Translate

Thursday, December 1, 2011

മോചനകാഹളം – ആമുഖം (Part 1)



Fr. James Gurudas CMI, director of Sneha Vaani in Kottayam (Thellakom) has recetly published a collection of his poem entitled മോചനകാഹളം.  The author has permitted us to publish all the poems included in this book in this Blog.  Our gratitude to Fr. Gurudas.

Fr. Gurudas could have asked one of his thousands friends to write a befitting Introduction for the book.  But, knowing the explosive nature of the book, he himself undertook the responsibility and, lo and behold, it is a literary piece!

We are posting this Introduction in 4 parts (in view of its length) for anyone with an open mind to read, think and to enjoy.

Start reading the poetic works of Fr. Gurudas soon in Almaya Sabdam.

Administrator, Almaya Sabdam


''ജീവിതം, അടിച്ചമര്‍ത്തപ്പെട്ട ജീവിതം, അതില്‍നിന്നേ പിറക്കൂ മിന്നല്‍ പിണറുകള്‍.'' മുണ്ടശ്ശേരിയുടെ ഈ പ്രസ്താവന ഖണ്ഡിക്കാന്‍ ആര്‍ക്കു കഴിയും.

അടിച്ചമര്‍ത്തപ്പെട്ട മനസ്സില്‍ നിന്നുയര്‍ന്ന മിന്നല്‍ക്കൊടികളാണ് ഈ ഗ്രന്ഥത്തിലെ കവിതകള്‍ മിയ്ക്കതും. അടിമത്തം അനുഭവിച്ച നല്ല മനസ്സിനു അടിമകളെ മോചിക്കാന്‍ ആവേശം തോന്നും. അടിമത്തം അനുഭവിച്ച ദുഷ്ട മനസ്സിനോ അടിമകളെ സൃഷ്ടിക്കാന്‍ ആസക്തിയും. മതാധിപത്യത്തിന്റെ നീരാളിക്കൈകളിലകപ്പെട്ട നിസ്സഹായരായ വിശ്വാസികളോടു തോന്നിയ സഹതാപമാണ് ഈ ഗ്രന്ഥത്തിലെ കവിതകളുടെ പ്രചോദനം. അക്കാരണത്താല്‍ തന്നെ ഇതിലെ അന്തര്‍ധാരകളില്‍ അതിപ്രധാനം മനുഷ്യമനസ്സുകളുടെ മോചനത്തിനുവേണ്ടിയുള്ള കാഹളം വിളിയാണ്. 'മോചനകാഹളം' എന്ന പേരിന്റെ സാംഗത്യവും അതുതന്നെ.

ജ്ഞാനികളായ വൈദികര്‍ മനുഷ്യമനസ്സിനു മോചനം നല്കി മനസ്സുകളെ ഒന്നിപ്പിക്കുന്നു. അതേ സമയം വിവരംകെട്ട വൈദികര്‍ വികൃത വിശ്വാസങ്ങളായ ദുരാത്മാക്കളെ കയറ്റി മനുഷ്യമനസ്സിനെ അടിമയാക്കുന്നു; മനസ്സുകളെ തമ്മില്‍ ഭിന്നിപ്പിയ്ക്കുകയും ചെയ്യുന്നു. മനസ്സിനെ അടിമയാക്കുന്ന അമിതഭയം, അന്യമതവിദ്വേഷം മുതലായ പ്രേതങ്ങളുടെ ബാധയില്‍ നിന്നും അതിനെ മോചിപ്പിക്കേണ്ടതു അടിയന്തിരാവശ്യമാണല്ലൊ. ഹൃദയശൂന്യരായ വൈദികര്‍ ദുര്‍ബ്ബലമനസ്സുകളില്‍ കയറ്റിയിരിക്കുന്ന ദുര്‍ഭൂതങ്ങള്‍ അതിന്റെ കയ്യും കാലും കൂച്ചിക്കെട്ടിയിട്ടിരിക്കുന്നതിന്റെ ചിത്രം ഗ്രന്ഥത്തിന്റെ മുന്‍വശത്തുകാണാം.

യഹൂദമതത്തിലെ ഇരുന്നൂറ്റിനാല്‍പ്പത്തിയെട്ട് ആജ്ഞാനിയമങ്ങളില്‍ നിന്നും (Commands) മുന്നൂറ്റിഅറുപത്തഞ്ചു നിരോധനനിയമങ്ങളില്‍ നിന്നും (Prohibitions) തന്റെ ശിഷ്യരെ വിമോചിപ്പിച്ച് ദൈവമക്കള്‍ക്കു യോജിച്ച സ്വാതന്ത്ര്യത്തിലേക്കു നയിച്ച ജഗദ്ഗുരുവാണ് യേശു. അവിടുത്തെ ശിഷ്യരുടെ ജന്മാവകാശമാണ് മാനസ്സിക സ്വാതന്ത്ര്യം. സര്‍വ്വമനുഷ്യരുടെയും പിതാവായ ഏകദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് സര്‍വ്വരെയും സ്‌നേഹിക്കണം എന്നതല്ലാതെ മറ്റൊരു കടമയും അവര്‍ക്കില്ല. അവരുടെ ചുമലില്‍ നിയമനുകങ്ങള്‍ കയറ്റാന്‍ ആര്‍ക്കും അധികാരമില്ല.

അമ്പത്തൊന്നു വര്‍ഷത്തിനു മുമ്പ് സന്യാസസഭയില്‍ ചേര്‍ന്ന് വൈദികനെന്ന നിലയില്‍ നാല്പതിലധികം വര്‍ഷവും ദൈവശാസ്ത്രാധ്യാപകനെന്ന നിലയില്‍ ഇരുപത്തിയഞ്ചു വര്‍ഷവും പിന്നിട്ടിരിക്കുന്ന ഈ ഗ്രന്ഥകാരനു കത്തോലിക്കാസഭയില്‍ നിരവധി അടിമകളെ നേരിട്ടറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

എന്റെ സുഹൃത്തും പ്രശസ്ത സന്മാര്‍ഗ്ഗ ശാസ്ത്രാദ്ധ്യാപകനുമായ ഒരു വൈദികന്‍ പല വേദികളിലും പങ്കുവച്ച ഒരനുഭവം കേള്‍ക്കുക: വെന്തിങ്ങയിടാതെ മരിച്ചാല്‍ നരകത്തില്‍ പോകുമെന്നു മൂഡവിശ്വാസിയായ ഒരു വൈദികന്‍ പറഞ്ഞതു ബാലനായിരിക്കെ അദ്ദേഹത്തിന്റെ മനസ്സില്‍ തറഞ്ഞു കയറിയിരുന്നു. വൈകുന്നേരം ആറ്റില്‍ കുളിക്കുന്ന സമയത്തു വെന്തിങ്ങാ നഷ്ടപ്പെട്ടു. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നിട്ട് ഉറക്കം വരുന്നില്ല. ഈ രാത്രിയില്‍ താന്‍ മരിച്ചാല്‍ നിത്യനരകത്തീയില്‍ നിപതിക്കുമല്ലോ എന്ന ഭയംകൊണ്ടു വിറച്ചു നേരം വെളുപ്പിച്ചു. പിറ്റേ ദിവസം വെന്തിങ്ങാ കഴുത്തിലിടുന്നതുവരെ അദ്ദേഹം നരകഭയമാകുന്ന നരകത്തീയില്‍ മരിക്കാതെ മരിച്ചു കിടന്നു.

മഞ്ചട്ടി വൈദികരുടെ വിഷവചനങ്ങള്‍ കയറി നരകിച്ചവരും നരകിയ്ക്കുന്നവരുമായ എത്രയോ പേര്‍ വേറെ.

മൂര്‍ഖന്‍ കടിച്ചാല്‍ മിക്കപ്പോഴും ഉടനെ തന്നെ മരിക്കും. മഞ്ചട്ടി കടിച്ചാലോ, മരിക്കാതെ മരിക്കും. ദേഹം മുഴുവന്‍ കുരുക്കള്‍ നിറഞ്ഞു വിരൂപമാകും. കാലിലെ മാംസം മുഴുവനും ദ്രവിച്ച് അസ്ഥി തെളിഞ്ഞവരെ ഈ ഗ്രന്ഥകാരന്‍ പുതുപ്പള്ളിയിലെ വിഷചികിത്സാലയത്തില്‍ കണ്ടിട്ടുണ്ട്.
വൈരുധ്യത്തിന്റെ പ്രതീകമാണു വൈദികരിലേറെപ്പേരും. ഒരു കൈകൊണ്ടു മധു വിളമ്പും, മറുകൈകൊണ്ട് മാരകവിഷവും. കുടിവെള്ളം കൊടുക്കുന്ന കൈ കൊണ്ടുതന്നെ ചിലപ്പോഴൊക്കെ അതില്‍ നഞ്ചും കലര്‍ത്തും, മനപ്പൂര്‍വ്വമല്ലെങ്കിലും. പായസത്തോടൊപ്പം പാഷാണവും വിളമ്പും. അവര്‍ കൃഷി ചെയ്തു സൗജന്യമായി നല്കുന്ന വചനപ്പച്ചക്കറികളില്‍ മരണം വിതയ്ക്കുന്ന കീടനാശിനിയും കാണാം. അതുകൊണ്ടു പുരോഹിതന്റെ ഛായാചിത്രം വരയ്ക്കുന്ന കലാകാരന്മാര്‍ ഓര്‍ത്തിരിയ്ക്കുക: അദ്ദേഹത്തിന്റെ ഒരു കയ്യില്‍ അമൃതകുംഭവും മറുകയ്യില്‍ കാകോള കുടവും കൊടുക്കണം.

യുവ വൈദികനായിരിക്കെ ഒരു റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയ്ക്കു മനഃശ്ശാന്തി നല്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട കാര്യം ഇപ്പോഴും എന്റെ മനസ്സില്‍ തെളിഞ്ഞു നില്കുന്നു.

അദ്ദേഹത്തിന്റെ പ്രശ്‌നം അതീവ ഗുരുതരം! ഒരു വെള്ളിയാഴ്ച മാംസം ഭക്ഷിച്ചുപോയി. അതു ചാവുദോഷമാണെന്നു വൈദികര്‍ വ്യക്തമായി പഠിപ്പിക്കുന്നില്ലേ. ചാവുദോഷം ചെയ്തവര്‍ക്കു വിധിച്ചിരിക്കുന്ന ശിക്ഷ നിത്യനരകവും! നിത്യനരകത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നവനാണു താന്‍ എന്ന തോന്നല്‍ കൊണ്ട് അദ്ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ ഞാന്‍ നിരത്തിയ ദൈവശാസ്ത്രയുക്തികളൊക്കെ വിഫലമായെന്നു പറഞ്ഞാല്‍ മതിയല്ലൊ. പല തവണ പറഞ്ഞു കുമ്പസാരിച്ചിട്ടും പാപം പോയിട്ടില്ല എന്ന തോന്നലിനു കാരണം അദ്ദേഹത്തിന്റെ സംശയരോഗം (Scruples) ആണെന്നു വാദിച്ചേക്കാം. എന്നാല്‍ അപഹാസ്യമായ നിയമങ്ങള്‍ നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ മനസ്സില്‍ വിഷം കുത്തിവച്ചത് ദൈവ പ്രതിനിധികളെന്നു സ്വയം വിശേഷിപ്പിച്ചു നടക്കുന്ന മഞ്ചട്ടി മതാധികാരികളല്ലേ?

മഞ്ചട്ടിക്കടിയേറ്റു കുരുക്കള്‍ നിറഞ്ഞിരിക്കുന്ന ബലഹീന മനസ്സുകളെ മനസ്സില്‍ വച്ചുകൊണ്ടാണ് ''മതമെന്ന മഞ്ചട്ടി മനസ്സില്‍ കടിച്ചു.'' ''മതമേ മനോരോഗിയാക്കല്ലെ എന്നെ'' എന്നൊക്കെ ഞാനെഴുതിയിരിക്കുന്നത്.

ദൈവം മനുഷ്യനു നല്‍കിയിരിക്കുന്ന വിശിഷ്ട ദാനങ്ങളായ ലൈംഗിക വികാരങ്ങളും വിചാരങ്ങളും 'അശുദ്ധപാപം' ആണെന്ന കുറ്റബോധം നിമിത്തം മനസ്സുനീറി നരകിച്ച കത്തോലിക്കാ വിശ്വാസികള്‍, പ്രത്യേകിച്ച് യുവതീയുവാക്കള്‍ അനേകരില്ലേ. ആരാണവര്‍ക്ക് നരകം സൃഷ്ടിച്ചത്? ആരാണവരുടെ മനസ്സില്‍ പുണ്ണു നിറച്ചത്? ലൈംഗിക വിചാരംപോലും അതില്‍ത്തന്നെ മാരകപാപമാണെന്നും അറിവിന്റെയോ സമ്മതത്തിന്റെയോ അപൂര്‍ണ്ണത നിമിത്തമേ അതു ലഘുപാപമാകുകയുള്ളുവെന്നും ഗ്രന്ഥങ്ങളില്‍ എഴുതിവച്ച അഡല്‍മാനെപ്പോലെയുള്ള കഠിനഹൃദയരായ സന്മാര്‍ഗ്ഗ ശാസ്ത്രജ്ഞരും അവരുടെ സിദ്ധാന്തങ്ങള്‍ മുഴുവനോടെ വിഴുങ്ങി അതേപടി മനുഷ്യമനസ്സുകളിലേക്കു ഛര്‍ദ്ദിച്ച കത്തോലിക്കാ വൈദികരുമല്ലേ.

കരിസ്മാറ്റിക്ക് ധ്യാനത്തിനിടെ യുവാക്കളെ കുമ്പസാരത്തിനൊരുക്കുന്നതിനായി ധ്യാനഗുരു വായിച്ച പാപപ്പട്ടിക കേള്‍ക്കാനിടയായി.  ദിഗന്തങ്ങളില്‍ മുഴങ്ങുംവിധം മൈക്കിലൂടെ വായിച്ചതുകൊണ്ട് കേള്‍ക്കാന്‍ ഒട്ടും ബുദ്ധിമുട്ടു തോന്നിയില്ല. ശ്രോതാക്കളുടെ കുടല്‍ വായില്‍ വരത്തക്കവിധം ഉച്ചത്തില്‍ പാടണമെന്നും പ്രാര്‍ത്ഥിക്കണമെന്നും പ്രസംഗിക്കണമെന്നും കരിസ്മാറ്റിക്കുകള്‍ക്കു  നിര്‍ബന്ധമാണല്ലൊ! ലിസ്റ്റ് കേട്ട ഞാന്‍ നെടുവീര്‍പ്പിട്ടു കരഞ്ഞു: ദൈവമേ, യുവാക്കന്മാരില്‍ ആരും സ്വര്‍ഗ്ഗത്തില്‍ പോകുകയില്ലല്ലോ എന്നോര്‍ത്ത്! പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീപുരുഷന്മാരില്‍ ആരും തന്നെ സ്വര്‍ഗ്ഗത്തില്‍ പോകുകയില്ലല്ലോ എന്ന ചിന്തയും എന്നെ ദുഃഖത്തിലാഴ്ത്തി!

എങ്കിലും സ്വര്‍ഗ്ഗത്തില്‍ പോകുന്ന കേരള കത്തോലിക്കര്‍ക്കു ലഭിക്കാനിരിക്കുന്ന സൗഭാഗ്യമോര്‍ത്ത് ഞാന്‍ സന്തോഷിച്ചു: വിമാനത്തില്‍ യാത്രക്കാര്‍ തീരെ കുറവെങ്കില്‍ കുറേ ഇക്കോണമി സീറ്റുകാര്‍ക്ക് ചക്കാത്തില്‍ എക്‌സിക്യൂട്ടീവ് കിട്ടും. അല്ലെങ്കില്‍ അടുത്തടുത്തു കിട്ടുന്ന പല സീറ്റുകള്‍ ഉപയോഗിച്ച് സുഖമായി ഇരുന്നോ കിടന്നോ യാത്ര നടത്തുകയും ചെയ്യാം. അതുപോലെ പാശ്ചാത്യരുടെയും യുവാക്കന്മാരുടെയും അസാന്നിധ്യത്തില്‍ കേരളകത്തോലിക്കര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പല സീറ്റുകള്‍ സ്വന്തമായി കിട്ടുമല്ലൊ!

കത്തോലിക്കാവൈദികര്‍ ഒരു മനുഷ്യനെപ്പറ്റി 'അയാള്‍ immoral (അസാന്മാര്‍ഗ്ഗി) ആണ്.' എന്നു പറയുന്നുവെങ്കില്‍ ശ്രോതാക്കള്‍ക്കു തീര്‍ച്ചയാക്കാം അയാള്‍ എന്തോ ലൈംഗീകകുറ്റം ചെയ്തുവെന്ന്. കാരണം 'മൊറാലിറ്റി' മുഴുവന്‍ ഒരൊറ്റ കുടുക്കയിലാക്കി ഗുഹ്യസ്ഥാനത്തു തൂക്കിയിട്ടിരിക്കുകയാണ്! കുറുക്കന്റെ കണ്ണു കോഴിക്കൂട്ടില്‍;  കത്തനാരുടെ കണ്ണു ഗുഹ്യക്കുടക്കയില്‍. ഹീനമായ വിധം അപവാദങ്ങള്‍ പരത്തി ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നതുപോലും 'ഇമ്മോറല്‍' അല്ല!

എനിയ്ക്കു പലപ്പോഴും തോന്നിയിട്ടുണ്ട് കത്തോലിക്കാ വൈദികരെ കഷ്ടപ്പെടുത്തുന്ന കാര്യങ്ങളില്‍ ഏറ്റം കഠിനമായതു ലൈംഗിക പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തനിര്‍ണ്ണയമാണല്ലോ എന്ന്. ലൈംഗിക ചലനങ്ങളുടെയും സ്രാവങ്ങളുടെയും അളവ്, തൂക്കം, വേഗം മുതലായവ കൃത്യമായി കണക്കാക്കി പാപം ചാവുദോഷമോ, പാപദോഷമോ എന്നു നിശ്ചയിക്കണം. അതിനുവേണ്ടി ചില വൈദികര്‍ ചോദിച്ചിരുന്ന ചോദ്യങ്ങള്‍ കേട്ടാല്‍ ഇന്നുള്ളവര്‍ മൂക്കത്തു കൈവയ്ക്കും. അത്തരം മൂഢവൈദികര്‍ ഇന്നും കുറവല്ലെന്ന സത്യം നിഷേധിച്ചിട്ടു കാര്യമില്ല. കത്തോലിക്കാ വൈദികര്‍ക്കു അനുവദിച്ചിരിക്കുന്ന ഏക ലൈംഗികസുഖം കേട്ടുസന്തോഷിക്കല്‍ ആണല്ലൊ!

 

1 comment:

  1. Fr. James Gurudas CMI യുടെ മോചന കാഹളത്തിന്‍റെ ധ്വനി അത്മായ ശ ബ്ദ ത്തില്‍ പ്രതിഫലിപ്പിച്ചു കണ്ടതില്‍ അഭിനന്ദിക്കുന്നു.
    അല്മായര്‍ക്കായി വിഷംനിറഞ്ഞ വൈദികസര്‍പ്പങ്ങള്‍ക്കെതിരെ ശക്തമായ തൂലികയുമേന്തി യുദ്ധക്കളത്തിലിറങ്ങിയ
    പുരോഹിതനായ ഈ കവിക്ക്‌ എന്‍റെ പ്രണാമം. വൈദികനെന്നു പ്രത്യേകിച്ചു കര്‍മ്മലീത്താക്കാരനെന്നു ഈ ഫോറത്തില്‍ ആദ്യം കണ്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. ഗുരുദാസനച്ചന്‍റെ വാക്കുകള്‍ കടമെടുക്കട്ടെ, കാരണം എനിക്കു ചുറ്റുമുള്ള ലോകത്തില്‍ ചുറ്റി തിരിഞ്ഞവരെല്ലാം മഞ്ചെട്ടിവൈദികരായിരുന്നു. അങ്ങയെപ്പോലുള്ള കവിഹൃദയങ്ങള്‍ ഒന്നിച്ചു തൂലിക നീട്ടിയിരുന്നുവെങ്കില്‍ ഈ ലോകം എത്ര ധന്യമായേനെ. എല്ലാ വിഷപാമ്പുകളെയും തലക്കടിച്ചു നിലംപരിശാക്കാമായിരുന്നു.

    ഭയവും പാപവും കുറ്റങ്ങളും എന്നിങ്ങനെ ഒന്നിച്ചു ബാലമനസ്സുകളില്‍ കുത്തി കയറ്റി അരച്ചുകുടിപ്പിച്ചു അവരെ കളങ്കിതരാക്കി തലമുറകളെതന്നെ നശിപ്പിച്ചവരാണ് മതമൌലികവാദികളായ കത്തോലിക്കാ പുരോഹിതരിലേറെയും. ആ ജീര്‍ണ്ണി ച്ച മനസുകളെ സുഖപ്പെടുത്തുവാന്‍ ഇനി കാലത്തിനേ കഴിയുകയുള്ളൂ. ഇന്നും എന്‍റെയും ഉപബോധ അജ്ഞാത മനസ്സില്‍ ആ വിഷക്കറ പരിപൂര്‍ണ്ണമായും തേഞ്ഞുമാഞ്ഞു പോയിട്ടില്ല. അങ്ങയുടെ കവിതാ സമാഹാരങ്ങള്‍ ഓരോ വായനക്കാരന്‍റെയും ഹൃദയങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കുകയില്ല. അല്‍മായന്‍റെ അടിമത്വചങ്ങല പൊട്ടിച്ചു പുറത്തുവരുവാന്‍ ഈ കവിതകള്‍ അവന്‍റെ
    ഉള്ളിലേക്ക് കയറട്ടെ. പിള്ള മനസുകളെ പുരോഹിതര്‍ കാലങ്ങളോളം പുള്ളാക്കി. കുഞ്ഞായിരിക്കുമ്പോള്‍ ലഭിക്കുന്ന മൂല്യങ്ങളാണ് ഒരുവന്‍റെ ജീവിതത്തില്‍ ഉടനീളം പ്രതിബിംബിക്കുക. മാതാപിതാക്കള്‍, അധ്യാപകര്‍, പുരോഹിതര്‍ എന്നിവര്‍ പറയുന്നതെല്ലാം അക്ഷരംപ്രതി പരിപാലിക്കണം. ഇല്ലെങ്കില്‍ കടുത്ത ശിക്ഷ. ചോദ്യം ചെയ്യുവാന്‍പാടില്ല. എന്നാല്‍ അവന്‍ വളര്‍ന്നു

    യുവാവാകുമ്പോള്‍ അവന്‍റെ വിശ്വാസങ്ങളെ അവന്‍ ചോദ്യം ചെയ്യും. അവനിലുള്ള വിഷബീജത്തെ നിര്‍വീര്യമാക്കുക അത്ര എളുപ്പമല്ല. മതം അത്ര മാത്രം അവന്‍റെ കുരുന്നുകാലം മുതല്‍ ജീവിതത്തെ മലിനമാക്കി. സാംസ്കാരിക മൂല്യങ്ങളെ ഇല്ലാതാക്കി. അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കും തട്ടാനും മുട്ടാനുമുള്ള ഒരു ചട്ടുകം. ഒരു ജനതയെ തന്നെ തങ്ങളുടെ വരുതിയില്‍ വരുത്തുവാനുമുള്ള മാന്ത്രികശക്തി പുരോഹിതസാത്താന്‍ കൂട്ടങ്ങള്‍ക്കു തന്നെ. പോട്ടയിലും ധ്യാനകേന്ദ്രങ്ങളിലും രുഹാകുദി ശായെ പറപ്പിച്ചു കാണിക്കും. ആത്മീയസൌഖ്യത്തിനുപരി രോഗശാന്തിയും ഗര്‍ഭപാത്രത്തില്‍ ശിശുക്കളെവരെയും ജനിപ്പിച്ചു കൊടുക്കും. അധികാരത്തില്‍ ഇരിക്കുന്ന ഒരു ജനതയെതന്നെ തങ്ങളുടെ വരുതിയില്‍ വരുത്തുവാനുള്ള സിദ്ധവും മാര്‍ഗവും മത പുരോഹിതര്‍ക്ക്തന്നെ. വിശ്വാസമെന്നു പറയുന്നത് നമ്മുടെ ഉള്ളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന സ്വയം മൂല്യങ്ങളാണെങ്കില്‍ മതം മനുഷ്യമനസിനെ വ്യപിചരിപ്പിച്ച ഒരു തരം മയക്കുമരുന്നും. ആ കാസയില്‍ നിന്നും സര്‍പ്പവിഷം മുത്തികുടിച്ച ആല്മായരെന്നും വിഷപ്പല്ലുള്ള അവരുടെ അടിമകള്‍ തന്നെ. ഗുരുദാസച്ചനെപ്പോലുള്ള വിഷചീകത്സകര്‍ ഈ മഞ്ചെട്ടികളുടെ തല അടിച്ചു തകര്‍ത്തു നമ്മുടെ സഭയെ രക്ഷിക്കട്ടെയെന്നു ആശിക്കുന്നു. അങ്ങയുടെ ശില്പമനസ്സില്‍ ഉടലെടുത്ത കവിതകള്‍ ഓരോ
    ആത്മായന്‍റെയും പുരോഹിതന്‍റെയും ഹൃദയങ്ങളില്‍ ആഞ്ഞടിച്ചു എന്നുമെന്നും ഒരു തുറന്ന പുസ്തകമാകട്ടെയെന്നു ആശംസിക്കുന്നു.

    ReplyDelete