Translate

Wednesday, January 18, 2012

കുര്ബാ്നയ്ക്ക് എന്താ വില?


 കുര്‍ബാനയ്ക്ക് എന്താ വില?

ജെ. മണക്കുന്നേല്‍

(2011 ഡിസംബര്‍ മാസത്തിലെ കുടുംബജ്യോതിസില്‍ വന്ന ലേഖനമാണ് താഴെ കൊടുക്കുന്നത്)

''മുപ്പതു കുര്‍ബാനയ്ക്ക് ഇവിടെ എന്താവില?'' കുര്‍ബാനയ്ക്കു കുറഞ്ഞവില അമ്പേഷിച്ചു വന്ന ഉപഭോക്താവിനെ ഞാനൊന്നു നോക്കി. മൂത്തമുരിങ്ങക്കായ്ക്കു മുഖംവെച്ചപോലെയൊരു സ്ത്രീരൂപം. ''ഇവിടത്തെ കുര്‍ബാനയ്ക്ക് വില നിശ്ചയിക്കാനാവില്ലല്ലോ.'' ഞാനുരിയാടി. ''അപ്പുറത്തെ പള്ളിയില്‍ വലുതിന് നൂറും ചെറുതിന് അമ്പതുമെന്ന് അറിഞ്ഞു. ഇവിടെ കുറവുണ്ടെങ്കില്‍ തരാനായിരുന്നു...'' കീറിത്തുന്നിയ പഴകിയ പണപ്പേഴ്‌സ് തുറക്കാനാഞ്ഞുകൊണ്ട് ആ പട്ടിണിപ്പാതി പറഞ്ഞു.  നരച്ചു നിറംകെട്ട സാരിയും പിഞ്ചിപിടിവള്ളിവിട്ട ചെരുപ്പുമണിഞ്ഞെത്തിയ ആ 'വിവരമില്ലാത്ത' വിശ്വാസിയെ ഞാന്‍ കസേരയിലിരുത്തി. കുര്‍ബാന ഈശോയുടെ കൂദാശയാണെന്നും. അതിനു വില ചോദിക്കാന്‍ നമ്മളാരുമല്ലെന്നും, നമ്മുടെ സമര്‍പ്പണത്തിന്റെ ഭാഗമായി ഒരു തുക ധര്‍മ്മമായി നല്കുന്നതിനെ വിലയായി കണക്കാക്കരുതെന്നുമുള്ള 'വിലയേറിയ' ഉപദേശങ്ങള്‍ ഞാന്‍ കുറെനേരം വിളമ്പി. വിളറി വിയര്‍ത്തിരിക്കുന്ന ആ വിശ്വാസിനിയോടു വിശദവിവരങ്ങള്‍ ആരാഞ്ഞു.

ദലിത് വിഭാഗത്തിലുള്ള ആ സ്ത്രീയെ കെട്ടിടംപണിക്കിടയില്‍ കണ്ടുമുട്ടിയ ഒരുവന്‍ കെട്ടാനൊരുമ്പെട്ടതും,. കൂട്ടിക്കൊണ്ടുപോയി കൂടെപ്പൊറുപ്പിച്ച് രണ്ടു കുട്ടികളുണ്ടായതും. എട്ടുംപൊട്ടും തിരിയാത്ത കുട്ടികളെയും കെട്ടിയവളെയും അവന്‍ പെട്ടെന്നൊരുദിവസം വിട്ടുപോയതുമായ കഥ പറയവേ അവര്‍ പൊട്ടിക്കരഞ്ഞു. ആത്മഹത്യ ചെയ്യാതിരുന്നത് ആരുടെയോ ഉപദേശപ്രകാരംകൂടിയ വചനധ്യാനത്തിന്റെ ചൈതന്യത്തിലാണ് എന്നും പ്രാര്‍ത്ഥിച്ചും വചനം വായിച്ചും കഴിഞ്ഞ  സ്ത്രീ ഒടുവിലാവേശപൂര്‍വ്വം മാമ്മോദീസാ സ്വീകരിച്ചു. ആറാണ്ടിന്റെ വിശ്വാസ പാരമ്പര്യമേ ഉള്ളൂ. രണ്ടുവര്‍ഷംമുമ്പൊരു രണ്ടാംകെട്ടുകാരന്‍ ക്രിസ്ത്യാനി പള്ളിയില്‍വെച്ചവളെ പരിഗ്രഹിച്ചു. ഒരു വര്‍ഷം ആകുംമുമ്പ് അവന്‍ കെട്ടിടത്തിനുമുകളില്‍നിന്നു വീണു നട്ടെല്ലു തകര്‍ന്നു കിടപ്പായി! ആശ്വാസം തേടി ഒരു ധ്യാനമന്ദിരത്തിലെത്തി. 'കരുണയില്ലാത്ത ഒരു കൗണ്‍സിലര്‍ ബ്രദര്‍' കഠിനതകര്‍ച്ചയുടെ കാരണം കണ്ടുപിടിച്ചു. മുമ്പു മരിച്ച മൂന്നു കുടുംബാംഗങ്ങളുടെ 'ആത്മാക്കള്‍' അവളുടെ ശരീരത്തിലൂടെ 'അലസഗമനം' നടത്തുന്നുണ്ടത്രേ! പരലോകത്തു പാര്‍ക്കാന്‍ തക്കപരിശുദ്ധി ഇല്ലാത്തതിനാല്‍ അവര്‍ പട്ടിണിയും പരിവട്ടവുമായി, ഈ പാവപ്പെട്ടവളുടെ അസ്ഥികൂടത്തിനുള്ളിലാണത്രേ ആവേശിച്ചിരിക്കുന്നത്!! മൂന്നുപേര്‍ക്കുംകൂടി പത്തുവീതം മുപ്പതു കുര്‍ബാന ചൊല്ലിച്ചാല്‍ ഇത്തിരി ശമനം കിട്ടിയേക്കും. ബ്രദറിനെ പണം ഏല്പിച്ചാല്‍ അയ്യായിരം രൂപയില്‍ തീര്‍ക്കാമത്രേ..... പണമില്ലാത്തതുകൊണ്ട് ഒന്നും കൊടുത്തില്ല. അത്രയും ഭാഗ്യം!! പലിശപട്ടിണിപടികയറിയ കുടുംബത്തെ പോറ്റാന്‍ പാടുപെടുന്നതിനിടയില്‍ സ്വരുക്കൂട്ടിയ മുഷിഞ്ഞ നോട്ടുകളുമായി കുറഞ്ഞവിലയുള്ള കുര്‍ബാനയും തേടിയിറങ്ങിയ ആ പാവംസ്ത്രീയെ ഞാന്‍, കൗണ്‍സെലിങ് തട്ടിപ്പുകളുടെ പൊരുള്‍ പറഞ്ഞു മനസ്സിലാക്കി. ഒടുവിലൊരു ആശ്വാസത്തിനായി ഒരു കുര്‍ബാനയില്‍ സംബന്ധിക്കാനും അതിനുള്ള ധര്‍മ്മംമാത്രം നല്കാനും ഉപദേശിച്ചു വിടവേ, ആ സ്ത്രീയുടെ ദൈന്യത എന്റെ ഉള്ളു പൊള്ളിക്കുന്ന വേദനയായിത്തീര്‍ന്നു.... ''എന്റെ ആടുകള്‍ അവര്‍ക്കു ഭക്ഷണമായി തീരാതിരിക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍നിന്നും രക്ഷിക്കും'' (എസക്കി. 34: 10).

അലഞ്ഞുതിരിയുന്ന ആത്മാക്കളും അവരെ ഒതുക്കാനുള്ള തത്രപ്പാടുക ളുമാണിന്ന് ചില ധ്യാന -കൗണ്‍സെലിങ് ഗ്രൂപ്പുകളുടെ മുഖ്യ അജണ്ട. സത്യസഭയില്‍നിന്ന് വ്യതിചലിച്ചുപോയ ചില വിഘടന ഗ്രൂപ്പുകളും ഇന്ന് ഇതുപറഞ്ഞാണ് പാവങ്ങളെ പേടിപ്പിച്ചു കൂടെനിര്‍ത്തുന്നത്. പരിഹാരപ്രക്രിയകളുടെ കൂട്ടത്തില്‍ പരിശുദ്ധ കുര്‍ബാനകൂടി ഉള്‍പ്പെടുത്തുന്നത് അവരുടെ വിശ്വാസ്യതയുടെ വിലകൂട്ടുക എന്ന കപടചിന്തയോടെയാണ്. സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം എന്നിവിടങ്ങളിലല്ലാതെ മരിച്ച ഒരുവന്റെ ആത്മാവിന് മറ്റെങ്ങും പോകാനാവില്ലെന്ന് സത്യവിശ്വാസം നമ്മെ പഠിപ്പിക്കുന്നു. രണ്ടു പ്രാവശ്യം ധ്യാനം കൂടിയാല്‍ സാക്ഷ്യത്തൊഴിലാളികളും, മൂന്നുകൂടിയാല്‍ കൗണ്‍സെലറും, നാലുകൂടിയാല്‍ പ്രഭാഷകനും, അഞ്ചുകൂടിയാല്‍ അഭിഷേകത്തിന്റെയെല്ലാം മൊത്തക്കച്ചവടക്കാരനുമാക്കുന്ന ധ്യാനടീമുകളെയും മന്ദിരങ്ങളെയും സൂക്ഷിക്കുക. കൗണ്‍സെലിങിന്റെ ബാലപാഠങ്ങള്‍പോലുമറിയാത്ത കൗണ്‍സെലിങുകാരെയും. സ്വയംപ്രഖ്യാപിത 'ബ്രദറു'മാരെയും അകറ്റിനിര്‍ത്തിയില്ലെങ്കില്‍, മാനസികസംഘര്‍ഷവും ധനനഷ്ടവും മാനഹാനിയും ഉറപ്പ്.

''വഞ്ചിക്കപ്പെടാതിരിക്കാനും ഭോഷത്തംമൂലം നിന്ദിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കുക'' (പ്രഭാ. 13:8)

പ്രതികരണം                  ജോസഫ് പുലിക്കുന്നേല്‍

ലേഖകന്‍ പറയുന്നു കുര്‍ബാനപണം കുര്‍ബാനയ്ക്കുള്ള ധര്‍മ്മമാണെന്ന്. ധര്‍മ്മമാണെങ്കില്‍ ഒരു വ്യക്തി സ്വമേധയാ നല്‍കുന്നതാണ്. എന്നാല്‍ ഇന്ന് പല പള്ളികളുടെയും ''തിരുമുറ്റത്ത്'' ഹോട്ടലിലെ വിലവിവരപ്പട്ടിക പോലെ കുര്‍ബാനയ്ക്കും അന്നീദായ്ക്കും ഒപ്പീസിനും എല്ലാം വിവിധ നിര ക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതുകാണാം. മസാല ദോശ, നെയ്‌റോസ്റ്റ്, സാധാ ദോശ മുതലായ ദോശകള്‍ക്ക് വ്യത്യസ്ത വിലയെന്നപോലെ കുര്‍ബാനയ്ക്കും വില നിര്‍ണ്ണയിച്ചരിക്കുന്നു. 

2 comments:

  1. കര്‍ത്താവേ, നീ കുര്ബാനയെന്ന യാന്ത്രികബലി സ്ഥാപിച്ച്വോ ഇല്ലയോ? അതോ ഭക്തിമൂത്ത, തലയില്‍ ഒന്നും ഇല്ലാതിരുന്ന ചിലര്‍ കണ്ടുപിടിച്ച ഒരേര്‍പ്പാടാണോ ഇത്? ഏതായാലും കുര്‍ബാന എന്ന ഓര്‍മ്മയാചരണം ജീവിച്ചിരിക്കുന്നവര്‍ക്കായി ഉദ്ദേശിച്ചിരിക്കാം എന്നതില്‍ക്കവിഞ്ഞ്, അത് മരിച്ചവര്‍ക്ക് ആശ്വാസം കൊടുക്കുന്ന ഒരു മാജിക് ആണെന്ന്‌ പറയുന്നവരെയും അതിന് കാശ് വാങ്ങുന്നവരെയും നീ വച്ച് പൊറുപ്പിക്കുന്നതെന്തുകൊണ്ട്?

    ദൈവത്തെ സ്നേഹിക്കുന്നതിനു പകരം ഭയന്ന് കഴിഞ്ഞിരുന്ന പഴയ നിയമത്തിലെ ജനം പാപപരിഹാരത്തിനായി ആടുമാടുകളെ ബലികഴിച്ചിരുന്നു. ഇതിന്റെ ബാക്കിയായിട്ടാണ് യേശുവിന്റെ മരണം മൊത്തം മനുഷ്യകുലത്തിന്റെ പാപബലിയായി കരുതപ്പെടുന്നത്. അതില്‍ വിശ്വസിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ. എന്നാല്‍ ആ ബലി ഒരു വൈദികന്‍ കാണിക്കുന്ന ചില പൂജാരിപ്പണികള്‍ വഴി അതേ അര്‍ത്ഥത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു എന്ന് പറഞ്ഞുപരത്താനും അത് വിശ്വസിക്കാനും ആളുണ്ടായി. ഈ പൂജാകൃത്യങ്ങള്‍ മരിച്ചവര്‍ക്ക് ഗുണം ചെയ്യുമെന്നത് മദ്ധ്യനൂറ്റാണ്ടു മുതല്‍ മാത്രം പാശ്ചാത്യസഭ തുടങ്ങിവച്ച തഴക്കമാണ്. കുര്‍ബാന ഒരു കൂട്ടായ്മയുടെ ആരാധനാശീലമായിരുന്നെങ്കില്‍, കാശുകൊടുത്തുള്ള 'ബലി'യര്‍പ്പിക്കല്‍ അര്‍ത്ഥമില്ലാത്ത ഒരു ഒറ്റയാന്‍ തന്തന്ത്രമായി അധ:പ്പതിച്ചു പോയ ഏര്‍പ്പാടാണ്. 'പണിക്കൂലി' കൂടുതല്‍ വാങ്ങാനായി, തുടര്‍ക്കുര്‍ബാനകള്‍ വരെ നടപ്പിലായി. കുര്‍ബാന യേശുവിന്റെ ബലിയുടെ തനി ആവര്‍ത്തനമാണെന്നും അതിന്റെ ഫലം അനന്തമാണെന്നും പഠിപ്പിക്കുന്നവര്‍ തന്നെയാണ്, ഒരേ നിയോഗത്തിനായി ഏഴും മുപ്പതും കുര്‍ബാനകള്‍ വരെ ആയിക്കോട്ടെ എന്നും അരുളിച്ചെയ്തതും! ഗ്രിഗോറിയന്‍ കുര്‍ബാനയും ഡോളര്‍ കുര്‍ബാനയും മറ്റും അങ്ങനെ ഉണ്ടായതാണ്. എട്ടും പൊട്ടും തിരിയാത്ത കൂലിവിശ്വാസികള്‍ക്ക്, ചിന്തിക്കാന്‍ സമയം എവിടെ?

    ഇങ്ങനെ തുടര്‍ക്കുര്‍ബാനകള്‍ക്കായി പാവങ്ങളായിരുന്ന മാമലച്ചേടത്തിയും അയല്‍വക്കത്തെ കരിവേലിക്കല്‍ മരിയച്ചേടത്തിയും കാശ് സംഭരിച്ചുകൊണ്ടുവന്ന് എന്റെ വല്യമ്മയുടെ കൈവശം കൊടുക്കുകയും അത് ഞാന്‍ അസ്സീസി ആശ്രമത്തിലെ ക്രിസ്റ്റഫര്‍ അച്ചനെ ഏല്‍പ്പിക്കുകയും എത്രയോ തവണ ചെയ്തിട്ടുണ്ട്!

    മരിച്ചവര്‍ക്കായി കുര്‍ബാന ചൊല്ലിക്കാന്‍ കാശില്ലാത്തവരുടെ ബന്ധുക്കള്‍ ശുദ്ധീകരണ സ്ഥലത്ത് ചെറിയ തീയില്‍ കിടന്നു കരിക്കട്ടയാവട്ടെ; കാശുള്ളവര്‍ക്ക് പിറ്റേ ദിവസം തന്നെ മുകളിലേയ്ക്ക് വീസാ വാങ്ങി സ്ഥലം വിടാം എന്ന് തരപ്പെടുത്തുന്ന ദൈവമാണോ യേശുവിന്റെ പിതാവ്?

    ReplyDelete
    Replies
    1. കുര്‍ബാന ഒരു പരിധി വരെ പേഗന്‍ ആയ ഒരു ആചാരത്തിന്റെ ഭാഗം ആണ്. ബൈബിളോ യേശുവിന്റെ ജീവിത സന്ദേശമോ ഒന്നും വെച്ച് അതിനെ വിലയിരുത്താനോ അതിലുള്ള നീതി രാഹിത്യത്തെ പ്രതി ക്രിസ്തുവിനെ പഴിക്കാനോ വകുപ്പില്ല. ബൈബിളിനെക്കാള്‍ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നത് മൂലമുണ്ടാവുന്നതാണ് ഇതൊക്കെ. പഴയനിയമത്തിന്റെ തുടര്‍ച്ച എന്ന രീതിയില്‍ ക്രൈസ്തവതയെ കാണുമ്പോള്‍ സ്വാഭാവികമായും ഇതൊക്കെ സംഭവിക്കും.
      ഇതൊക്കെ കുര്ബാനയുടെയോ സഭയുടെയോ പ്രശ്നമല്ല. പൂജകള്‍ക്കും അഞ്ജലികള്‍ക്കും പണം കൊടുക്കുന്നതുപോലെ തന്നെ ഇതും.
      മതത്തെ വെറുതെ യേശുവുമായി കൂട്ടി കുഴയ്ക്കരുത്. ഒരു മതത്തില്‍ വിശ്വസിക്കുക എപ്പോഴും കാശുമുടക്കുള്ള പണിയാണ്. :-)

      Delete