Translate

Saturday, February 11, 2012

ഓശാനയുടെ ദൗത്യത്തെക്കുറിച്ച്


നാലു വര്‍ഷത്തിലേറെയായി സ്ഥിരം ഓശാന വായനക്കാരനാണ് ഞാന്‍. എല്ലാ ലക്കങ്ങളിലും വായിക്കുന്നത് മെത്രാന്മാരെയും കത്തോലിക്കാ പുരോഹിതന്മാരെയും പറ്റിയുള്ള ആരോപണങ്ങളും ചര്‍ച്ച് ആക്ടിന്റെ വിശദീകരണങ്ങളുമാണ്. കേരളത്തിലെ ആദ്യകാല ക്രിസ്ത്യന്‍ സഭ ഒരു സ്വതന്ത്ര സഭയായിട്ടാണ് വര്‍ത്തിച്ചിരുന്നതെന്നും ആ സഭയ്ക്ക് മാര്‍പാപ്പായുടെയോ, പാത്രിയര്‍ക്കീസിന്റെയോ അടിമത്തത്തിലിരിക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ലെന്നും സഭാചരിത്രത്തെ മുന്‍നിര്‍ത്തി ഓശാന സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആ അവസ്ഥ ഇന്നത്തെ കത്തോലിക്കാ സഭ അംഗീകരിച്ച് സഭയുടെ ഭരണം മുന്‍രീതിയിലേക്ക് തിരിച്ചുകൊണ്ടുവരണ മെന്നാണ് ഓശാന ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

1499-ല്‍ ഗോവയിലെ ലത്തീന്‍ കത്തോലിക്കാ മെത്രാനായ മെനേസിസ് ആണ് തന്റെ അദ്ധ്യക്ഷതയില്‍ ഉദയംപേരൂരില്‍വെച്ചു കൂടിയ ആകമാന ക്രിസ്ത്യാനികളുടെ സമ്മേളനത്തില്‍ കേരളക്രിസ്ത്യാനികളെ മുഴുവന്‍ റോമിലെ പോപ്പിന്റെ കീഴിലാക്കിയ ചതിക്കുഴി ഒരുക്കിയതെന്ന് ഓശാന വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ കുരുക്കിലകപ്പെട്ടു എന്നു ബോദ്ധ്യപ്പെട്ട ക്രിസ്ത്യാനികളില്‍ ഒരു വിഭാഗം 1653-ല്‍ കൂനന്‍കുരിശ് സത്യത്തോടെ പോപ്പിന്റെ ആധിപത്യം ഉപേക്ഷിച്ചുപോയതായും ഓശാന ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നിപ്പോള്‍ പോപ്പിന്റെ കീഴില്‍ പെട്ടവരും, പോപ്പിന്റെ കീഴില്‍നിന്ന് വേര്‍പെട്ട് മറ്റു ക്രിസ്ത്യന്‍ സമൂഹമായി വര്‍ത്തിക്കുന്നവരും ശ്രമിക്കുന്നത് അവരവരുടെ ആസ്ഥാനങ്ങളില്‍ സമ്പത്ത് കൂട്ടിവെക്കാനാണ്. ജനങ്ങളുടെ വിശ്വാസത്തെ സാമ്പത്തികമാക്കി അവര്‍ മുതലെടുക്കുകയാണ്.

ഓശാനയുടെ പത്രാധിപരായ പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ കത്തോലിക്കാ സഭയിലുള്‍പ്പെട്ടുപോയതുകൊണ്ടാണ് ആ സഭയിലെ പുരോഹിതന്മാരെ പ്രത്യേകമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുന്നതും, സഭയുടെ സ്വത്തുക്കള്‍ അവരുടെ നിയന്ത്രണത്തില്‍ നിന്നെടുത്തുമാറ്റി ഒരു ചര്‍ച്ച് ആക്ടിന്റെ അധീനതയിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതും. അത് ഈ അടുത്ത കാലത്ത് സംഭവ്യമാണോ എന്ന് പരിശോധിക്കുകയാണ്.

കത്തോലിക്കാ പുരോഹിതന്മാര്‍ ദൈവത്തിന്റെ പ്രതിനിധികളാണെന്ന വിശ്വാസം മാത്രമല്ല ക്രിസ്ത്യാനികളെ പുരോഹിതരാകാന്‍ പ്രേരിപ്പിക്കുന്നത്, ക്രിസ്ത്യന്‍  ആസ്ഥാനങ്ങളിലെ സമ്പത്തിന്റെ പ്രൗഡിയിലും അവര്‍ ആകൃഷ്ടരായതുകൊണ്ടാണ്. സഭയ്ക്ക് സമ്പത്തുള്ളിടത്തോളം കാലം സെമിനാരികളില്‍ വിദ്യാര്‍ഥികള്‍ വന്നുകൊണ്ടേയിരിക്കും. ഈ അടുത്തകാലംവരെ പുരോഹിതന്മാര്‍ക്കെതിരെ വിശ്വാസികള്‍ യാതൊരവഖ്യാതിയും ഉയര്‍ത്തുമായിരുന്നില്ല. അങ്ങനെ ശ്രദ്ധയില്‍പെട്ടാല്‍തന്നെ ആരും ഒന്നും ഉരിയാടിയിരുന്നതുമില്ല. ഈയിടെയായിട്ടാണ് ചില പുരോഹിതര്‍ക്കെതിരെ ലൈംഗീകാരോപണം ചില ക്രിമിനല്‍ സാഹചര്യങ്ങളില്‍പെട്ടതുമൂലം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്. എന്നാല്‍തന്നെ സഭയുടെ ചട്ടങ്ങള്‍ക്ക് വഴങ്ങി അവിവാഹിതരായി സ്ത്രീകളുടെ പരാധീനതകളിലുള്‍പ്പെടേണ്ടി വന്നതുമൂലം അവര്‍ക്കനുഭവപ്പെട്ട ദുസ്ഥിതിയില്‍നിന്ന് അവരെ രക്ഷിക്കേണ്ടത് സഭയുടെ കടമയായതുകൊണ്ട് സഭ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുമുണ്ട്. ഇവിടെയും പുരോഹിതര്‍ സുരക്ഷിതരായിട്ടാണ് കാണപ്പെടുന്നത്. പൗരോഹിത്യം ഏറ്റെടുക്കാന്‍ ദരിദ്രരായ വിശ്വാസികള്‍ ഏറെയുള്ളതും കേരളത്തിലായിരിക്കും.

ആനയും പുലിയും ഒന്നിച്ചാക്രമിച്ചാലും കത്തോലിക്കാ മെത്രാന്മാരുടെ അരമനമതിലിന് പുറത്തുനിന്ന് ശൗര്യം ചോര്‍ത്തിക്കളയാമെന്നല്ലാതെ മെത്രാന്മാര്‍ ഒന്നു പുറത്തേക്ക് എത്തിനോക്കുക പോലും ചെയ്യില്ല. അങ്ങനെ അവരെ പുറത്തേക്ക് വരുത്തണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചലിപ്പിച്ചേ മതിയാകൂ. അതു തടയാന്‍ വേണ്ടിയാണ് സഭ അവരുടെ കുഞ്ഞാടുകളെ ജനപ്രതിനിധികളായി തിരഞ്ഞെടുത്ത് നിയമസഭയിലേക്കയച്ചത്. ഈ ജനപ്രതിനിധികളെ തൊലിയുരിച്ചു കാണിച്ച് അവര്‍ എന്തുകൊണ്ട് ഓശാന ഏറ്റെടുത്ത ദൗത്യം നിയമസഭയില്‍ കൊണ്ടുവരുന്നില്ല എന്നു ചോദ്യം ചെയ്യാന്‍ ക്രിസ്ത്യാനികളായ ഓശാന എഴുത്തുകാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനവര്‍ മുതിര്‍ന്നു കാണുന്നതുമില്ല.

പിന്നീട്, ഓശാന ഏറ്റെടുത്ത ആ ദൗത്യം വിജയിപ്പിക്കുവാന്‍ മറ്റൊരു മാര്‍ഗ്ഗമുള്ളത് വിശ്വാസികളെ ബോധവാന്മാരും ബോധവതികളുമാക്കുകയാണ്. മെത്രാന്മാരും പുരോഹിതന്മാരും ക്രിസ്തുവിന്റെ പ്രതിനിധികളല്ലെന്നും അവരുടെ താല്പര്യത്തില്‍ പടുത്തുയര്‍ത്തിയ പള്ളികളില്‍ ക്രിസ്തു വസിക്കുകയില്ലെന്നും ഭൂരിഭാഗം ക്രിസ്ത്യാനികളെ ബോധ്യപ്പെടുത്തുവാന്‍ ഓശാനയ്ക്ക് കഴിഞ്ഞാല്‍ ഓശാനയുടെ ദൗത്യം വിജയം കാണുമെന്നുറപ്പാണ്.

എങ്ങിനെയായാലും ഓശാന ഏറ്റെടുത്ത ദൗത്യം വിജയിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഓശാന വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും സര്‍വോപരി അതിന്റെ പത്രാധിപര്‍ ജോസഫ് പുലിക്കുന്നേലിനും പുതുവര്‍ഷം നേരുന്നു.

ഡോ. ലാസര്‍ തേര്‍മഠം

No comments:

Post a Comment