Translate

Friday, February 17, 2012

ശ്രീജോര്‍ജു മൂലേച്ചാലിന്‍റെ മതം ജീവിതമാക്കാത്തതെന്തുകൊണ്ടുന്നുള്ള ലേഖനവീക്ഷണം

മതം ജീവിതമാകാത്തതെന്തുകൊണ്ടെന്നു ചോദ്യവുമായി ശ്രീ ജോര്‍ജുമൂലേച്ചാലിന്‍റെ ആത്മപ്രകാശിതമായ ലേഖനം വായനക്കാരനെ സത്യംതേടിയുള്ള അഗാതമായ അന്വേഷണത്തിലേക്ക്, അന്തര്‍ദര്‍ശനത്തിലേക്ക് നയിക്കുന്നു. മതം ജീവിതമായത് മതത്തില്‍ പൌരാഹിത്യം കടന്നുകൂടിയതാണ് കാരണം. പുരോഹിത കാഴ്ചപ്പാടുകളെയും അനുഷ്ടാനങ്ങളെയും ശാസനങ്ങളെയും ഇല്ലായ്മചെയ്തു സ്വാര്‍ഥതാല്പര്യങ്ങള്‍ ഉന്മൂലനംചെയ്തു മതത്തെ പൌരാഹിത്യത്തില്‍നിന്നും മോചിപ്പിച്ചെങ്കില്‍ മാത്രമേ വിശ്വസാഹോദര്യം വിഭാവന ചെയ്യുവാന്‍ സാധിക്കുകയുള്ളുവെന്നു ജോര്‍ജു വിശ്വസിക്കുന്നു.

ലേഖനത്തിന്‍റെ ഉള്‍ക്കാഴ്ച്ചയിലേക്ക് ഒന്നു കണ്ണോടിക്കട്ടെ. സ്നേഹത്താല്‍ നിര്‍വചിച്ച മതത്തെ സാമുദായിക വികാരമായി ഉയര്‍ത്തിയത്‌ പുരോഹിതരുടെ കരവേലയാണ്. ജനിക്കുമ്പോള്‍മുതല്‍ ഒരേ വിശ്വാസപ്രമാണങ്ങള്‍, മതനിയമങ്ങള്‍,  അനുഷ്ടാനങ്ങളില്ക്കൂടിനടപ്പിലാക്കി. മതത്തിന് ദൈവികപരിവേഷം നല്‍കി പരസ്പരം
ഹൃദയബന്ധമില്ലാതെ ഒരു സ്വാര്‍ഥനിഷ്ഠലോകത്തെ പുരോഹിതര്‍ സൃഷ്ടിച്ചു. മതത്തെ ദൈവികവേഷം നല്‍കി വിഷം കുത്തിവെച്ചു പൊതുവായ മാനുഷികമൂല്യങ്ങളെയും ഇല്ലാതാക്കി. മോശയുടെ കാലംമുതല്‍ ജനജീവിതം പുരോഹിതരുടെ വേലിക്കൂട്ടിലാക്കി. എന്തുകൊണ്ട് വസുധൈവ കുടുംബവും ദൈവരാജ്യവും കൈവരിക്കുന്നില്ല. വെറുപ്പും മത്സരബുദ്ധിയും എന്‍റെയും എന്‍റെ കുടുംബവുമെന്ന സ്വാര്‍ഥലോകവും, പുരോഹിതാധിഷ്ടിതമായ ചട്ടങ്ങളുമൊക്കെ കാരണങ്ങളാണ്.

അദൃശ്യചൈതന്യങ്ങളെ ആസ്തികമായും പ്രകൃതിയുടെ ദൃഷ്ടികളെ നാസ്തികമായും ഈ ലേഖനത്തില്‍ തരം തിരിച്ചിരിക്കുന്നു. അള്ളാവും യഹോവയും ആസ്തികവും എന്നാല്‍ നാസ്തികം പ്രകൃതിതന്നെയും പ്രകൃതിയുടെ അംശങ്ങളെന്നുമുള്ള വിവരണങ്ങളും വായനക്കാരന്‍റെ മനസ്സില്‍ പതിയുന്നു. ഒരേ പ്രകൃതിയുടെ ഭാഗമായ മനുഷ്യരെല്ലാം പരസ്പര ബന്ധുക്കളാണ്. ഹിന്ദുമതത്തിലെയും കൃസ്തുമതത്തിലേയും വിശ്വസാഹോദര്യം എന്ന സത്ത ഒന്നുതന്നെ. യഥാര്‍ഥ മതത്തിന്‍റെ ഉറവിടം സ്നേഹമാണ്. നാസ്തികമതത്തിലും പഠിപ്പിക്കുന്നത്‌ സ്നേഹം തന്നെയെന്നു പുരോഹിതരോടും മതമൌലികവാദികളോടും വേദമൂതിയാല്‍ അവര്‍ കല്ലെറിഞ്ഞോടിക്കുമെന്നു തീര്‍ച്ച. സര്‍വ്വമത സാഹോദര്യബോധത്തിന് തുരങ്കംവെക്കും.

ക്രിസ്തുമതത്തിലും ദൈവമെന്ന എക സത്തയുണ്ട്. എല്ലാവരും ദൈവത്തിന്‍റെ മക്കള്‍. സൃഷ്ടാവിനെയും സൃഷ്ടിയെയും രണ്ടായി സങ്കല്പ്പിക്കുന്നതുമൂലം ക്രിസ്തുമതത്തെ ദ്വൈതദര്‍ശനമായി ഈ ലേഖനം ദര്‍ശിക്കുന്നു. ദ്വൈതദര്‍ശനമായ കാഴ്ചപ്പാടില്‍ പുരോഹിതര്‍ യേശുവിനെ ദൈവവും പൂജാ വിഗ്രഹവുമാക്കി. യേശു ആവിഷക്കരിച്ച സ്നേഹമെന്ന മതദര്‍ശനത്തെ പൌരാഹിത്യം കാറ്റില്‍പരത്തി.

അദ്വൈതവീക്ഷണത്തില്‍ യേശുവിനു പ്രത്യേകമായ സ്ഥാനമില്ലെന്നാണ് ജോര്‍ജിന്‍റെ കാഴ്ചപ്പാട്.  അദ്വൈത ദാര്‍നികനായ യേശു അദ്വൈതാനുഭാവം നേടിയ ഒരു വ്യക്തിമാത്രം. ഞാന്‍ ഭാവത്തെ മറികടന്നു  ദൈവികസത്തയില്‍ ആരും പരമാത്മാവ്‌ ആകുന്നില്ല. യേശു അനാദിയോ അശരീരിയോ സര്‍വ്വവ്യാപിയോ ആദി കാരണങ്ങളോ ഒന്നുമല്ല. ദൈവികത്തിലെക്കുള്ള ഒരു ചൂണ്ടുപലക മാത്രം.

മനുഷ്യനെ തമ്മിലടിപ്പിക്കുന്ന മതവും പണവും രാഷ്ട്രീയപ്രേത്യേയശാസത്രങ്ങളും മതമൌലികവാദികളുടെ പ്രസ്ഥാനങ്ങള്‍ക്ക് രൂപം കൊടുത്തു. സ്നേഹവും നീതിയും മനുഷ്യത്വവും മതഗ്രന്ഥങ്ങളുടെ ഏടുകളില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. മനുഷ്യനില്‍ മതം ജനിക്കുന്നില്ല. അവന്‍ ഓരോ മതത്തിലുമാണൂ ജനിക്കുന്നത്. മുന്‍കൂറായി വിശ്വാസപ്രമാണത്തെ ശരിയെന്നു അംഗീകരിക്കുന്നത് ചിന്താസ്വാതന്ത്ര്യത്തിന്‍റെ നിഷേധമെന്നു ലേഖനം ചുരുക്കുന്നു.

മറ്റാരോ കണ്ടെത്തിയ വിശ്വാസപ്രമാണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണിവിടെ.ഹൃദയത്തില്‍ നിന്നുറവിടെണ്ട സാഹോദര്യഭാവത്തിനു തന്മൂലം കഴിയാതെപോവുന്നു. വിഗ്രഹങ്ങളെയും പൂജാര്‍പ്പങ്ങളെയും ഈ ലേഖനം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഇതു വ്യാജ ആധ്യാത്മികസംതൃപ്തി ലഭിക്കുമെന്നും പുരോഹിതസൃഷ്ടിയായ ഈ ആചാരഅനുഷ്ടാനങ്ങള്‍ ഒരുവനെ സങ്കുചിത ചിന്താഗതിക്കാരനാക്കുമെന്നും സഹജീവിസ്നേഹവും ക്ഷമയും കാരുണ്യവുമൊക്കെ അനാവശ്യമാക്കുമെന്നും ദാര്‍ശനീകന്‍റെ ഭാഷയില്‍ തന്നെയാണ് ഈ ലേഖനത്തിലുടനീളം വിവരിച്ചിരിക്കുന്നത്.

അങ്ങനെ ജീസസ് എന്ന ദൈവം മായാദര്‍ശനത്തില്‍ നിന്നുള്ളതാണ്. നശ്വരമല്ലാത്ത ഈ മിഥ്യാ,
വാസ്തവമല്ലാത്തതും അവിവേക ദൈവശാസ്ത്രവുമായി കാണുന്നു. മൂര്‍ത്തിമത്തായ യേശു ദൈവത്തിങ്കലേക്കുള്ള സത്യവും വഴിയും മാത്രം. ശ്രീ ജോര്‍ജു മൂലേച്ചാലിന്‍റെ വിജ്ഞാനപ്രദമായ ഈ ലേഖനം ഓരോ വായനക്കാരനും ഒരു അമൂല്യനിധി തന്നെയാണ്. ബുദ്ധിശാലികളുടെ ലോകത്ത് ഇങ്ങനെ ഗുണോത്‌ക്കര്‍ഷമായ ലേഖനങ്ങള്‍ക്കായി ജോര്‍ജിന്‍റെ തൂലിക സര്‍വ്വദാ ചലിക്കുവാന്‍ സര്‍വ്വവിധ ഭാവുകങ്ങളുംനേരുന്നു.

ജോര്‍ജിന്‍റെ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

3 comments:

  1. ശ്രീ. ജോര്ജ്ു മൂലെചാലിലിന്റെ മതജിവിതമാകാത്തതെന്തുകൊന്റെന്നുള്ള ലേഖനത്തിന് ശ്രീ. പടന്നാമാക്കല്‍ പോസ്റ്റ്‌
    ചെയ്തിരുന്ന നിരൂപണവിരുന്നു വായിച്ചപ്പോള്‍ ഒത്തിരി സന്തോഷം തോന്നി. പടന്നാമാക്കലിനു പ്രത്യേകം നന്ദി.

    ശ്രീ. പടന്നാമാക്കലിനെ സംബന്ദിച്ചു പുതിയ ചില ഉള്ക്കാ ഴ്ചകള്‍ ഇത് വായിച്ചപ്പോള്‍ എനിക്കുണ്ടായി. തറ നിലവാരം
    ഉള്ളവരോട് അവരുടെ നിലവാരത്തിലും എന്നാല്‍ ബുദ്ധിജീവികളുടെ ആഴമായ ചിന്തകള്ക്ക്ി ആ തലങ്ങളില്‍ ഉയര്ന്നു
    അതിനെ അപഗ്രഥിക്കാനും പടന്നാമാക്കലിനു ഒന്നുപോലെ സാധിക്കുന്നു. സത്യം, നീതി, സ്നേഹം, സമാധാനം എന്നീ
    ചരടുകള്‍ പിണഞ്ഞെടുത്ത ചമ്മട്ടിക്കു മതാധികാരികളുടെ കുണ്ടിക്ക് കൊടുക്കാനുള്ള കരുത്തും പടന്നാമാക്കലിനുണ്ട്.
    പണ്ടെങ്ങോ വിശുദ്ധ ഗ്രന്ഥത്തിലെ മാലാഖ പടന്നാമാക്കലിനോട് 'ഭയപ്പടെണ്ട' എന്ന് പറഞ്ഞിട്ടുണ്ടാകും. തന്റെ
    തലകൊണ്ട് മറ്റുള്ളവര്‍ ബിസിനസ് നടത്തേണ്ട എന്ന തിരിച്ചരിവുംകൂടി ആയിരിക്കും അതിനു കാരണം.

    ഏതായാലും നിരൂപണം ഉഗ്രനായിരിക്കുന്നു.

    ReplyDelete
  2. മതം ജിവിതമാകത്തതെന്തുകൊണ്ട്? ഇന്നത്തെ പത്രത്തില്‍, ബസ്സില്‍ കളഞ്ഞുകിട്ടിയ പണപ്പോതി വിതിച്ചെടുത്ത മൂന്നു സത്യ ക്രിസ്ത്യാനികളുടെ കഥയുണ്ടായിരുന്നു. എല്ലാവരുടെയും ജിവിതത്തില്‍ ഒരു മതം രൂപം കൊള്ളുന്നുണ്ട്. മതം അവരുടെ ജിവിതത്തില്‍ അങ്ങിനെയാണ് രൂപം പൂണ്ടത് എന്നേയുള്ളു. .
    ജോര്‍ജ്ജു ഉദ്ദേശിച്ചത് ക്രിസ്തു പഠിപ്പിച്ച മൂല്യങ്ങള്‍ കത്തോലിക്കരില്‍ കാണുന്നില്ല എന്ന അര്‍ത്ഥത്തിലാണെങ്കില്‍ അതുടനെ ഉണ്ടാവാന്‍ പോവുന്നില്ല. അപ്പന്‍ തായ്ത്തടി വഴി, മക്കള്‍ എലച്ചില് വഴി എന്ന് കേട്ടിട്ടില്ലേ? ബൈബിളിന്റെ വ്യാഖ്യാനത്തിലും, ചര്ത്രത്തിന്റെ പാതിവൃത്യത്തിലും കുടുങ്ങാതെ നല്ല മനസ്സുള്ള കുറെ മനുഷ്യര്‍, ഇവിടെ വിദ്യാലയങ്ങള്‍ തുടങ്ങി; അതിപ്പം ലാഭത്തിലായി. ലാഭം എന്ന് പറഞ്ഞാല്‍ പോര കൊഴുത്ത ലാഭം. സര്ക്കാര് ശമ്പളം കൊടുത്തോളും പടി കമ്പനിക്കും. unaided ആണെങ്കില്‍ ശമ്പളം 16000 രൂപയാണ് കണക്കില്‍. എങ്കില്‍ അദ്ധ്യാപകരുടെ കയ്യില്‍ കിട്ടുന്നത് മൂവായിരവും പരമാവധി ആറായിരവും ഒക്കെയാണ്. ഈ കണക്കു കൃത്യമായിരിക്കില്ലെങ്കിലും അല്‍പ്പമെങ്കിലും തട്ടിപ്പില്ലാതെ ആര്‍ക്കും ശമ്പളം കിട്ടുന്നില്ല. ഇതൊക്കെയാണെങ്കിലും, ഇതിനു പിരിവു കൊടുത്ത അല്മായന്മാരാരും ആ കണക്കും പറഞ്ഞോണ്ട് എന്തെങ്കിലും പരിഗണന തേടി അങ്ങോട്ട്‌ ചെല്ലണ്ട. ഭരിക്കുന്ന അച്ചന്മാരും മെത്രാന്മാരും അവരുടെ പോക്കറ്റില്‍ നിന്ന് ഒരു ചില്ലി പൈസാ സംഭാവന കൊടുത്തതായി ശത്രുക്കള്‍ പോലും ആരോപിക്കാറുമില്ല.
    ആശുപത്രികളുടെ തുടക്കവും അങ്ങിനെയായിരുന്നു എന്ന് പറയാം. ഇപ്പോള്‍ പാവങ്ങളാണോ പണക്കാരാണോ എന്ന വ്യത്യാസം അവിടില്ല. സ്കാനിഗ് ചെയ്യാന്‍ ഒരു പഴുതുന്ടെങ്കില്‍ അത് ചെയ്തിരിക്കും, അതിന്റെ കമ്മിഷന്‍ ഡോക്ടര്‍ക്കും ഉണ്ട്. ഓപറേഷന്‍ ചെയ്യാനും ഈ പഴുതാണ് നോക്കുന്നത്. മരുന്നുകളുടെ വിലയാണെങ്കില്‍ ഇപ്പോഴും MRP. മരുന്ന് കുപ്പിയിലെ MRP മിക്ക വിലയേറിയ മരുന്നുകളുടെ കാര്യത്തിലും കുറഞ്ഞത്‌ രണ്ടിരട്ടിയാണെന്നു ഇവിടെ ഏത് പൊട്ടനാ അറിയാന്‍ വയ്യാത്തത്. പിരിവെടുത്ത കാശ് കൊണ്ട് പടുത്തുയര്‍ത്തിയ മുറികള്‍ക്ക് വാടക വല്ല മയവുമുണ്ടോ? അതുമില്ല.
    അനുവദിച്ചു കിട്ടിയ ഏതാനും മെഡി. കോളെജുകളും എഞ്ചി. കോളെജുകളും വെച്ചു എത്ര വര്‍ഷമായി ഗവന്മേന്റുകളുടെ തലയ്ക്കു വില പറയുന്നു? സര്‍ക്കാരിനുള്ളത് സര്‍ക്കാരിനു കൊടുത്തേനെ, വായില്‍ ഡോളാറുള്ള മിന്‍ വേമ്പനാട്ടു കായലില്‍ ഇല്ലല്ലോ. നാട് വളരട്ടെ എന്ന് കരുതി ചുമ്മാ കിടക്കുന്ന സ്ഥലത്ത് കടമുറിയുണ്ടാക്കി കൊടുക്കുന്നത് മനസ്സിലാക്കാം, പക്ഷെ ഷോപ്പിംഗ്‌ കോമ്പ്ലെക്സ് പണിയുന്നതോ? സൌകര്യ പ്രദമായ ഒരു മേത്രാസനം പണിയുന്നത് മനസ്സിലാക്കാം, പക്ഷെ ഒന്നേകാല്‍ കോടി മുടക്കി ഇയ്യിടെ പരിഷ്കരിച്ച അടുക്കളയുള്ള അരമനയും വിട്ടു ഭരണങ്ങാനത്ത് പുതിയ അരമന പണിയുന്നത് എന്ത് ഉദ്ദേശത്തിലായിരിക്കും?
    മതം അവരുടെ ജിവിതത്തില്‍ ഹരമായിട്ടുണ്ട്; അത് പോരെ?

    ReplyDelete
  3. റോമന്‍ കത്തോലിക്കാ സഭയാണ് ഇന്ന് ചൂഷണത്തിന്റെ ഏറ്റവും വലിയ കുത്തക കൈക്കലാക്കിയിരിക്കുന്നത്. ചൂഷണം പതുക്കെപ്പതുക്കെയുള്ള കൊലയാണെന്നു പൂജ്യം എന്ന തന്റെ നോവലില്‍ സി. രാധാകൃഷ്ണന്റെ ഒരു തുളച്ചു കയറുന്ന നിരീക്ഷണമുണ്ട്. സഭയിന്നു ജനത്തെ അടിമകളാക്കി ചൂഷണം ചെയ്യാനുപയോഗിക്കുന്ന വഴികളാണ് അന്ധവിശ്വാസം ഒന്നിനൊന്നു പരിപോഷിപ്പിക്കുക, കോഴ വാങ്ങുക, അയിത്തം കാണിക്കുക, അഴിമതിക്കുള്ള വാതിലുകള്‍ തുറന്നിടുക എന്നതെല്ലാം. ഇതെല്ലാം കൊല തന്നെയാണ്. വെട്ടിയോ കുത്തിയോ കൊല്ലുന്നതിലും കഷ്ടമാണിത്, കാരണം, ഇവിടെ ചാകുന്നവര്‍ പലപ്പോഴും അതറിയുന്നു പോലുമില്ല. അറിഞ്ഞാലും അതിനെതിരെ പ്രതിരോധത്തിനുള്ള വഴിയില്ല. അജ്ഞതയുടെയും ഭയത്തിന്റെയും ചങ്ങലകളിട്ട് അവരെ കെട്ടിയിരിക്കുകയാണ്. സ്വന്തം സഹോദരങ്ങളെ പതുക്കെ പതുക്കെ കൊല്ലുന്ന ഹൃദയശൂന്യരാണ് പോപ്പ് തുടങ്ങി താഴോട്ടുള്ള പുരോഹിതവര്‍ഗ്ഗം മുഴുവന്‍. സത്യസന്ധതയുണ്ടായിരുന്നെങ്കില്‍, ഒറ്റ ചാക്രിക ലേഖനം കൊണ്ട് സഭയിലെ അനീതികള്‍ തുടച്ചുമാറ്റാന്‍ പോപ്പിനാകും. സ്വന്തം രൂപതയില്‍ ഇത് തന്നെ ഒരു ബിഷപ്പിന് ഒരു ഇടയലേഖനത്തിലൂടെ സാധിക്കും. അവരത് ചെയ്യില്ല, കാരണം, വിശ്വാസവും മതവുമൊക്കെ അവര്‍ക്ക് വലിയ ഹരമായിത്തീര്‍ന്നിരിക്കുകയാണ്. ഒരു രാജാവും സ്വമേധയാ സിംഹാസനം വിട്ടുകൊടുക്കില്ലല്ലോ. റോഷന്‍ ഇക്കാര്യം കാര്യമാത്രപ്രസക്തമായി എഴുതിയിരിക്കുന്നു. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

    ReplyDelete