Translate

Thursday, January 12, 2012

തലോര്‍ ഇടവകയുടേയും നടപടികളുടേയും നാള്വഴികള്‍


തൃശൂര്‍ അതിരൂപതയുടെ തലോരിലെ പ്രമാദമായ ഇടവക മാറ്റനടപടി
ഇടവകയുടേയും നടപടികളുടേയും നാള്‍വഴികള്‍
Fr Davis Kachappilli CMI

*          ഇടവക സ്ഥാപനം:”1977 ജനുവരി 23: കല്പന DL1/77, 7.1.1977. ‘‘തലോര്‍ ആശ്രമ ദേവാലയത്തെ 23.1.1977 മുതല്‍ ഒരു ഇടവകപ്പള്ളിയായി നാം ഉയര്‍ത്തിയിരിക്കുന്നു.’’

*          കാനോന്‍ നിയമം നമ്പര്‍ 284/2,3 അനുസരിച്ച് ഇടവകസ്ഥാപനത്തിന് മുമ്പ് 26.6.1976-ല്‍ ഉണ്ടാക്കിയ കരാറിലെ സുപ്രധാന വ്യവസ്ഥകള്‍:

            1.         ‘‘ഇടവക കാനോനികമായി ഒരു പൂര്‍ണ്ണ ഇടവകയായിരിക്കും.’’
            2.         ‘‘ഇടവകയുടെ നാമധേയം Infant Jesus തലോര്‍ എന്നായിരിക്കും.’’
            3.         ‘‘ഈ ഇടവകയുടെ വികാരിയെ ആശ്രമത്തിലെ അംഗങ്ങളില്‍ നിന്ന് സി.എം.ഐ. സഭയുടെ പ്രൊവിന്‍ഷ്യല്‍ അച്ചന്റെ നിര്‍ദ്ദേശപ്രകാരം കാലാകാലങ്ങളില്‍ അഭിവന്ദ്യപിതാവ് നിയമിക്കും.’’

*          കരാര്‍ പാലിച്ചുകൊണ്ട് 1977 മുതല്‍ 2009 നവംബര്‍ 1 വരെ തലോര്‍ ഇടവകയുടെ വികാരിമാരായി ആശ്രമത്തിലെ സി.എം.ഐ. വൈദികരെ രൂപതാധ്യക്ഷന്‍ നിയമിച്ചിരുന്നു.

*          2006-ല്‍ ഇടവകദേവാലയം (ആശ്രമദേവാലയം) പുതുക്കിപ്പണിയാന്‍ ഇടവകപൊതുയോഗം എതിരില്ലാതെ തീരുമാനിച്ചു.

*          രൂപതയില്‍ നിന്ന് റാഫേല്‍ തട്ടിലച്ചനും (ഇപ്പോഴത്തെ സഹായമെത്രാന്‍) പോള്‍ ആലപ്പാട്ടച്ചനും (ഇപ്പോഴത്തെ രാമനാഥപുരം മെത്രാന്‍) ആശ്രമത്തില്‍ വന്ന് നല്‍കിയ പുതിയ നിര്‍ദ്ദേശം: ‘‘പള്ളി പണിയുന്നത് നല്ലകാര്യമാണ്. എന്നാല്‍ ആശ്രമത്തില്‍നിന്ന് ഒരു ഏക്കര്‍ സ്ഥലം ഇടവകയ്ക്ക് തീറ് നല്‍കിയിട്ട് അവിടെ പുതിയ ദേവാലയം പണിയുന്നതാണ് നല്ലത്.’’

*          പ്രിയോരച്ചന്റെ മറുപടി : ‘‘ഇടവകയ്ക്ക് സ്ഥലം തീറ് നല്‍കിയിട്ട് പുതിയ പള്ളി പണിയിച്ചാല്‍, ആശ്രമക്യാമ്പസില്‍ രണ്ട് പള്ളിയുണ്ടാകുമല്ലോ. മാത്രമല്ല, ഇടവകയുടെ അജപാലന ശുശ്രൂഷ ആശ്രമവൈദികരില്‍നിന്ന് രൂപതാവൈദികരിലേക്ക് മാറ്റാനുള്ള ഒരു തന്ത്രമായാണ് ഈ നിര്‍ദ്ദേശത്തെ ഞാന്‍ കാണുന്നത്; അതുകൊണ്ട് ഈ നിര്‍ദ്ദേശം ആശ്രമത്തിന് സ്വീകാര്യമല്ല.’’

*          ഇടവകയിലെ ഏതാനും വ്യക്തികള്‍ പ്രിയോരച്ചനു മുമ്പാകെ നടത്തിയ ഭീഷണി: ‘‘പുതിയ പള്ളി പണിയാന്‍ ഒരു ഏക്കര്‍ സ്ഥലം തീറ് തരണം; അല്ലാത്ത പക്ഷം ആശ്രമം കത്തിച്ചു കളയും.’’

*          ഈ ലക്ഷ്യത്തിനായി തുടര്‍ച്ചയായ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു.

*          പ്രിയോരച്ചന് റാഫേല്‍ തട്ടിലച്ചന്റെ ഉപദേശം : ‘‘രൂപതയില്‍ സന്യസ്തരെ ഏല്പിച്ചിരിക്കുന്ന പ്രസ്ഥാനങ്ങള്‍ വളര്‍ത്തി വലുതാക്കി രൂപതയെ ഏല്പിക്കുകയാണ് സഭയില്‍ സന്യസ്തരുടെ കടമ.’’

*          പ്രിയോരച്ചന്റെ മറുപടി : ഇത് വത്തിക്കാന്‍ കൌണ്‍സിലിന് മുമ്പുള്ള ചൈതന്യമാണ്; വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം ഇടവക വൈദികരെപ്പോലെ സന്യാസ വൈദികരെയും അജപാലനത്തില്‍ മെത്രാന്റെ സഹകാരികളാക്കുകയെന്നതാണ്’’(II vat. Bishops No.34) 

*          ഇടവകക്കാരുടെ പ്രശ്‌നങ്ങളെല്ലാം യഥാസമയം രൂപതാധ്യക്ഷനെ അറിയിച്ചെങ്കിലും മറുപടി നല്‍കാനോ, പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച നടത്താനോ, രൂപതാധ്യക്ഷന്‍ സന്നദ്ധനായില്ല.

*          മാസങ്ങള്‍ക്ക് ശേഷം ‘‘പ്രശ്‌നപരിഹാരത്തിന്’’ എന്ന പ്രസ്താവനയോടെ ഒരു മൂന്നംഗ കമ്മീഷനെ രൂപതാധ്യക്ഷന്‍ നിയമിച്ചു.

*          കമ്മീഷന്റെ ആദ്യസന്ദര്‍ശനം: ഇടവകയിലുണ്ടായ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ, പുതിയ പള്ളി പണിയുടെ സ്ഥലനിര്‍ണ്ണയത്തെക്കുറിച്ച്, കമ്മീഷന്‍ ഒരുക്കിക്കൊണ്ടു വന്ന 4 ചോദ്യങ്ങള്‍ക്കുള്ള അഭിപ്രായ വോട്ടെടുപ്പാണ് കമ്മീഷന്‍ കുടുംബയുണിറ്റിലെ അംഗങ്ങളോട് ആവശ്യപ്പെട്ടത്.

*          നാല് ചോദ്യങ്ങള്‍ :

            1. ആശ്രമ ദേവാലയം (ഇടവക ദേവാലയം) പുതുക്കി പണിയാന്‍ ആവശ്യപ്പെടുന്നവര്‍ എത്ര?
            2. ആശ്രമത്തിന്റെ സ്ഥലം ഇടവകയ്ക്ക് തീറു കിട്ടിയിട്ട് പുതിയ പള്ളി പണിയാന്‍ ആവശ്യപ്പെടുന്നവര്‍ എത്ര?
            3. ആശ്രമത്തിന്റെ സ്ഥലം ഇടവകയ്ക്ക് സ്വതന്ത്രമായി കിട്ടിയിട്ട് പുതിയ പള്ളി പണിയാന്‍ ആവശ്യപ്പെടുന്നവര്‍ എത്ര?
            4. ആശ്രമ ക്യാമ്പസിന് പുറത്ത് ഇടവകയ്ക്ക് സ്വന്തമായി സ്ഥലം വാങ്ങിച്ച് പുതിയ പള്ളി പണിയാന്‍ ആവശ്യപ്പെടുന്നവര്‍ എത്ര?

*          നാല് ചോദ്യങ്ങളില്‍ രണ്ടാമത്തേയും മൂന്നാമത്തേയും ചോദ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇടവകക്കാര്‍ ആവശ്യപ്പെട്ടു. ആശ്രമം അത്തരത്തില്‍ സ്ഥലം നല്‍കാമെന്ന് പറഞ്ഞിട്ടില്ലെന്നും, ഒരു ക്യാമ്പസില്‍ രണ്ട് ദേവാലയങ്ങള്‍ അപ്രസക്തമാണെന്നതുമായിരുന്നു അതിന്റെ മുഖ്യമായ അടിസ്ഥാനം. തര്‍ക്കം ശക്തമാവുകയും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇടവകയില്‍ സന്ദര്‍ശനം നടത്താന്‍ കമ്മീഷനെ അനുവദിക്കയില്ലായെന്നും ഇടവകക്കാര്‍ നിഷ്‌കര്‍ഷിച്ചു.

*          കമ്മീഷന്റെ നടത്തിപ്പിലുണ്ടായ പ്രതിസന്ധി വികാരിയച്ചന്‍ രൂപതാധ്യക്ഷനെ അറിയിച്ചു, രൂപതാകേന്ദ്രത്തില്‍ വച്ച് 3 വികാരി ജനറാളന്മാരുടെയും 3 കമ്മീഷന്‍ അംഗങ്ങളുടെയും, പ്രൊവിന്‍ഷ്യാളിന്റെയും വികാരിയച്ചന്റെയും സംയുക്തമായ ചര്‍ച്ചയ്ക്ക് ശേഷം സ്വീകരിച്ച തീരുമാനം: ‘‘ഇടവകക്കാരുടെ അഭിപ്രായം പ്രസക്തമായതുകൊണ്ട് തര്‍ക്കവിഷയമായ രണ്ട് ചോദ്യങ്ങള്‍ കമ്മീഷന്റെ നടപടിയില്‍ ഒഴിവാക്കേണ്ടതാണ്.’’

*          അനുവദനീയമായ (ഒന്നാമത്തേയും നാലാമത്തേയും) ചോദ്യങ്ങള്‍ക്കുള്ള അഭിപ്രായ വോട്ടെടുപ്പ് നടത്തിക്കൊണ്ട് ഇടവകയിലെ എല്ലാ യൂണിറ്റുകളിലും കമ്മീഷന്റെ സന്ദര്‍ശനം പൂര്‍ത്തീകരിച്ചു.

*          മാസങ്ങള്‍ കഴിഞ്ഞിട്ടും കമ്മീഷന്റെ റിപ്പോര്‍ട്ട് ഇടവകയ്ക്ക് ലഭിച്ചില്ല.

*          കമ്മീഷന്റെ റിപ്പോര്‍ട്ട് വികാരിയച്ചന്‍ രഹസ്യമാക്കി വച്ചിരിക്കയാണെന്നാരോപിച്ച് ഒരു വിഭാഗം ഇടവകക്കാര്‍ വികാരിയച്ചനെതിരെ പ്രശ്‌നങ്ങളുണ്ടാക്കി.

*          കമ്മീഷന്‍ റിപ്പോര്‍ട്ട് ഇടവകയ്ക്ക് നല്‍കണമെന്ന് വികാരിയച്ചന്‍ രൂപതാകേന്ദ്രത്തില്‍ ആവശ്യപ്പെട്ടു.

*          അതിന് റാഫേല്‍ തട്ടിലച്ചന്റെ മറുപടി : ‘‘റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട എന്നാണ് രൂപതയുടെ തീരുമാനം, അതുകൊണ്ട് റിപ്പോര്‍ട്ട് അച്ചന് നല്‍കാനാകില്ല.’’

*          31-3-2008: രൂപതാധ്യക്ഷന്റെ പ്രസ്താവന: ‘‘തലോര്‍ ഇടവകയ്ക്ക് സ്വതന്ത്രമായ സ്ഥലത്ത് പുതിയ പള്ളി വേണം എന്നുള്ളതാണ് കമ്മീഷന്റെ മുമ്പാകെ ലഭിച്ചിട്ടുള്ള ഇടവകയിലെ ഭൂരിപക്ഷാഭിപ്രായം. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ അത് പ്രായോഗികമാക്കാന്‍ .........ഒരു കമ്മീഷനെ പിതാവ് നിയമിക്കുന്നതാണ്.’’( Prot. No. 1132/2008/5/ABP).

*          ‘‘സ്വതന്ത്രസ്ഥലത്ത് പള്ളി പണിയണമോ എന്ന മൂന്നാമത്തെ ചോദ്യം’’ കമ്മീഷന്റെ നടപടിയില്‍ ഒഴിവാക്കിയിട്ടുള്ളത്‌കൊണ്ട് ‘‘സ്വതന്ത്ര സ്ഥലത്ത് പുതിയ പള്ളി പണിയാന്‍ ഭൂരിപക്ഷമുണ്ടെന്ന്’’ പ്രസ്താവന സത്യസന്ധമല്ല എന്നതിവിടെ പ്രത്യേകം ശ്രദ്ധേയമാണ്.

*          മാസങ്ങള്‍ കഴിഞ്ഞിട്ടും പള്ളി പണിക്കുവേണ്ടി കമ്മീഷനെ നിയമിക്കുകയോ, സ്വതന്ത്രസ്ഥലം കണ്ടെത്തുകയോ, പള്ളി പണിയുകയോ ഉണ്ടായില്ല.

*          2009 നവംബര്‍ 1 ന് ഇടവകമാറ്റ പ്രഖ്യാപനമാണ് ഉണ്ടായത്. പ്രഖ്യാപനത്തിലെ പ്രസക്തഭാഗങ്ങള്‍ : ‘‘തലോര്‍ സി.എം.ഐ ആശ്രമദേവാലയം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന തലോര്‍ ഉണ്ണിമിശിഹാ ഇടവകയെ ......2009 നവംബര്‍ 1 മുതല്‍ ടി. ആശ്രമത്തില്‍നിന്ന് സ്വതന്ത്രമാക്കിയിരിക്കുന്നു. തലോരിലെ ‘‘S.D.V. സെമിനാരിയുടെ കപ്പേള തലോര്‍ ഇടവകയുടെ താല്‍ക്കാലിക ഇടവക ദേവാലയമായി നിശ്ചയിക്കുന്നു. പുതിയ വികാരിയായി ബാബു പാണാട്ടു പറമ്പിലച്ചനെ നിയമിച്ചിട്ടുണ്ട്. വികാരിയായിരുന്ന തോമസ്‘‘C.M.I. അച്ചനെ ഒഴിവാക്കിയിരിക്കുന്നു; ........തൃശൂര്‍ അതിരൂപതയുടെ കാര്യാലയത്തില്‍നിന്ന് 2009 ഒക്‌ടോബര്‍ 31-ാം തിയതി നല്‍കപ്പെടുന്നത്’’(Prot. No. 3943/2009/5/ABP).

*          രൂപതാധ്യക്ഷന്റെ കല്പനയില്‍ പ്രകടമായി കാണുന്ന നിയമലംഘനങ്ങളും കൃത്രിമങ്ങളും :

            1. നടപടിക്ക് മുമ്പ് ഇടവകമാറ്റക്കാര്യം വൈദികസമിതിയോട് (Presbitery Council) ആലോചിക്കണമെന്നും, അതിനുമുമ്പ് ഇക്കാര്യം ഇടവക വികാരിയും ഇടവകക്കാരുമായി ആലോചിച്ച് ഉറപ്പ് വരുത്തണമെന്നുമുള്ള പൊതുവായ രൂപതാനിയമം പാലിച്ചിട്ടില്ല. 2009 ഒക്‌ടോബര്‍ 31-ന് തലോരിലെ ആശ്രമ പ്രിയോരും വികാരിയുമായ തോമസ് അച്ചനെ രൂപതാകേന്ദ്രത്തില്‍ വിളിച്ച് വരുത്തി മേല്പറഞ്ഞ കല്പന പിറ്റേന്ന് നവംബര്‍ 1 ന് പള്ളിയില്‍ വായിക്കണമെന്ന് പറഞ്ഞ് ഏല്പിക്കുകയാണുണ്ടായത്. ഇടവകമാറ്റത്തെക്കുറിച്ച് ഇടവകക്കാരുമായി യാതൊരു ചര്‍ച്ചയോ ആശയവിനിമയമോ അന്നോളം ഉണ്ടായിട്ടില്ല. ചര്‍ച്ചയുണ്ടായിട്ടുള്ളത് പുതിയ പള്ളി പണിയുന്ന സ്ഥലത്തെക്കുറിച്ച് മാത്രമായിരുന്നു.
            2. ‘‘ഇടവക സ്ഥാപിക്കുകയോ, നിറുത്തലാക്കുകയോ, പുനഃക്രമീകരണം വരുത്തുകയോ ചെയ്യാനുള്ള തന്റെ അധികാരം ഉപയോഗിക്കുമ്പോള്‍ മെത്രാന്‍ വിശ്വാസികളുടെ ആത്മീയ സുസ്ഥിതി മാത്രം ലക്ഷ്യമാക്കേണ്ടതാണ്’’ എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മെത്രാന്മാര്‍ക്കുള്ള പ്രമാണരേഖയിലെ നമ്പര്‍ 32 ലെ നിര്‍ദ്ദേശത്തിന് കടക വിരുദ്ധമായ ലക്ഷ്യമാണ് ഈ നടപടിയിലൂടെ തലോരിലെ വിശ്വാസികള്‍ക്കുണ്ടായതെന്ന് ഇപ്പോഴത്തെ തലോര്‍ ഇടവകയിലെ ആത്മീയ അധഃപതനം വ്യക്തമാക്കുന്നു.
            3. കാനോന്‍ നിയമപ്രകാരം 1977-ല്‍ ഇടവകപള്ളിയായി ഉയര്‍ത്തിയ ആശ്രമ ദേവാലയത്തെ 33 വര്‍ഷത്തെ സുഗമമായ പ്രവര്‍ത്തനത്തിന്‌ശേഷം ഇടവകദേവാലയമല്ലാതാക്കിയതിന് പ്രത്യേക കാരണമോ, സഭാനിയമത്തിന്റെ അടിസ്ഥാനമോ ഇടവക മാറ്റ നടപടിയില്‍ വ്യക്തമാക്കിയിട്ടില്ല. തന്മൂലം കാനോന്‍ നിയമം നമ്പര്‍ 283-ന്റെ ലംഘനമായാണ് ഇതിനെ കാണാനാകുന്നത്. സ്ഥാപിത ഇടവക ദേവാലയത്തോടും ആശ്രമത്തോടും ചെയ്ത അനീതിയും അവഹേളനവുമാണിത് എന്ന് പ്രസ്താവിക്കേണ്ടിയിരിക്കുന്നു.
            4. 1977-ലെ ഇടവക സ്ഥാപനത്തിനുമുമ്പ് കാനോന്‍ നിയമം നമ്പര്‍ 284/2,3 പ്രകാരം ഉണ്ടാക്കിയ കാരാറനുസരിച്ച് ഇടവകയുടെ കാലാകാലങ്ങളിലെ വികാരിമാര്‍ സി.എം.ഐ ആശ്രമത്തിലെ വൈദികരായിരിക്കണമെന്ന വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ആശ്രമവൈദികനെ വികാരി ജോലിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ട് രൂപതയിലെ വൈദികനെ വികാരിയായി നിയമിച്ചത്.
            5. തിരുസ്സഭയുടെ ആഗോളനവീകരണം ലക്ഷ്യമാക്കി സന്യാസ വൈദികരെ അജപാലനത്തില്‍ സഹകാരികളാക്കാനായി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് ഈ നടപടിയെ കാണാനാകുന്നത്. (തിരുസഭ No.43, 46 മെത്രാന്മാര്‍  No. 33, 34, 35 സന്യാസജീവിതം No.  8,9)
            6. പുതിയ പള്ളി പണിയാതെയും, സ്ഥാപിത ദേവാലയം ഇടവക ദേവാലയമല്ലാതാക്കിക്കൊണ്ടും  ഒരു ഇടവക പുനഃക്രമീകരണം നടത്തുന്നത് സഭയില്‍ ആദ്യത്തേതാണെന്നനിലയില്‍ നടപടിയുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്.

*          ഇടവകയിലെ വിശ്വാസികളുടെ പ്രതികരണം

ഇടവകക്കാരുടെ അഭിപ്രായം അന്വേഷിക്കാതെയുണ്ടായ നടപടിയുടെ നിജസ്ഥിതി വെളിവാക്കുന്നതിനായി ഇടവകക്കാര്‍ കുടുംബനാഥന്മാരുടെ ഒപ്പോടു കൂടിയ അഭിപ്രായരൂപീകരണം ശേഖരിക്കുകയുണ്ടായി. ഇടവകയിലെ 723 കുടുംബക്കാര്‍ സ്ഥാപിത ഇടവക ദേവാലയമായ ആശ്രമദേവാലയത്തോട് ചേര്‍ന്ന് ഇടവക തുടരണമെന്ന അപേക്ഷ രൂപതാധ്യക്ഷനും ശ്രേഷ്ഠ മെത്രാപ്പോലീത്തായ്ക്കും സമര്‍പ്പിച്ചിട്ടുണ്ട്.

*          ഇടവകമാറ്റ പ്രഖ്യാപനത്തിന്‌ശേഷം ഇടവകക്കാര്‍ രണ്ട് ചേരികളാവുകയും, ഇരുകൂട്ടരും സമരങ്ങളും, പ്രതിഷേധങ്ങളും പ്രസ്താവനകളുമായി മുന്നോട്ട് നീങ്ങുന്നു. മാത്സര്യാടിസ്ഥാനത്തിലാണ് ഇരുകൂട്ടരും തിരുകര്‍മ്മങ്ങളും തിരുനാളുകളും നടത്തിവരുന്നത്.

*          ഇതിനിടയില്‍ തൃശൂരിലെ സഹായമെത്രാന്‍ സി.എം.ഐ വൈദികരോട് പ്രസ്താവിച്ചത്: തൃശൂര്‍ രൂപതയുടെ നടുക്കഷണമാണ് തലോര്‍ ഇടവക; അത് രൂപതയ്ക്ക് കിട്ടണം.

*          മെത്രാന്‍ സമിതിയുടെ തീരുമാനം : തലോരിലെ പ്രശ്‌നപരിഹാരത്തിനായി മാര്‍ വര്‍ക്കിവിതയത്തില്‍ നിയമിച്ച മൂന്ന് മെത്രാന്മാര്‍ തലോരില്‍വന്ന് വിശ്വാസികളെ കാണുകയോ, പ്രശ്‌നങ്ങള്‍ വിശദമായി പഠിക്കുകയോ ചെയ്തില്ല. ഏതാനും വ്യക്തികളെ പ്രതിനിധികളെന്ന നിലയില്‍ കാക്കനാട് വച്ച് കണ്ടശേഷം അവരുടെ അഭിപ്രായങ്ങളൊന്നും പരിഗണിക്കാതെ, തൃശൂര്‍ രൂപതാവക്താക്കളുടെ സത്യസന്ധമല്ലാത്ത അഭിപ്രായം മാത്രം അടിസ്ഥാനമാക്കി രൂപതാധ്യക്ഷന്റെ ഇടവകമാറ്റ നടപടി നിയമാനുസൃതമെന്ന് പ്രസ്താവിക്കുകയാണുണ്ടായത്. മെത്രാന്‍ സമിതിയുടെ പ്രസ്താവന ഇപ്രകാരം : വളരെയധികം ചര്‍ച്ചകള്‍ക്കുശേഷമാണ് ഇടവകയെ ആശ്രമത്തില്‍ നിന്ന് വേര്‍പെടുത്തണമെന്ന് രൂപതാധ്യക്ഷന്‍ തീരുമാനിച്ചത്. തന്മൂലം നടപടി നിയമാനുസൃതമാണ്.” (തൃശൂര്‍ രൂപതാബുള്ളറ്റിന്‍, മാര്‍ച്ച് 2011)

*          ഇടവകമാറ്റത്തെക്കുറിച്ച് ഇടവകക്കാരുമായി യാതൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ലാത്തതുകൊണ്ട്  മെത്രാന്‍ സമിതിയുടെ പ്രസ്താവന കബളിപ്പിക്കലാണെന്ന് വിശ്വാസികള്‍ വിധിയെഴുതുകയും, നീതിയായ നടപടിയുണ്ടാകാനായി നടപടിക്കെതിരെ സമരപരിപാടികള്‍ തുടരുകയും ചെയ്തു.

*          “രൂപതാധ്യക്ഷന്‍ ഇടവകക്കാരുമായി കൂടുതല്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തി വിശ്വാസികളെ ഐക്യത്തില്‍ കൊണ്ടുവരണമെന്നമെത്രാന്‍ സമിതിയുടെ നിര്‍ദേശമോ,“തിരുസഭ മെത്രാന് നല്‍കുന്ന പ്രധാനഇടയ ധര്‍മ്മം വിശ്വാസികളുമായി ഡയലോഗ് നടത്തുകയാണെന്നതോ (II vat.Bishop No.13),മെത്രാന്‍ പരിഗണിച്ചിട്ടില്ലായെന്നതിന്റെ തെളിവാണ്, സ്വാമിയച്ചന്റെ നിരാഹാര സമരം വരെയുള്ള നാലരവര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും മെത്രാന്‍ തലോര്‍ ഇടവകക്കാരെ വിളിച്ച് ചര്‍ച്ച നടത്തിയിട്ടില്ലായെന്നത്.

*          സിമിത്തേരി പ്രശ്‌നം - ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള സിമിത്തേരി ഇടവകയുടേതെന്ന് സ്ഥാപിക്കാന്‍ രൂപതയില്‍ നിന്നുണ്ടായ ധിക്കാരപരമായ നടപടികളും അവയോടനുബന്ധിച്ച് ഉണ്ടായ സംഘര്‍ഷങ്ങളും മാധ്യമങ്ങളിലൂടെ പരസ്യമായതാണല്ലോ. സിവില്‍ കോടതിയുടെ വിധിയില്‍ സിമിത്തേരിയുടെ ഉടമസ്ഥാവകാശം ആശ്രമത്തിനു അംഗീകരിക്കപ്പെടുകയും ചെയ്തു.

*          01-12-2011 : സ്വാമിയച്ചന്റെ നിരാഹാരസമരം. തലോര്‍ പ്രശ്‌നത്തില്‍ നീതിയായ സമവായം ഉണ്ടാകണമെന്ന ദൈവിക പ്രചോദനത്താല്‍, ഫാ. സദാനന്ദ് പുറാട്ടുകര (സ്വാമിയച്ചന്‍) തലോരില്‍ ആരംഭിച്ചതാണ് നിരാഹാരസമരം.

*          07-12-2011: സമവായ ചര്‍ച്ച.

തലോര്‍ ഇടവകക്കാരുമായി അനുരഞ്ജന ചര്‍ച്ച നടത്തി നീതിയായ തീരുമാനം ഉണ്ടാക്കുമെന്ന് പ്രതീക്ഷ നല്‍കികൊണ്ടാണ് ഇടവക പ്രതിനിധികളെ രൂപതാകേന്ദ്രത്തിലേക്ക് ക്ഷണിച്ച് ചര്‍ച്ച നടത്തിയത്. നീതിയായ തീരുമാനം കണ്ടെത്താനായില്ല; ചര്‍ച്ച പരാജയപ്പെട്ടു. തന്മൂലം സ്വാമിയച്ചനും ഇടവകക്കാരും നിരാഹാരസമരം രൂപതാകേന്ദ്രത്തില്‍ തുടരാന്‍ നിശ്ചയിച്ചു. രൂപതാധ്യക്ഷനോ, സഹായമെത്രാനോ, രൂപതാവക്താക്കളോ, സമരക്കാരെ കാണാന്‍ പോലും മനസ്സില്ലാതെ, പോലീസിനെ വിളിച്ച് സമരക്കാരെ അറസ്റ്റു ചെയ്ത് നീക്കുകയാണുണ്ടായത്.

*          10-12-2011 : കേരള സുറിയാനിസഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ആലഞ്ചേരി തലോര്‍ പ്രശ്‌നത്തിന് രണ്ടു മാസത്തിനുള്ളില്‍ ശാശ്വതമായ പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിരാഹാര സമരം തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കുകയുണ്ടായി.

*          11-12-2011 തൃശൂര്‍ അതിരൂപതയുടെ സര്‍ക്കുലര്‍ :

തലോര്‍ ഇടവക’’ എന്ന ശീര്‍ഷകത്തില്‍ തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാളും ചാന്‍സലറും കൂടി തലോരിലെ ഇടവകമാറ്റ നടപടിയെ ന്യായീകരിച്ചുകൊണ്ട് സത്യസന്ധമല്ലാത്ത പ്രസ്താവനകളോടെ സര്‍ക്കുലര്‍ ഇറക്കുകയും അത് പള്ളികളില്‍ കുര്‍ബ്ബാനയ്ക്കിടയില്‍ വായിക്കുകയും ചെയ്തു. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഇടപെടലിനുശേഷം ഇറക്കിയ സത്യത്തിനു നിരക്കാത്ത സര്‍ക്കുലര്‍ ഒട്ടനവധി വിമര്‍ശനങ്ങള്‍ക്കിടയാക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു.

*          രൂപതാധ്യക്ഷനും സഹായമെത്രാനും സ്ഥലത്തുണ്ടായിരിക്കുമ്പോള്‍ രൂപതാവക്താക്കള്‍ സര്‍ക്കുലര്‍ ഇറക്കുന്നത് രൂപതയില്‍ ആദ്യത്തേതാണ്. ഇതിന്റെ നിഗൂഡത വിശ്വാസികള്‍ക്കിടിയില്‍ സംസാരവിഷയമായിരിക്കുന്നു.

*          നീതിയായ സമവായ ചര്‍ച്ചയും തീരുമാനവും ഉണ്ടാകണം

രൂപതാധ്യക്ഷന്റെ അധികാരത്തിലെന്ന നീതീകരണത്തോടെ തലോര്‍ ഇടവകയില്‍ നടത്തിയ ഇടവക പുനഃക്രമീകരണ നടപടിയുമായി ബന്ധപ്പെട്ട് രൂപതാധ്യക്ഷന്‍ പാലിക്കാന്‍ കടപ്പെട്ടിരുന്ന സഭാനിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കപ്പെട്ടു എന്നത് സുവ്യക്തമാണ്. നടപടിക്ക് മുമ്പും പിമ്പുമായി രൂപതാകേന്ദ്രത്തില്‍ നിന്നുണ്ടായ മറ്റ് നടപടികളിലും ഒട്ടേറെ കൃത്രിമ രേഖകളും സത്യവിരുദ്ധ പ്രസ്താവനകളും കാണാനാകും. തൃശൂര്‍ രൂപതയില്‍ പല തലങ്ങളിലും ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്ന തലൂര്‍ ഇടവക പൂര്‍ണ്ണമായും രൂപതയുടെ അധീനതയിലാകണമെന്ന ലക്ഷ്യവും ഇവയില്‍ അന്തര്‍ലീനമാണ്. യേശുവിന്റെ മൗതീക ശരീരമായ തിരുസഭാകൂട്ടായ്മയെ ദുര്‍ബലമാക്കുന്ന ഈ പ്രവണത അംഗീകരിക്കാനാകില്ല. തന്മൂലം നടപടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആഴമായ പഠനത്തിനും സമവായ ചര്‍ച്ചകള്‍ക്കും വിധേയമാക്കണം. ഇടവകമാറ്റ നടപടി ഇടവകക്കാരുടെ ആവശ്യമാണോ എന്ന് ഉറപ്പാക്കണം. അതിനായി ഇടവകക്കാരുടെ വസ്തുനിഷ്ഠവും സുതാര്യവുമായ അഭിപ്രായ രൂപീകരണം നടത്തേണ്ടതാണ്. സഭയും ഇടവകയും അജപാലകരും അല്‍മായരുടേതും അല്‍മായര്‍ക്കുവേണ്ടിയുമാണെന്ന അടിസ്ഥാന സത്യത്തിന്റെ ഗൗരവത്തോടെയാണ് പ്രശ്‌നപരിഹാരം കണ്ടെത്തേണ്ടത്. അഞ്ചുവര്‍ഷക്കാലം ആത്മീയവും ഭൗതികവുമായ അധഃപതനത്തിനിടയാക്കിയ തലോരിലെ ഇടവകമാറ്റ നടപടി ഇനിയും തിരുത്താനാകാതെ അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളാണുണ്ടാകുന്നതെങ്കില്‍, സഭാനേതൃത്വം നിത്യപുരോഹിതനായ യേശുവിന്റെ തിരുവചനങ്ങള്‍ക്കും തിരുസഭയെന്ന യേശുവിന്റെ മൗതികശരീരത്തിന്റെ അടിസ്ഥാന പ്രബോധനങ്ങള്‍ക്കും എതിര്‍സാക്ഷ്യമായിത്തീരും എന്നതില്‍ സംശയിക്കേണ്ടതില്ല. അത് കേരള സഭയെ കൂടുതല്‍ നാശത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്യും. കേരള സുറിയാനി സഭയുടെ പരമാധ്യക്ഷനും, കരുണാമയനായ ദൈവത്തിന്റെ കരുത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവനുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി, തനിക്ക് ലഭിച്ച കര്‍ദിനാള്‍ പദവിയുടെ മുഹൂര്‍ത്തത്തില്‍ സഭയ്ക്കു നല്‍കിയ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തലോര്‍പ്രശ്‌നം ദൈവഹിത നിവര്‍ത്തിക്കായി സമര്‍പ്പിക്കുന്നു: ഹൃദയത്തിന്റെ വാതായനങ്ങള്‍ സ്‌നേഹത്തോടെ തുറന്നിടുക; നഷ്ടപ്പെട്ട ആട്ടിന്‍ കുട്ടിയെ അന്വേഷിക്കുന്ന നല്ല ഇടയന്റെ ജാഗ്രതയോടെ വിശ്വാസ സമൂഹത്തെ ചേര്‍ത്ത് പിടിക്കുക.

*          സഭ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കഴിയും എന്ന മാര്‍ ജോസഫ് പവ്വത്തിലിന്റെ ആശംസയില്‍ വിശ്വാസമര്‍പ്പിച്ച്‌കൊണ്ട് തലോര്‍ പ്രശ്‌നം നീതിയായി പരിഹരിക്കാന്‍ നിയുക്ത കര്‍ദിനാളിന് കൃപ ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

*          കാലം ചെയ്ത മാര്‍ വര്‍ക്കി വിതയത്തില്‍ സഭയുടെ ആത്യന്തിക നന്മ ലക്ഷ്യമാക്കി തന്റെ മരണത്തിന് രണ്ടുനാള്‍ മുമ്പ് മെത്രാന്മാര്‍ക്ക് നല്‍കിയ അന്ത്യവചസ്സുകളില്‍ ഞാന്‍ ഉപസംഹരിക്കട്ടെ”: “അനീതിയെ എതിര്‍ക്കണം; നീതിയ്ക്കുവേണ്ടി ഉച്ചത്തില്‍ കരയണം; ദൈവഹിതത്തിനെതിരായി യാതൊന്നും ചെയ്യരുത്.ദൈവ കൃപയ്ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്,

സ്‌നേഹാദരവുകളോടെ,
ഫാ. ഡേവീസ് കാച്ചപ്പിള്ളി സി.എം.ഐ.
ഫോണ്‍: 949 717 9433
E.mail: frdaviskachappily@yahoo.in

1 comment:

  1. Shared this on

    Kerala Catholic Reformation facebook page
    https://www.facebook.com/pages/Kerala-Catholic-Reformation/564861446869261

    ReplyDelete