Translate

Friday, January 20, 2012

മഞ്ചട്ടി (മോചന കാഹളം)


മതമെന്ന മഞ്ചട്ടി മനസ്സില്‍ കടിച്ചു:
മനസ്സാക്ഷിയില്‍ പാപവിഷബാധയേറ്റു.
കരളില്‍ വിഷം കേറി സിരയില്‍ വിഷം കേറി
മനുഷ്യന്റെയാത്മാവിലഖിലം വിഷം കേറി.
തലയില്‍ കുരുക്കള്‍, തൊലിയില്‍ കുരുക്കള്‍,
മനുഷ്യന്റെയാത്മാവിലഖിലം കുരുക്കള്‍.
കണ്ണില്‍ കൊടും പുണ്ണ്, കാതില്‍ കൊടും പുണ്ണ്,
മനുഷ്യന്റെയാത്മാവില്‍ നിറയെ കൊടും പുണ്ണ്.
പടരുന്നു കുഷ്ഠം, നിറയുന്നു കുഷ്ഠം
മനുഷ്യന്റെയാത്മാവിലളിയുന്നു കുഷ്ഠം.
വികൃതം പിടിച്ചാകെ മുരടിച്ചു ചിത്തം,
ചലനം നിലച്ചാകെ മരവിച്ചു ചിത്തം.
മതമേ മനോരോഗിയാക്കല്ലെയെന്നെ;
മതിയാക്കു നീ നിന്‍ മലിനം പുരട്ടല്‍.
വിഷബാധ നീക്കാന്‍ സുഖശാന്തി നല്കാന്‍
വരണേ കനിഞ്ഞങ്ങു ഗുരുവേശുനാഥാ.


അനുരണനങ്ങള്‍                         ജോര്‍ജ് മൂലേച്ചാലില്‍
    
'മതം മനുഷ്യനെ മയക്കുന്ന കറുപ്പാ'ണെന്നു പറഞ്ഞുകൊണ്ട്, കാള്‍ മാര്‍ക്‌സ് തന്റെ കാലഘട്ടത്തിലെ മതത്തെ വിമര്‍ശിച്ചു. യേശു, താന്‍ കണ്ട മതം 'അന്ധരെ അന്ധര്‍ നയിക്കുന്ന' ഒരു പുരോഹിത നിയമജ്ഞസംവിധാനമാണെന്നുകണ്ട് അതിനെതിരെ ഗര്‍ജ്ജിച്ചു. ഇവിടെയിപ്പോള്‍, താന്‍ അംഗമായിരിക്കുന്ന കത്തോലിക്കാമതത്തെ നോക്കി, അതിനെ മഞ്ചട്ടിപ്പാമ്പിനോട് ഉപമിക്കുകയാണ് ഗുരുദാസച്ചന്‍.

ഈ വിമര്‍ശനങ്ങളുടെയെല്ലാം സന്ദേശങ്ങള്‍ക്ക് സമാനതയുണ്ട്: മതം മനുഷ്യനെ മയക്കുന്നതായിരിക്കരുത്; മറിച്ച്, അവന്റെ ആന്തരികതയെ തട്ടിയുണര്‍ത്തി അവനെ കര്‍മ്മോത്സുകനാക്കുന്നതായിരിക്കണം. അത് മനുഷ്യന്റെ ഉള്‍ക്കണ്ണു തുറന്ന് എല്ലാ അന്ധതകളും അകറ്റുന്നതായിരിക്കണം; മനുഷ്യനില്‍ ഉള്‍ക്കാഴ്ചയുടെ ദീപം തെളിച്ചുകൊടുക്കുന്നതായിരിക്കണം. മതം, തിന്മയുടെ ഏതു കാളകൂടവിഷത്തെപ്പോലും നിര്‍വീര്യമാക്കുന്ന ഔഷധമായിരിക്കണം-ഇങ്ങനെയൊക്കെയാണെങ്കില്‍ മാത്രമേ അത് യഥാര്‍ത്ഥ മതമാകൂ.

എന്നാല്‍, സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതങ്ങളുടെ സഞ്ചാരം എന്നും യഥാര്‍ത്ഥ മതദര്‍ശനങ്ങള്‍ക്ക് എതിര്‍ദിശയിലാണ്. അവിടെ 'മതം', മനുഷ്യരെ മയക്കുന്ന കറുപ്പും അവരില്‍ അന്ധത സൃഷ്ടിക്കുന്ന നിയമാനുഷ്ഠാനങ്ങളും, അവരുടെ മനഃസാക്ഷിയില്‍ പാപബോധമെന്ന വിഷം തീണ്ടുന്ന മഞ്ചട്ടിയുമായി പ്രത്യക്ഷപ്പെടുന്നു!

'മത' ത്തിന്റെ മഞ്ചട്ടിക്കടി കുഞ്ഞുന്നാളിലേ ഏല്‍ക്കുന്നവരാണ് കത്തോലിക്കരെല്ലാംതന്നെ. അതോടെ മനഃസാക്ഷി പാപബോധത്തിന്റെ വിഷബാധയിലാകുകയായി. ശരീരത്തിനു സുഖവും മനസ്സിനു സന്തോഷവും നല്‍കുന്നവ എന്തെല്ലാമാണോ, അതെല്ലാം പാപമാണെന്ന നിഷേധചിന്ത അതോടെ തലയിലും മനസ്സിലുമാകെ വ്യാപിക്കുകയായി. ആസകലം വ്യാപിക്കുന്ന ഈ വിഷബാധയുടെ ഫലമായി, അന്യഥാ സുന്ദരമായിരിക്കുന്ന ജീവിതത്തെയപ്പാടെ വികൃതവും വിരൂപവുമാക്കുവാന്‍ ഓരോ കത്തോലിക്കനും സ്വന്തം മനഃസാക്ഷിയാല്‍ത്തന്നെ ബാധ്യസ്ഥനായിത്തീരുന്നു! തന്മൂലം വൈദികരും വിശ്വാസികളുമെല്ലാം പരസ്പരം പൊരുതിനില്‍ക്കുന്ന ഒരുതരം വിഘടിവ്യക്തിത്വ(split personality)ങ്ങള്‍ക്ക് ഉടമകളായിത്തീരുന്നു.

'മോചനകാഹള'ത്തിന്റെ ആമുഖത്തില്‍ ഗുരുദാസച്ചന്‍തന്നെ ഈ ദുരവസ്ഥയെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു: ''വൈരുദ്ധ്യത്തിന്റെ പ്രതീകമാണ് വൈദികരിലേറെപ്പേരും. ഒരു കൈകൊണ്ടു മധു വിളമ്പും, മറുകൈകൊണ്ട് മാരകവിഷവും..... അതുകൊണ്ട്, പുരോഹിതന്റെ ഛായാചിത്രം വരയ്ക്കുന്ന കലാകാരന്മാര്‍ ഓര്‍ത്തിരിക്കുക: അദ്ദേഹത്തിന്റെ ഒരു കയ്യില്‍ അമൃതകുംഭവും മറുകയ്യില്‍ കാകോളകൂടവും കൊടുക്കണം.... ദൈവം മനുഷ്യനു നല്‍കിയിരിക്കുന്ന വിശിഷ്ടദാനങ്ങളായ ലൈംഗികവികാരങ്ങളും വിചാരങ്ങളും 'അശുദ്ധപാപം' ആണെന്ന കുറ്റബോധം നിമിത്തം മനസ്സുനീറി നരകിച്ച കത്തോലിക്കാ വിശ്വാസികള്‍, പ്രതേ്യകിച്ചു യുവതീയുവാക്കള്‍, അനേകരില്ലേ? ആരാണവര്‍ക്കു നരകം സൃഷ്ടിച്ചത്? ആരാണവരുടെ മനസ്സില്‍ പുണ്ണു നിറച്ചത്?.....അഡല്‍മാനെപ്പോലെയുള്ള കഠിനഹൃദയരായ സന്മാര്‍ഗ്ഗ ശാസ്ത്രജ്ഞരും അവരുടെ സിദ്ധാന്തങ്ങള്‍ മുഴുവനോടെ വിഴുങ്ങി അതേപടി മനുഷ്യമനസ്സുകളിലേക്കു ഛര്‍ദ്ദിച്ച കത്തോലിക്കാ വൈദികരുമല്ലേ?'' (പേജ്:8,9)

എല്ലാവരുടെയും ഉള്ളില്‍ സഹജമായി വര്‍ത്തിക്കുന്ന സ്‌നേഹമെന്ന അതിഹൃദ്യമായ ദൈവികതത്വത്തെ മനുഷ്യഹൃദയങ്ങളില്‍ തട്ടിയുണര്‍ത്തിയും പകര്‍ന്നുകൊടുത്തും സ്വയം മാതൃകകളായും, ആനന്ദകരമായ പാരസ്പര്യജീവിതത്തിനു വഴിവെട്ടേണ്ട ആദ്ധ്യാത്മിക ശുശ്രൂഷകരാണ്, പുരോഹിതന്മാരായി വേഷം മാറിവന്ന് അവരില്‍ കൃത്രിമപാപബോധം സൃഷ്ടിച്ചുകൊണ്ട് അവരുടെ ജീവിതത്തെ നരകതുല്യമാക്കിത്തീര്‍ക്കുന്നത് എന്നോര്‍ക്കുക. ഇവരുടെ പഠിപ്പിക്കലുകളുടെയെല്ലാം സാരം 'ജീവിതനിഷേധമാണു പുണ്യം' എന്നതാണ്. നല്‍കപ്പെട്ടിരിക്കുന്ന അമൂല്യമായ ജീവിതത്തെയോര്‍ത്ത്, അതില്‍ നിറച്ചുതന്നിരിക്കുന്ന അത്ഭുതകരമായ അനുഭൂതികളെയോര്‍ത്ത്, ഹൃദയം സന്തോഷംകൊണ്ടു തുടിക്കുകയും കൃതജ്ഞതാനിര്‍ഭരമാകുകയും ചെയ്യാന്‍ പഠിപ്പിക്കേണ്ടതിനു പകരം, അതെല്ലാം പിശാചിന്റെ കെണികളാണെന്നു പഠിപ്പിച്ച് അവനവനോടുതന്നെ യുദ്ധം ചെയ്യുവാന്‍ ആഹ്വാനം നല്‍കുകയാണ് കത്തോലിക്കാ പൗരോഹിത്യം. മനുഷ്യന്റെ ശാരീരിക ചോദനകളെയും മാനസ്സികമായ സിദ്ധി-വൈഭവങ്ങളെയും ആത്മീയാവബോധത്തിന്റെ വെളിച്ചത്തില്‍ ഉല്‍ഗ്രഥിക്കാന്‍ സഹായിക്കേണ്ടതിനുപകരം, അവയെയെല്ലാം പരസ്പരം ചിതറിച്ച് ജീവന്‍ കെടുത്തുകയാണു പൗരോഹിത്യം. ലോകജീവിതവുമായി ബന്ധപ്പെട്ട എന്തിലുമേതിലും പാപബോധത്തിന്റെ 'മലിനംപുരട്ടല്‍' നടത്തുകയാണവര്‍. അങ്ങനെ, ''വികൃതം പിടിച്ചാകെ മുരടിച്ചു ചിത്തം, ചലനം നിലച്ചാകെ മരവിച്ചു ചിത്തം'' എന്ന ദുരവസ്ഥയില്‍ വിശ്വാസികള്‍ എത്തിപ്പെട്ടിരിക്കുന്നു.

വിദ്യാഭ്യാസപരമായും സാമ്പത്തികമായും മറ്റുള്ളവരെക്കാള്‍ ഒരു പടി മുകളിലാണെന്നു ധരിച്ചുവശായിരിക്കുന്ന കേരളത്തിലെ കത്തോലിക്കരുടെയും, അവരെ ആ നിലയിലെത്തിച്ചതില്‍ വ്യര്‍ത്ഥാഭിമാനം കൊള്ളുന്ന സഭാധികാരികളുടെയും ആന്തരികമായ പാപ്പരത്തം തുറന്നു കാണിക്കുന്നു, ഗുരുദാസച്ചന്റെ ശക്തമായ ഈ കവിത. സ്വധര്‍മ്മനിര്‍വ്വഹണത്തിനുള്ള ഊര്‍ജ്ജസ്രോതസ്സായി മിന്നിത്തിളങ്ങി ഒരാഘോഷമായി മാറുമായിരുന്ന മനുഷ്യജീവിതം, എല്ലാ ഊര്‍ജ്ജവും ചോര്‍ന്ന് ഉദാസീനവും നിരുന്മേകരവുമായിത്തീര്‍ന്നിരിക്കുന്നതിന്റെ അടിസ്ഥാന കാരണത്തിലേക്കു ഉള്‍ക്കാഴ്ച ലഭിക്കാന്‍ അനുവാചകര്‍ക്ക് ഈ കവിത തീര്‍ച്ചയായും ഉപകരിക്കും.

No comments:

Post a Comment