Translate

Friday, January 13, 2012

ബിഷപ്പ് തട്ടുങ്കല്‍ ഇനി ഷോപ്പിങ് കോംപ്ലക്സ് മാനേജര്‍


ബിഷപ്പായിരിക്കെ പെണ്‍കുട്ടിയെ ദത്തെടുത്ത്‌ വിവാദം സൃഷ്ടിച്ച്‌ മെത്രാന്‍പദവി നഷ്‌ടപ്പെട്ട ജോണ്‍ തട്ടുങ്കല്‍ ഇപ്പോള്‍ പൗരോഹിത്യജീവിതവും പൂര്‍ണമായി ഉപേക്ഷിച്ചു. ഒരാഴ്‌ചമുമ്പാണ്‌ ഇതുസംബന്ധിച്ച്‌, തട്ടുങ്കല്‍ റോമില്‍ സഭാ നേതൃത്വത്തിനു കത്തുനല്‍കിയിരുന്നു‌. സഭയുടെ ഇറ്റലിയിലുള്ള വിവിധ സ്‌ഥാപനങ്ങളില്‍ അധ്യാപനം നടത്തിവരികയായിരുന്ന തട്ടുങ്കല്‍, സഭാവസ്ത്രം ഉപേക്ഷിച്ച് മനിലയില്‍ ഒരു ഷോപ്പിംഗ്‌ കോംപ്ലക്‌സിന്റെ മാനേജരായി ജോലിയില്‍ പ്രവേശിച്ചു. ദത്തെടുത്ത പെണ്‍കുട്ടിയും അദ്ദേഹത്തോടൊപ്പം പുതിയ താമസസ്ഥലത്തുണ്ട്. ഡോര്‍മെറ്ററിയും സൂപ്പര്‍ മാര്‍ക്കറ്റുമുള്‍പ്പെട്ട കോംപ്ലക്‌സിലാണ് ഇരുവരുടേയും താമസം.

മറ്റൊരു സഭയിലെ വൈദികന്റെ മകളെ ദത്തെടുത്ത ജോണ്‍ തട്ടുങ്കല്‍ പെണ്‍കുട്ടിയെ കൊച്ചി ബിഷപ്‌സ് ഹൗസില്‍ പാര്‍പ്പിച്ചതോടെയാണു വിവാദം ഉയരുകയായിരുന്നു. വൈദികര്‍ അദ്ദേഹത്തിന്റെ നടപടിയ്ക്കെതിരേ രംഗത്തുവന്നു. പെണ്‍കുട്ടിയുടെ രക്‌തമെടുത്തു തളിച്ച്‌ അവരെ തട്ടുങ്കല്‍ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സഭാനുസൃതമല്ലാത്ത നടപടികളുമായി മുന്നോട്ട് പോയ തട്ടുങ്കലിനെ മെത്രാന്‍ പദവിയില്‍നിന്ന്‌ സഭ നീക്കം ചെയ്തു. എന്നാല്‍ സ്‌ഥാനമൊഴിയാന്‍ കൂട്ടാക്കാതിരുന്ന തട്ടുങ്കലിന്റെ നടപടിയെ തുടര്‍ന്ന്, വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പായിരുന്ന ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ നിര്‍ദേശപ്രകാരം പ്രത്യേക വൈദികസംഘം അന്വേഷണം നടത്തി. അന്വേഷണത്തില്‍ തട്ടുങ്കല്‍ സഭാവിരുദ്ധ നടപടിയാണ്‌ നടത്തിയതെന്ന് ബോധ്യപ്പെട്ടതോടെ മെത്രാന്‍ പദവിയില്‍നിന്നു നീക്കി.

കുറേക്കാലം ദത്തെടുത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ച ശേഷം തട്ടുങ്കല്‍ ഇറ്റലിയിലേക്കു മാറുകയായിരുന്നു. അവിടെയും പത്തനംതിട്ടക്കാരിയായ പെണ്‍കുട്ടി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇറ്റലിയില്‍ സഭയുടെ വിവിധ സ്‌ഥാപനങ്ങളില്‍ ജോണ്‍ തട്ടുങ്കലിനെ പഠിപ്പിക്കാന്‍ അനുവദിച്ചതിനെതിരെയും നിരവധി പരാതികള്‍ കേരളത്തില്‍ നിന്നും പോയിരുന്നു. ദത്തെടുക്കല്‍ വലിയൊരു തലവേദനയഅയി മാറിയതോടെ ദത്തൊഴിയാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. പെണ്‍കുട്ടിയെ മകളായി കണക്കാക്കിയാണ്‌ അദ്ദേഹം കൂടെ പാര്‍പ്പിച്ചിട്ടുള്ളതെന്ന്‌ പറയപ്പെടുന്നു.

3 comments:

  1. അഭിഷിക്തര്‍ ദൈവത്തെക്കാള്‍ കൂടിയ എന്തോ ജനുസ്സില്‍ പെടും എന്നാണല്ലോ പാവം കുഞ്ഞാടുകളുടെ വിശ്വാസം. അത് കൊണ്ടാണല്ലോ ലളിതജീവിതം നയിച്ചിരുന്നു യേശുവിന്റെ പേരുംപറഞ്ഞ് ദേഹമാനങ്ങാതെ, അത്യാടംഭാര ജീവിതം നയിക്കാന്‍ അവര്ക്ക് കഴിയുന്നത്. അവര്‍ ബാലികമാരെ പീഡിപ്പിചാലും ജനം അവരെ ആദരിച്ചുകൊണ്ടിരിക്കും!

    വൈദികനായും മെത്രാനായും അഭിഷ്ക്ക്തനായ ഒരാളുടെ കഥയാണിത്. സഹോദരന്മാരെ, യേശുവിനെ പോലെ യേശു മാത്രമേ ഉള്ളൂ; അദ്ദേഹത്തിന്റെ പേരും പറഞ്ഞു വരുന്ന കള്ളന്മ്മാരെ ഒരു സംശയത്തോടെ നോക്കുന്നത് നല്ലതാണ്.

    ReplyDelete
  2. ജോണ്‍തട്ടുങ്കല്‍ കാനോന്‍ നിയമങ്ങളില്‍ വലിയ ഒരു പണ്ഡിതനാണ്. എന്നാല്‍ ബിഷപ്പിന്‍റെ പേരില്‍ ഉണ്ടായിരുന്ന ആരോപണം നിയമത്തില്‍ ഒരു അപ്പന്‍ എന്നനിലയില്‍ കാനോന്‍നിയമങ്ങള്‍ ലംഘിച്ചുവെന്നായിരുന്നു.സഭയില്‍ ഇങ്ങനെയുള്ള ചരിത്രങ്ങള്‍ ധാരാളമുണ്ടെന്നു ഇദ്ദേഹം വിമര്‍ശക‍ര്‍ക്കുമറുപടി നല്‍കുമായിരുന്നു.

    58വയസ്സുള്ള ബിഷപ്പ് 26 വയസ്സുള്ള സോണിയയില്‍ ഏതോ ആത്മീയശ ക്തി കണ്ടെത്തി. പരിശുദ്ധാത്മാവ്‌ ഇവരില്‍ പ്രവര്‍ത്തിക്കുന്നുവെന്നു ബിഷപ്പ് ചിന്തിച്ചു. ഇവരുടെ ബന്ധം തികച്ചും ആത്മീയമായിരുന്നുവെന്നു ഇദ്ദേഹം പറഞ്ഞിരുന്നു. നിയമപരമായ മകളായി രജിസ്റ്റര്‍ ചെയ്യുകയും തന്‍റെ എല്ലാ സ്വത്തുക്കളുടെമേല്‍ സോണിയയെ പൂര്‍ണ്ണഅവകാശിയാക്കുകയും ചെയ്തു. ഇവര്‍ പത്തനംതിട്ടയിലുള്ള ഒരു ഓര്‍ത്തോഡോക്സ്പുരോഹിതന്‍റെ നാലാമത്തെ മകള്‍ ആയിരുന്നു .

    ബിഷപ്പിന്‍റെ അഭിപ്രായത്തില്‍ സോണിയാ പ്രവചനംപറയുവാന്‍ കഴിവുള്ള ദൈവത്തിന്‍റെ വരദാനമെന്നാണ്. ഇവര്‍മൂലം ബിഷപ്പിനും ആത്മീയ ശക്തി പതിന്മടങ്ങ്‌ വര്‍ദ്ധിച്ചുവെന്നും അവകാശപ്പെട്ടു. ഈ സ്ത്രീ വരുന്നസമയങ്ങളില്‍ പരിശുദ്ധാത്മാവ്‌ തന്നിലേക്ക് ആവഹിച്ചിരുന്നുവെന്നു അവകാശപ്പെട്ടു.

    എം.ബി. എ.വിദ്യാര്‍ഥിനിയായിരുന്ന ഇവര്‍ കൂടെകൂടെ ബിഷപ്പിന്‍റെ കൊട്ടാരത്തില്‍ ഒരു മേല്‍ക്കൂരയ്ക്കു താഴെ താമസിച്ചിരുന്നു. ഈ സ്ത്രീയുടെ ശാത്താന്‍സേവയില്‍ ബിഷപ്പ് അങ്ങനെ ആകൃഷ്ടനായി. ഇവരുടെ വായില്‍നിന്നു രക്തംചീറ്റുമ്പോള്‍ പ്രവചനങ്ങളും പരമാനന്ദനിര്‍വൃതിയും ബിഷപ്പിന് അനുഭവപ്പെട്ടിരുന്നു.

    അരമനക്ക്ചുറ്റും കൂടിയിരിക്കുന്ന ദുഷിച്ച ഭൂതപ്രേതതികളെ ഇവരുടെ
    രക്തംകൊണ്ട് ശുദ്ധി വരുത്താമെന്നു ഈ സ്ത്രീ വാഗ്ദാനവും നല്‍കി. അവര്‍ പറഞ്ഞതിന്‍പ്രകാരം പള്ളിയിലും അരമനയിലും ആ സ്ത്രീയുടെ അത്ഭുതകരമായ രക്തം എല്ലായിടവുംതളിച്ചു. സാധാരണ രാത്രികാലങ്ങളില്‍ ചെയ്യുന്ന ഒരു ചാത്തന്‍സേവക്കു തുല്യമായിരുന്നു ഈ ചടങ്ങുകള്‍.ബിഷപ്പിന് ഒരു കുട്ടിയുണ്ടാകുമെന്നും ജനനശേഷം കൊച്ചിരൂപതയുടെ ആത്മീയ രക്ഷകനാകുമെന്നും പ്രവചിച്ചു. വരുവാനിരിക്കുന്ന ലോകത്തിന്‍റെ രക്ഷകനായും ഈ കുഞ്ഞു അറിയപ്പെടും.ബിഷപ്പിനെ പരാമര്‍ശിച്ചു ദുഷിച്ചപ്രചരണം നടത്തിയ പല പുരോഹിതരെയും സ്ഥലമാറ്റംനടത്തി. ഇതായിരുന്നു ജോണ്‍ തട്ടിങ്കല്‍‍ എന്ന ബിഷപ്പിന്‍റെ കഥ .

    മറ്റു ലൈഗികപീഡന കഥകളൊന്നും ഈ മുന്‍ബിഷപ്പിനെപ്പറ്റി പറയുന്നത് കേട്ടിട്ടില്ല. ഈ കഥ വായിച്ചിട്ട് ഇയാള്‍ ഒരു മാനസ്സികരോഗിയെന്നുമാത്രം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇയാള്‍ക്ക് ദരിദ്രര്‍ ആയ കൊച്ചുകുട്ടികളെ ദത്തെടുക്കാന്‍ മേലായിരുന്നുവോ എന്നും ചോദ്യങ്ങള്‍ ഉണ്ട്. ഇരുപത്തി എട്ടു വയസ്സുള്ള സ്ത്രീ ഇയാളുടെ അന്തപുരത്ത് താമസിക്കുന്നതും
    കാനോന്‍നിയമങ്ങളായി തുലനം ചെയ്തതും വിചിത്രമായിരിക്കുന്നു. ഇനി മകള്‍ അയാളുടെ വെപ്പാട്ടിയാകാതെ ഇരുന്നാല്‍ മതി. അങ്ങനെ സംഭവിച്ചാലും കാനോന്‍നിയമങ്ങളും ബൈബിളും വളച്ചൊടിക്കാനും ഇത്തരം പണ്ഡിതന്മാര്‍ വിരുതരാണ്.

    ഉല്പത്തി പത്തൊന്‍പതാം അദ്ധ്യായം 33-35 വചനംപോലെ ഇയാള്‍ ഇനി ഒരു "ലോത്ത്" ആകാതെയിരുന്നാല്‍ മതി. സോണിയയില്‍ നിന്നു വീഞ്ഞ്കുടിച്ചു മതിമറന്നു തട്ടുകടയിലെ ദോശയും തിന്നു പുതിയ കാനോന്‍നിയമങ്ങളുമായി മനുഷ്യനെ പഠിപ്പിക്കതെയിരുന്നാല്‍ മതി. ജനിക്കാന്‍ പോകുന്ന കുഞ്ഞു
    തട്ടുംപുറത്തെ ദൈവമായി കഴിഞ്ഞുകൊള്ളട്ടെ.

    ReplyDelete
  3. മനുഷ്യന്‍ ഏകാനായിരിക്കുന്നത് നന്നല്ല അതുകൊണ്ട് ദൈവം അവന്‍റെ ഒരു എല്ല് ഊരിയെടുത്ത്‌ ഹവ്വയെ സൃഷ്ടിച്ചു. തട്ടുങ്കല്‍ ഏകാനായിരിക്കുന്നത് നന്നല്ല എന്ന് അദ്ദേഹത്തിന് തന്നെ തോന്നിയിരിക്കും...എന്‍റെ അഭിഷിക്തരെ തൊട്ടു പോകരുത് എന്നാണത്രേ ബൈബിളില്‍ പറയുന്നത്. എന്നിട്ടും തട്ടുങ്കലിനെതിരെ തൊടാന്‍ മറ്റ് അഭിഷിക്തര്‍ തയ്യാറായത്‌ എന്ത് കൊണ്ടായിരിക്കും ? തട്ടുങ്കല്‍ കൈ വച്ച് അഭിഷിക്തരാക്കിയവര്‍ ആരെങ്കിലും ഉണ്ടാവുമോ? എന്താണ് ഇനി അവരുടെ അവസ്ഥ?

    ReplyDelete