Translate

Monday, April 2, 2012

അവന്റെ രണ്ടാം വരവ് (നാടകം) - തുടര്‍ച്ച :9


ജോര്‍ജ് മൂലേച്ചാലില്‍
(ഓശാനാ...ഓശാനാ..എന്ന ആര്‍പ്പുവിളിയും യേശുവിനെ വലംവെയ്ക്കലും അല്പം സമയംകൂടെ തുടരുകയും, ക്രമേണ ദ്രുതതാളത്തില്‍ അതിന്റെ ഉച്ചസ്ഥായിലെത്തുകയും ചെയ്യുന്നു. പെട്ടെന്ന് അച്ചന്‍ ആള്‍ക്കാരുടെ നടുവിലേയ്ക്കു പാഞ്ഞുചെന്ന്)
അച്ചന്‍ : (അലറുന്നു) നിര്‍ത്തിന്‍! (എല്ലാ ശബ്ദങ്ങളും പെട്ടെന്നു നിലയ്ക്കുന്നു. എല്ലാ അധികാരങ്ങളും തന്നില്‍ കേന്ദ്രീകരിച്ച ഒരു അതിശക്തനെപ്പോലെ അച്ചന്‍ നില്‍ക്കുന്നു. എല്ലാവരെയും ഒന്നുഴിഞ്ഞു നോക്കിയിട്ട് പ്രമാണിമാരോട്) സമാധാനപാലകരെ ഫോണ്‍ ചെയ്തു വിളിക്കുക. കത്തോലിക്കാസഭയുടെ ന്യൂനപക്ഷരാഷ്ട്രീയശക്തി ഇവരറിഞ്ഞിട്ടില്ല. (പ്രമാണിമാര്‍ പോകുന്നു)
ഒരാള്‍ : അച്ചോ, അതിന് നാമെല്ലാവരും ഒരുപോലെ കത്തോലിക്കരാണല്ലോ.
അച്ചന്‍ : അല്ല! പരിശുദ്ധ കത്തോലിക്കാസഭയിലെ പുരോഹിതന്മാരെ അനുസരിക്കാത്തവരൊന്നും കത്തോലിക്കരല്ല. ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുള്ള എന്തു കെട്ടാനും അഴിക്കാനുമുള്ള അധികാരമാണ് സഭാധികാരികള്‍ക്കു ലഭ്യമായിട്ടുള്ളത്. അതിനാല്‍... (അക്ഷോഭ്യനായി നില്‍ക്കുന്ന യേശുവിന്റെമേല്‍ ഒന്നു കണ്ണോടിച്ചിട്ട്) അതിനാല്‍, സാക്ഷാല്‍ ദൈവംതമ്പുരാനുപോലും സഭയെ ഇനി ചോദ്യം ചെയ്യുക സാധ്യമല്ല.
ഒരാള്‍ : പക്ഷേ, ബൈബിള്‍...
അച്ചന്‍ : (ഇടയ്ക്കുകയറി, പരിഹാസസ്വരത്തില്‍) ബൈബിള്‍! (പരിഹാസം നിയന്ത്രിച്ച് ഗൗരവം വരുത്തിക്കൊണ്ട്) ങ്ഹാ! അതെ, ബൈബിള്‍....അതു വ്യാഖ്യാനിക്കാനുള്ള അധികാരവും സഭയ്ക്കു മാത്രമാണുള്ളത്. ആ വ്യാഖ്യാനങ്ങള്‍ അംഗീകരിച്ചു വിശ്വസിക്കുക എന്നതാണ് ക്രൈസ്തവ കടമ. ഈ കടമ നിര്‍വ്വഹിക്കാത്തവന്...(എല്ലാവരെയും ഒരു വെല്ലുവിളിയുടെ ഭാവത്തില്‍ നോക്കുന്നു. എന്നിട്ടു തുടരുന്നു) അതെ, ഈ കടമ നിര്‍വ്വഹിക്കാത്തവന്, അവസാനം സിമിത്തേരിയില്‍ ഒരു കുഴിമാടംപോലും ലഭിക്കുകയില്ലെന്നോര്‍മ്മയിരിക്കട്ടെ.
(അതുകേട്ട് പെട്ടെന്നു കുറേപ്പേര്‍ യേശുവിന്റെ അടുത്തുനിന്നും അച്ചന്റെ ഭാഗത്തേയ്ക്കു നീങ്ങിനില്‍ക്കുന്നു. യേശു അതു ശ്രദ്ധിച്ചിട്ട്)
യേശു : നിങ്ങള്‍ എല്ലാവരും ഇടറിപ്പോകും; ഇടയനെ അടിക്കുമ്പോള്‍ ആടുകള്‍ ചിതറും.
ബാക്കിയുള്ളവര്‍ : ഇല്ല കര്‍ത്താവേ ഇല്ല, ഞങ്ങള്‍ ഇടറുകയോ ചിതറുകയോ ഇല്ല.
(മുന്നാലു പോലീസുകാര്‍ ഒരു പോലീസ് മേധാവിയോടൊപ്പം പെട്ടെന്നു രംഗത്തു വരുന്നു. അച്ചനും പ്രമാണിമാരുമായി അവര്‍ ഒരു നിമിഷം കൂടിയാലോചിക്കുന്നു. അവരുടെ അകമ്പടിയോടെ അച്ചന്‍ യേശുവിന്റെ അടുത്തേയ്ക്ക് ഒരധികാരിയെപ്പോലെ നടന്നടുക്കുന്നു. അതോടെ, രണ്ടു മൂന്നു പേര്‍കൂടി യേശുവിന്റെ ഭാഗത്തുനിന്നും മറുഭാഗത്തേക്ക് കാലുമാറുന്നു. ബാക്കിയുള്ളവര്‍ യേശുവിനെ പൊതിഞ്ഞു നില്‍ക്കുകയും 'ഇതു ഞങ്ങളുടെ നേതാവായ യേശുവാണ്, ദയവുചെയ്ത് ഉപദ്രവിക്കരുത്' എന്നും മറ്റും അപേക്ഷിക്കുകയും ചെയ്യുന്നു. അച്ചന്‍ നില്‍ക്കുന്നു; പോലീസുകാരും.)
അച്ചന്‍ : സഭാസ്‌നേഹികളേ, രാജ്യസ്‌നേഹികളേ, സഭയ്ക്കും രാജ്യത്തിനുമെതിരെ ഇടര്‍ച്ചയുണ്ടാക്കി ആളുകളെ ഇളക്കിയ ഈ ഭീകരനെ പിന്തുണയ്ക്കുവാന്‍ ധൈര്യമുള്ളവര്‍മാത്രം ഇവനോടു ചേര്‍ന്നു നില്‍ക്കട്ടെ.
(കട്ട പിടിച്ച നിശ്ശബ്ദത. യേശുവിന്റെ കുടെയുള്ള മിക്കവരുടെയും മുഖം ഭീതികൊണ്ടു നിറയുന്നു. സംഘര്‍ഷത്തിന്റെ പിടിവലി എല്ലാവരിലും പ്രകടമായിക്കാണാം. ക്രമേണ അഞ്ചാറുപേരൊഴികെ ബാക്കി എല്ലാവരും വിവിധ ഭാവങ്ങളോടെ യേശുവിനെ വിട്ടുപോകുന്നു)
അച്ചന്‍ : (ഒരു ക്രോസ് വിസ്താരത്തിന്റെ ശൈലിയില്‍ യേശുവിനോട്) നീ എന്തൊക്കെ പറഞ്ഞാണ് ഈ ജനതതിയെ മുഴുവന്‍ ഇളക്കാന്‍ ശ്രമിച്ചത്?
യേശു : ഞാന്‍ ഒന്നും രഹസ്യമായി പറഞ്ഞിട്ടില്ല. ഞാന്‍ എന്താണു പറഞ്ഞതെന്നു കേട്ടവരോടു ചോദിക്കുക.
(ഒരു പോലീസുകാരന്‍ ''ഇങ്ങനെയാണോടാ നീ അച്ചന്മാരോട് ഉത്തരം പറയുന്നത്'' എന്നു ചോദിച്ചുകൊണ്ട്? യേശുവിന്റെ ചെകിട്ടത്തടിക്കുന്നു)
യേശു : (ധാര്‍മ്മിക ധീരത മുറ്റിയ സ്വരത്തില്‍) ഞാന്‍ തെറ്റാണ് പറഞ്ഞതെങ്കില്‍ തെളിയിക്കുക; ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ അടിക്കുന്നു?
പോലീസ് മേധാവി : (ക്രുദ്ധനായി) ങ്‌ഹേ! അപ്പോള്‍ നിനക്ക് ഞങ്ങളോടു സംസാരിക്കാനും
അറിയില്ല; അല്ലേടാ, റാസ്‌ക്കല്‍? (അടിക്കുന്നു)
(തുടരും)

No comments:

Post a Comment