Translate

Monday, January 23, 2012

'ചര്‍ച്ച് ആക്ട്' ഒരു ആശയ സമരം


2004 ഓഗസ്റ്റ് 21ന് പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ കോട്ടയം ഡി.സി. കിഴക്കേമുറി ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ക്രൈസ്തവസഭകളുടെ സമ്പത്ത് ഭരിക്കാന്‍ നിയമം വേണം എന്ന ആശയത്തിന്റെ പ്രചരണോദ്ഘാടനം നടന്നു. പ്രസ്തുത യോഗത്തില്‍ പത്മഭൂഷന്‍ ഡോ. എം.വി.പൈലി (കൊച്ചിന്‍ യൂനിവേഴ്‌സിറ്റി റിട്ട. വൈസ് ചാന്‍സലര്‍), പത്മഭൂഷന്‍ ജസ്റ്റിസ് കെ.ടി. തോമസ് (റിട്ട. സുപ്രിം കോര്‍ട്ട് ജഡ്ജി), ബി. വെല്ലിംഗ്ടണ്‍ (മുന്‍ മന്ത്രി), പ്രൊഫ. എന്‍.എം. ജോസഫ് (മുന്‍ മന്ത്രി), പ്രൊഫ. എം. തോമസ് മാത്യു (മുന്‍ ഡയറക്ടര്‍, കേരള സംസ്ഥാന ഭാഷ ഇന്‍സ്റ്റിറ്റിയുട്ട്) തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്രൈസ്തവ സമൂഹങ്ങളുടെ സാമ്പത്തിക ഭരണത്തെകുറിച്ച് യേശുവിന്റേയും അപ്പസ്തലന്മാരുടേയും പ്രഖ്യാപനം, ഇന്ത്യയിലെ പള്ളികളുടെ ഭരണം ചരിത്ര പാശ്ചാത്തലത്തില്‍, പള്ളിനിയമത്തിന്റെ രൂപരേഖ എന്നീ വിഷയങ്ങള്‍ പ്രൊഫ. ജോസഫ് പുലിക്കുന്നേലും അവതരിപ്പിച്ചു സംസാരിക്കുകയുണ്ടായി.

ഇടത്ത് നിന്ന് ശ്രീ. സക്കറിയ, പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍, ജസ്റ്റിസ് കൃഷ്ണയ്യര്‍, ശ്രീ. എം.ജി. ദേവസഹായം IAS. 

അതിന്റെ മുന്നോടിയായി 2004 ആഗസ്റ്റ് മാസത്തെ ഓശാന മാസികയില്‍ ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കാന്‍ നിയമം വേണംഎന്ന പ്രൊഫ. ജോസഫ് പുലിക്കുന്നേലിന്റെ മുഖലേഖനം വരികയുണ്ടയി. ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് ഗവണ്‍മെണ്ട് ഒരു നിയമം നിര്‍മ്മിക്കണമെന്നാണ് അതില്‍ ഊന്നി പറഞ്ഞിരുന്നത്. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയില്‍ മതങ്ങളുടെ ആഭ്യന്തര സംവിധാനങ്ങളിലോ വിശ്വാസാചാരങ്ങളിലോ ഇടപെടാന്‍ ഗവണ്‍മെണ്ടുകളെ ഭരണഘടന അനുവദിക്കുന്നില്ല. എന്നാല്‍ മതാചാരങ്ങളോട് ബന്ധപ്പെടുന്ന സാമ്പത്തികമൊ ധനപരമൊ രാഷ്ട്രീയമോ ആയ പ്രവര്‍ത്തനത്തെ ക്രമപ്പെടുത്തുന്നതോ നിയന്ത്രക്കുന്നതോ ആയ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ഭരണഘടനയുടെ 25-ാം വകുപ്പ് ഗവണ്‍മെണ്ടിനെ അനുവദിക്കുന്നണ്ട്. ഭരണഘടനയുടെ 25-ാം വകുപ്പിന്റെ പിന്‍ബലത്തിലാണ്, ദേവസ്വം നിയമങ്ങളും, വഖഫ് ആക്ടും, സിഖ് ഗുരുദ്വാര നിയമങ്ങളും ഗവണ്‍മെണ്ട് ക്രോഡീകരിച്ചിരിക്കുന്നത്.

ദേവസ്വം നിയമങ്ങളും, വഖഫ് നിയമങ്ങളും, ഗുരുദ്വാരാ നിയമങ്ങളും, അതത് മതസമൂഹങ്ങളുടെ ആധികാരിക പഠനങ്ങളും പാരമ്പര്യങ്ങളും അനുസരിച്ചാണ് രൂപം കൊടുത്തിരിക്കുന്നത്. അതുപോലെ ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിനുള്ള അടിസ്ഥാന പ്രമാണങ്ങള്‍ ബൈബിളിലും, ഇന്ത്യയിലെ ക്രൈസ്തവരുടെ പാരമ്പര്യങ്ങളിലും ഊന്നി ആയിരിക്കണമെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.

ആദിമസഭയില്‍ സഭാസമ്പത്ത് അപ്പസ്തലന്മാര്‍ക്കാണ് നല്‍കിയിരുന്നതെങ്കിലും അത് വ്യക്തിപരമായിരുന്നില്ല. അത് സമൂഹത്തിന്റേതായിരുന്നു. ഈ സമ്പത്ത് കൈകാര്യം ചെയ്യുന്നതിന് അപ്പസ്തലന്മാര്‍ 12 പേരും കൂടിയെടുത്ത തീരുമാനപ്രകാരം ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി അവരില്‍ നിന്നും ഏഴു പേരെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയും, അങ്ങിനെ തിരഞ്ഞെടുക്കപ്പെട്ടവരെ സമ്പത്തിന്റെ ഭരണം ഏല്‍പിച്ച് കൊടുത്ത്, പ്രര്‍ത്ഥനയിലും വചന ശുശ്രൂഷയിലും വ്യാപൃതരാവുകയാണ് അപ്പസ്തലന്മാര്‍ ചെയ്തത്. 16-ാം നൂറ്റാണ്ടുവരെ ഭാരതസഭയില്‍ സഭയുടെ സമ്പത്ത് ഭരിക്കുന്നതിന് അപ്പസ്തലപാരമ്പര്യം തുടര്‍ന്നിരുന്നു. ഈ പാരമ്പര്യം ലോകത്തില്‍ മറ്റൊരു ക്രൈസ്തവ സമൂഹത്തിലും ഇത്രയേറെക്കാലം നിലനിന്നതായി കാണുന്നില്ല. അപ്പസ്തലന്മാര്‍ ഏകകണ്ഠമായി എടുത്ത തീരുമാനമാണ്, സഭയുടെ ഭൗതിക സമ്പത്ത് എങ്ങിനെ ഭരിക്കപ്പെടണമെന്നതിന്റെ അടിസ്ഥാനതത്വം. ഈ അടിസ്ഥാനതത്വത്തില്‍നിന്നുള്ള എല്ലാ വ്യതിചലനങ്ങളും സഭാവിരുദ്ധവും, സുവിശേഷവിരുദ്ധവുമാണ്. 1991 വരെ സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളില്‍ പള്ളിയും, പള്ളിവക സ്വത്തുക്കളും പള്ളിയോഗത്തില്‍ നിക്ഷിപ്തമായിരുന്നു. എന്നാല്‍ വിദേശത്തുണ്ടാക്കിയ ഒരു പൗരസ്ത്യ കാനോന്‍ നിയമം വിശ്വാസികളറിയാതെ ഇവിടുത്തെ കത്തോലിക്കാ സമൂഹത്തില്‍ 1992-ല്‍ മെത്രാന്മാര്‍ അടിച്ചേല്‍പിക്കുകയായിരുന്നു.

2006 ഒക്‌ടോബര്‍ 14ന് കോട്ടയം ഡി.സി. കിഴക്കേമുറി ഹാളില്‍ പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ വിളിച്ച് കൂട്ടി ഡോ. എം.വി. പൈലി അധ്യക്ഷത വഹിക്കുകയും ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്ത യോഗത്തിന്റെ തീരുമാനപ്രകാരം ഒരുപള്ളി നിയമത്തിന്റെ ഏകദേശരൂപം തയ്യാറാക്കാന്‍ തിരുമാനിക്കുകയുണ്ടായി.

പള്ളി നിയമത്തിന്റെ സാമൂഹിക ആവശ്യം:

ഇന്ത്യന്‍ ഭരമഘടന 26-ാം വകുപ്പനുസരിച്ച് മതങ്ങള്‍ക്ക് സ്ഥാവരവും ജംഗമവുമായ വസ്തുക്കള്‍ ഉടമസ്ഥതയില്‍ വെക്കുന്നതിനും ആര്‍ജ്ജിക്കുന്നതിനും അവകാശമുണ്ട്. എന്നാല്‍ അങ്ങിനെയുള്ള വസ്തുവിന്റെ ഭരണം നിയമനുസൃതമായി നടത്തണമെന്ന് ഭരണഘടന അനുശാസിക്കുന്നു. ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ അനുസരിച്ച് ക്രൈസ്തവ മതങ്ങളുടെ സ്വത്ത് നിയമവിധേയമായി ഭരിക്കുന്നതിനുള്ള അവകാശം ക്രൈസ്തവര്‍ കൂട്ടായി അനുഭവിക്കേണ്ടതാണ്. ക്രൈസ്തവരുടെ ഈ അവകാശം നിയമപരമായി സ്ഥാപിക്കുകയാണ് ചര്‍ച്ച് ആക്ടിന്റെ ലക്ഷ്യം. അതിന് വേണ്ടി തയ്യാറാക്കിയ പള്ളി നിയമത്തിന്റെ ഏകദേശരൂപം ചര്‍ച്ച് ആക്ട് (പള്ളി നിയമം) ഒരു രൂപരേഖ’ 2007 ജൂണ്‍ മാസത്തെ ഓശാന മാസികയിലെ മുഖപ്രസംഗത്തില്‍ വരികയുണ്ടായി. ഈ രൂപരേഖ 2008ല്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള നിയമ പരിഷ്‌കരണ കമ്മീഷന് അയച്ചുകൊടുക്കുകയും ഉണ്ടായി.

2008 സെപ്തബര്‍ 10ന് കേരള കാത്തലിക് ആക്ഷന്‍ കൗണ്‍സില്‍ തൃശ്ശൂരില്‍ വിളിച്ചുചേര്‍ത്ത സെമിനാറില്‍ പള്ളിനിയമത്തിന്റെ ആവശ്യകതയെ പറ്റിയുള്ള പ്രബന്ധാവതരണം നടത്തിയത് പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ ആയിരുന്നു. അന്ന് എം.പി. യായിരുന്ന ലോനപ്പന്‍ നമ്പാടന്‍ ഉദ്ഘാടനം ചെയ്ത പ്രസ്തുത യോഗത്തിന്റെ അധ്യക്ഷന്‍ കാത്തലിക് പ്രീസ്റ്റ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ അംഗമായ ഫാ. ജോണ്‍ കവലക്കാട്ടായിരുന്നു. കേരള കാത്തലിക് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ. ആന്റോ കോക്കാട്ട്, ജോയിന്റ് കണ്‍വീനര്‍ ശ്രീ. വി.കെ. ജോയ് തുടങ്ങിയവര്‍ പ്രാസംഗികരായിരുന്നു. ശ്രീ. ജോയ് പോള്‍ പുതുശ്ശേരി പ്രസതുത യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിന് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുകയുണ്ടായി. തുടര്‍ന്ന് കേരള കാത്തലിക് ആക്ഷന്‍ കൗണ്‍സിലും, 2008 ഒക്‌ടോബറില്‍ രൂപീകൃതമായ കേരള കാത്തലിക് ഫെഡറേഷനും, കേരള കാത്തലിക് ലെമെന്‍ അസ്സോസിയേഷനും മറ്റുപല ക്രൈസ്തവ സംഘടനകളും, ക്രൈസ്തവ സഭയിലെ പ്രമുഖരായ പലരും ഇത്തരം ഒരുനിയമത്തിന്റെ ആവശ്യകത കൃഷ്ണയ്യര്‍ കമ്മിഷനെ നിവേദനം മൂലം അറിയിക്കുകയുണ്ടായി.  അതിന്റെ വെളിച്ചത്തിലാണ് കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009’ എന്ന കരട് ബില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മിഷന്‍ ഗവണ്‍മെന്റിന് ശുപാര്‍ശ ചെയ്ത്. 2009 ജനുവരി 26ന് ഒരു പ്രത്യേക ചടങ്ങില്‍ വെച്ചാണ് അന്നത്തെ നിയമ വകുപ്പ് മന്ത്രിയായിരുന്ന വിജയകുമാറിനെ ഈ കരട് ബില്‍ ഏല്‍പിച്ചത്. ഈ ബില്‍ പാസാക്കുന്നതിന് ഭീരുത്വം തടസ്സമാവരുതെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ അന്ന് തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ യോഗത്തില്‍ ജസ്റ്റിസ് കെ.ടി. തോമസ് പ്രാസംഗികനായിരുന്നു. പ്രൊഫ. എം.വി. പൈലിയേയും ജസ്റ്റിസ് കെ.ടി. തോമസിനേയും  പോലുള്ള മഹാചിന്തകരായ ക്രൈസ്തവര്‍ ഈ ശുപാര്‍ശയെ പൂര്‍ണ്ണമായി പിന്തുണച്ചിട്ടുണ്ട് എന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ തന്റെ ലേഖനങ്ങളില്‍ പ്രതിപാതിച്ചിട്ടുണ്ട്.

ഈ ബില്‍ വഖഫ് ആക്ടിന്റേയും ഗുരുദ്വാര ആക്ടിന്റേയും ചുവടുപിടിച്ച് നിര്‍മ്മിച്ചിരിക്കുന്നതാണ്. വഖഫ് ആക്ടും ഗുരുദ്വാര ആക്ടും ഇന്ത്യയിലെ ഏതൊരു മോസ്‌കിനും, ഗുരുദ്വാരക്കും ബാധകമാണ്. അതുപോലെ ഈ നിയമവും ഏതൊരു ക്രസ്ത്യന്‍ പള്ളിക്കും ബാധകമായിരിക്കും. ആത്മീയ ശുശ്രൂഷയും, ഭൗതിക ഭരണവും പൂര്‍ണ്ണമായും വേര്‍തിരിച്ച് ഭാരത സഭയുടെ പൂര്‍വ്വപാരമ്പര്യം നിലനിറുത്താന്‍ ഈ ബില്‍ ഉപകരിക്കും എന്നതില്‍ സംശയമില്ല. ഈ ബില്ലിനെ നേരിട്ടെതിര്‍ക്കുവാന്‍ ആരും തന്നെ ഇതുവരെ തുനിഞ്ഞിട്ടില്ല എന്നതും വലിയ നേട്ടമാണ്.

ഈ ബില്‍ നിയമമാക്കുന്നതിന് ഗവണ്‍മെണ്ടില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് കേരളത്തിലെ 12 ക്രൈസ്തവ സംഘടനകളുടെ സംയുക്തവേദിയായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ രൂപീകൃതമായത്. 2010 ഓഗസ്റ്റ് 22ന് നടന്ന കണ്‍വന്‍ഷന്‍ ഒരു ചരിത്രസംഭവമായി മാറ്റാന്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന് കഴിഞ്ഞു. കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009’ എന്ന കരട് ബില്ലിന്റെ ശില്‍പിയായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്ത പ്രസ്തുത കണ്‍വെന്‍ഷന്‍ പ്രൊഫ. ജോസഫ്  പുലിക്കുന്നേലിനെ കേരള ക്രൈസ്തവ കേസരിപട്ടം നല്‍കി ആദരിക്കുകയുണ്ടായി.

ഇടത്ത് നിന്ന് ശ്രീ. ഫെലിക്സ് ജെ. പുല്ലൂടന്‍, ശ്രീ. ഹോര്‍മിസ് തരകന്‍, പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍, ശ്രീ. എം.ജി. ദേവസഹായം IAS., ശ്രീ. ലാലന്‍ തരകന്‍. 
2011 മെയ് 1ന് പാലാ ടൌണ്‍ ഹാളില്‍ കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് മുന്‍കയ്യെടുത്ത് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജസ്റ്റിസ് കെ.ടി. തോമസ് ആണ് ഉദ്ഘാടനം ചെയ്യതത്. പ്രൊഫ. എന്‍. എം. ജോസഫ്, പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചിരുന്നു.

ഇന്ന് ഇന്ത്യയില്‍ ക്രൈസ്തവരൊഴിച്ചുള്ള എല്ലാ മതസമൂഹങ്ങള്‍ക്കും അവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് നിയമത്തിന്റെ പരിരക്ഷയുണ്ട്. എന്നാല്‍ ഗവണ്‍മെണ്ട് ഒരു നിയമമുണ്ടാക്കാത്തതുകൊണ്ട് ക്രൈസ്തവര്‍, പ്രത്യേകിച്ച് കത്തോലിക്കാസമൂഹം പുരോഹിതരാല്‍ ചൂഷണം ചെയ്യപ്പെടുന്നു എന്നത് തീരാകളങ്കമാണ്. എത്രയും വേഗം കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009’ നിയമസഭയില്‍ വെച്ച് പാസാക്കി നിയമമാക്കാന്‍ ഗവണ്‍മെണ്ടിന്റെ ഭാഗത്ത് നിന്ന് വീഴ്ച വരരുത്. അങ്ങിനെ സംഭവിക്കുന്നത് മാപ്പര്‍ഹിക്കാത്ത പാതകമാകും.

വി.കെ. ജോയ്, ജനറല്‍ സെക്രട്ടറി,
കേരള കാത്തലിക് ഫെഡറേഷന്‍
മൊ: 944 703 7725

1 comment:

  1. കണ്ടിട്ട് ഒരാള്‍ മാത്രമല്ല, എല്ലാവരും പുലികള്‍

    ReplyDelete