Translate

Sunday, January 8, 2012

വിദ്യാഭ്യാസ മേഖലയിലെ കോഴ: അപകട സൂചനകള്‍


സ്വാശ്രയ-എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ചില ദുഷ്പ്രവണതകള്‍ കാണുമ്പോള്‍ കേരളത്തില്‍ ഇപ്പോള്‍ കലുഷിതമായ വിദ്യാഭ്യാസരംഗം കൂടുതല്‍ കലുഷിതമാകുന്നതല്ലാതെ നന്നാകുന്ന യാതൊരു ലക്ഷണവും കാണുന്നില്ല. അഴിമതിക്കെതിരെ ഇന്ത്യയിലാകെ ജനരോഷം ഉയര്‍ന്നുവരുന്ന ഈ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസരംഗത്തെ അഴിമതി അവസാനിപ്പിക്കാന്‍ ഭരണാധികാരികള്‍ക്കും നിയമനിര്‍മാതാക്കള്‍ക്കും നിയമവ്യാഖ്യാതാക്കള്‍ക്കും കടമയുണ്ട്. പ്രധാനമായി രണ്ട് സ്രോതസ്സുകളില്‍ കൂടിയാണ് കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് അഴിമതി നടക്കുന്നത്.

സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ പ്രവേശനത്തിനായി കോഴ വാങ്ങുന്നതാണ് ഒരു പ്രധാന അഴിമതി. ഇതിനെപ്പറ്റി അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ക്കൂടി പുറത്തുവരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ എവിടെയാണ് ഇതിന്റെ പഴുതെന്ന് കണ്ടുപിടിക്കാന്‍ വലിയ പ്രയാസമില്ല. ചില സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ പ്രവേശനത്തിനായി അരക്കോടി രൂപവരെ കോഴ വാങ്ങുന്നതായാണ് ആരോപണങ്ങള്‍ ഉയരുന്നത്. ഇത്തരത്തിലുള്ള പ്രവേശനത്തിന് മാത്രമാണ് പ്രൈവറ്റ് മാനേജ്‌മെന്റുകളുടെ കണ്‍സോര്‍ഷ്യം സ്വന്തമായി പ്രവേശന പരീക്ഷ നടത്തുന്നത്.

ഇക്കൂട്ടര്‍ ഗവണ്‍മെന്റ് നടത്തുന്ന പ്രവേശനപ്പരീക്ഷയിലെ ലിസ്റ്റില്‍ നിന്ന് പ്രവേശനം നല്‍കാന്‍ തയ്യാറാകാത്തത് അവര്‍ക്ക് ഈ കോഴ കിട്ടാനുള്ള സാധ്യത ഇല്ലാതാകുന്നതുകൊണ്ടാണെന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. ഗവണ്‍മെന്റ് നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ റാങ്ക് മേല്‍പ്പറഞ്ഞ മാനേജ്‌മെന്റുകള്‍ എന്തുകൊണ്ട് അംഗീകരിക്കുന്നില്ലെന്ന് പറയാന്‍ ഇതുവരെ അവര്‍ തയ്യാറായിട്ടില്ല. ഇത്തരം കോളേജുകളുടെ പ്രവേശനത്തിന്റെ സുതാര്യത ഉറപ്പാക്കുന്നതിന് നിയമിക്കപ്പെട്ട കമ്മിറ്റിയുടെ ചെയര്‍മാനായി ഞാന്‍ പ്രവര്‍ത്തിച്ചപ്പോഴാണ് പ്രൈവറ്റ് മാനേജ്‌മെന്റുകളുടെ കണ്‍സോര്‍ഷ്യം എന്തിനാണ് വേറിട്ട പ്രവേശനപ്പരീക്ഷ നടത്തുന്നത് എന്നെനിക്ക് മനസ്സിലായത് - കോഴ വാങ്ങുന്നതിന് മാത്രം.

ഗവണ്‍മെന്റ് നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ റാങ്കടിസ്ഥാനത്തില്‍ മാത്രമേ പ്രവേശനം നടത്താവൂ എന്ന നിയമം കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ പ്രാരംഭ ഘട്ടത്തില്‍കൊണ്ടുവന്നിരിക്കുന്നു എന്ന വസ്തുത ഞാന്‍ മറക്കുന്നില്ല. എന്നാല്‍, ആ വകുപ്പ് പ്രൈവറ്റ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. അത് സംബന്ധിച്ചുണ്ടായ ഹൈക്കോടതി വിധിയെപ്പറ്റി ഞാന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. സുപ്രീംകോടതിയില്‍ ആ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകള്‍ നില്‍ക്കുന്നതുകൊണ്ടാണ് ഞാന്‍ അതേപ്പറ്റി പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്തത്.

എല്ലാ അര്‍ത്ഥത്തിലും സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കണ്‍സോര്‍ഷ്യം വേറിട്ട പ്രവേശനപ്പരീക്ഷ നടത്താന്‍ ശ്രമിക്കുന്നത് വന്‍ തുക കോഴ വാങ്ങി അര്‍ഹതയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം കൊടുക്കുന്നതിനുവേണ്ടിയുള്ള തന്ത്രമാണെന്ന് കേരളത്തിലെ സാമാന്യ ബുദ്ധിയുള്ള എല്ലാ ജനങ്ങള്‍ക്കും മനസ്സിലാകും.

വിദ്യാഭ്യാസരംഗത്തെ രണ്ടാമത്തെ അഴിമതി എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (കോളേജ് തലത്തിലും അതിന് താഴെയുള്ള തലത്തിലും) നിയമനങ്ങള്‍ നടത്തുന്നതിന് മാനേജ്‌മെന്റുകള്‍ കോഴ വാങ്ങുന്നതാണ്. ഈ കോഴസംഖ്യ അനുദിനം വലുതായി ഭീമാകാരരൂപം പൂണ്ടുവരുന്നു. എയ്ഡഡ് അല്ലാത്ത കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിയമനത്തിന് ഒരു മാനേജ്‌മെന്റും കോഴ വാങ്ങുന്നതായി കേട്ടിട്ടില്ല. വിദ്യാര്‍ത്ഥി പ്രവേശനത്തിനും എയ്ഡഡ് സ്ഥാപനങ്ങളില്‍ (പ്രത്യേകിച്ച് ചില കോഴ്‌സുകള്‍ക്ക്) വന്‍തുക കൊടുക്കാതെ പ്രവേശനം നല്‍കുന്നില്ല. ഇതിന്റെയൊക്കെ ഫലമായി അര്‍ഹതപ്പെട്ട ബിരുദധാരികള്‍ കോഴ കൊടുക്കാന്‍ നിവൃത്തിയില്ലാതെ പുറംതള്ളപ്പെടുമ്പോള്‍ അര്‍ഹതയില്ലാത്തവരോ അര്‍ഹത കുറഞ്ഞവരോ പണത്തിന്റെ കൊഴുപ്പുകൊണ്ട് നിയമനങ്ങള്‍ നേടുന്നു. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ പുറത്തുനില്‍ക്കുമ്പോള്‍ പണക്കൊഴുപ്പുകൊണ്ട് അര്‍ഹതയില്ലാത്തവരോ അര്‍ഹത കുറഞ്ഞവരോ പ്രവേശനവും നേടുന്നു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് കോഴ വാങ്ങുന്നത് അഴിമതിയാണ് എന്ന് വരികിലും അതുസംബന്ധിച്ച നടപടികള്‍ക്ക് ഒരു വിദ്യാഭ്യാസ വിജിലന്‍സ് സെല്‍ രൂപവല്‍ക്കരിച്ചാല്‍ മാത്രമേ പ്രവേശനത്തിന് കോഴ ഇല്ലാതാക്കാനോ കുറയ്ക്കാനോ കഴിയൂ.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് വന്‍തുകകള്‍ കോഴയായി വാങ്ങുന്ന സാഹചര്യം സൃഷ്ടിച്ചതിന് ഗവണ്‍മെന്റുകള്‍ക്ക് (വലതായാലും ഇടതായാലും) ഒരു വലിയ പങ്കുണ്ട്. പൊതുഖജനാവില്‍നിന്ന് ശമ്പളം കൊടുക്കുന്ന അധ്യാപകന്മാരെ നിയമിക്കുന്നതിനുള്ള അവകാശം ഗവണ്‍മെന്റിനുതന്നെ വേണമെന്ന് പറയാമെങ്കിലും ഏറ്റവും കുറഞ്ഞത് പി.എസ്.സി.യുടെ ലിസ്റ്റില്‍ നിന്ന് മാത്രമേ സ്ഥാപനത്തിന്റെ മാനേജര്‍മാര്‍ അപ്രകാരമുള്ള അധ്യാപക തസ്തികയിലേക്ക് നിയമനം നടത്താന്‍ പാടുള്ളൂ എന്ന് എന്തുകൊണ്ട് വ്യവസ്ഥ ചെയ്യുന്നില്ലെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തങ്ങള്‍ക്ക് പൊതു ഖജനാവില്‍ നിന്നുള്ള ഒരു സഹായവും വേണ്ട. തങ്ങള്‍ നിയമിക്കുന്ന അധ്യാപകര്‍ക്ക് തങ്ങള്‍തന്നെ ശമ്പളം കൊടുത്തുകൊള്ളാമെന്ന് പറയുന്ന മാനേജ്‌മെന്റുകള്‍ക്ക് അതിനുള്ള പൂര്‍ണ അവകാശം ഉണ്ട്.  ഇവിടെ കോഴ വാങ്ങി നിയമനം നടത്തുമ്പോള്‍ കോഴപ്പണം മുഴുവന്‍ മാനേജ്‌മെന്റിന്റെ പണപ്പെട്ടിയിലേക്ക് പോവുകയും നിയമിക്കപ്പെടുന്ന അധ്യാപകരുടെ മുഴുവന്‍ സേവനകാലത്തെയും പ്രതിമാസ ശമ്പളവും സേവനത്തിനുശേഷം ആയുഷ്പര്യന്തം പെന്‍ഷനും കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിന്റേതാകുന്നുവെന്നതും കൊണ്ടാണ് ഞാനിത് ചൂണ്ടിക്കാണിക്കുന്നത്.

ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ നടത്താനുള്ള അവകാശം എന്താണോ, ആ അവകാശംതന്നെ ഭൂരിപക്ഷം നടത്തുന്ന സ്ഥാപനങ്ങളുടെ ഉടമകള്‍ക്കും ഉണ്ടാകും എന്ന് മറക്കരുത്. ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ വ്യവസ്ഥയാണത്. സുപ്രീംകോടതിയുടെ 11 അംഗ ബെഞ്ച് ടി.എം.എ. പൈ കേസില്‍ ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ ന്യൂനപക്ഷങ്ങളോ ഭൂരിപക്ഷങ്ങളോ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതു ഖജനാവില്‍നിന്ന് അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്ന പക്ഷം പി.എസ്.സി. വഴി നിയമനം നടത്തുന്ന വ്യവസ്ഥ ഭരണഘടനയ്ക്ക് വിധേയമായിരിക്കുമെന്ന് 1959-ല്‍ത്തന്നെ സുപ്രീം കോടതി (കേരള വിദ്യാഭ്യാസ ബില്‍ കേസ്) പറഞ്ഞിട്ടുണ്ടെന്ന കാര്യം വിസ്മരിക്കരുത്. എന്നാല്‍ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പൊതു ഖജനാവില്‍നിന്നും അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കേണ്ട വ്യവസ്ഥിതിയില്‍ മാനേജ്‌മെന്റുകള്‍ ഭീമമായ സംഖ്യ കോഴ വാങ്ങി നിയമനം നടത്തുന്ന സാഹചര്യത്തിനുനേരെ എന്തുകൊണ്ട് ഗവണ്‍മെന്റുകള്‍ ഇപ്പോഴും നിസ്സഹായരായി തുടരുന്നു എന്ന് എനിക്കു മനസ്സിലാകുന്നില്ല. യു.ഡി.എഫ്. ഗവണ്‍മെന്റിന് സമുദായ മാനേജ്‌മെന്റുകളോട് ആഭിമുഖ്യമോ വിധേയത്വമോ ഉണ്ടെന്ന് ആരോപണം നടത്തുന്ന എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നപ്പോള്‍ അവരെങ്കിലും ഈ നിയമനങ്ങള്‍ പി.എസ്.സി. വഴി നടത്തണമെന്ന നിബന്ധന കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ച കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളില്‍ ഒരാളാണ് ഞാനും. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, ആ പ്രതീക്ഷ അസ്ഥാനത്തായിപ്പോയി. അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയോട് ഇക്കാര്യം ഒന്നില്‍ കൂടുതല്‍ തവണ ഞാന്‍ പറഞ്ഞിരുന്നു. മറ്റു ഘടകകക്ഷികളുടെ സമ്മര്‍ദ്ദംകൊണ്ട് അത് നടക്കാതെ വരുന്നു എന്ന നിസ്സഹായാവസ്ഥ അദ്ദേഹം എന്നോടു പറഞ്ഞു.

ഈ രാജ്യത്ത് എയ്ഡഡ് കോളേജുകളിലും സ്‌കൂളുകളിലും നടക്കുന്ന വന്‍ നിയമനക്കച്ചവടതട്ടിപ്പുകള്‍ അറിയാത്തവരായി ആരുമില്ല. കൂടുതല്‍ അര്‍ഹതയുള്ളവര്‍ കോഴ കൊടുക്കാനുള്ള പണമില്ലാതെ പുറത്ത് നില്‍ക്കുകയും അര്‍ഹതയില്ലാത്തവര്‍ കോഴ കൊടുത്ത് (കള്ളപ്പണമോ അല്ലാത്തതോ) സര്‍ക്കാരിന്റെ ശമ്പളവും പെന്‍ഷനും വാങ്ങുന്ന ഉദ്യോഗങ്ങളില്‍ കയറിപ്പറ്റുകയും ചെയ്യുന്നത് കാണുമ്പോഴുള്ള മനസ്സിന്റെ വേദന ഈ നാട്ടിലെ ജനങ്ങളില്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നുള്ള പരമാര്‍ത്ഥം ഇരു മുന്നണികളും മറക്കരുതെന്ന് ഞാനോര്‍മിപ്പിക്കട്ടെ. അനതിവിദൂര ഭാവിയില്‍ ഇത് ആളിക്കത്തുന്ന ജനരോഷമായി രൂപാന്തരം പ്രാപിക്കുമെന്ന് മനസ്സിലാക്കാനുള്ള രാജ്യതന്ത്രജ്ഞത ഭരണാധികാരികള്‍ക്കുണ്ടാകണം. ഈ വ്യവസ്ഥിതിക്കെതിരായ ജനരോഷം സമ്മര്‍ദതന്ത്രങ്ങളുപയോഗിച്ച് എത്ര നാള്‍ അടിച്ചമര്‍ത്താന്‍ സാധിക്കുമെന്നെനിക്കറിയില്ല.

അധര്‍മം കാണുമ്പോള്‍ അതിനെതിരായി പ്രതികരിക്കുന്നവരെ നിശബ്ദരാക്കാന്‍ സ്വീകരിക്കുന്ന ഒരടവ് വിശ്വാസത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പേരു പറയലാണ്. ഈ രണ്ടു ഘടകങ്ങളെയും അടിസ്ഥാനമാക്കി അഴിമതിക്ക് അപവാദമാകാനോ അഴിമതിയില്‍ നിന്ന് വിമുക്തമാകാനോ ഭരണഘടനയിലോ ഇതര നിയമസംഹിതകളിലോ ഒരു വകുപ്പും ഇന്നുവരെ കണ്ടില്ലെന്ന പരമാര്‍ത്ഥവും ഈ അവസരത്തില്‍ പറയാന്‍ ഞാനാഗ്രഹിക്കുന്നു.

ജസ്റ്റിസ് കെ. ടി. തോമസ് (സുപ്രിം കോടതി മുന്‍ ജഡ്ജി, മുന്‍ ചെയര്‍മാന്‍ - സ്വാശ്രയ കോളേജ് ഫീസ് നിര്‍ണയ കമ്മിറ്റി, സ്വാശ്രയ കോളേജ് പ്രവേശന സുതാര്യത ഉറപ്പുവരുത്തുന്ന കമ്മിറ്റി)

(കടപ്പാട് : മാതൃഭൂമി ദിനപത്രം, ജൂലൈ 23, 2011)

പ്രതികരണം                 ജോസഫ് പുലിക്കുന്നേല്‍

വിദ്യാലയങ്ങളില്‍ സ്വതന്ത്രമായി ഫീസ് നിശ്ചയിക്കാനും അധ്യാപകരെ നിയമിക്കാനുമുള്ള അവകാശത്തിനുവേണ്ടിയാണ് യേശു അവതരിച്ചതും കുരിശുമരണം വരിച്ചതും എന്ന് ഇന്നത്തെ പുരോഹിതരുടെ പണാര്‍ത്തി കണ്ടാല്‍ തോന്നിപോകും. ക്രൈസ്തവ മതമെന്നാല്‍ തങ്ങള്‍ക്ക് എന്തുംചെയ്യാന്‍ അധികാരമുള്ള വേദിയാണെന്ന ധാര്‍ഷ്ഠ്യമാണ് ഇന്ന് പുരോഹിതരെ നയിക്കുന്നത്. ഒരു കാലത്ത് സഭകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന മനുഷ്യസേവനത്തിന്റെ മുഖം ഇന്ന് സമ്പത്തിന്റെയും അധികാര ഭരണത്തിന്റെയും നിരങ്കുശതയാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് അവരുടെ സംസ്‌കാരം സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ ഭരണഘടന 30-ാം വകുപ്പ് നല്‍കിയിരിക്കുന്ന വിദ്യാഭ്യാസാവകാശത്തെ ഇന്ന് പുരോഹിതര്‍ അവരുടെ അട്ടിപ്പേറാക്കി അനുഭവിക്കുകയാണ്. കാനോന്‍ നിയമത്തിന്റെ പേരില്‍ പള്ളിവകയായ സമ്പത്തും സ്ഥാപനങ്ങളും തങ്ങളുടേതാക്കി അതു നിലനിര്‍ത്തുന്നതിനുള്ള രാഷ്ട്രീയശക്തി ആര്‍ജിക്കലാണ് ഇന്ന് മെത്രാന്മാര്‍ നടത്തുന്നത്. ഇതിനെ എതിര്‍ക്കുന്നവരെയെല്ലാം മുച്ചൂടും അവഹേളിക്കാനുള്ള കഴിവാണ് ഇന്നത്തെ ദൈവശാസ്ത്രം. എത്ര കാലം ഇതു കൊണ്ടു നടക്കാനാകും എന്ന് ആത്മാര്‍ത്ഥതയുള്ള പുരോഹിതരെങ്കിലും വല്ലപ്പോഴും ചിന്തിക്കുന്നത് നന്നായിരിക്കും. 

1 comment:

  1. The Supreme Court has already chastised private schools for such matters:

    http://www.dnaindia.com/india/report_don-t-crib-on-free-seats-to-poor-supreme-court-tells-private-schools_1512290

    Another summary report:

    http://www.thehindu.com/news/national/article1487677.ece

    I guess these are relevant data points.

    ReplyDelete