Translate

Sunday, April 1, 2012

അവന്റെ രണ്ടാം വരവ് (നാടകം) - തുടര്‍ച്ച :8


ജോര്‍ജ് മൂലേച്ചാലില്‍
മറ്റൊരാള്‍ : (യേശുവിനോട്) കര്‍ത്താവേ, അങ്ങു ഞങ്ങളുടെ നായകന്‍....(അച്ചന്റെയും അനുചരരുടെയും നേരെ നോക്കി) ഈ ശ്മശാന ശാന്തിക്കെതിരെ ഞങ്ങള്‍ ആഞ്ഞടിക്കും. (യേശുവിന്റെ നേരെ തിരിഞ്ഞ്) യേശുവേ, ഞങ്ങള്‍ക്കതിനു ആത്മശക്തി തരണേ!
അച്ചന്‍ : (എല്ലാവരോടുമായി) ആര്‍ക്കും സംശയം വേണ്ടാ; ഇതാണ് തീവ്രവാദം.
വേറൊരാള്‍ : സത്യം വിളിച്ചു പറയുന്നതും നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതുമാണു തീവ്രവാദമെങ്കില്‍, ആ തീവ്രവാദം ഞങ്ങള്‍ ഇഷ്ടപ്പെടുന്നു.
യേശു : നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും പീഡയനുഭവിക്കുകയും ചെയ്യുന്നവന്‍ സൗഭാഗ്യവാന്മാര്‍, അവര്‍ സംതൃപ്തിയടയും; ദൈവരാജ്യം അവരുടേതാണ്.
(അച്ചനെയും പ്രമാണിമാരെയും അനുചരരെയും ചൂണ്ടി)
മറ്റൊരാള്‍ : മാമോന്റെ ശക്തിയില്‍ ഊറ്റംകൊള്ളുന്ന സുഖലോലുപരേ, നിങ്ങളുടെ സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു. (അച്ചന്റെയും അനുചരരുടെയും മുഖത്ത് ക്ഷോഭഭാവം. അച്ചന്‍ എന്തോ ആലോചിച്ചുറപ്പിച്ച് പിന്തിരിയുന്നു. കൂടെ അനുചരരും.)
യേശു : ധനികരേ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ക്കുള്ള ആശ്വാസം നിങ്ങള്‍ക്കു കിട്ടിക്കഴിഞ്ഞു. എന്നാല്‍, ദരിദ്രരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ ദൈവരാജ്യം നിങ്ങളുടേതാകുന്നു.
(മനുഷ്യപുത്രന് ഓശാനാ...എന്ന ആര്‍പ്പുവിളിയോടെ ആള്‍ക്കാര്‍ യേശുവിനുചുറ്റും വലംവയ്ക്കുന്നു)
~ഒരാള്‍ : കാലത്തിന്റെ കണ്ണുകളില്‍നിന്ന്, അഹന്തയുടെ ഗിരിശിഖരങ്ങളിലേയ്ക്കവന്‍ അവബോധത്തിന്റെ തീമഴയുതിര്‍ത്തിറങ്ങും.
എല്ലാവരും : മനുഷ്യപുത്രന് ഓശാനാ...മനുഷ്യപുത്രന് ഓശാനാ...ഓശാനാ.
മറ്റൊരാള്‍ : അപ്പോള്‍....അപ്പോള്‍, മാമോന്‍ നിര്‍മ്മിത ബാബിലോണ്‍ ഗോപുരങ്ങളും മണലില്‍ പണിതുയര്‍ത്തിയ പഞ്ചനക്ഷത്രവ്യൂഹങ്ങളാകെയും പാതാളത്തിലേക്കു നിപതിക്കും.
എല്ലാവരും : മനുഷ്യപുത്രന് ഓശാനാ...മനുഷ്യപുത്രന് ഓശാനാ...ഓശാനാ.
അയാള്‍ : ദുരയുടെ യെറുശലേം ദേവാലയങ്ങള്‍ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ, മണല്‍ക്കുമ്പാരമായുതിര്‍ന്നു വീഴും.
എല്ലാവരും : ഓശാനാ...ഓശാനാ... മനുഷ്യപുത്രന് ഓശാനാ...
വേറൊരാള്‍ : എന്നാല്‍, നിന്ദിതരും പീഡിതരുമാകട്ടെ.
വിധിയുടെ വലതുഭാഗത്തായി
ഫലസമൃദ്ധിയില്‍ തെളിഞ്ഞു നില്‍ക്കും!
എല്ലാവരും : (വര്‍ദ്ധിച്ച ആവേശത്തോടെ) ഓശാനാ....ഓശാനാ... മനുഷ്യപുത്രന് ഓശാനാ.
അയാള്‍ : കര്‍ത്താവായ മനുഷ്യപുത്രന്റെ വഴി നമുക്കൊരുക്കുക.
ശിരസ്സില്‍ തീനാളമേറ്റി
നമുക്കൊരുങ്ങി നീങ്ങുക.
എല്ലാവരും : (ആത്യധികമായ ആവേശത്തോടെ) കര്‍ത്താവായ മനുഷ്യപുത്രന് ഓശാനാ...ഓശാനാ...ഓശാനാ..
(തുടരും)

3 comments:

  1. സത്യം വിളിച്ചു പറയുന്നതും നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതുമാണു തീവ്രവാദമെങ്കില്‍, ആ തീവ്രവാദം ഞങ്ങള്‍ ഇഷ്ടപ്പെടുന്നു; നോക്കൂ
    ജോര്‍ജ് മൂലേച്ചാലില്‍ എന്ന പാവം മനുഷ്യനിലും വലിയ ഒരു വിപ്ലവകാരിയുണ്ടെന്നു വ്യക്തം.

    നാടകം എന്ന കല കേരളത്തില്‍ അസ്തമിക്കുകയാണെങ്കിലും ഒരുകാലത്ത് കേരളത്തിന്‍റെ സാമൂഹ്യ വ്യവസ്ഥിതിയെ തന്നെ ഈ കല ഇളക്കി മറിക്കുമായിരുന്നു. മക്രോണി എന്ന കഥാപ്രസംഗം കേരളരാഷ്ട്രീയ ചരിത്രത്തെതന്നെ ഒരുകാലത്ത് വിപ്ലവം സൃഷ്ടിച്ച കഥകള്‍ മുതിര്‍ന്ന തലമുറകള്‍ക്ക് അറിയാം. അതുപോലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് മാറ്റു കൂട്ടിയിരുന്നതും അക്കാലത്തെ വിപ്ലവ നാടകഗാനങ്ങള്‍ ആയിരുന്നു. ഇന്നും വിപ്ലവനാടകങ്ങള്‍ പുരോഹിത പരീഷകളെ കണ്ണുതുറപ്പിക്കുവാന്‍ സഹായിക്കുമെന്നും കരുതാം.

    അടുത്തകാലത്ത് അങ്കമാലിയിലും അമൃതഹോസ്പിറ്റലിലും നടത്തിയ പാവപ്പെട്ട നേഴ്സിംഗ് കുട്ടികളുടെ നീതിക്കു വേണ്ടിയുള്ള മുറവിളിയാണ് നാടകരചനയിലെ ഈ വാചകം വായിച്ചപ്പോള്‍ ഓര്‍മ്മവന്നത്. ചൂഷിതരും ചൂഷകരും, യേശുവിന്‍റെ വചനങ്ങളില്‍ ഉടനീളം കാണാം. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്‍റെ അടുക്കല്‍ വരുവിന്‍ എന്ന യേശുവെന്ന വിപ്ലവകാരിയുടെ വാക്കുകള്‍ പുല്ലുവില കല്‍പ്പിച്ചായിരുന്നു ആള്‍ ദൈവങ്ങളുടെയും അന്തിക്രിസ്തുവിന്‍റെയും പുരോഹിതര്‍ കേരളത്തിലെ നെഴ്സുമാര്‍ക്കെതിരെ
    പ്രകടനം നടത്തിയത്.

    ഏറെക്കാലമായി ഏറ്റവും കുറഞ്ഞ വേതനം മേടിക്കുന്ന,സഹിച്ചുപോന്ന ഒരു വര്‍ഗമായിരുന്നു കേരളത്തിലെ നേഴ്സുമാര്‍. മറ്റുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ശക്തമായ സംഘടനകള്‍
    ഉണ്ടായിരുന്നപ്പോള്‍ ഇവര്‍ക്ക് സംഘടിക്കുവാനുള്ള അവകാശംപോലും നിഷേധിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനിച്ച മിനിമം ശമ്പളംപോലും കൊടുക്കാതെ ആയിരവും രണ്ടായിരവും രൂപയ്ക്ക് ദിവസ്സം പതിനെട്ടു മണിക്കൂറും ഇവരെകൊണ്ടു ജോലി
    ചെയ്യിപ്പിച്ചു പുരോഹിത കന്യാസ്ത്രികളും അമൃതയും മതസ്ഥാപനങ്ങളും ചൂഷണം ചെയ്യുന്ന വ്യവസ്ഥയാണ്‌ ഈ നാട്ടില്‍ ഉള്ളത്.

    അവസാനം ഇവരും സംഘടിച്ചു. ഇതിനെതിരായി തെരുവു ഗുണ്ടാകളെപ്പോലെ തെരുവില്‍ ഇറങ്ങിയത്‌ നെഴ്സുമാരെകൊണ്ട് പണം ഉണ്ടാക്കി കീശവീര്‍പ്പിച്ച പുരോഹിത ബുര്‍ഷാകള്‍ ആയിരുന്നുവെന്നുള്ളത് കേരളചരിത്രത്തിലെ കറുത്ത അദ്ധ്യായമായി ഉള്‍പ്പെടുത്താം. തല്ലിയും ചതച്ചും നിസ്സഹായരായ ഈ തൊഴിലാളിവര്‍ഗത്തെ ഒതുക്കുവാനും നോക്കി.

    രാഷ്ട്രീയക്കാരെക്കാളും മൂന്നാംകിടകളായി കവലകള്‍തോറും ഉച്ചഭാഷിണികളില്‍ക്കൂടി ഈ ചൂഷിതര്‍ അലറി. ഇവരോടൊപ്പം ആള്‍ദൈവങ്ങളുടെ വക്താക്കളും ഉണ്ടായിരുന്നു.

    ഇവര്‍ക്കുമുമ്പില്‍ നേഴ്സുമാര്‍ വിപ്ലവകാരികളും ഭീകരവാദികളും ആയിരുന്നു. ജോര്‍ജു പറഞ്ഞതു പോലെ നീതിക്കുവേണ്ടി സമരംനടത്തിയ ഇവര്‍
    ഭീകരവാദികളെങ്കില്‍ ‍ ഭീകരവാദിയെന്ന് അഭിമാനിച്ചു ജയില്‍അഴികളില്‍ കിടക്കുകയാണ് അഭിമാനകരം. സഭാസ്വത്തുക്കള്‍ കയ്യടക്കി വെച്ചു, കോഴയും മേടിച്ചു മാമ്മോനെയും സ്നേഹിച്ചു നടക്കുന്ന ഈ ഗോറിലാക്കാര്‍ യേശുവെന്ന നീതിമാന്‍റെ രക്തം ചീന്തുകയാണ്. ചമ്മട്ടികൊണ്ടു അടിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ സമരം നടത്തുന്ന തീവ്രവാദികളും ഭീകരവാദികളും ഇന്നു സമൂഹത്തിന്‍റെതന്നെ സ്വത്താണ്.

    ReplyDelete
    Replies
    1. ചൂഷണത്തിലൂടെ കേരളത്തിലെ ആശുപത്രികള്‍ വരുമാനം ഉണ്ടാക്കുന്നു എന്നത് വസ്തുതതന്നെയാണ്. വിദേശങ്ങളില്‍ ജോലിയുള്ള പലരും ( who do not have any health insurance ) അവര്‍ നാട്ടില്‍ വരുമ്പോള്‍ , ഈ സ്ഥാപനങ്ങളിലൂടെയാണ് അവരുടെ ആവശ്യം ചികിത്സ നേടുന്നത് . അതിന്റെ കാരണം ചികിത്സ ചിലവിലെ അന്തരമാണ് . ഈ അന്തരത്തിനുള്ള കാരണങ്ങളില്‍ മുഖ്യം ഈ ചൂഷണവും . അങ്ങനെ നോക്കിയാല്‍ നമ്മളില്‍ പലരും ഈ ചൂഷണം മുതലാക്ക്കാറുണ്ട് .

      പടന്നമാക്കല്‍ പറഞ്ഞത് പൂര്‍ണമായും അംഗീകരിച്ചുകൊണ്ട് ഈ നാണയത്തിന്റെ മറുവശം നോക്കിയപ്പോള്‍ കണ്ട കാര്യങ്ങള്‍ .
      ദിവസം 400 രൂപക്ക് പണിയെടുക്കാന്‍ ഒരു കെട്ടിടം പണിക്കാരിയെ കിട്ടാതിരുക്കുമ്പോള്‍ മാസം 1000 രൂപയ്ക്കു പണിയെടുക്കാന്‍ സെയില്‍സ് ഗേളിനെ കിട്ടുന്നത് എന്തുകൊണ്ടാണ്? 2500 രൂപയ്ക്കു നേര്സിനെയും കിട്ടുന്നത് എന്ത് കൊണ്ടാണ്? എന്ത് കൊണ്ട് നേര്സുമാര്‍ക്ക് ഈ കെട്ടിടം പണിക്കു പോയിക്കൂടാ? അപ്പോള്‍ വര്‍ക്കിഷ്ട്ടമുള്ള ജോലി ചെയ്യുകയും അവര്‍ക്കിഷ്ട്ടമുള്ള ശമ്പളം കിട്ടുകയും വേണമെന്നതു ന്യായമാണോ?ചുരുക്കത്തില്‍ നഴ്‌സുമാര്‍ക്ക് നല്ല ശമ്പളം കിട്ടണം എന്ന ആഗ്രഹം എനിക്കും ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ സാമ്പത്തിക വ്യവസ്ഥ നല്‍കുന്ന സന്ദേശങ്ങള്‍ നാം അവഗണിച്ചു കൂടാ. അടുത്ത പ്രശ്നം , ഇനിയും ധാരാളം കുട്ടികള്‍ പഠിച്ചിറങ്ങുന്ന അവസരത്തില്‍ അവരെ ഉള്‍ക്കൊള്ളാന്‍ ഒരാശുപത്രിയും തയ്യാറാകില്ല. ഒരു പ്രായോഗിക പരിശീലന സാക്ഷ്യപത്രമെന്നത് പുതുതായി പഠിച്ചിറ ങ്ങുന്നവര്‍ക്ക് ബാലികേറമലയായെക്കാമെന്ന് ചുരുക്കം . അവരുടെ ഗതിയെന്താകും എന്നാരും ചിന്തിക്കാതതെത്?
      പിന്നെ ഇതെല്ലാം തരണം ചെയ്തു , സര്‍ക്കാര്‍ ശമ്പളം കൊടുത്താലും രോഗി നേര്സു അനുപാതം കൂടും ,അത് ജോലിഭാരവും മാനസിക സംമാര്ധവും കൂട്ടും. രോഗി നേര്സു അനുപാതം പിന്നീട് കുറച്ചാലും ഉണ്ട് കുഴപ്പം. ഇക്കൊടുക്കുന്ന അധിക ബാധ്യത രോഗികളില്‍ നിന്നല്ലാതെ , സ്ഥാപനങ്ങള്‍ അവരുടെ ( ആശുപത്രി) ലാഭത്തില്‍ നിന്നും കിഴിക്കില്ല . ഭാലമോ ചികിത്സാ ചെലവ് ക്രമാതീതമായി പെരുകി സാധാരണക്കാരന് ചികിത്സ അപ്രാപ്യമാകും. ഇന്ന് കൊടുക്കുന്നതിന്റെ പലമടങ്ങ്‌ രോഗികള്‍ കൊടുക്കേണ്ടി വരും. ലാഭാമുണ്ടാക്കാനായി ആവശ്യമില്ലാത്ത രാസവസ്തുക്കള്‍ നമ്മള്‍ അറിയാതെ അവര്‍ നമ്മെക്കൊണ്ട് കഴിപ്പിക്കും ( മരുന്നെന്ന രൂപത്തില്‍) . ആവശ്യമില്ലാത്ത പരിശോധനകള്‍ , അത്യാവശ്യമെന്ന മട്ടില്‍ നമ്മില്‍ നടത്തും . ചുരുക്കത്തില്‍ ഒരു രോഗത്തിന് മരുന്നിനായ് ചെല്ലുന്ന രോഗി ആ രോഗം മാറുന്നതിനൊപ്പം മറ്റു രണ്ടു രോഗങ്ങളുമായാണ് മടക്കം .

      Delete
    2. പിപ്പിലാഥന്‍ പറഞ്ഞതു വളരെ ശരി. ശരി മാത്രമല്ല വലിയ ഒരു തത്വവും ആണ്. എന്നാല്‍ മലയാളനാട്ടില്‍ ഈ തത്വം മാര്‍ക്സും കമ്യൂണിസവും ക്രിസ്തുവും ക്രിസ്ത്യാനിയും തമ്മിലുള്ള
      അന്തരം ഉണ്ട്.

      മനുഷ്യനെ പറ്റിച്ചു നടക്കുന്നതിനു അന്തസ്സു കുറവില്ല. എന്നാല്‍ ബ്ലൂ കോളര്‍ ജോലിക്കു പോകുവാന്‍ അഭിമാനക്കുറവും. നാട്ടിലെ അന്തരീക്ഷത്തില്‍ ജീവിച്ച എനിക്കും ഒരുകാലത്ത് അപകര്‍ഷാ ബോധം ഉണ്ടായിരുന്നു. പുറംനാടുകളില്‍ ജീവിച്ചുകഴിഞ്ഞപ്പോള്‍ മാത്രമാണ് ഏതു തൊഴിലിനോടുമുള്ള അന്തസ്സിന്‍റെ മഹിമ എനിക്ക് മനസ്സിലായത്‌.

      അമേരിക്കന്‍ ഐക്യനാടുകളില്‍ എന്തു ജോലിക്കും അന്തസ്സ് കല്പ്പിക്കാറുണ്ട്. ഇവിടെ ആര്‍ക്കും ബ്രാഹ്മണകുലമഹിമ എന്ന മിഥ്യാഭിമാനം ഇല്ല. എന്നാല്‍ കേരളത്തില്‍ അത്തരം സ്ഥിതിവിശേഷം വരണമെങ്കില്‍ ഇനിയും തലമുറകള്‍ കാക്കേണ്ടി വരും.

      യജമാനദാസ്സന്‍ വ്യവസ്ഥ ബ്രാഹ്മണമേധാവിത്വത്തിന്റെ ദുഷിച്ച പാരമ്പര്യമാണ്‌. കുഞ്ഞുങ്ങള്‍ക്ക്‌ കുഞ്ഞുനാള്‍ മുതല്‍ ഇത്തരം തെറ്റായ ബോധം ഇല്ലായ്മ ചെയ്‌താല്‍ ഈ സാമൂഹ്യചിന്താഗതിക്ക് മാറ്റംവരുത്തുവാന്‍ സാധിക്കും.

      പിപ്പിലാഥന്‍ തനി അമേരിക്കയിലെ കണ്‍സര്‍വേറ്റീവ്
      പാര്‍ട്ടിയാണെന്ന് മനസ്സിലായി. അമേരിക്കയിലെ പ്രസിഡണ്ടു സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബാര്‍ടന്‍റെ അഭിപ്രായമാണ് പിപ്പിലാഥന്‍ന്‍റെയും. അദ്ദേഹം അമേരിക്കയില്‍ മിനിമം കൂലി കൊടുക്കുന്നതിനു എതിരാണ്. കാരണം യേശുവും മിനിമം കൂലിക്ക് എതിരായിരുന്നു.

      ഈ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയുടെ അഭിപ്രായം ഇങ്ങനെ: "all of our economic and tax policies ought to be dictated by the Bible ... and that means getting rid of the minimum wage because it was opposed by Jesus "Is President Barack Obama America’s most “Biblically-hostile U.S. president?(Barton‍) Matthew 20:1-16): ഈ ഉപമയില്‍ ഒരു തോട്ടക്കാരന്‍ രാവിലെ വന്നവനും വൈകി വന്നവനും സമത്വമായി ഒരേ കൂലി കൊടുക്കുന്നുണ്ട്. ഇതിനര്‍ഥം തോട്ടക്കാരന്‍ഒരേ ജോലീക്കു തോന്നുന്ന കൂലി കൊടുക്കുന്നുവെന്നല്ലേ?

      തൊഴിലിനു വേണ്ടി ഞാനും ചെറുപ്പമായിരുന്നപ്പോള്‍ അലഞ്ഞിട്ടുണ്ട്. പുറംനാടുകളില്‍ അന്നു എന്തു യോഗ്യതയുണ്ടെങ്കിലും വിദേശിക്ക് ഒരു നാലാം ക്ലാസ്സുകാരന്‍റെ വിലപോലും സായിപ്പ് കല്പ്പിക്കുകയില്ലായിരുന്നു. ആദ്യത്തെ ജോലിയില്‍ ഉന്തുവാന്‍ ഒരു ട്രക്ക്(ഉന്തു വണ്ടി) കൈകളില്‍ കിട്ടിയപ്പോള്‍ എന്‍റെ കണ്ണില്‍നിന്നും കണ്ണുനീര്‍ പൊഴിഞ്ഞു വീണതും ഓര്‍ക്കുന്നു. ഒടുവില്‍ വൈറ്റ്കോളര്‍ ജോലി ചെയ്യുന്ന കാലങ്ങളിലും, ആ ട്രക്കില്ലാതെ(ഉന്തു വണ്ടി) എനിക്കു മനസമാധാനം ഇല്ലായിരുന്നു. ചിലപ്പോള്‍ ജോലിസ്ഥലത്തെ പോര്‍ട്ടര്‍മാരോട് ട്രക്ക്(ഉന്തു വണ്ടി) പിടിച്ചുപറിച്ചു അവരുടെ ജോലിയെ സഹായിക്കുമായിരുന്നു.

      ഏതു വലിയ കമ്പനിയിലെയും വലിയ ബോസ്സ് മുതല്‍
      തൂപ്പുകാരന്‍വരെ ഒന്നിച്ചു ട്രക്കുകള്‍ ഉന്തുമെന്നുള്ളതാണ് ഈ രാജ്യത്തെ പ്രത്യേകത. നമ്മുടെ രാജ്യം അതിവേഗം
      പുരോഗമിക്കുന്നുണ്ടെങ്കിലും സാമൂഹ്യ വ്യവസ്ഥിതിക്കും താണ തരമായ മനസ്ഥിതിക്കും മാറ്റംവന്നിട്ടില്ല.

      പിപ്പിലാഥന്‍ വിഭാവന ചെയ്യുന്ന ബൈബിള്‍ അധിഷ്ടിതമായ ഒരു
      കണ്‍സര്‍വേറ്റീവ് പ്രധാന മന്ത്രിയെ നമുക്ക് പ്രതീക്ഷിക്കാം.

      Delete