Translate

Tuesday, March 6, 2012

മഹത്തമമായ കണ്ടെത്തല്‍


(ശ്രി. സാക് നെടുങ്കനാല്‍ അറിഞ്ഞോ അറിയാതെയോ കുത്തിക്കുറിക്കുന്ന വാക്യങ്ങള്‍, അതിന്റെ കാവ്യഭംഗികൊണ്ടും ആശയപുഷ്ടികൊണ്ടും ഹൃദ്യമാണ്. ദശാബ്ദങ്ങള്‍ നിണ്ട അനുഭവ സമ്പത്ത് ഒരു കണ്ടെത്തലിന്റെ ആവേശത്തില്‍ ഉറഞ്ഞു കൂടുമ്പോള്‍ അതിങ്ങനെ ആവാനേ തരമുള്ളൂ. നാം അദ്ദേഹത്തെയാണോ അതിലും അപ്പുറത്തുള്ള മറ്റെന്തെങ്കിലും ആണോ ആദ്യം അന്വേഷിക്കേണ്ടതെന്നാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്.     ജോസഫ് മറ്റപ്പള്ളി)    

ഉണ്ടായിരിക്കുക എന്ന ബോധമാണ് അസ്തിത്വം. നാമെല്ലാം അതില്‍ പങ്കുപറ്റുന്നവരാണ്. നാം എന്ന് പറയുമ്പോള്‍, ബുദ്ധിയുള്ള സൃഷ്ടികള്‍ എന്ന സങ്കുചിതമായ അര്‍ത്ഥത്തിലേയ്ക്ക് ഇതിനെ ചുരുക്കാനുള്ള പ്രവണതയെ ബോധപൂര്‍വ്വം മറികടക്കേണ്ടിയിരിക്കുന്നു. എങ്കിലേ, ചരാചരങ്ങളെന്ന പൊതുസംജ്ഞയില്‍ വരുന്നവയെ ഒക്കെയും ബോധത്തിന്റെ ബ്രഹ്മാണ്ഡത്തിനുള്ളില്‍ കൊണ്ടുവരാന്‍ നമുക്കാവൂ. പക്ഷേ, അസ്തിത്വമെന്നത് എന്താണ് എന്ന സ്വന്തമായ കണ്ടെത്തല്‍ സംഭവിക്കാതെ, നമ്മുടെ അല്‍പബുദ്ധിക്ക് നിതാന്തമായ വിശ്രാന്തിയുടെ ആനന്ദം കൈവരില്ല. വിശ്രാന്തിയുടെ നേരേ എതിരാണ്‌ സംസാരം. ലൌകികജീവിതചക്രത്തിനാണ് സംസാരമെന്നു പറയുന്നത്. അതാകട്ടെ, തിക്കും തിരക്കുമല്ലാതൊന്നുമല്ല. ഈ തിക്കും തിരക്കും അതില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ വ്യതിരിക്തതയുടെ മാത്രം സൃഷ്ടിയാണ്. വ്യക്തിത്വബോധമുള്‍പ്പെടെ, ജീവജാലങ്ങള്‍ തമ്മില്‍ അകല്‍ച്ചയെ ദ്യോതിപ്പിക്കുന്നതെന്തൊക്കെയുണ്ടോ, അതെല്ലാം വ്യതിരിക്തതയില്‍ ഉള്‍പ്പെടും. 
                         
എല്ലാ ആത്മീയ ഗുരുക്കന്മാരും പറയുന്ന ഒരു കാര്യമുണ്ട്: സംശുദ്ധമായ ആനന്ദം നമുക്കുള്ളിലാണ്. എല്ലാം കൈയെത്തും ദൂരത്തുണ്ട്‌. കണ്ടെത്തുക എന്നത് മാത്രമാണ് മനുഷ്യന്‍ ചെയ്യേണ്ടത്. അതിന്, പക്ഷേ, നിതാന്തമായ നിശബ്ദത അത്യാവശ്യമാണ്. നിശബ്ദതയുടെ ഇടവേളകളെങ്കിലും ഇല്ലാതെ ഏകവും ആത്യന്തികവുമായ സത്യത്തിന്റെ ഉള്ളറയിലേയ്ക്ക് എത്തിനോക്കാന്‍ പോലും നമ്മുടെ ബുദ്ധിക്ക് ആവില്ല. എന്നാല്‍ ഒരിക്കല്‍ അതിനുള്ള ആവേശം ഒരു ശീലമായാല്‍, മഹത്തമമായ ആ ഉള്‍ക്കാഴ്ച അനിവാര്യമാണ്: അതായത്, പരമാത്മാവ്‌ അതിന്റെ സത്താസവിശേഷതകൊണ്ടുതന്നെ എല്ലാറ്റിലും ഒരുപോലെ സന്നിഹിതമായിരിക്കേണ്ടതുണ്ട് എന്ന സംശയാതീതമായ അവബോധം. കാരണം, അനന്തമായതിന് ഒന്നിലും ഒതുങ്ങാനോ നുറുങ്ങാനോ ആവില്ല എന്നത് പഴുതില്ലാത്ത യുക്തിയാണ്. പ്രകാശിതമായ ആത്മനിശബ്ദതയില്‍ സാധകന്റെയുള്ളില്‍ ജ്വലിച്ചുതുടങ്ങുന്ന ഈ സത്യജ്ജ്വാല തുടര്‍ന്ന് വെളിപ്പെടുത്തുന്നത് ഇതായിരിക്കും: സത്യം ഒന്നേയുള്ളൂ, അതാകട്ടെ, ഉണ്ടായിരിക്കുക എന്ന അനന്തമായ ഉണ്മയുടെ, എല്ലായിടത്തും, എല്ലാറ്റിലും ഒരേപോലെയായിരിക്കുന്ന അത്ഭുതമല്ലാതെ മറ്റൊന്നുമല്ല.
                   
അസ്തിത്വമെന്നത് ഒന്നാണ്, ഒന്നേയുള്ളൂ, ഒന്നായിരിക്കാനേ സാദ്ധ്യതയുള്ളൂ എങ്കില്‍, അത് ഇപ്പോള്‍, ഇവിടെ ആണ്. ഉള്ളത് എന്ന് പറയുമ്പോള്‍ ഇന്ന്, ഇപ്പോള്‍, സമ്പൂര്‍ണ്ണമായും ഇവിടെയുള്ളത് എന്നാണര്ത്ഥം. അപ്പുറത്ത് എന്നൊരു വാക്ക് ഉപയോഗിക്കേണ്ടിവരുന്നതുതന്നെ, ഇപ്പോള്‍ ഇവിടെയുള്ളതിന്റെ വ്യാപ്തി നാം കാണുന്നില്ല എന്നതിന്റെ തെളിവാണ്. ഇതും അതും, ഇപ്പുറവും അപ്പുറവും, ഇന്നലെയും നാളെയുമൊക്കെ നമ്മുടെ മനസ്സിന്റെ കാല്‍പനിക സൃഷ്ടികളാണ്. സൃഷ്ടലോകമെന്നും സൃഷ്ടാവെന്നും വ്യത്യാസപ്പെടുത്തി (വ്യതിരിക്തത കല്‍പ്പിച്ചു) പറയുന്നതും അനുഭവിക്കുന്നതുമെല്ലാം, വാസ്തവത്തില്‍ ഈ ഒന്നില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന അറിവാണ് പരമമായ ജ്ഞാനം. അതിലെത്തിച്ചേരുന്നതുവരെയുള്ളതൊക്കെയും മായ എന്ന ഒഴുക്കന്‍ സംജ്ഞയില്‍ ഒതുക്കാം. നാമൊരാളില്‍ ഉള്ളതിനേക്കാള്‍ ഒരു തരിപോലും കുറവോ കൂടുതലോ അല്ല മറ്റൊരാളിലോ, മറ്റൊരു  വസ്തുവിലോ കണ്ടെത്താവുന്ന ഉണ്മ (പരമാത്മാവ്‌) എന്നുള്ളത് ഏറ്റവും സംശുദ്ധമായ യുക്തിയില്‍ തന്നെ തെളിഞ്ഞുവരേണ്ട സത്യമാണ്. വ്യത്യസ്തതകള്‍ (വിവിധവിഭാഗങ്ങളില്‍പെടുന്ന ചരാചരങ്ങള്‍ ഉണ്ടെന്നുള്ള സാധാരണയനുഭവം ഉള്‍പ്പെടെയുള്ളവ) മായ എന്ന വിഭ്രാന്തിയുടെ ഫലമാണെന്നും, അവയില്‍നിന്നുള്ള മോചനം 'ഏകം സത്'  (എല്ലാം ഒന്നാണ്) എന്ന അവബോധത്തിലേയ്ക്ക് കൊണ്ടെത്തിക്കും എന്നുമാണ് വേദാന്തത്തിന്റെ സാരം. അതുള്‍ക്കൊള്ളാനാണ് നാമിവിടെ ശ്രമിക്കുന്നത്. ഏറ്റവും വലിയ തമാശ, അത് മനസ്സിലാകുംവരെ, അതില്‍പ്പരം ഒരു ഭോഷത്തമില്ലെന്നേ ആരും കരുതൂ എന്നതാണ്. കാരണം, അത്രകണ്ട് ദയാഹീനമായി അവിദ്യ നമ്മെ വിഴുങ്ങിയിരിക്കുന്നു.
                         
നിത്യമായ ഒന്ന് ഉണ്ടെന്നറിയുക, എല്ലാം നിത്യമാണെന്നറിയുന്നതിനു തുല്യമാണ്. അതോടേ, അന്ധകാരം അവസാനിക്കേണ്ടതാണ്. അതായത്, സ്വന്തം ആത്മസത്ത പരമസത്തയുടെ തന്നെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ ഒരാള്‍, കഴിഞ്ഞുപോയ, താത്ക്കാലികമായ, വിലയേ ദ്രവ്യലോകത്തിന് നല്‍കൂ. അചരമായതൊന്നും പ്രപഞ്ചത്തിലില്ലെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ചലനമുള്ളതെല്ലാം ആരംഭമുള്ളതാണ്. ആരംഭമുള്ളതിന് അന്ത്യവുമുണ്ടായിരിക്കും. ഈ അറിവാണ് തുടക്കം. അതില്‍ പിടിച്ച്, ആദ്യാന്തങ്ങള്‍ ഇല്ലാത്ത കാതലായ അസ്തിത്വം അനാദിയും അനന്തവുമായിരിക്കണം എന്നും നമുക്കറിയാം.  തെളിച്ചു പറഞ്ഞാല്‍, വ്യക്തിപരമായ വീക്ഷണത്തിന്റെ പരിണതഫലമാണ് എല്ലാ വ്യത്യാസങ്ങളും വ്യതിരിക്തതകളും. ഇപ്പറഞ്ഞത്‌ അല്പമൊന്ന് വിശദീകരിക്കാന്‍ നമുക്ക് നിറങ്ങളുടെ അനുഭവമെടുത്തൊന്നു പരിശോധിക്കാം. അഭിരാമമായ വര്‍ണ്ണവൈവിദ്ധ്യങ്ങളോടെ സസ്യജീവജാലങ്ങളും സായംസന്ധ്യയും പ്രഭാതങ്ങളും ഈ പ്രകൃതിയെ അലങ്കരിക്കുന്നു. എന്നാല്‍, നിറങ്ങളെപ്പറ്റി ഇന്ന് നമുക്കുള്ള ശാസ്ത്രീയമായ അറിവുവച്ച് നോക്കിയാല്‍ അവയെല്ലാം നമ്മുടെ കണ്ണിന്റെയും തലച്ചോറിന്റെയും അനുനിമിഷ സൃഷ്ടി മാത്രമാണ്. നാം കാണുന്ന വസ്തുക്കളിലല്ല നിറങ്ങള്‍ സ്ഥിതി ചെയ്യുന്നത് എന്നാണ് അതിന്റെ പൊരുള്‍. പിന്നെയെവിടെയാണവ? ഒരു ചറിയ പരിധിക്കുള്ളില്‍ അലനീലമുള്ള പ്രകാശതരംഗങ്ങളെ മാത്രം കണ്ണുകളിലൂടെ സ്വീകരിച്ച്, അവയെ വിവിധ നിറങ്ങളായി വ്യാഖ്യാനിച്ച്, തലച്ചോറ് നമുക്ക് തരുന്ന തോന്നല്‍ മാത്രമാണ് നാം കാണുന്ന നിറവൈവിധ്യങ്ങള്‍. മേശപ്പുറത്തു വച്ചിരിക്കുന്ന ചുവന്ന റോസാപ്പൂവ് വെളിച്ചത്തിരുന്നാല്‍ മാത്രമേ ചുവന്നതാകുന്നുള്ളൂ; ഇനി, വെളിച്ചത്തിരുന്നാലും, അന്ധനായ ഒരാളുടെ സന്നിധിയില്‍ ആ പൂവിന് ഒരു നിറവും ഇല്ലതന്നെ. എല്ലാ ഇന്ദ്രിയാനുഭവങ്ങളിലും ഈ കബളിപ്പിക്കല്‍ നടക്കുന്നുണ്ട്.  

അപ്പോള്‍, പ്രകാശം നമ്മില്‍ നിറങ്ങളുടെ ഭ്രമം ഉണ്ടാക്കുന്നതുപോലെ, ഊര്‍ജ്ജത്തിന്റെ ഘടനാവ്യത്യാസങ്ങള്‍ നമ്മിലുണ്ടാക്കുന്ന ഭ്രമമാണ് ദ്രവ്യാനുഭവം. അങ്ങനെയെങ്കില്‍ ബാക്കിയുള്ള ലോകാനുഭവങ്ങളും ഭ്രമാത്മകമാണ്‌ എന്ന് സംശയിക്കേണ്ടതില്ല. ഇങ്ങനെയുള്ള എല്ലാ ഭ്രമാനുഭവങ്ങളുടെയും ആകെത്തുകയാണ് ഞാന്‍. അനുഗ്രഹീതമായ ഒരു ധ്യാനനിമിഷത്തില്‍, ചിലര്‍ക്ക്, ഒരു പക്ഷേ, ഈ 'ഞാന്‍' ഇല്ലാത്ത, അതേ സമയം, ഒന്നും എല്ലാവുമായ ഉണ്മയുടെ (ഉണ്ടായിരിക്കുക എന്ന) സംശുദ്ധമായ അനുഭവത്തിലെത്താനാവും. അത്തരം ധന്യാനുഭവമാണ് ഭ്രാമാത്മകവും അങ്ങേയറ്റം പരിമിതവുമായ അഹംബോധത്തിനപ്പുറത്തുള്ള അനന്തമായ ഉണ്മയുടെ ബോധോദയം. അതാണ്‌ ബ്രഹ്മജ്ഞാനം. സംഗ്രഹിച്ചു പറഞ്ഞാല്‍, അറിവിന്റെ മൂന്ന് അടുക്കുകളിലൂടെയാണ് ഒരാള്‍ അവിടെയെത്തുക. ഒന്നാമത്തേത് ദ്രവ്യശരീരത്തെ അറിയുന്നത്. രണ്ടാമത്തേത്, ഊര്‍ജ്ജശരീരത്തെ അറിയുന്നത്. മൂന്നാമത്തേതാണ് അല്പമായ സ്വന്തം ആത്മസത്തയെ അനന്തബോധം തന്നെയായി തിരിച്ചറിയുക.    

ഊര്‍ജ്ജതന്ത്രത്തിലെ ഏറ്റവും ആധുനിക കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതുപോലെ, ക്ഷരപ്രപഞ്ചമായ സകലതും ഊര്‍ജ്ജം മാത്രമാണ്. ഊര്‍ജ്ജത്തിന്റെ അതിവേഗചലനങ്ങളാണ് ഘനത്വം എന്ന ഭ്രമത്തെപ്പോലും സൃഷ്ടിക്കുന്നത് എന്നാണ് ഭൌതികശാസ്ത്രം ഇന്ന് മനസ്സിലാക്കുന്നത്. വേദാന്തമാകട്ടെ, ഒരു പടികൂടി കടന്ന്, ഊര്‍ജ്ജത്തിന്റെ സ്ഥാനത്ത് ബോധത്തെയാണ് അംഗീകരിക്കുന്നത്. ഈ ലോകം ഭ്രാമാത്മകമാണെന്നു പറയുന്നതിന്റെ അര്‍ത്ഥം അത് നമ്മുടെ മാനസികാവസ്ഥയുടെ ഒരു വ്യാഖ്യാനം മാത്രമാകുന്നു എന്നാണ്. അനുദിനചര്യകളില്‍ ഈ വ്യാഖ്യാനങ്ങള്‍ നമുക്കു മുന്നില്‍ സത്യങ്ങളായി വേഷമിടുന്നു. അതിനാല്‍, ശരീരം ദ്രവ്യപരമായ കാഴ്ചപ്പാടിനുള്ളില്‍ വരുന്നു. അതിനപ്പുറത്താണ് മനശ്ശരീരം.

മൂന്നാമത്തെ അടുക്കാണ്‌ നമ്മുടെ ബോധം. മറ്റ് രണ്ടുംപോലെ ചലനാത്മകമായതിനാല്‍, അതും ഒരിക്കല്‍ നിലയ്ക്കും. എന്നാല്‍ അതോടേ അത് ശൂന്യമാകുകയല്ല; നിശ്ചലമായ അനന്തബോധത്തിലേയ്ക്ക് അലിഞ്ഞുചേരുകയുമല്ല. മറിച്ച്, അവിച്ഛിന്നമായ അനന്തബോധം മാത്രമേയുള്ളൂ, അത് മാത്രമേ എന്നും ഉണ്ടായിരുന്നുള്ളൂ എന്ന തിരിച്ചറിവില്‍ എത്തുകയാണ് ചെയ്യുക. നിമിഷാര്‍ദ്ധങ്ങള്‍ തൊട്ട്‌ ബ്രഹ്മയുഗങ്ങള്‍ വരെ കുറുക്കിയും നീട്ടിയും അളക്കപ്പെട്ടിരുന്ന സമയസാഗരങ്ങളുടെ മിഥ്യ സമൂലം  തകര്‍ന്ന്, ഞാനും ഞാന്‍ അറിഞ്ഞതും അറിയാത്തതുമായ സര്‍വ്വവും ഒരേയൊരസ്തിത്വമായി സ്പന്ദിക്കുന്ന ദിവ്യാദ്ഭുതമായിരിക്കും അത്.   

"വരാനിരിക്കുന്ന ലോകത്തിന്റെ നിഗൂഡതയാണ് മൌനം.  സംസാരമാകട്ടെ ഈ ലോകത്തിന്റെ ഉപകരണവും. ഉത്സാഹത്തോടെ അന്വേഷിക്കുന്നവര്‍ പലരുമുണ്ട്, പക്ഷേ, നിതാന്ത നിശബ്ദതയില്‍ നിലനില്‍ക്കുന്നവര്‍ മാത്രമാണ് കണ്ടെത്തുന്നവര്‍"  (നിനവേയിലെ ഇസഹാക്ക്)"  The deep calls to the deep. (psalm 42,7) 

1 comment:

  1. അതി മനോഹരമായ വിവരണം. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് മുതല്‍ തന്നെ നമ്മുടെ പൂര്‍വികര്‍ കണ്ടറിഞ്ഞു അനുഭവിച്ച് ബോധ്യപ്പെട്ട് പറഞ്ഞു തന്ന മഹാ രഹസ്യങ്ങള്‍. ഇടുങ്ങിയ മത, സിദ്ധാന്ത, വിഭാഗീയ മത്സരങ്ങളില്‍ പെട്ട് ഈ ജ്ഞാന സൌന്ദര്യം നമുക്ക് അന്യം വന്നുപോകാതെ ഏവര്‍ക്കും സുലഭമായി കിട്ടുമാറാകട്ടെ. അറിവ് നമ്മെ സ്വതന്ത്രമാക്കുന്നു. നമുക്ക് ആത്യന്തിക ശാന്തിയേകുന്നു.

    ReplyDelete