Translate

Monday, March 26, 2012

അമ്മേ, നന്ദി; വല്ല്യപ്പച്ചാ സോറി!


1. അമ്മേ, നന്ദി ചൊല്ലുന്നെന്റെ അന്തരംഗം നിന്നോടെന്നും,
ദൈവവേലയ്‌ക്കെന്നെ നേര്‍ന്ന പുണ്യനാവു നീ!
നിന്നന്തരേ സൂക്ഷ്മാണുവായ് വന്നു ഞാനെന്നറിഞ്ഞനാള്‍
അര്‍പ്പിച്ചെന്നെ ഈശനു; നിന്‍ പുണ്യമാണു ഞാന്‍!
2. പാതിരിതന്‍ വേല ദൈവവേലയല്ലെന്റമ്മേ, സഭ
സംഘടനാവേല ചെയ്യും തൊഴിലാളികള്‍;
പഠിപ്പില്ല, പത്രാസ്സുണ്ട്, ജാഡയുണ്ട് വേലയില്ല
കൂലിവാങ്ങാന്‍ മടിയില്ല; ഞാനതിനില്ല!
3. എങ്കിലുമെന്നുള്‍വിളിയായ് നിന്‍ മൊഴികള്‍ നിറഞ്ഞെന്നില്‍
ദൈവവേല ചെയ്യുന്നു ഞാന്‍ അറിവറിയാന്‍.
കൂലിയില്ലാവേല ചെയ്യാന്‍ വിളിച്ചെന്നെ നസറായന്‍
നിറച്ചെന്റെ മനസ്സിലീ പാട്ടുകള്‍! പാടാം . . . .
*************************************************************************************************************************
4. സവര്‍ണ്ണരെ ഭയന്നന്നു സനാതനമതം വിട്ടീ-
ശ്രേയസ്സെന്തെന്നറിയാത്ത സഭയിലെത്താന്‍,
ഭാരതത്തിന്നുപനിഷത്തുപേക്ഷിച്ചെന്‍ വല്ല്യപ്പച്ഛന്‍
തലമുറയ്ക്കാത്മജ്ഞാന ദാഹമില്ലാതായ്!
5. ഈശനോടു പ്രാര്‍ത്ഥിക്കാതെ പ്രാപിക്കൂ നീ അവനെ നിന്‍
ചേതസ്സിനെ ഉണര്‍ത്തുമാ ബോധചേതന!
മുന്തിരിതന്‍ വള്ളിയോട് ചില്ലയൊന്നും പ്രാര്‍ത്ഥിക്കില്ല,
പ്രാപിച്ചവര്‍ പരസ്പരപൂരക,മൊന്നായ്!
6. രണ്ടാമതൊന്നുണ്ടാക്കുന്നു മായകൊയ്യാന്‍ മനസ്സെന്നും,
ഒന്നായവന്‍ നമ്മിലുള്ളതറിഞ്ഞാല്‍ മോക്ഷം!
പിന്നെ വേണ്ടാ പാതിരിയെ, പള്ളി വേണ്ടാ അരമന
സിംഹാസനമേറുവോനും കോടിതന്‍ കാറും.
7. മലങ്കരസഭ മൂന്നായ്, മാര്‍ത്തോമയ്ക്കു വേറെ സഭ
കത്തോലിക്ക കര്‍ദ്ദിനാള്‍ക്കോ ലത്തീന്‍ സീറോയായ്;
പെന്തക്കോസില്‍ നാടുതോറും സഭകള്‍ വെവ്വേറെയായി
സിഎസ്‌ഐയോ വേറെ, ഈശസ്‌നേഹം തോറ്റുപോയ്!
8. മതമെന്നാലഭിപ്രായം, മാറുമതു ദിനംതോറും
മാറ്റമില്ലാതൊന്നേയുള്ളീ മനസ്സുമാത്രം!
കത്തനാര്‍ക്കുണ്ടഭിപ്രായം, പാസ്റ്റര്‍ക്കുണ്ടു വേറെ മതം;
ക്രിസ്തുവിന്‍ തേന്‍വചനമോ നമുക്കമൃതം!
9. ക്രിസ്തുവിനെ ഹനിക്കുവാന്‍ ക്രിസ്ത്യാനികളേറിയെങ്ങും,
ചാരിത്ര്യം! ആ പദം ലോകം കേട്ടതിന്ത്യയില്‍!
പാതിവ്രത്യമെന്നാലെന്താ? യൂറോപ്പെന്നും ചോദിക്കുന്നു,
മാതാപിതാഗുരുനിന്ദ ഫാഷന്‍ യുഎസേല്‍!
10. വിധിദോഷമെന്നേ ചൊല്ലു ഒരു ജന്മം പാഴായിപോയ്,
പള്ളിവഴക്കതില്‍ നെഞ്ചുനീറി, കാശും പോയ്.
ഈശനുള്ളിലുണ്ടെന്നാരും പറഞ്ഞു തന്നില്ല പള്ളീല്‍,
പഠിപ്പുള്ളോരുണ്ടാകേണ്ടെ ഗുരുക്കളാകാന്‍?
11. ഗുരുവരനേശു ചൊന്നാമൊഴി മാറ്റിപ്പറയുമാ
പഠിപ്പില്ലാപ്പാതിരിക്കും അടിമ ഞങ്ങള്‍!
തലമുറയ്ക്കധോഗതി വരുത്തിയെന്‍ വല്ല്യപ്പച്ഛന്‍,
പ്രേയസ്സുതന്‍ വഴിതേടി അലഞ്ഞ ജന്മം!
12. വരുമെന്നുരച്ചോന്‍ വീണ്ടും വരുന്നൊരാക്കാലം വരെ
അലയട്ടെന്‍ പിതാമഹര്‍ അനന്തതയില്‍;
ആണ്ടുതോറും സെമിത്തേരീല്‍ പുകവീശി കുപ്പായക്കാര്‍
അബ്രഹാമ്മിന്‍ മടി നല്‍കാന്‍ അര്‍ത്ഥിക്കുമല്ലോ!
കലഞ്ഞൂര്‍, 25-03-2012 സാമുവല്‍ കൂടല്‍
Please visit my website www.samuelkoodal.com, which is getting ready for you with 140 visual albums and samasangeetham book with 300 songs. Also visit my Facebook samuelkoodal@gmail.com, Samasangeetham part II Jesus and present churches (New Gospel poems) Thanks in Jesus. Also visit www.alamayasabdam.blogspot.com.











No comments:

Post a Comment