Translate

Wednesday, February 1, 2012

“ഓശാന” മാസികയും സഭാ നവീകരണവും: ഫാ. ഡേവീസ് കാച്ചപ്പിള്ളി


എനിക്ക് 80 വയസ്സായി; ഞാന്‍ മരിക്കുന്നതോടുകൂടി ഓശാന മാസിക അവസാനിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം.

2011 ഡിസംബര്‍ ഓശാനയില്‍ ഓശാനയുടെ എഡിറ്ററായ ജോസഫ് പുലിക്കുന്നേന്‍ സാറിന്റെ അഭ്യര്‍ത്ഥനയിലാണിത് കണ്ടത്. വായിച്ചപ്പോള്‍ ഏറെ ദുഃഖമുണ്ടായി. ഓശാനയിലൂടെ കേരളത്തിലെ കത്തോലിക്കാ സഭാ നവീകരണത്തിനുവേണ്ടി അര്‍ത്ഥപൂര്‍ണവും ആധികാരികവുമായ ഈടുറ്റ ലേഖനങ്ങള്‍ എഴുതാനും എഴുതിക്കാനും സഭയില്‍ ഇനി ആരുണ്ടാകും? അവ പ്രസിദ്ധീകരിക്കാന്‍ വേദിയുണ്ടാകുമോ എന്ന ഉത്ക്കണ്ഠയാണ് എന്റെ ദുഃഖകാരണം.

പ്രതികരണങ്ങള്‍:

ഓശാനയില്‍ വരുന്ന ചിന്തകള്‍ ഞാന്‍ സഭാംഗങ്ങളുമായി പങ്കുവയ്ക്കാറുണ്ട്. തദവസരത്തില്‍ മാസികയോട് അനുകൂലിക്കുന്നവരേയും പ്രതികൂലിക്കുന്നവരെയും കാണാനായിട്ടുണ്ട്. പ്രതികൂലിക്കുന്നവരോട് ഞാന്‍ ചോദിക്കും: ഓശാന വായിക്കാറുണ്ടോ?”  ഉത്തരം: അത്തരം മാസിക ഞാന്‍ വായിക്കാറില്ല”. എന്റെ ചോദ്യം : വായിക്കാതെ എങ്ങിനെയാണ് പ്രതികൂലിക്കാനാകുന്നത്”. ഉത്തരം: അതൊക്കെ വായിക്കരുതെന്ന് അച്ചന്മാരും മറ്റ് പലരും പറയുന്നത് കേട്ടിട്ടുണ്ട്”. തുടര്‍ന്ന് ഓശാനയുടെ പ്രേഷിതദൗത്യമെന്തെന്ന് ശാന്തമായി ഞാനവരോട് പറയാന്‍ ശ്രമിക്കും; തന്മൂലം സത്യത്തിലേക്കവരെ നയിക്കാനും സാധിച്ചിട്ടുണ്ട്.

തിരുസഭയുടെ പഠനങ്ങളേയും യേശു ക്രിസ്തുവിന്റെ പ്രബോധനങ്ങളെയും കണക്കിലെടുക്കാതെ, സ്വാര്‍ത്ഥതാല്‍പര്യങ്ങളെ മുന്‍നിറുത്തിയുള്ള പ്രഖ്യാപനങ്ങളും  നടപടികളും സഭാധികാരികളില്‍ നിന്നുണ്ടാകുമ്പോള്‍ ഓശാനഅവയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍, പ്രവാചകശബ്ദത്തില്‍ യേശുവിന്റെ പ്രബോധനങ്ങളെ ഉദ്ധരിച്ച്കൊണ്ട് പ്രതികരിച്ചിട്ടുണ്ടെന്നത് സത്യമാണ്. സഭയുടെ അപ്രീതിയും എതിര്‍പ്പുകളും വിലക്കുകളും ഓശാനക്കെതിരെ ഉണ്ടാകാനുള്ള കാരണവും അതാണ്. സഭാധികാരികള്‍ക്കെല്ലാം എല്ലാകാര്യത്തിലും ‘‘തെറ്റാവരമുണ്ടെന്ന അന്ധമായ കാഴ്ചപ്പാട് സഭാധികാരികളിലും സഭാമക്കളിലും അറിഞ്ഞോ അറിയാതെയോ വളര്‍ന്നിട്ടുള്ളതുക്കൊണ്ട് വിലക്കുകള്‍ക്കിന്ന് ദൗര്‍ലഭ്യമില്ല. അവ കണ്ണടച്ച് വിശ്വസിക്കുന്ന ധാരാളം അല്‍മായ വിശ്വാസികളും സന്യസ്തരുമുണ്ട്. യേശുവിനെതിരെ കരമുയര്‍ത്തിയ സാത്താന്റെ ശക്തമായ പ്രലോഭനം എക്കാലവും സഭയിലുണ്ടെന്ന് തിരിച്ചറിഞ്ഞ് പ്രലോഭനങ്ങളെ ജയിക്കാനായി ദൈവശക്തി സംഭരിക്കാന്‍ സഭയിലെ ഒരു വിഭാഗത്തിന് സാധിക്കുന്നില്ല എന്ന സത്യമാണ് എനിക്കിവിടെ കാണാനാകുന്നത്. തന്മൂലം അവര്‍ സാത്താന്റെ പോക്കറ്റിലിരുന്ന് പ്രവാചകരെ തള്ളിക്കളയാന്‍ ശ്രമിക്കുന്നു!


സത്യങ്ങള്‍ കണ്ണുതുറന്ന് കാണണം

ഓശാനയോട് അനുകൂലിക്കുന്നവരുടെ ഉത്തരം ഇതാണ്: ‘‘സഭയുടെ പഠനങ്ങളുടെയും യേശുവിന്റെ സുവിശേഷങ്ങളുടെയും അടിസ്ഥാനത്തില്‍ സഭയെ വളര്‍ത്താനുള്ള ഓശാനയുടെ മുന്നേറ്റം വളരെ ശ്ലാഘനീയമാണ്”. സഭാധികാരികളുടെ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും സഭയുടെയും സുവിശേഷത്തിന്റെയും ചൈതന്യത്തില്‍ നിന്ന് വഴുതി പോകുന്നത് തിരുത്തുകയും നിയന്ത്രിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ യേശുവിന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കി, തെറ്റായ സഭാനടപടികള്‍ക്കെതിരെ മൂര്‍ച്ചയേറിയ വാക്കുകളില്‍ ഓശാന പ്രതികരിച്ചിട്ടുണ്ട്. അന്ധരായ ഫരിസേയര്‍ക്കും നിയമജ്ഞര്‍ക്കുമെതിരെ യേശുക്രിസ്തുവിന്റെ ശൈലി അത്തരത്തിലായിരുന്നല്ലോ. ഈ ധീരതയെ, പ്രവാചകശബ്ദത്തെ ശ്ലാഘിക്കാനല്ല, ക്രൂശിക്കാനാണ് സഭാനേതൃത്വം വ്യഗ്രത കാട്ടിയിട്ടുള്ളത്. അവയോര്‍ത്ത് സഭയ്ക്ക് ഏറെ പശ്ചാത്തപിക്കാനും മാപ്പാക്കാനുമുണ്ട് എന്നത് സഭ കണ്ണുതുറന്ന് കാണേണ്ടിയിരിക്കുന്നു. സത്യസഭയോടൊത്ത്,ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ശക്തമായ പ്രചോദനമാണ് ഓശാന ഇന്നോളം സഭയ്ക്ക് നല്‍കിയിട്ടുള്ളത്. ചുരുക്കത്തില്‍ ഓശാന ഒരു തിരുത്തല്‍ശക്തിയായിരുന്നു. പക്ഷേ സഭയ്ക്കത് ഉള്‍ക്കൊള്ളാനായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓശാനയുടെ ആരംഭം മുതലേ ഓശാന ചെയ്തിരുന്ന ഈ പ്രേഷിതദൗത്യം സഭ അവജ്ഞയോടെ തള്ളിക്കളയാതെ സമഭാവനയോടെയും സഹിഷ്ണതയോടെയും ഡയലോഗിലൂടെയും സ്വീകരിച്ചിരുന്നെങ്കില്‍ യേശുവിന്റെ മഹനീയ ആദര്‍ശങ്ങളിലൂടെയും സഭയുടെ അടിസ്ഥാന പഠനങ്ങളിലൂടെയും കേരള കത്തോലിക്കാ സുറിയാനിസഭ ആദര്‍ശ ശുദ്ധിയും  ആധികാരികതയും ഉള്ള സഭയായി ലോകത്തിന് മുമ്പാകെ യേശുവിന് സജീവസാക്ഷ്യം നല്‍കുന്നതില്‍ വിജയിക്കുമായിരുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

മുന്‍വിധികളുണ്ടാകല്ലെ:

ഓശാനയിലെ ലേഖനങ്ങളിലൊന്നിലും സഭയുടെ യഥാര്‍ത്ഥ ചൈതന്യത്തിനൊ സുവിശേഷങ്ങള്‍ക്കോ എതിരായ കാര്യങ്ങള്‍ കാണാനാകില്ല. 2011 ഡിസംബര്‍ ലക്കം ഉദാഹരണമായെടുക്കാം. 42 പേജുകളിലായി 13 ലേഖനങ്ങള്‍ അതിലുണ്ട്. ഓശാനയുടെ പ്രേഷിതദൗത്യത്തില്‍ സംശയിക്കുന്നവരും വിയോജിക്കുന്നവരും ഈ ലേഖനങ്ങള്‍ ദൈവസന്നിധിയിലിരുന്ന് മുന്‍വിധികളില്ലാതെ വായിക്കട്ടെ. സത്യം ഗ്രഹിക്കാനാകും; സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. ഓശാനയുടെ ആരംഭം മുതല്‍ ഇന്നോളമുള്ള സത്യമാണത്. സഭയെ തിരുത്തുക, വളര്‍ത്തുക എന്നതു മാത്രമാണ് ഓശാനയുടെ പ്രേഷിതമുഖമുദ്ര. ഏതെങ്കിലും ലേഖനകര്‍ത്താക്കള്‍ സത്യസഭയ്‌ക്കെതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകില്ലെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. കാരണം എല്ലാ ലക്കങ്ങളും ലേഖനങ്ങളും ഞാന്‍ വായിച്ചിട്ടില്ലല്ലോ. ഞാന്‍ കണ്ടിട്ടുള്ള ലേഖനങ്ങളെല്ലാം സഭയെ സദ്ദിശയിലൂടെ വളര്‍ത്തുന്നവയാണെന്നാണ് എന്റെ ഇന്നോളമുള്ള അറിവും അനുഭവവും വ്യക്തമാക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം കൗണ്‍സിലിന്റെ പഠനങ്ങളെ ഇത്രമാത്രം ആഴത്തില്‍ ഹൃദിസ്ഥമാക്കി സഭാസമൂഹത്തെ പ്രബോധിപ്പിച്ചിട്ടുള്ള മറ്റൊരു മാസികയും ഞാന്‍ കണ്ടിട്ടില്ല. പുലികുന്നേന്‍ സാറിനെപ്പോലെ കൗണ്‍സില്‍ ഡിക്രികള്‍ മാത്രമല്ല, മറ്റിതര സഭാപഠനങ്ങളും കാനോന്‍നിയമം പോലും പഠിച്ചറിഞ്ഞിട്ടുള്ളതും സഭയെ വളര്‍ത്താന്‍ അഹോരാത്രം പണിപ്പെട്ടിട്ടുള്ളതുമായ മറ്റ് വ്യക്തികളെയോ സഭാധികാരികളേയോ, കേരളത്തില്‍ കാണാനാകുമോ?  അറിവിന്റെയും അനുഭവങ്ങളുടെയും ആധികാരികതയിലൂടെ പക്വമായ വളര്‍ച്ചയെത്തിയ നല്ലൊരു സഭാശുശ്രൂഷകനെയാണ് പുലികുന്നേന്‍സാറില്‍ ഞാന്‍ കാണുന്നത്.

സഭയോടുള്ള അപേക്ഷ

തിരുസഭയുടെ ചൈതന്യത്തിനും യേശുവിന്റെ സുവിശേഷത്തിനും സഭയുടെ നല്ല പാരമ്പര്യങ്ങള്‍ക്കും എതിരായി സഭാധികാരികളില്‍ നിന്നുണ്ടാകുന്ന പ്രസ്താവനകളും നടപടികളും വിമര്‍ശനവിധേയമാക്കുന്നത് സഭയ്‌ക്കെതിരാണെന്ന് പറയാനാകുമോ? ഒരിക്കലുമല്ല. അന്ധമായ നടപടികളിറക്കുന്ന സഭാധികാരികളല്ലെ സത്യത്തില്‍ സഭയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍ എന്ന് ബോധപൂര്‍വ്വം ചിന്തിക്കേണ്ടിയിരിക്കുന്നു. തിരുസഭാധികാരികളുടെ വഴിവിട്ട പഠനങ്ങളേയും നടപടികളേയും വിമര്‍ശിച്ചവരെ സഭയില്‍ നിന്ന് തള്ളിക്കളയുകയും ശിക്ഷിക്കുകയും ചെയ്തത് തെറ്റാണെന്ന അവബോധത്തോടെ യേശുവിന്റെ മഹാജൂബിലി വര്‍ഷത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സഭയ്ക്ക് വേണ്ടി അവരോട് മാപ്പ് ചോദിച്ച് മാതൃക നല്‍കിയത് സഭയ്ക്ക് മറക്കാനാകില്ല. ഇത്തരം തെറ്റുകള്‍ ഭാവിയില്‍ സഭയിലുണ്ടാകരുതെന്ന മഹത്തായ പാഠമാണ് ഈ മാപ്പ്സഭയ്ക്ക് നല്‍കുന്നതെന്ന സത്യവും സഭ എക്കാലവും വിസ്മരിക്കാതിരിക്കണം. പക്ഷെ ഇന്നും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്നതിനൊരു തെളിവാണ്, വ്യക്തമായ കാരണമില്ലാതെ കേരള കാത്തലിക് ഫെഡറേഷനെ വ്യാജസംഘടനയെന്ന് തൃശൂര്‍ രൂപതാ കേന്ദ്രം പരസ്യപ്രസ്താവനയിറക്കി ആക്ഷേപിച്ചത്. തിരുസഭയുടെ ചൈതന്യത്തിനും നിയമങ്ങള്‍ക്കും നിരക്കാത്ത നടപടികളെടുത്ത രൂപതാകേന്ദ്രമാണോ, രൂപതാകേന്ദ്രത്തിന്റെ തെറ്റായ നടപടികളെ വിമര്‍ശിച്ച കാത്തലിക് ഫെഡറേഷനാണോ ദൈവസന്നിധിയില്‍ കുറ്റക്കാരായി വിധിക്കപ്പെടുക? സഭയ്ക്കുള്ളിലെ സ്വതന്ത്രസംഘടനകളെ പ്രോല്‍സാഹിപ്പിക്കണമെന്നും, അവരുടെ അഭിപ്രായങ്ങള്‍ സഭാധികാരികള്‍ സ്വീകരിച്ച്, സഭയുടെ വളര്‍ച്ചക്ക് ഉപകരിപ്പിക്കണമെന്നുമാണ് തിരുസ്സഭയുടെ നിര്‍ദ്ദേശം. (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, അല്‍മായ പ്രേഷിതത്വം നമ്പര്‍ 18-22).  ഈ നിര്‍ദ്ദേശം മനസ്സിലാക്കികൊണ്ടു തന്നെയാണ് കാത്തലിക് ഫെഡറേഷന്‍ പോലുള്ള സംഘടനകളും വ്യക്തികളും ഓശാന പോലുള്ള മാസികകളും പ്രവര്‍ത്തിക്കുന്നതെന്ന് സഭാസമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു. മേല്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൗണ്‍സിലിന്റെ പ്രമാണരേഖയില്‍ മാത്രം ഒതുക്കി നിര്‍ത്തിയാല്‍ മതിയെന്നാണോ സഭാനേതൃത്വം കരുതുന്നത്. അതല്ലെങ്കില്‍ അവ പഠിക്കാത്തതു കൊണ്ടാണോ ഇത്തരം അബദ്ധങ്ങള്‍ സഭാനേതൃത്വത്തില്‍ നിന്നുണ്ടാകുന്നത്? രണ്ടും തെറ്റുതന്നെയാണ്. സഭാധികാരികള്‍ സഭയുടെ ആനുകാലിക പ്രബോധനങ്ങള്‍ പഠിച്ചറിയണം; മാത്രമല്ല, അവ സഭാമക്കളെ പഠിപ്പിക്കണം; അവ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അല്‍മായരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. മാത്രമല്ല, സഭാധികാരികളുടെ നടപടികളും  പ്രസ്താവനകളും സഭയുടെ പ്രബോധനങ്ങളും നിയമങ്ങളും അനുസരിച്ചുള്ളവ ആയിരിക്കുകയും വേണം. മറിച്ച് സംഭവിക്കുമ്പോള്‍ അറിവുള്ളവര്‍ എതിര്‍ക്കുന്നതും പ്രതികരിക്കുന്നതും സഹിഷ്ണതയോടെ ശ്രവിച്ചും സ്വീകരിച്ചും സ്വയം തിരുത്താനെങ്കിലുമുള്ള സന്മനസ്സാണ് സഭാധികാരികള്‍ക്കുണ്ടാകേണ്ടത്.

സഭയില്‍ സുതാര്യതയുണ്ടാകട്ടെ

സഭയ്ക്കുള്ളിലെ തെറ്റുകള്‍ അവ ആരില്‍ നിന്നുണ്ടായാലും മൂടിവച്ചതുകൊണ്ട് തിന്മകള്‍ വര്‍ദ്ധിക്കുകയേ ഉള്ളൂ എന്നാണ് ഇന്നോളമുണ്ടായ മൂടിവയ്ക്കലുകള്‍ നല്‍കുന്ന പാഠം. തലോര്‍ ഇടവക പ്രശ്‌നം ഇത്രത്തോളം രൂക്ഷമായത് പള്ളിപണിയെ സംബന്ധിച്ചുള്ള ജനങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളില്‍ ക്രിത്രിമമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും പ്രസ്തുത കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യമാക്കാതെ രൂപതയില്‍ രഹസ്യമാക്കി വച്ചുകൊണ്ട് രൂപതാകേന്ദ്രം സത്യസന്ധമല്ലാത്ത പ്രസ്താവനയിറക്കുകയും വഴിവിട്ട ഇടവകമാറ്റ നടപടി നടത്തിയതുകൊണ്ടുമാണെന്നത് ഒരു നഗ്നനത്യമാണ്. അതുകൊണ്ട് തിന്മനിറഞ്ഞ നടപടികളുണ്ടാകരുത്. അവ ഒളിപ്പിക്കാനുള്ള പ്രലോഭനം പ്രലോഭനമാണെന്ന് സഭാസമൂഹം തിരിച്ചറിയണം. അത്തരം നടപടികള്‍ പരസ്യമായി തന്നെ തിരുത്തപ്പെടേണ്ടിയിരിക്കുന്നു. അത് തിന്മകള്‍ക്ക് പരിഹാരവും പ്രതിവിധിയുമാകും എന്നതാണ് സത്യം. സഭയിലെ തിന്മകള്‍ക്കെതിരെയുണ്ടായ  ഓശാനയുടെ രൂക്ഷമായ വിമര്‍ശനങ്ങളെയും നിര്‍ദ്ദേശങ്ങളെയും അവഗണിക്കാതെ, സഹിഷ്ണതയോടെ സ്വീകരിക്കാനായിരുന്നെങ്കില്‍ ഓശാനമാത്രമല്ല, സഭയുടെ അംഗീകാരമുള്ള മറ്റ് മാസികകളും സഭാനവീകരണത്തിനും വളര്‍ച്ചയ്ക്കും ഉപകാരപ്പെടുമായിരുന്നു. എന്നാല്‍ സഭാനടപടികളൊട് നീതിയോടെ പ്രതികരിക്കുന്ന ഓശാനപോലുള്ള മാസികകളെയും പുലിക്കുന്നേന്‍ സാറിനെപ്പോലുള്ളവരേയും തള്ളിപ്പറയുകയും അവഗണിക്കുകയും ചെയ്യുന്ന ശൈലി സഭാ നേതൃത്വം സ്വീകരിച്ചതുകൊണ്ട് സഭയുടെ അംഗീകൃത മാസികകളെല്ലാം സ്വന്തം നിലനില്‍പ്പിനുവേണ്ടി സഭാധികാരികള്‍ക്ക് ഓശാനപാടിക്കൊണ്ടിരിന്നു എന്നതാണ് സത്യം. സത്യദീപത്തിലേക്കും സണ്‍ഡേ ശാലോമിലേക്കും ഞാന്‍ ലേഖനങ്ങള്‍ അയയ്ക്കാറുണ്ട്. അവയെല്ലാം സഭയുടെ നവീകരണം ലക്ഷ്യമാക്കിയുള്ളവയായിരുന്നു. ചിലതെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ചിതമല്ലാത്ത സഭാനടപടികളേയും ആചാരാനുഷ്ഠാനങ്ങളേയും  സഭയുടെ പഠനങ്ങള്‍ക്കനുസൃതമായി തിരുത്തുകയോ നവീകരിക്കുകയോ ചെയ്യണമെന്ന ലക്ഷ്യത്തോടെയുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പറയേണ്ടിയിരിക്കുന്നു. അതെപ്പറ്റി സത്യദീപം എഡിറ്ററോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ‘‘കാര്യങ്ങള്‍ കുറെയൊക്കെ അച്ചനറിയാമല്ലോ, ഞങ്ങളുടെ കൈകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്. അച്ചന്‍ ക്ഷമിക്കണം’’. കഴിഞ്ഞ രണ്ടുവര്‍ഷമായി കത്തോലിക്കാ വിശ്വാസികള്‍ അറിയേണ്ടതായ ചില വാര്‍ത്തകള്‍ ദീപികയുടെ തൃശൂര്‍ എഡിഷനില്‍ പ്രസിദ്ധീകരിക്കാറില്ല. അതിനൊരുദാഹരണം പറയട്ടെ. തൃശൂര്‍ രൂപതാധ്യക്ഷന്‍ തലോരില്‍ നടത്തിയ പ്രമാദമായ ഇടവകമാറ്റ നടപടിയിന്മേല്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഒരു മെത്രാന്‍ സമിതിയെ അന്വേഷണ കമ്മീഷനായി നിയമിച്ചു. ദീപിക ഒഴികെ മറ്റ് പത്രങ്ങളെല്ലാം ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍ കത്തോലിക്ക വിശ്വാസികളെല്ലാം ഉല്‍ക്കണ്ഠയോടെ ഉറ്റുനോക്കികൊണ്ടിരിക്കുന്ന തലോര്‍ ഇടവക പ്രശ്‌നത്തെ സംബന്ധിച്ച ഈ വാര്‍ത്ത ബഹു ഭൂരിപക്ഷം വിശ്വാസികള്‍ വായിക്കുന്ന ദീപികയില്‍ പ്രസിദ്ധീകരിക്കാതിരുന്നത് നീതീകരിക്കാനാകുമോ? എവിടെനിന്നാണ് ദീപികയ്ക്ക് ഈ വിലക്കുണ്ടായതെന്ന് വിശ്വാസികള്‍ക്കറിയാം. സഭയുടെ വിശ്വാസ്യത നഷ്ടമാക്കാന്‍ മാത്രമെ ഇത്തരം വിലക്കുകളും മൂടിവയ്ക്കലുകളും ഉപകരിക്കു എന്നത് സഭാധികാരികള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. തലോര്‍ പ്രശ്‌നം ഇന്നും രൂക്ഷമായി വരികയാണല്ലോ; പ്രസ്തുത പ്രശ്‌നം സഭയ്ക്കാകമാനം തീരാകളങ്കമായിരിക്കയാണിന്ന്. ഉത്തരവാദികള്‍ ആരാണ്? ചിന്തിക്കേണ്ടിയിരിക്കുന്നു. സത്യങ്ങള്‍ മറച്ചുവക്കാനിടയാകരുത്. സത്യം ജയിക്കണം. നീതി നടപ്പിലാക്കപ്പെടണം. അതാണ് യേശുവിന്റെ സഭാദൗത്യം. ഈ ദൗത്യത്തെ സ്‌നേഹിക്കുന്നവരും ഈ ദൗത്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരുമാണ് സഭാസ്‌നേഹികള്‍ അല്ലാത്തവര്‍ സഭാവിരോധികളും സഭയുടെ ശത്രുക്കളുമാണ് എന്ന് സഭാസമൂഹം തിരിച്ചറിയാനിടയാകണം.

നവീകരണത്തിനൊരു സുവര്‍ണ്ണാവസരം

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിക്കാന്‍ വിവിധ കമ്മിറ്റികള്‍ രൂപപ്പെടുത്തുന്ന തിരക്കിലാണ് സഭാധികാരികള്‍ എന്ന് ഞാന്‍ കരുതുന്നു. കൗണ്‍സിലിന്റെ ലക്ഷ്യമായ സഭാനവീകരണത്തോട് സഭയിന്നോളം  നീതി പുലര്‍ത്തിയോ എന്നാണ് പ്രഥമവും പ്രധാനവുമായി സഭയിന്ന് ചിന്തിക്കേണ്ടത്. കൗണ്‍സിലിന്റെ 16 പ്രമാണരേഖകളും യാഥാര്‍ത്ഥ്യബോധത്തോടെ സഭാമക്കളെ പഠിപ്പിച്ചിട്ടുണ്ടോ? അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അല്‍മായര്‍, അല്‍മായപ്രേഷിതത്വം, വൈദികര്‍, മെത്രാന്‍മാര്‍, ആരാധനക്രമം എന്നിവ. ഇക്കാര്യത്തില്‍ അഭിമാനകരമായ പ്രവര്‍ത്തനമാണ് ഓശാനചെയ്തിട്ടുള്ളതെന്ന് ഞാന്‍ മനസിലാക്കുന്നു. അതുകൊണ്ട് ഓശാനയിലൂടെ അവതരിപ്പിച്ച ചിന്തകളും നിര്‍ദ്ദേശങ്ങളും ഓശാനയുടെ പ്രസിദ്ധീകരണങ്ങളും പഠിച്ച് ക്രോഡീകരിച്ച് സഭയ്ക്കു മുമ്പാകെ അവതരിപ്പിച്ച് ഉപകരിപ്പിക്കാനായാല്‍ കൗണ്‍സില്‍ പഠനങ്ങളനുസരിച്ച് സഭയെ നവീകരിക്കാനൊരു എളുപ്പമാര്‍ഗ്ഗമാകും എന്നാണെന്റെ പ്രതീക്ഷ. സീറോ-മലബാര്‍സഭയുടെ അല്‍മായകമ്മീഷന് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വം വളരെ വലുതാണെന്ന് ഞാന്‍ കരുതുന്നു. ഇപ്രകാരം ക്രോഡീകരിച്ച നിര്‍ദ്ദേശങ്ങള്‍ ഇടവകതലത്തിലും രൂപതാതലത്തിലും ചര്‍ച്ചാവിഷയമാക്കിയശേഷം സഭാംഗങ്ങളുടെ ആനുപാതിക പങ്കാളിത്തത്തോടെ ഒരു സഭാസിനഡ് (അല്‍മായ-വൈദിക-സന്യസ്ത-മെത്രാന്‍ സിനഡ്) വിളിച്ചുകൂട്ടി സഭാനവീകരണത്തിനൊരു അന്തിമരൂപരേഖയുണ്ടാക്കുകയും ജൂബിലിവര്‍ഷത്തില്‍ അത് നടപ്പിലാക്കപ്പെടുകയും ചെയ്യണം. കേരള സുറിയാനിസഭയെ ഇന്നത്തെ ദുര്‍ദിശയില്‍ നിന്ന് കരകയറ്റാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗം ഉണ്ടെന്നു തോന്നുന്നില്ല. വളരെ ശ്രമകരമായൊരു കാര്യമാണിത്. ഇതിനായുള്ള സംഘടിതമായ ശ്രമങ്ങള്‍ സഭയുടെ എല്ലാതലങ്ങളിലും ഊര്‍ജ്ജസ്വലമായി ഉണ്ടാകേണ്ടിയിരിക്കുന്നു.

പുലിക്കുന്നേന്‍ സാറിന്റെ ആഴമായ അറിവിലും സന്മനസിലും കഠിനാധ്വാനത്തിലും പ്രകടമാകുന്ന പ്രവാചക ദൗത്യത്തെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്തതുകൊണ്ട് അദ്ദേഹത്തിന്റെ ദൗത്യം നിഷ്ഫലമായെന്നാണോ കരുതുന്നത്? പുലിക്കുന്നേന്‍ സാറിന്റെ അധ്വാനവും ദൈവം  അദ്ദേഹത്തെ ഏല്‍പ്പിച്ച ദൗത്യവും പരാജയപ്പെട്ടിട്ടില്ല, ന്ഷ്ഫലമായിട്ടില്ല. സഭയില്‍ എത്രമാത്രം വ്യക്തികളാണ് ഓശാനയിലൂടെ സത്യസഭയുടെ മക്കളായി വളര്‍ന്നിട്ടുള്ളത്! സഭാനവീകരണം ലക്ഷ്യമാക്കി, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനത്തില്‍, ധാരാളം സ്വതന്ത്ര സംഘടനകള്‍ സഭക്കുള്ളില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. അവയ്‌ക്കെല്ലാം പ്രചോദനമായത് ഓശാനയാണെന്നാണ് എന്റെ ബോധ്യം. അവരെ അംഗീകരിക്കാനുള്ള അവസരമാണിത്.

നവീകരണം നാമ്പെടുക്കുന്നു

ഓശാനയുടെ ദൗത്യം ഫലമണിയിക്കാന്‍ പരിശുദ്ധാത്മാവ് സഭയ്ക്ക് കൃപ നല്‍കുന്നുണ്ട് എന്നതിന്റെ തെളിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എന്നെ അത്യുന്നത കര്‍ദ്ദിനാളെന്ന് നിങ്ങളാരും വിളിക്കരുത്; ദൈവം മാത്രമേ അത്യുന്നതനായുള്ളു; കര്‍ദ്ദിനാള്‍ പദവി സ്വീകരിച്ച് റോമില്‍ നിന്ന് വരുമ്പോള്‍ ആഘോഷങ്ങള്‍ ഒന്നും ഉണ്ടാകരുത്. എന്നാണെന്റെ ആഗ്രഹം.താന്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് നിയോഗിക്കപ്പെട്ടെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ കേരള സുറിയാനി സഭയുടെ സമുന്നത ശുശ്രൂഷാ പദവിയിലിരിക്കുന്ന മാര്‍. ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന സഭയുടെ അധികാര നവീകരണത്തിനായുള്ള ദൈവത്തിന്റെ ശക്തമായൊരു വെളിപ്പെടുത്താലാണെന്നതില്‍ സംശയിക്കേണ്ടതില്ല. സഭയുടെ അധികാരത്തെപ്പറ്റി പുലിക്കുന്നേന്‍ സാറ് ഇത്രയും കാലം പറഞ്ഞവയെല്ലാം ശക്തമായി വളരാന്‍ തുടങ്ങിയിരിക്കുന്നു എന്നല്ലെ ഈ ആഹ്വാനം വ്യക്തമാക്കുന്നത്!

ദൈവത്തിന്റെ പദ്ധതികള്‍ വിജയിക്കുമെന്ന് ഉറപ്പാണ്.

വായനക്കാരോടുള്ള അപേക്ഷ

ഓശാനയുടെ എല്ലാവായനക്കാരും ഈ ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള വിലയേറിയ ആശയങ്ങളും അഭിപ്രായങ്ങളും ഓശാനയ്ക്കും അല്‍മായ കമ്മീഷനും അയച്ചുകൊടുത്ത് സഭാനവീകരണമെന്ന ദൈവീകയത്‌നത്തില്‍ പങ്കാളികളാകണമെന്ന് താല്പര്യപൂര്‍വ്വം അപേക്ഷിക്കുന്നു. നിങ്ങളുടെ ഈ സേവനത്തിന് നിങ്ങള്‍ക്ക് ദൈവാനുഗ്രഹം ലഭിക്കും എന്ന് ഉറച്ച് വിശ്വസിക്കാം.

സ്‌നേഹപൂര്‍വ്വം പ്രാര്‍ത്ഥനയോടും പ്രതീക്ഷയോടും കൂടെ,

ഫാദര്‍ ഡേവീസ് കാച്ചപ്പിള്ളി
കാര്‍മ്മല്‍ ഗിരി ആശ്രമം, കോര്‍മല.
കുറ്റിച്ചിറ പി.ഒ., തൃശൂര്‍ 680724
ഫോണ്‍: 949 717 9433
Email: frdaviskachappilly@yahoo.in

No comments:

Post a Comment