Translate

Friday, December 9, 2011

തലോര്‍ പള്ളി പ്രശ്‌നത്തില്‍ പ്രതിഷേധയോഗം

വര്‍ഷങ്ങള്‍ പിന്നിട്ട തലോര്‍ ഇടവക പ്രശ്‌നത്തില്‍ തൃശ്ശൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അവലംബിച്ചുവരുന്ന നിസ്സംഗനിലപാടിലും നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിക്കാനും തലോര്‍ പള്ളിയിലെ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമരസഹായസമിതി രൂപീകരിക്കാനും തൃശ്ശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍വച്ച് 2011 ഡിസംബര്‍ 11 ഞായര്‍ ഉച്ചകഴിഞ്ഞ് 3.30ന് ഒരു പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നു. യോഗം ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വര്‍ക്കിങ് പ്രസിഡണ്ട് ജോസഫ് വെളിവില്‍ ഉല്‍ഘാടനം ചെയ്യും. മറ്റു പ്രമുഖ നേതാക്കളും പ്രസംഗിക്കുന്നതായിരിക്കും.

1977ല്‍ അന്നത്തെ തൃശ്ശൂര്‍ മെത്രാനും സി.എം.ഐ. സന്യാസസഭയും വിശ്വാസിപ്രതിനിധികളും സംയുക്തമായി ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് തലോര്‍ ഉണ്ണിമിശിഹാ ഇടവക സ്ഥാപിതമായത്. കരാറില്‍ മെത്രാന് ഇടവക തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നില്ല. ഈ കരാര്‍ നഗ്നമായി ലംഘിച്ചുകൊണ്ടാണ് 2009 നവംബര്‍ 1-ാം തിയതി വിശ്വാസികളുടെ അഭിപ്രായമൊ എതിര്‍പ്പൊ പരിഗണിക്കാതെ ഇടവക ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഏറ്റെടുത്തത്. അന്നുമുതലാണ് അതിരൂപതയിലെ ഏറ്റവും മിച്ച ഇടവകകളില്‍ ഒന്നായിരുന്ന തലോര്‍ ഇടവകയില്‍ കലാപമാരംഭിച്ചത്.

തലോരിലെ പ്രശ്‌നങ്ങളുടെയെല്ലാം ഉത്തരവാദി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മാത്രമാണ്. ക്രൈസ്തവനീതിയുടെയും സൗമനസ്യമനോഭാവത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു പരിഹാരം നടപ്പാക്കുന്നതില്‍ അദ്ദേഹം നിരന്തരമായി വീഴ്ചവരുത്തി. ഇത് വിശ്വാസികള്‍ക്കിടയില്‍ മനോവേദനക്കും ഇടര്‍ച്ചക്കും കാരണമായി.

തലോര്‍ ഇടവകജനത്തിന്റെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കിയ സ്വാമിയച്ചന്‍ എന്നറിയപ്പെടുന്ന ഫാ. മൈക്കിള്‍ സദാനന്ദ് ആര്‍ച്ച്ബിഷപ്പിനെ പലപ്രാവശ്യവും നേരില്‍ സമീപിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന ബധിരകര്‍ണ്ണങ്ങളിലാണ് പതിച്ചത്. തുടര്‍ന്ന് അദ്ദേഹം നവംബര്‍ 30നു മുമ്പ് പ്രശ്‌നം പരിഹരിക്കാത്തപക്ഷം താന്‍ മരണംവരെ അനിശ്ചിതകാല നിരാഹാര തപസ് ആരംഭിക്കുമെന്ന് ആര്‍ച്ച്ബിഷപ്പിനെ മരണപത്രസഹിതം

രേഖാമൂലം അറിയിച്ചു. പക്ഷെ അധികാരപ്രമത്തനും ഏകാധിപതിയുമായ ആര്‍ച്ച്ബിഷപ്പ് പരിഹാസപൂര്‍വമാണ് സ്വാമിയച്ചന്റെ പരിദേവനങ്ങളെ സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഡിസംബര്‍ 1 മുതല്‍ സ്വാമിയച്ചന്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.

മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശ്ശൂര്‍ ആര്‍ച്ച്ബിഷപ്പായി സ്ഥാനമേറ്റശേഷം തലോരിനു പുറമെ കൊട്ടേക്കാട്, ഒല്ലൂര്‍, കുരിയച്ചിറ, വടൂക്കര തുടങ്ങി അതിരൂപതയിലെ മുപ്പതോളം ഇടവകകളില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ഭരണവൈകല്യങ്ങളും അധികാരപ്രമത്തതയുമാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണങ്ങള്‍. അതിനാല്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്ഥാനത്യാഗം ചെയ്യണമെന്നും അദ്ദേഹം അതിനു തയ്യാറാകാത്തപക്ഷം മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി മുന്‍കയ്യെടുത്ത് സീറോ-മലബാര്‍ സഭയുടെ പരമാധികാരസമിതിയായ സിനഡ് വിളിച്ചുകൂട്ടി അദ്ദേഹത്തെ പുറത്താക്കണമെന്നും കേരള കാത്തലിക് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു.

ഡിസംബര്‍ 11ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ജാതിമതഭേദമെന്യെ മുഴുവന്‍ നാട്ടുകാരേയും ക്ഷണിച്ചുകൊള്ളുന്നു.


1 comment:

  1. അധികാരം എന്നത് ദൈവത്തില്‍ നിന്ന് കിട്ടുന്നതാണെന്ന തീര്‍ത്തും മിഥ്യാപരമായ ആശയം വളര്‍ത്തിത്തുടങ്ങിയത് ക്രിസ്തീയ സഭയാണ്. ഒരധികാരവും ദൈവത്തില്‍ നിന്നുള്ളതല്ല. മനുഷ്യന്റെ ഗുണത്തിനായി മനുഷ്യര്‍ തന്നെ ഉണ്ടാക്കുന്ന ഒരേര്‍പ്പാടു മാത്രമാണത്. അതിന്റെ വാലില്‍ തൂങ്ങി മനുഷ്യരെ അവഹേളിക്കുന്ന രീതിയില്‍ പെരുമാറുന്ന അധികാരികളെ കൈകാര്യം ചെയ്യാനുള്ള ശക്തി ജനത്തിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അതങ്ങ് ഉപയോഗിച്ചാല്‍ മാത്രം മതി, ആണ്‍ഡ്രൂസല്ല,അയാള്‍ക്കപ്പുറത്തുവനെയും പഠിക്കേണ്ട പാഠം പഠിപ്പിക്കാം. അതിനായി ആരും നിരാഹാരമിരുന്നു ജീവന്‍ വെടിയണ്ടാ. ഗാദാഫി ചത്തു കിടക്കുന്ന ഒരു പടം ആണ്‍ഡ്രൂസിനെ കാണിക്കുക. മുല്ലപ്പൂവിപ്ലവമല്ല, ചെമ്പത്തിപ്പൂവിപ്ലവമാണ് നടക്കാന്‍ പോകുന്നതെന്ന് മുന്നറിയിപ്പും കൊടുക്കുക. അധികാരം പറഞ്ഞ് ഒരുത്തനും ഒരിടത്തും നടന്നു വിലസുന്ന ഏര്‍പ്പാട് ഈ നാട്ടിലല്ല, ഒരു നാട്ടിലും കൊള്ളില്ല.

    ReplyDelete