Translate

Wednesday, February 8, 2012

യോഗ പാപമാണ് - അല്ല പുണ്യമാണ്......?


4.1.2012 - ലെ സത്യദീപത്തില്‍ മുഖക്കുറിയായി വന്ന ലേഖനത്തില്‍ പരാമര്‍ശിച്ച സംഭവവും, അതോടനുബന്ധിച്ച വിഷയവുമാണ് ഈ കുറിപ്പെഴുതാന്‍ കാരണം. സംഭവം വിവരിച്ചിരിക്കുന്നതിങ്ങനെയാണ്. 'ഈയിടെ കേരളത്തിലെ പ്രസിദ്ധമായ ഒരു ധ്യാനകേന്ദ്രത്തില്‍ പോയ വൈദികവിദ്യാര്‍ത്ഥിയുടെ അനുഭവം കേള്‍ക്കാനിടയായി.  വൈദികവിദ്യാര്‍ത്ഥി ധ്യാനകേന്ദ്രത്തിലെ കൗണ്‍സിലിംഗില്‍ 'യോഗ'യുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട് എന്ന് ഏറ്റു പറഞ്ഞു. കൗണ്‍സിലര്‍ അതിനുള്ള പരിഹാരം നിര്‍ദ്ദേശിച്ചു. വീട്ടില്‍ ചെല്ലുമ്പോള്‍ തന്നെ കൈവശമുള്ള യോഗയുടെ പുസ്തകങ്ങള്‍ മുഴുവന്‍ തീയിട്ടുകത്തിക്കണം. മാത്രമല്ല യോഗയുടെ ചിന്തകളില്‍ നിന്നു മനസ്സിനെ ശുദ്ധമാക്കാന്‍ ഏതാനും ദിവസത്തേയ്ക്ക് വെറും വയറ്റില്‍ 'ഹന്നാന്‍' വെള്ളം കുടിക്കണം. ധ്യാനകേന്ദ്രങ്ങളിലെ കൗണ്‍സിലറുമാരുടെ ഇതിലും വലിയ വിവരക്കേടുകള്‍ അറിയാവുന്നതുകൊണ്ട് എനിക്ക് അത്ഭുതമൊന്നും തോന്നിയില്ലെന്നും എഡിറ്റര്‍ തുറന്നെഴുതിയിരിക്കുന്നു. എന്നാല്‍ ഇതിലും ഗൗരവമായൊരു മറ്റൊരു വിവരംകൂടി ഇവിടെ വെളിപ്പെടുത്തുന്നുണ്ട്. വത്തിക്കാനിലെ മുന്‍  ഭൂതോച്ചാടകനും അന്താരാഷ്ട്ര ഭൂതോച്ചാടക സംഘടനയുടെ സ്ഥാപകനും, ആജീവനാംഗവുമായ - ഫാ: 'ഗബ്രിയേല്‍ അമ്രോത്ത്' - യോഗ അഭ്യസിക്കുന്നത് പൈശാചികമാണെന്നും, ഹാരിപോട്ടര്‍   വായിക്കുന്നതുപോലെ അതും പാപത്തിലേക്ക് നയിക്കുമെന്നും കൂടി പറഞ്ഞതായിട്ട് വെളിപ്പെടുത്തിയിരിക്കുന്നു.

ഇത്രയും തരംതാണതും, മതമൗലീകവാദം നിറഞ്ഞു നില്‍ക്കുന്നതും ക്രൈസ്തവവിശ്വാസങ്ങള്‍ക്ക് നിരക്കാത്തതും നമുടെ ദേശീയതാല്‍പര്യങ്ങള്‍ ഹനിക്കുന്നതുമായ ആശയങ്ങള്‍ ഇന്നും സഭാതലങ്ങളില്‍ കുറേയെങ്കിലും ആധികാരികതയുടെ മേല്‍വിലാസത്തില്‍ത്തന്നെ പ്രചരിച്ചുകൊണ്ടിരിക്കുന്നു എന്ന സത്യം വെളിപ്പെടുത്തിയ സത്യദീപത്തിന്റെ പത്രാധിപരെ ഇവിടെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. കാരണം ഈ വെളിപ്പെടുത്തലുകള്‍ സഭയിലെ നവീകരണ പ്രസ്ഥാനക്കാരുടെ പക്ഷത്തുനിന്നോ 'ഓശാന' മാസികയില്‍ കൂടിയോ വന്നിരുന്നെങ്കില്‍ ഇതൊക്കെ 'നാമമാത്ര ക്രിസ്ത്യാനികള്‍' പറഞ്ഞു പരത്തുന്ന ശുദ്ധനുണകളാണെന്ന് സഭാനേതൃത്വം പ്രസ്താ വിച്ചേനെ. അതുപോലെതന്നെ ധ്യാനകേന്ദ്രത്തില്‍നിന്നു നിയമാനുസൃതമായി നിയമിക്കുന്നവരാണ് മേല്‍ സൂചിപ്പിച്ച കൗണ്‍സലര്‍മാര്‍ ഫാ: ഗബ്രിയേല്‍ അമ്രേത്ത് സഭയുടെ  വൈദികനുമാണ്.  ഇക്കാരണങ്ങള്‍കൊണ്ടാണ് മേല്‍പ്പറഞ്ഞ അബദ്ധ സിദ്ധാന്തങ്ങള്‍ക്ക് സഭാതലങ്ങളില്‍ കുറേയെങ്കിലും ആധികാരികതയുണ്ട് എന്നു പറയാല്‍ കാരണം. വെറും സാധാരണ അല്‍മേനികളല്ല  ഇതൊക്കെപ്പറയുന്നത് എന്ന ഒറ്റക്കാരണത്താല്‍ത്തന്നെ സഭാനേതൃത്വം ഇക്കാര്യങ്ങള്‍ ഗൗരവമായിട്ടുതന്നെയെടുക്കണം.

ഇരുണ്ടയുഗങ്ങളില്‍ സഭയെ ഗ്രസിച്ചിരുന്ന അബദ്ധജഡിലങ്ങളായ ചിന്തകള്‍ ഇന്നും സഭയില്‍ നിന്ന് കെട്ടടങ്ങിയിട്ടില്ല എന്നതിന്റെ പ്രകടമായ തെളിവുകളാണ് മേല്‍പ്പറഞ്ഞ ആശയങ്ങളൊക്കെ ഇന്നും തുടരുന്നത്. പുണ്യപുരുഷനായിരുന്ന 23- മാം   ജോണ്‍മാര്‍പ്പാപ്പാ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പ്രകാശിപ്പിച്ച ക്രിസ്തീയ ആശയങ്ങളെ പിന്നീടുവന്ന സഭാനേതൃത്വം തുടരാന്‍ അനുവദിക്കാതെ തല്ലിക്കെടുത്തുകയാണു ചെയ്തത്. ഇതാണ് ഇന്നു സഭയില്‍ വളര്‍ന്നുവരുന്ന അക്രൈസ്തവവും വിനാശകരവുമായ ആശയങ്ങള്‍ സഭാതലങ്ങളില്‍ വളര്‍ന്നുവരുവാന്‍ കാരണമാകുന്നത്. വത്തിക്കാന്‍ കൗണ്‍സിലിന്റെ 'അക്രൈസ്തവമതങ്ങള്‍' എന്ന രേഖയില്‍ പറയുന്നു. 'ആ ദിവ്യ രഹസ്യങ്ങള്‍ അക്ഷയമായ പുരാണേതിഹാസങ്ങളിലൂടിയും ഉദാത്തമായ ദാര്‍ശനികാ   ന്വേഷണങ്ങളിലൂടെയും അവര്‍ ആവിഷ്‌കരിക്കുന്നു എന്നും  ഈ മതങ്ങളില്‍ കാണുന്ന സത്യവും, വിശുദ്ധവുമായ ഒന്നും കത്തോലിക്കാസഭ തിരസ്‌കരിക്കുന്നില്ല എന്നും അടിവരയിട്ട കൗണ്‍സില്‍, അവയിലെ നന്മകള്‍ സ്വീകരിച്ച് നമ്മുടെ വിശ്വാസത്തെ ആഴപ്പെടുത്തുവാന്‍ ആഹ്വാനം ചെയ്യുന്നു. ഇക്കാര്യങ്ങളൊക്കെ മുന്‍പറഞ്ഞ എഡിറ്റോറിയലില്‍ വിശദീകരിച്ചിട്ടുണ്ട്. സ്വന്തം മനസ്സാക്ഷിയെ പിന്‍ച്ചെന്ന് നല്ല ജീവിതം നയിക്കുന്നവരെല്ലാവരും അവര്‍ യേശുവിനെ അറിഞ്ഞില്ലെങ്കില്‍പോലും രക്ഷപ്പെടും'. എന്ന് 23-ാം ജോണ്‍ മാര്‍പ്പാപ്പ വത്തിക്കാന്‍ കണ്‍സിലില്‍ കൂടി പറയുമ്പോള്‍ ഇവിടെ വേദോപനിഷത്തുക്കളും ശ്രീനാരായണഗുരുവും കത്തോലിക്കാസഭയും ദൈവസങ്കല്‍പങ്ങളില്‍ ഒന്നിക്കുകയാണ്.

'ക്രിസ്തുവിന് 2000 - 3000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാരതത്തിന്റെ തത്വചിന്തയില്‍ നിന്നും ഉറപൊട്ടിയൊഴുകിയ ഉദാത്തമായ  ദാര്‍ശനികതയുടെ ഔന്നത്വം ഹിമാലയത്തെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഉപനിഷത്ത് ചിന്തകളുടെ മുന്‍പില്‍ ലോകം കൈകൂപ്പി നില്‍ക്കുകയാണ് താത്വികവുംദാര്‍ശനികവും, ആധ്യാത്മികവുമായ തലങ്ങളില്‍ വേദോപനിഷത്തുക്കള്‍ വ്യാപരിക്കുമ്പോള്‍ പതജ്ഞലി മഹര്‍ഷിയുടെ 'രാജയോഗം' മനുഷ്യന്റെ ശാരീരികവും, മാനസികവുമായ ഭൗതികതലങ്ങളില്‍ വഴി കാട്ടിയാകുന്നു. അതിനൊരുദാഹരണമാണ് 'യോഗ' എന്ന വിജ്ഞാനശാഖ. അങ്ങനെ ഇന്ന് രാജ്യാതിര്‍ത്തിവിട്ട് ലോകമെമ്പാടും സാര്‍വത്രിക  അംഗീകാരവും ആദരവും നേടിയ വേദോപനിഷത്തുക്കള്‍ക്കും യോഗാപോലുള്ള വിശിഷ്ഠ കര്‍മ്മങ്ങള്‍ക്കും  പൈശാചികപരിവേഷം കൊടുക്കുന്ന അധര്‍മ്മമനസ്കര്‍ക്ക് കത്തോലിക്കാസഭാതലങ്ങളില്‍ ഇനിയും ഒരവസരം കൊടുക്കരുത്. ഒരുപക്ഷേ ഇന്ന് കത്തോലിക്കാസഭ നേരിടുന്ന ഏറ്റവും വലിയ വിപത്തും ശാപവും ഇവരൊക്കെ മൂലമുണ്ടാകുന്നതായിരിക്കും. കത്തോലിക്കാ സഭാപിതാക്കന്മാര്‍ അംഗീകരിക്കുകയും സെമിനാരിപോലുള്ള അധ്യാത്മിക പഠനകേന്ദ്രങ്ങളില്‍ അഭ്യസിക്കുകയും ചെയ്യുന്ന യോഗ എന്ന സംപ്രദായത്തെ ഇത്രയും തരംതാഴ്ത്തിപ്പറയുവാനുള്ള ''ബോധജ്ഞാനം' കൗണ്‍സിലര്‍മാര്‍ എന്ന 'പുണ്യാത്മാക്കള്‍ക്ക്'- എവിടെ നിന്നു കിട്ടി എന്നറിയണം. ഏതായാലും കത്തോലിക്കാസഭയ്ക്കും രാജ്യത്തെ മതേതരത്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഇമ്മാതിരി പ്രവണതകള്‍ മുളയിലേ നുള്ളേണ്ടതാണ്. ഇന്‍ക്വസിഷന്‍ പോലുള്ള മതമര്‍ദ്ദനങ്ങളുടെയും, ചിന്താവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കയ്‌പ്പേറിയ ചരിത്രം പറയുന്ന ഒരു ഭൂതകാലം സഭക്കുണ്ടായിരുന്നെന്ന കാര്യം മറക്കേണ്ട. അന്നത്തെ രാജകീയ അധികാരം ഇന്നില്ലാത്തതിനാല്‍ അന്നത്തെ കളി ഇന്നു നടപ്പില്ലല്ലോ? എന്നാല്‍ മതസൗഹാര്‍ദ്ദം അപകടപ്പെടുത്തുവാന്‍ പറ്റിയ 'സാത്താനിസ്റ്റ' - ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ പോന്ന കൗണ്‍സിലറന്മാരും, ഫാ. അമ്രോത്തുമാരും ഇന്നും സഭയില്‍ വിഷവിത്തുകള്‍ പാകിക്കൊണ്ടേയിരിക്കുന്നു. സഭാഗാത്രത്തില്‍ പ്രവേശിച്ചിരിക്കുന്ന ഈ ക്യാന്‍സര്‍ അണുക്കളെ അടിയന്തരസ്വാഭാവത്തോടുകൂടി ചികിത്സിച്ചു നശിപ്പിക്കണം. ഇന്ന് സഭയുടെ പേരില്‍ നൂറുകണക്കിന് ധ്യാനകേന്ദ്രങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടെയിരിക്കുന്നു. പതിനായിരക്കണക്കിന് ആളുകള്‍ പ്രതിദിനം ധ്യാനകേന്ദ്രങ്ങളില്‍ കയറിയിറങ്ങുന്നു. ഒരു ധ്യാനകേന്ദ്രത്തിനു തന്നെ 8 ഉം 10 ഉം കൗണ്‍സിലറന്മാരും കാണും. സഭയുടെ വിശ്വാസം എന്താണെന്ന് അറിയാത്തവരും, മതമൗലികവാദകളുമൊക്കെ കൗസിലറന്മാരായിവരുന്നുണ്ട്. എന്നാണ്  സത്യദീപത്തിന്റെ പോലും വെളിപ്പെടുത്തലുകളില്‍ നിന്നു മനസ്സിലാക്കേണ്ടത്. ഞായറാഴ്ച കുര്‍ബാനക്ക് മുടക്കം വരുത്തുക, വാര്‍ഷികധ്യാനത്തില്‍ പങ്കെടുക്കാതിരിക്കുക, പള്ളിപ്പിരിവുകള്‍ കുടിശ്ശിക വരുത്തുക, ആണ്ടുകുമ്പസാരത്തിന് മുടക്കം വരുത്തുക, തുടങ്ങിയ അല്ലറചില്ലറ സഭാനടപടിക്രമങ്ങള്‍ തെറ്റിക്കുന്നവനെപ്പോലും, മരിച്ചടക്കിന്റെയും കല്ല്യാണക്കുറിയുടെയും അതുപോലുള്ള സഭാപരമായ പലമുടക്കുകളുടെയും പേരില്‍ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നൂറൂകണക്കിന് സംഭവങ്ങള്‍ സഭയില്‍ ഇന്നും നടന്നുവരുന്നു. അങ്ങനെയെങ്കില്‍ സഭയ്ക്കും സമൂഹത്തിനും മതേതരത്വത്തിനും ഏറെകളങ്കം വരുത്തുന്ന ഈ കൗണ്‍സിലറന്മാരുടെയും ഫാ: അമ്രോത്തുമാരുടെയും, ഭൂതോച്ചാടനസംഘടനയുടെയും ദുര്‍നടപടികളെ സഭ എങ്ങനെ കാണുന്നു? കത്തോലിക്കാസഭയുടെ ഓദ്യോഗിക പ്രസിദ്ധീകരണമായ സത്യദീപത്തില്‍ വന്ന വിശ്വാസികളെ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലിനെ സഭാനേതൃത്വം അതിന്റെ മുഖവിലക്കെടുക്കുമെന്നും തുടര്‍ന്നുള്ള ഇതിന്റെ മേല്‍നടപടികള്‍ സഭാവിശ്വാസികളെ ഔദ്യോഗികമായി അറിയിക്കുമെന്നും കരുതുന്നു. കാരണം വെറും ക്രിസ്ത്യന്‍ 'നാമധാരി'കളുടെ പാഴ്‌വാക്കുകളല്ലല്ലോ മേല്‍പ്പറഞ്ഞ വെളിപ്പെടുത്തലുകള്‍.

റ്റി.റ്റി.മാത്യൂ തകടിയേല്‍

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. യോഗായെന്നാല്‍ അജ്ഞേയമായ ശിക്ഷണത്തിന്‍റെ ഒരു വിജ്ഞാനശാഖയെന്നര്‍ത്ഥം. യോഗയെ ആത്മനിയന്ത്രണംകൊണ്ട് ദൈവവുമായുള്ള കൂടിച്ചേരെലെന്നും ഭാരതമുനികള്‍ നിര്‍വചിക്കുന്നു. മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് യോഗായെന്നാലെന്തെന്നു പാശ്ചാത്യലോകത്തിനു അറിവില്ലായിരുന്നു. ഇന്നുക്രിസ്ത്യന്‍ പുരോഹിതരും കന്യാസ്ത്രികളും ലോകപ്രസിദ്ധരായ ഗായകരും മന്ത്രിമാരുമെല്ലാം
    യോഗാ അഭ്യസിക്കുന്നതായി കാണാം. ശരീരത്തിന്‍റെ സൌന്ദര്യം വര്‍ധിപ്പിക്കുന്ന ഒരു വ്യായമാമെന്നു യോഗയെ കരുതിയാല്‍ മതി. അല്ലാതെ ഇത് ക്രിസ്തീയ വിശ്വാസങ്ങള്‍ക്ക് വെല്ലുവിളിയൊന്നുമല്ല.

    മനുഷ്യന്‍ പ്രകൃതിയെ പങ്കുവെക്കുന്നുവെന്നാണ് യോഗയുടെ ഒരു തത്വം. ചുറ്റുമുള്ള ജീവജാലങ്ങളില്‍ കൂടി ദൈവത്തെയും കാണുന്നു. സര്‍വതും മായാ, ദൈവികശക്തിയെന്നാണ് യോഗ കല്‍പ്പിക്കുന്നത്.മനുഷ്യജീവജാലം പരമാത്മാവിന്‍റെ വിപുലീകരണമെന്നും യോഗ പഠിപ്പിക്കുന്നു. ഈ വിശ്വാസമായിരിക്കാം‍ യോഗയെ എതിര്‍ക്കുവാന്‍ ചില ക്രൈസ്തവപുരോഹിതരെ പ്രേരിപ്പിക്കുന്നത്. പ്രകൃതിയില്‍ പാപമൊന്നില്ല, അങ്ങനെയുള്ള സങ്കല്പം ദൈവത്തോടുള്ള ഒരു വെല്ലുവിളിയെന്നും യോഗശാസ്ത്രത്തിലുണ്ട്.

    യോഗാഭ്യാസം ചെയ്യുന്നവരെല്ലാംതന്നെ സുന്ദരമായ ശരീരത്തിന്‍റെ ഉടമകളായി കാണുന്നു. ഇന്നു പള്ളികളിലും പൊതുസ്ഥലങ്ങളിലും കൊഫീയും മധുര പലഹാരങ്ങളും വിതരണം ചെയ്യാറുണ്ട്. ഇതു ആരോഗ്യത്തെ ദോഷമായി ബാധിക്കും. അങ്ങനെയുള്ളവര്‍ക്ക് യോഗാഭ്യാസം ഗുണംചെയ്യും.

    യോഗയുടെ വളര്‍ച്ച ക്രിസ്ത്യന്‍സഭയ്ക്ക് ഒരു വെല്ലുവിളിയെന്നു ചിലര്‍ കരുതുന്നു. എന്നാല്‍ പരിശുദ്ധആത്മാവിനെ മെഡിറ്റെഷനില്‍കൂടി നമ്മുടെ ശരീരത്തിലേക്ക് ആവാഹിക്കുകയാണെന്ന് ക്രിസ്ത്യന്‍ പുരോഹിതര്‍ മനസ്സിലാക്കുന്നില്ല.

    ഭാരതമുനികളോടൊപ്പം ക്രിസ്തുവും ഹിമാലയ സാനുക്കളിലും കാശ്മീരിലും യോഗാ അഭ്യസിച്ചിരുന്നുവെന്നും ഒരു വിശ്വാസമുണ്ട്‌. ക്രിസ്തുവിന്‍റെ അത്ഭുതങ്ങളിലൊന്നായ വെള്ളത്തിന്‍റെമീതെ നടക്കല്‍ ഭാരതത്തിലെ യോഗികള്‍ക്കും സാധിച്ചിരുന്നു. യോഗയിലെ ഞാനെന്നുള്ളത് ദൈവമെന്നുള്ള സങ്കല്‍പ്പമാണ് ക്രിസ്തീയവിശ്വാസത്തിന് എതിരായി നില്‍ക്കുന്നത്. ആത്മന്‍,സംഖ്യ എന്ന പദങ്ങളൊക്കെ
    യാഥാസ്ഥിതികരായ അച്ചന്മാരെ വിരളിപിടിപ്പിക്കും.

    സ്വയം ആത്മനിയന്ത്രണത്തോടെയുള്ള മനുഷ്യമനസുകളുടെ ഈ കൂത്തുകളികളെ ശാത്താന്‍ സേവയെന്നും ചിലര്‍ വിശേഷിപ്പിക്കുന്നു.

    ReplyDelete
  3. It is very difficult to make people understand the dangers of Yoga until and unless they are born again.
    That is why I do not waste time doing such a futile work.



    T.S.BALAN
    Mob: 9645077483

    ReplyDelete
  4. Yoga is dangerous. It can lead to possession, evil obsession and many dangers. T.S.Balan and many other priests who oppose yoga are right. Yoga invokes evil spirits and leads to the pride of satan to be glorified by oneself. Yoga is evil not a great spiritual path to God but a dangerous path to gods and to become gods of power and pride.

    ReplyDelete
  5. യോഗ പൈശചികമാണെന്നു പറയുന്നവരോട് ഒരു ചോദ്യം. ക്രിസ്തീയ പ്രാർത്ഥനകളും ആചാരങ്ങളും പൈശചികമാണെന്ന് ഒരാൾ പറഞ്ഞാൽ അതിനു എന്ത് ഉത്തരം കൊടുക്കും ?? എന്തെല്ലാമാണ് പൈശാചികത്തിന്റെ മാനദണ്ഡം ? അതെങ്ങനെ verify ചെയ്യാം?

    ReplyDelete