Translate

Saturday, December 10, 2011

KCRM പ്രതിമാസചര്‍ച്ചാപരിപാടി ഉദ്ഘാടനം

ശ്രീ ജോര്‍ജ് മൂലേച്ചാലില്‍ (KCRMസെക്രട്ടറി) സ്വാഗതം പറയുന്നു. വേദിയില്‍ റവ.ഡോ ജയിംസ് ഗുരുദാസ് (CMI), ശ്രീ കെ. ജോര്‍ജ് ജോസഫ് , പ്രൊഫ. സെബാസ്‌ററ്യന്‍ വട്ടമറ്റം, പ്രൊഫ. മാമ്മച്ചന്‍

KCRM പ്രതിമാസചര്‍ച്ചാപരിപാടി ഉദ്ഘാടനം

കേരളകത്തോലിക്കാസഭാനവീകരണപ്രസ്ഥാന(KCRM)ത്തിന്റെ ഇക്കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തിലുയര്‍ന്ന നിര്‍ദ്ദേശമനുസരിച്ചുള്ള പ്രതിമാസചര്‍ച്ചപാരിപാടിയുടെ ഉദ്ഘാടനവും ആദ്യചര്‍ച്ചയും 2011 നവംബര്‍ 27, ഞായറാഴ്ച്ച
2 PM മുതല്‍ 6 PM വരെ നടക്കുകയുണ്ടായി.
ആദ്യത്തെ അരമണിക്കൂര്‍ സമയം KCRM-ന്റെ ഇന്റനെറ്റ് ജിഹ്വയായി നവം 11 ന് തുടങ്ങിയ അല്മായശബ്ദം എന്ന ബ്ലോഗിനെ പരിചയപ്പെടുത്തിക്കൊണ്ട് അതിന്റെ അഡ്മിനിസ്‌ട്രേറ്ററില്‍ ഒരാളും
KCRM- ന്റെ ജോയിന്റ് സെക്രട്ടറിയുമായ ശ്രീ ജോസാന്റണി സംസാരിച്ചു.
തുടര്‍ന്ന് ഈശ്വരപ്രാര്‍ത്ഥനയായി മോചനകാഹളത്തിലെ ആദ്യകവിതയായ തീരമില്ലാക്കടല്‍ ആലപിച്ചുകൊണ്ട് ഉദ്ഘാടനസമ്മേളനം ആരംഭിച്ചു. സ്വാഗതപ്രസംഗത്തില്‍ ശ്രീ ജോര്‍ജ് മൂലേച്ചാലില്‍ (സെക്രട്ടറി) പൗരോഹിത്യം അടിച്ചേല്‍പിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങള്‍കൊണ്ടും അനാചാരങ്ങള്‍ കൊണ്ടും അധിപത്യസംവിധാനങ്ങള്‍കൊണ്ടും കേരള കത്തോലിക്കാസമൂഹമാകെ ഒരു അടിമസമൂഹമായിത്തീര്‍ന്നിരിക്കുകയാണെന്നു നിരീക്ഷിച്ചു . ഈ ദുര്‍ഘടഘട്ടത്തില്‍, ശരിയായ മതദര്‍ശനത്തിന്റെ വെളിച്ചം വിതറി ഈ ജനതയെ വിമോചിപ്പിക്കുന്നതിനായി ഈ സമുദായത്തിലുദയംകൊണ്ട ജ്ഞാനിയായ മനുഷ്യസ്‌നേഹിയാണ് 'മോചനകാഹളം' രചിച്ച ജയിംസ് ഗുരുദാസച്ചന്‍ എന്നും മതങ്ങളെ മതങ്ങളല്ലാതാക്കുന്ന പുരോഹിതസ്യഷ്ടങ്ങളായ വിശ്വാസപ്രമാണങ്ങള്‍ക്കും കല്പനകള്‍ക്കുമെതിരെയുള്ള ചാട്ടവാറടികളാണ് അതിലെ ഓരോ കവിതയെന്നും അദ്ദേഹം വിലയിരുത്തി.
ആശയതലത്തിലുള്ള വിപ്ലവമാണ് നവീകരണപ്രസ്ഥാനം ലക്ഷ്യമിടുന്നത് എന്ന് അദ്ധ്യക്ഷപ്രസംഗം നടത്തി
ക്കൊണ്ട് പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ ശ്രീ കെ. ജോര്‍ജ് ജോസഫ് പറഞ്ഞു: ''തീര്‍ച്ചയായും നശീകരണമല്ല; മറിച്ച്, നവീകരണമാണ് ലക്ഷ്യം. ജയിംസ് ഗുരുദാസച്ചനും തന്റെ കവിതകളിലൂടെ ലക്ഷ്യമിടുന്നത്, തെറ്റായ പുരോഹിതാശങ്ങളുടെ സ്ഥാനത്ത് യേശുവിന്റെ ദര്‍ശനങ്ങള്‍ പുനഃപ്രതിഷഠിച്ച് സഭയെ നവീകരിക്കാനാണ്. പക്ഷേ, ദൈവത്തിന്റെ സംരക്ഷകവേഷം ധരിച്ച് നിലകൊള്ളുന്ന പൗരോഹിത്യം അതിനു തടസം നില്ക്കും എന്ന അദ്ദേഹത്തിനറിയാം. അതുകൊണ്ടാണ് അത്തരം പൗരോഹിത്യത്തെ പരിഹസിച്ചുകൊണ്ട്,
'ഇത്ര ബലഹീനനെന്നോ സര്‍വ്വേശ്വരന്‍
സ്വന്തം കരങ്ങള്‍ക്കു ശക്തിയില്ലേ-മത-
പ്പട്ടാളവൃന്ദം കനിയാതെ ഭദ്രമായ്
നില്ക്കാന്‍ കഴിയാത്ത രാജനെന്നോ ദൈവം
മര്‍ത്യര്‍ നിര്‍മ്മിച്ച മതങ്ങള്‍ തുണയ്ക്കണോ
നിത്യദൈവത്തിന്റെ ജീവന്‍ പുലരുവാന്‍' എന്ന് ജയിംസ് ഗരുദാസച്ചന്‍ ഈ ഗ്രന്ഥത്തിലെ 'ദൈവത്തിന്റെ കാവല്‍ക്കാര്‍' എന്ന കവിതയില്‍ എഴുതിയിരിക്കുന്നത്. തീര്‍ച്ചയായും ഈ ഗ്രന്ഥം കേരളസമൂഹത്തില്‍ പ്രത്യേകിച്ച് ഇവിടുത്തെ കത്തോലിക്കാസഭയില്‍ ഒരു ആശയവിപ്ലവത്തിനുള്ള കാഹളനാദമാണ്. അതു കേട്ടണരാനും ഈ ആശയങ്ങളെ ജനമനസ്സുകളിലെത്തിക്കാനുമുള്ള കര്‍മ്മപഥത്തിലേക്ക് സധൈര്യം ഇറങ്ങാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു'' അദ്ദേഹം പറഞ്ഞു
തുടര്‍ന്ന്, കോട്ടയം (അടിച്ചിറ) സ്‌നേഹവാണി'ഡയറക്ടറും മോചനാകാഹളം''കവിതാഗ്രന്ഥം' രചയിതാവുമായ റവ.ഡോ ജയിംസ് ഗുരുദാസ്
(CMI) പ്രതിമാസ ചര്‍ച്ചാപടിപാടിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. മതങ്ങള്‍ ജീര്‍ണ്ണിച്ചു ദുഷിക്കുമ്പോള്‍ മതനവീകരണ പരിശ്രമങ്ങള്‍ ഉണ്ടാകേണ്ടത് മനുഷ്യകുലത്തിന്റെ നിലനില്പിനുതന്നെ ആവശ്യമാണെന്ന്, തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അത്തരം ആദ്ധ്യാത്മികനവോത്ഥാനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചവരായിരുന്നു ശ്രീബുദ്ധനും യേശുവും ശ്രീനാരായണഗുരുവുമൊക്കെ. ഇന്ന് ഏറ്റവുമേറെ ജീര്‍ണ്ണിച്ചുകഴിഞ്ഞിരിക്കുന്ന കേരളത്തിലെ കത്തോലിക്കാസമൂഹത്തില്‍ നവീകരണപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ആശാവഹവും ശ്ലാഘനീയവുമാണ്, അദ്ദേഹം പറഞ്ഞു. പ്രസ്ഥാനത്തിന് തന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.

No comments:

Post a Comment