Translate

Wednesday, January 4, 2012

സ്ത്രീകള്ക്ക് അള്ത്താരയില്‍ പ്രവേശനം നല്കാന്‍ കാലം വൈകി


ലോകത്ത് ആദ്യമായി സ്ത്രീപുരുഷ സമത്വം അംഗീകരിച്ച യേശുക്രിസ്തുവിന്റെ പേരിലുള്ള ക്രൈസ്തവ സഭകള്‍ പള്ളികളിലെ അള്‍ത്താരകളില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കാന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും തയ്യാറാവണമെന്നു ജസ്റ്റിസ് കെ.ടി. തോമസ് ആവശ്യപ്പെട്ടു.

മാര്‍ത്തോമ്മാസഭയില്‍ ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മായുടെ കാലത്ത് വനിതകളെ പള്ളിയില്‍ വേദപാഠം വായനയ്‌ക്കൊക്കെ അനുവദിച്ചു. പക്ഷേ സഭയില്‍ അവര്‍ക്ക് ഇന്നും മദ്ബഹയില്‍ പ്രവേശനമില്ല. ഇങ്ങനെയുള്ള ഒരു പള്ളിയില്‍ ഇന്നു ക്രിസ്തു വന്നാല്‍ മദ്ബഹയില്‍ പ്രവേശിക്കുമോ എന്ന് കെ. ടി. തോമസ് ചോദിച്ചു. ഇന്ത്യയിലെ പ്രഥമ പൗരനാകാന്‍ ഒരു വനിതയ്ക്കും സുപ്രീം കോടതിയില്‍ ജഡ്ജിമാരാകാന്‍ മൂന്നു വനിതകള്‍ക്കും കഴിയുന്ന ഇക്കാലത്ത് നമ്മുടെ വനിതകള്‍ക്കു പള്ളിയുടെ പ്രധാന സ്ഥാനങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നതിനെ തോമസ് ചോദ്യം ചെയ്തു.

വ്യഭിചാരത്തിനു പിടിക്കപ്പെട്ട സ്ത്രീയെ തന്റെ മുന്നില്‍ കൊണ്ടുവന്നപ്പോള്‍ ക്രിസ്തു പറഞ്ഞത് അവരെയല്ല, അവരെ ഇതിലേക്കു വലിച്ചിഴച്ച പുരുഷന്മാരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നാണ്. അവരെ ക്രിസ്തു വിളിച്ചത് പാപം ചെയ്തവളെ എന്നല്ല, മകളെ എന്നാണ്. എന്നാല്‍ ബൈബിളിന്റെ പല മലയാള തര്‍ജമകളിലും മകളെ എന്നതിനു പകരം സ്ത്രീയെ എന്നാണ് തെറ്റായി ചേര്‍ത്തിരിക്കുന്നതെന്നു ജസ്റ്റിസ് തോമസ് പറഞ്ഞു.

മാര്‍ത്തോമ്മാ വൈദികസെമിനാരിയില്‍ ഏബ്രഹാംമല്‍പാന്‍സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു സുപ്രീം കോടതിയിലെ മുന്‍ ജഡ്ജി. മല്‍പാന്‍ 175 വര്‍ഷം മുമ്പ് ആരംഭിച്ച നവീകരണം ഒരു തുടര്‍പ്രക്രിയ ആവണമെങ്കില്‍ മാര്‍ത്തോമ്മാ സഭ ഇത്തരം കാര്യങ്ങളെപ്പറ്റി ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വിശുദ്ധ കുര്‍ബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും നല്‍കുന്ന രീതി യിലെ അശാസ്ത്രീയതയെപ്പറ്റി സഭാംഗങ്ങളായ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ സഭാനേതൃത്വം പരിഗണിക്കാതിരിക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. ഒരു പള്ളിയില്‍ മുന്നൂറോളം പേര്‍ വരെ ചില ഞായറാഴ്ചകളില്‍ കുര്‍ബാന കൈക്കൊള്ളും. ഇത്രയും പേര്‍ക്ക് അപ്പവും വീഞ്ഞും വൈദികര്‍ വായില്‍ വെച്ചുകൊടുക്കുമ്പോള്‍ ഒരാളുടെ വായിലെ ഉമിനീരും തുപ്പലും അടുത്തയാളുടെ വായില്‍ എത്തുന്നു. ഇവരെല്ലാവരുടെയും തുപ്പല്‍ വൈദികന്റെ കയ്യിലേക്കുമെത്തുന്നു. ഇതുമൂലം ഒരാള്‍ക്കുളള രോഗങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാന്‍ കാരണമാകുമെന്നാണ് ഡോക്ടര്‍മാര്‍ നിവേദനത്തില്‍ പറഞ്ഞത്. വാഴ്ത്തപ്പെട്ട അപ്പം വിശ്വാസികളുടെ കയ്യില്‍ കൊടുക്കുകയും വീഞ്ഞ് ചെറിയ കപ്പുകളിലാക്കി കൊടുക്കുകയും ചെയ്യാമെന്നും ഈ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

മദ്ബഹയില്‍ ബിഷപ്പും വൈദികരുമുള്ളപ്പോള്‍ അവര്‍ക്കിടയില്‍ മാത്രം കൈവയ്പും കൈയസൂരി കൈമാറുകയും അവിടെയുള്ള അത്മായ ശുശ്രൂഷകര്‍ക്ക് അതു നിഷേധിച്ച് അവരെ താഴ്ന്ന വര്‍ഗക്കാരാക്കുകയും ചെയ്യുന്നത് തന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തു ഇന്നിവിടെ ഉണ്ടായിരുന്നെങ്കില്‍ ഈ വിവേചനം അനുവദിക്കുമായിരുന്നോ?

അന്നത്തെ അറിവുവച്ച് എഴുതിയ കാര്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കാതെ നവീകരണത്തിനു തുടര്‍ച്ചയുണ്ടാവില്ല.

ഭൂതങ്ങളെ പുറത്താക്കണമെന്നു വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മന:ശാസ്ത്രം വളര്‍ന്നതോടെ ഭൂതങ്ങളെപ്പറ്റിയുള്ള ചിന്തകള്‍ തലച്ചോറിലുണ്ടാകുന്ന പ്രത്യേകതരം മാറ്റങ്ങളാണെന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഇത് വേദപുസ്തക വ്യാഖ്യാനങ്ങളിലും വേദപുസ്തകത്തിലും അവതരിപ്പിക്കണം.

ഭൂമി പരന്നതാണെന്നു സഭ പഠിപ്പിച്ചപ്പോള്‍ ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞ ഗലീലിയോയെ ശിക്ഷിച്ച ക്രിസ്തീയസഭ 16 വര്‍ഷം മുന്‍പ് അദ്ദേ ഹത്തെ മുന്‍കാല പ്രാബല്യത്തോടെ കുറ്റ വിമുക്തനാക്കിയത് എല്ലാ സഭകള്‍ക്കും മാതൃകയാവേണ്ടതാണെന്നും ജസ്റ്റിസ് തോമസ് പറഞ്ഞു.

വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ റവ. എം.വി.ഏബ്രഹാം. പ്രിന്‍സിപ്പല്‍ റവ. ഡോ. ഗീവര്‍ഗീസ് മാത്യു, റവ സണ്ണി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

(കടപ്പാട് : മലയാള മനോരമ, 2011 നവംബര്‍ 19)

അനുചിന്തനം:                     ജോസഫ് പുലിക്കുന്നേല്‍

ക്രിസ്തു ജനിച്ചു വളര്‍ന്ന ഇസ്രായേല്‍ സമൂഹത്തില്‍ പേട്രിയാര്‍ക്കിക്കല്‍ സിസ്റ്റം (പുരുഷ മേധാവിത്വം) ആണ് നിലനിന്നിരുന്നത്. സ്ത്രീകള്‍ പൊതുവെ വീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്നു. യേശു ഈ പുരുഷ മേധാവിത്വത്തിനെതിരെ ശക്തമായി പ്രതികരിച്ചതായി കാണാം. വ്യഭിചാരം ചെയ്താല്‍ സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലാം. എന്നാല്‍ സ്ത്രീയെ വ്യഭിചാരത്തിലേക്കു നയിച്ച പുരുഷനു ശിക്ഷയില്ല.

യേശുവിന്റെ ജീവിതത്തില്‍ യേശുവിനോട് പരസ്യമായി സ്‌നേഹവും അനുകമ്പയും കാണിച്ച അനേകം സ്ത്രീകളുണ്ടായിരുന്നു. ലാസറിന്റെ സഹോദരിമാരായ മര്‍ത്ത, മറിയം, മഗ്ദലനമറിയം എന്നിങ്ങനെ പോകുന്നു അവരുടെ ലിസ്റ്റ്. അവിടുന്ന് വേശ്യകളോടും ചുങ്കക്കാരോടുമൊത്ത് ജീവിക്കുന്നു എന്നായിരുന്നല്ലോ ഫരിസേയരുടെ ആരോപണം.

കുര്‍ബാന ക്രിസ്തുവിന്റെ പരമപരിഹാരബലിയുടെ ഓര്‍മയാചരണമാണ്. മിശിഹായുടെ കുരിശുമരണത്തിനു തലേനാള്‍ യേശു ശിഷ്യര്‍ക്കു കൊടുത്ത വിരുന്നു സല്‍ക്കാരം (പെസഹാ ആചരണം ആയിരുന്നില്ല) അന്നുവരെ ആചരിച്ചുപോന്ന ചിഹ്നാത്മക പെസഹായുടെ നിരാകരണമായിരുന്നു. പെസഹായ്ക്ക് ചുട്ടെടുത്ത ആടും പുളിപ്പില്ലാത്ത അപ്പവും നിര്‍ബന്ധമായിരുന്നു. മാത്രമല്ല വീഞ്ഞ് നിഷിദ്ധവുമായിരുന്നു. ''കര്‍ത്താവ് അഹറോനോട് അരുള്‍ ചെയ്തു: 'മരണത്തിന്നിരയാകാതിരിക്കേണ്ടതിന്നു, സമ്മേളനക്കൂടാരത്തില്‍ പ്രവേശിക്കുമ്പോള്‍, നീയും നിന്റെ പുത്രന്മാരും വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്. ഇതു നിങ്ങളുടെ തലമുറകള്‍ക്കെല്ലാം ഒരു ശാശ്വതനിയമമായിരിക്കും'' (ലേവി. 10: 8, 9).

ഈ നിയമം ലംഘിച്ചുകൊണ്ടാണ് യേശു മരണത്തിനു തലേദിവസം ശിഷ്യര്‍ക്കു നടത്തിയ വിരുന്നു സല്‍ക്കാരത്തില്‍ വീഞ്ഞ് വിളമ്പിയത്.

യേശുവിനെ കുരിശിലേറ്റാന്‍ വിധിച്ചപ്പോള്‍ പുരുഷ ശിഷ്യന്മാര്‍ എല്ലാംതന്നെ ഓടി മറഞ്ഞു. പക്ഷേ സ്ത്രീകള്‍ കുരിശിന്‍ ചുവട്ടില്‍ യേശുവിനോടൊപ്പം നിന്നു. ''ഗലീലയില്‍ നിന്ന് യേശുവിനെ അനുഗമിക്കയും അവനെ ശുശ്രൂഷിക്കയും ചെയ്തിരുന്ന അനേകം സ്ത്രീകള്‍ അകലെ ഇതെല്ലാം നോക്കിക്കൊണ്ടു നിന്നിരുന്നു. മഗ്ദലക്കാരി മറിയമും യാക്കോബ്, യോസേഫ് എന്നിവരുടെ അമ്മയായ മറിയമും സെബദിപുത്രന്മാരുടെ അമ്മയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു'' (മത്താ. 27 : 55,56). അവനുവേണ്ടി വിലപിക്കാന്‍ സ്ത്രീകളെ ഉണ്ടായിരുന്നുള്ളൂ. ''അവനെക്കുറിച്ചു വിലപിക്കയും കരയുകയും ചെയ്യുന്ന സ്ത്രീകളടക്കം വലിയ ഒരു ജനക്കൂട്ടം അവനെ അനുഗമിച്ചു.'' (ലൂക്കോ. 23: 26). ''അങ്ങനെ പടയാളികള്‍ അതു ചെയ്തു. യേശുവിന്റെ കുരിശിന്നടുക്കല്‍ അവന്റെ അമ്മയും അവന്റെ അമ്മയുടെ സഹോദരിയും ക്ലെയോപ്പാസിന്റെ ഭാര്യയായ മറിയമും മഗ്ദലക്കാരി മറിയമും നിന്നിരുന്നു'' (യോഹ. 19: 25).
യേശു സംസ്‌കരിക്കപ്പെട്ടതിനുശേഷം ഒറ്റ പുരുഷനും കല്ലറ സന്ദര്‍ശിച്ചില്ല. ''ശാബത്തിന്നുശേഷം, ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ മഗ്ദലക്കാരി മറിയമും മറ്റേമറിയമും കല്ലറ സന്ദര്‍ശിക്കാന്‍ ചെന്നു'' (മത്താ. 28 : 1). (കാണുക. മര്‍ക്കോ. 16 : 1, ലൂക്കോ 24 : 10, യോഹ. 20 :1) അങ്ങനെ യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും സാക്ഷികളായ സ്ത്രീകളെ യേശുവിന്റെ പരമപരിഹാരബലിയുടെ ഓര്‍മയാചരണാവസരത്തില്‍ മദ്ബഹായില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തത് ശരിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പുരുഷ മേധാവിത്വം ചരിത്രത്തെ അവരുടേതാക്കി മാറ്റുന്നു.

(Hosana, December 2011 Issue)

1 comment:

  1. സ്ത്രീകള്‍ക്ക് പൌരാഹിത്യം നല്‍കണമോ എന്നുള്ളത് സഭയുടെ ദീര്‍ഘകാലമായ ഒരു വിവാദവിഷയമാണ്.
    യാഥാസ്ഥിതി ചിന്താഗതിക്കാരായ മാര്‍പാപ്പാമാര്‍ സഭയെ ഭരിച്ചിരുന്നതുകൊണ്ട് സ്ത്രീപൌരാഹിത്യ വിഷയം എക്കാലവും കാറ്റില്‍
    പറത്തികളയുകയായിരുന്നു. ഈ വിഷയത്തില്‍ സഭക്കും ന്യായികരണങ്ങള്‍ ധാരാളമുണ്ട്.
    പാരമ്പര്യവും ദൈവശാസ്ത്രവുമെല്ലാം സഭയ്ക്ക് നിരത്തുവാന്‍ സാധിക്കുന്നു. നാം ത്രിത്വത്തിലെ ഏക
    ദൈവത്തിലാണ് വിശ്വസിക്കുന്നത്. ദൈവം
    പരിപൂര്‍ണ്ണനും തെറ്റുപറ്റാത്തവനെന്നും വിശ്വസിക്കുന്നു. മനുഷ്യനായിരുന്ന യേശു ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ അത് നിത്യമായ ദൈവത്തിന്‍റെ കാലേകൂട്ടിയുള്ള
    ഒരു തീരുമാനമായിരുന്നു. യഹൂദവര്‍ഗത്തില്‍നിന്നും ഒരു ദേവന്‍ ഉദയം ചെയ്യുമെന്ന് ഏദന്‍തോട്ടത്തില്‍
    ദൈവം മനുഷ്യനുനല്‍കിയ ഒരു വാഗ്ദാനത്തിന്‍റെ പൂര്‍ത്തികരണമായിരുന്നുവെന്നു സഭ നമ്മെ
    പഠിപ്പിക്കുന്നു. യഹൂദപാരമ്പര്യം അനുസരിച്ചുള്ള പുരോഹിതവര്‍ഗമായിരുന്നു യേശുവിനു
    ചുറ്റുമുണ്ടായിരുന്നത്. കാലത്തിന്‍റെ പൂര്‍ണ്ണതയിലായിരുന്നു യേശുവിന്‍റെ യഹൂദഗോത്രങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍. മക്കളെ ഞാന്‍ ജനിച്ചകാലം തെറ്റുപറ്റി, ഇരുപത്തിയൊന്നാംനൂറ്റാണ്ടിലായിരുന്നു ഞാന്‍ ജനിക്കെണ്ടതുവെന്നു യേശു അന്നുപറഞ്ഞില്ല.സ്ത്രീ സമത്വവും സ്ത്രീ പൌരാവകാശങ്ങളും
    ഇരുപതാംനൂറ്റാണ്ടുമുതലുള്ള മുറവിളികളാണ്.

    യേശു എല്ലാമറിയുന്ന ദൈവമാണെന്നും പുരുഷന്മാരെ
    മാത്രം ശിഷ്യഗണങ്ങളായി തെരഞ്ഞെടുത്തത് അവിടുത്തെ തീരുമാനമായിരുന്നുവെന്നുമാണ് ഇന്നു
    സഭ വാദിക്കുന്നത്. യേശു ശിഷ്യന്‍മാരെ തിരഞ്ഞെടുത്തത് ഒരുത്തരുടെയും സ്വഭാവമഹിമ, ബുദ്ധി, കഴിവ് ‍ ഒന്നും കണക്കാക്കിയായിരുന്നില്ല. യേശുവിനെ നിരസിച്ചവനും ഉയര്‍പ്പില്‍
    സംശയിച്ചവനും, ചതിച്ചവനും ശിഷ്യ ഗണത്തില്‍പ്പെട്ടിരുന്നു. അതുപോലെ കുര്‍ബാനയില്‍ അപ്പവും വീഞ്ഞും പ്രധാനമെന്നതു പോലെ പൌരാഹിത്യം അയാള്‍ എത്ര
    കൊള്ളരുതാത്തവനാണെങ്കിലും പുരുഷന്മാര്‍ക്ക് മാത്രമെന്നാണ്‌ സഭയുടെ കടുംപിടുത്തം.

    സഭയെ കര്‍ത്താവിന്‍റെ മണവാട്ടിയെന്നാണ് വിളിക്കാറ്. സഭാമാതാവ് എന്നും സഭയെ വിളിക്കും. അവള്‍ സഭയുടെ മണവാട്ടിയായ
    സ്ഥിതിക്ക് ‍ അമ്മയും കൂടിയാണ്. നമ്മളെല്ലാം സഭയാകുന്ന മാതാവിന്‍റെ മക്കളും. അവളുടെ ഉദരത്തില്‍ പിറന്ന യേശു ദൈവവും പരിശുദ്ധ ആത്മാവിനാല്‍ നാം നയിക്കപ്പെടെണ്ടതും.
    അതുകൊണ്ട് സ്ത്രീകള്‍ക്ക് പൌരാഹിത്യം കൊടുക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ക്രിസ്തു മതത്തിന്‍റെ എതിരാളികളാണ്. കഴിഞ്ഞ രണ്ടായിരം വര്‍ഷമായി തെറ്റായ വിധത്തില്‍
    സഭ പഠിപ്പിച്ചത്കാരണം പരിശുദ്ധ ആത്മാവ്‌ ഒരിക്കലും യേശുവിന്‍റെ മണവാട്ടിയായ സഭയിലുണ്ടായിരുന്നില്ല. കൂദാശകളും ദൈവത്തിന്‍റെ വെളിപാടുകളും കാലാകാലങ്ങളായി തെറ്റായിട്ടാണ് പഠിപ്പിച്ചത്. സഭ സത്യമായിരുന്നുവെങ്കില്‍ സ്ത്രീകള്‍ക്കും പൌരാഹിത്യമുണ്ടായിരുന്ന മാതാവിനൊപ്പം പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമായിരുന്നു.

    സെന്‍റ് പോളിന്‍റെ സുവിശേഷത്തിലും കൊരിന്തിയാക്കര്‍ക്കുള്ള ലേഖനങ്ങളിലും സ്ത്രീകളെ ചെറുതാക്കിയിട്ടുണ്ടങ്കിലും ബൈബിള്‍ ഒരു സ്ഥലത്തും
    പൌരാഹിത്യം സ്ത്രീക്കോ പുരുഷനോയെന്നു പരാമര്‍ശിച്ചിട്ടില്ല. ക്രിസ്തുവിന്‍റെ തത്വങ്ങളില്‍ ഗ്രീക്കോ യഹൂദനെന്നോ സ്ത്രീയോ പുരുഷനോയെന്നു
    വിത്യാസമില്ല. ദൈവത്തിന്‍റെ കാരുണ്യത്തില്‍ ഇരുവരും തുല്യരാണ്. സ്ത്രീക്കും പുരുഷനെപ്പോലെ സഭാകാര്യങ്ങളിലും പൌരാഹിത്യത്ത്തിലും സഭയുടെ
    പാരമ്പര്യഭരണകാര്യങ്ങളിലും പങ്കുചേരുവാന്‍ പൂര്‍ണ്ണഅവകാശമുണ്ട്. അവള്‍ ബലഹീനയെന്നുള്ള പെഗനീസവും മനൂവിയന്‍ തത്വങ്ങളും
    കോണ്‍സ്റ്റാന്റിന്‍റെ കാലംമുതല്‍ സഭയിലുണ്ട്.
    റഷ്യാസാമ്രാജ്യത്തിന്‍റെ ലെനിനെ ഓര്‍മ്മവരുന്നു. അദ്ദേഹം വാചാലനും എഴുതുവാനും മിടുക്കനായിരുന്നു. റഷ്യന്‍വിപ്ലവത്തിന്‍റെ
    വിജയരഹസ്യം സ്ത്രീകളുടെ പ്രവര്‍ത്തനമായിരുന്നുവെന്നു ലെനിന്‍ വിശ്വസിച്ചിരുന്നു. ഒരു നവീകരണ വിപ്ലവത്തിന്‍റെ സന്തതിയായിരുന്നു ക്രിസ്തുമതമെന്നും മറക്കരുത്. യേശുവിനു വേണ്ടി വിലപിക്കുവാന്‍ അന്നു കുറെ പൊട്ടിപെണ്ണുങ്ങള്‍ മാത്രമെയുണ്ടായിരുന്നുള്ളുവെന്നും സഭ മറക്കരുത്.

    കത്തോലിക്കാ ക്രിസ്തുമതം അരിസ്റ്റോട്ടില്‍ തത്വമാണ്.
    പുരുഷമേധാവിധ്വമായിരുന്നു അരിസ്റ്റോട്ടിലിന്‍റെ തത്വങ്ങളിലുടനീളവും. സഭ ആ തത്വങ്ങള്‍ തിരസ്കരിക്കുകയാണെങ്കില്‍ സ്ത്രീയെയും പുരുഷനോടൊപ്പം കാണുവാന്‍ സാധിക്കും.

    ഒരു നേരമ്പോക്കു കൂടി: സഭ ക്രിസ്തുവിന്‍റെ മണവാട്ടിയാണ്. ‍ പുരോഹിതന്‍ സഭയുടെ മണവാളനും. കൊള്ളാം, ദയവായി ലസ്ബിയന്‍സ് (സ്ത്രീ സ്വവര്‍ഗ രതികള്‍) സഭയില്‍ കടന്നു കൂടരുതേ!!! കുംബസ്സാരിപ്പിക്കുവാനും സ്ത്രീകളെ അനുവദിക്കരുതെ. രഹസ്യകാമുകരെ കണ്ടുപിടിക്കുവാനും ലോകംമുഴുവന്‍
    ഫേസ്ബുക്ക്‌വഴി പ്രചരിപ്പിക്കുവാനും സ്ത്രീകള്‍ പുരുഷന്മാരെക്കാളും വിരുതരാണ്. !!!

    ReplyDelete