച്ചു സ്വയം  ഇല്ലാതാ വാന്‍ തയ്യാറാവുന്ന ഒരുവനാണ് യഥാര്‍ഥത്തില്‍ ജിവിതത്തെ കിഴടക്കുന്നത് അതായിരുന്നു അവരുടെ സന്ദേശത്തിന്റെ രത്‌നച്ചുരുക്കവും.
               അശരണരുടെയും ആലംബഹിനരുടെയും ഗുരുവിന്റെ സ്ഥാനത്താണ് യേശു നമ്മുടെ മുമ്പില്‍ വന്നത്. യേശുവിനെ ഒരു സദ്ഗുരുവായി ലോകം ഇന്നും കാണുന്നു. തലങ്ങും വിലങ്ങും സത്യത്തെ വ്യാഖ്യാനിച്ചു പ്രഭാഷണങ്ങളും പ്രഖ്യാപനങ്ങളും നടന്നു കൊണ്ടിരുന്ന ഒരു സമൂഹത്തിലേക്കാണ്‌യേശുവും കടന്നുവന്നത്. യേശു പക്ഷേ ആയിരിക്കാന്‍ തിരഞ്ഞെടുത്തത് അക്ഷരാഭ്യാസമില്ലാത്ത കുറെ മുക്കുവന്മാരുടെ യും ആട്ടിടയന്മാരുടെയും അടുത്തായിരുന്നു. അധികാരത്തിന്റെയും അറിവിന്റെയും ,പ്രതാപ ത്തിന്റെയും ഒരു ലോകമായിരുന്നില്ലത്. യേശു ആര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ പറയാനു ള്ളത് പറഞ്ഞു സ്‌നേഹിക്കുക. അതിനു തിളക്ക മുള്ള വസ്ത്രങ്ങളോ, മിനുക്കമുള്ള പാരമ്പര്യമോ, ഗാഢമായ അറിവോ ഒന്നും ആവശ്യമില്ലായെന്ന് ലോകത്തോട് പറയുകയായിരുന്നു യേശുവിന്റെ ലക്ഷ്യം. ആ സ്‌നേഹത്തിന്റെ പൊരുള്‍ അപ്പോസ്തലന്മാര്‍ ജിവിച്ചു കാണിച്ചു. കാലം കറങ്ങിക്കറങ്ങി മുന്നോട്ടു പോയപ്പോള്‍ വചനങ്ങ ളുടെ യുക്തി നോക്കിയായി മനുഷ്യന്റെ യാത്ര, കൂട്ടായ്മയുടെ സാധ്യതയായി അവന്റെ ലക്ഷ്യം, നിലനില്പ്പിന്റെ രാഷ്ട്രിയമായി അവന്റെ മാര്‍ഗം; ഒരുമിച്ചുനിന്നെങ്കിലേ രക്ഷയുള്ളൂ എന്ന് ചിന്തിച്ചു, പിന്നെ ഐകരൂപമുള്ള അനുഷ്ഠാനങ്ങള്‍ വേണമെന്ന് വാദിച്ചു. അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തുടങ്ങിയ വിഭാഗിയത, കുറച്ചൊന്നുമല്ല ക്രിസ്തുമതത്തിന്റെ വളര്‍ച്ചയെ ബാധിച്ചത്. ഒരു പരിധി വരെ, ഇസ്ലാം മതത്തിന്റെ വേരോട്ടത്തിന് ആക്കം കൂട്ടാനും ഈ അസന്ദിഗ്ധാവസ്ഥയ്ക്കു സാധിച്ചു. (തുടരും)

2 comments:

  1. ചുറ്റുമുള്ളതെല്ലാം ഗുരുക്കള്തന്നെ. ഈ പ്രപഞ്ചംതന്നെ സദ്‌ഗുരുവാണ്. പ്രപഞ്ചത്തിലെ ഓരോ പരമാണുവും മണല്‍ത്തരിപോലും പഠിക്കാനും പഠിപ്പിക്കാനും കഴിവുള്ളതാണ്‌. നമുക്ക് ഒരു ഗുരുവല്ല, സൃഷ്ടിയുടെ സകലതിനെയും ഗുരുക്കന്മാര്‍ ആയി കാണണം. ഒരു മണല്‍ത്തരിക്കുപോലും കോടാനുകോടി വര്‍ഷങ്ങളുടെ കഥ പറയാനുണ്ട്; നൂറായിരം ഗവേഷണഗ്രന്ഥങ്ങള്‍ രചിപ്പിക്കുവാനും‍ സാധിക്കും. അനേക പാഠങ്ങള്‍ ഉള്‍കൊള്ളുവാനും സാധിക്കും.

    ശ്രീ മറ്റപ്പള്ളിയുടെ "സാരാംശം" എന്ന കുറിപ്പിന് ശ്രീ പടന്നമാക്കല്‍ എഴുതിയ കമെന്റില്‍ നിന്നെടുത്ത ഭാഗം. ഇവര്‍ രണ്ട് പേരും വായനക്കാരെ സച്ചിന്തകളിലൂടെ നയിക്കാന്‍ അനായാസമായ ഭാഷയും വളരെ പരന്ന ജീവിതാനുഭവവും കൈവശമുള്ളവരാണ്. ഇരുവര്‍ക്കും നമോവാകം.

    സ്വയം ആത്മാവിഷ്ക്കാരത്തിനായി അദ്ധ്വാനിക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ടായിരിക്കുക എന്നതുതന്നെ എല്ലാം എല്ലാവര്ക്കും എല്ലാമാകുന്ന ഒരു ഏദന്‍തോട്ടത്തിന്റെ സൃഷ്ടിയില്‍ കലാശിക്കണം. പുറത്ത് കുറുനരികള്‍ ഓലിയിട്ടു നടക്കുന്നുണ്ട്. സദ്ഗുരുക്കന്മാരുടെ ചൊല്ലുകളെ തന്നിഷ്ടത്തിന് ഉതകുംവിധം വളച്ചൊടിക്കുന്നവര്‍ മതതീവ്രവാദത്തിലേയ്ക്ക് ജനത്തെ നയിക്കുമ്പോള്‍, സത്യത്തെ മാത്രം തേടിപ്പോകുന്നവര്‍ ഏറിവരണം. അല്മായശബ്ദമെന്ന സംഗമത്തിലൂടെ, നമ്മെ നിലനിര്‍ത്തുന്നതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് നമ്മള്‍. പരോക്ഷമായി ഒന്നും നേടിയില്ലെങ്കിലും, ഈ യാത്രതന്നെയാകട്ടെ നമ്മുടെ നേട്ടം.

    പ്രകൃതിയെ മുഴുവനായി കീഴടക്കുക എന്നത് മനുഷ്യധര്മ്മമാക്കുന്ന ചിന്ത ബൈബിള്‍ തന്നെ എങ്ങനെയോ തുടങ്ങിവച്ചു.ഫലമോ, പ്രകൃതിയെ മൊത്തത്തിലും ചുറ്റുമുള്ളവരെയും ചൂഷണം ചെയ്യാനുള്ള ലൈസന്‍സ്! സമ്പന്നന്റെ തന്ത്രങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന സഭയെയാണ് ഇന്ന് നാം കാണുന്നത്. ഒരു പെരുന്നാള്‍ കഴിക്കാന്‍ മൂന്നര കോടി മുടക്കിയ ഒരു പള്ളിയെപ്പറ്റി ഇന്നലെ വായിച്ചു. പാതിരിമാര്‍ തന്നെ മൂന്നര കോടി എന്ന് കേള്‍ക്കുമ്പോള്‍ ദൈവത്തെയും
    പട്ടിണി പാവങ്ങളെയും പ്രേഷിത ദൌത്യങ്ങളെയും മറന്നു പുത്തന്‍ പണക്കാരന്റെ
    കൂത്തരങ്ങിനു ചൂട്ടു പിടിച്ചു കൊടുക്കുന്നു! ഈ വാര്‍ത്ത‍ ഒന്ന് വായിച്ചു
    നോക്ക്... ഇതില്‍ ആരെയാണ് പഴിക്കേണ്ടി വരുക, പട്ടിണി പാവങ്ങളുടെ നാട്ടില്‍
    ഒരു പള്ളി പെരുന്നാളിന് മൂന്നര കോടി മുടക്കിയവനെയോ? അതിനു ചൂട്ടു പിടിച്ച
    പാതിരിയെയോ? അത് വാര്‍ത്തയാക്കി പുതു പണക്കാരനു സ്തുതി ഗീതം പാടുന്ന
    വാര്‍ത്ത‍ സ്ഥാപനത്തെയോ? http://www.ukvartha.com/innerpage.aspx?id=15435&menu=238&top=82

    കുര്‍ബാന കാണുക, സ്തോത്രകാഴ്ചകള്‍ കൊടുക്കുക, പെരുന്നാള്‍ മോടിപിടിപ്പിക്കുക, തുടങ്ങിയവയ്ക്ക് ദൈവികാംഗീകാരം ഉണ്ടെന്ന് സാധാരണക്കാരെ ധരിപ്പിക്കുകയാണ് പള്ളികള്‍. അതുമാറ്റി, പ്രകൃതിയിലുള്ള ഓരോന്നിനെയും ആദരിക്കുക, ഓരോന്നിനെയും സംരക്ഷിക്കുക എന്ന കടമയെപ്പറ്റിയുള്ള ബോദ്ധ്യം വ്യാപിക്കുമ്പോള്‍ എല്ലാം നമ്മുടെ ഗുരുസ്ഥാനത്ത് പ്രതിഷ്ടിക്കപ്പെടും. ബൈബിള്‍ വചനങ്ങള്‍ കാണാതെ പഠിക്കാനും അവക്കൊക്കെ പള്ളി നല്‍കുന്ന വ്യാഖ്യാനം അവസാനത്തെതാണെന്ന്‌ പറഞ്ഞു വിശ്വസിപ്പിക്കാനും തത്രപ്പെടുന്നവരുടെ വിശ്വാസോത്സവത്തിന്റെ ഈ വാരങ്ങളില്‍, മേല്‍പ്പറഞ്ഞ അതിപ്രധാനമായ ഘടകം വിട്ടുപോകുന്നത് ദയനീയമാണ്.

    ReplyDelete
  2. ഗുരുവിനെപ്പറ്റി നല്‍കിയ വിശകലനത്തിന് നന്ദി. തികച്ചും പരസ്പര വിരുദ്ധവും പക്ഷെ യുക്തി സഹവുമായ ഈ വാദഗതികള്‍ എല്ലാം ഒരുപോലെ എങ്ങിനെ ശരിയാവും എന്ന് ചിന്തിക്കുന്ന വായനക്കാര്‍ വല്ലാത്ത ആശയ കുഴപ്പത്തിലാകും. എന്ത് ചെയ്യാം? ശ്രി പടന്നമാക്കലും, ശ്രി നെടുങ്കനാലും പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. എതൊരു സത്യാന്വേഷിയും ഈ കുഴഞ്ഞു മറിഞ്ഞ പട്ടണത്തിലൂടെ കടന്നുപോയാലെ സത്യം എങ്ങിനെ കണ്ടെത്താമെന്ന് തിരിച്ചറിയൂ. ആ തിരിച്ചറിവാണ് സദ്‌ യാത്രയുടെ തുടക്കം. ഇത്തരം കാര്യങ്ങളൊക്കെ എനിക്കിങ്ങെനെയാണ് മനസ്സിലായതു എന്ന് മാത്രമേ എനിക്കും പറയാനൊക്കൂ. ഒക്കെ വിചിത്രം, ഓരോരുത്തരുടെയും മനസ്സിലാക്കല്‍ വ്യത്യസ്തമായിരിക്കും എന്നത് തന്നെയാണ്. യഥാര്‍ത്ഥ പാതയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പുതുമയെയല്ല. അതാണ്‌ ഒരു സത്യന്വേഷിയെ സത്യന്വേഷിയാക്കുന്നതും. എല്ലാറ്റിനെയും അന്ഗികരിക്കുകയും തനിക്കു നല്ലതെന്ന് തോന്നുന്നതിനെ ഉള്‍ക്കൊള്ളുകയും ചെയ്യാനുള്ള ശേഷിയാണ് ഒരുവന്റെ യതാര്‍ത്ഥ മുതല്‍കൂട്ട്. സത്യത്തിലേക്ക് ഒരുവനും പോകാന്‍ സാധിക്കില്ല, സത്യം ഒരുവനെ കൂട്ടികൊണ്ട് പോവാന്‍ തയ്യാറാവാത്തിടത്തോളം കാലം. ഇപ്പറഞ്ഞതും മുഴുവന്‍ ശരിയായിരിക്കണമെന്നില്ല .

    ReplyDelete