Translate

Monday, December 12, 2011

ആരാണു ക്രൈസ്തവ നാമധാരികള്‍?




ചില ക്രൈസ്തവനാമധാരികള്‍ സഭയെയും സഭാശുശ്രൂഷികളെയും ആക്ഷേപിക്കുന്നതും വിമര്‍ശിക്കുന്നതും ചൂണ്ടിക്കാട്ടി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ 'ദീപനാളം' വാരികയില്‍ (2011 സെപ്റ്റംബര്‍ 15) എഴുതിയതു വായിച്ചപ്പോള്‍ ഏറെ ചോദ്യങ്ങള്‍ മനസ്സിലുണര്‍ന്നു. അഭിവന്ദ്യനായ മെത്രാപ്പോലീത്തായോടു ചോദ്യങ്ങള്‍ ചോദിക്കുന്നതു ധിക്കാരമല്ലേ എന്നു കുറ്റപ്പെടുത്തുന്നവര്‍ കാണും. എങ്കിലും ചോദിക്കാതിരിക്കാന്‍ മനസ്സനുവദിക്കുന്നില്ല.
മറ്റൊരു വ്യക്തിയെ 'ക്രൈസ്തവ നാമധാരി' എന്നു വിളിക്കുമ്പോള്‍ വിളിക്കുന്നയാള്‍ യഥാര്‍ത്ഥ ക്രൈസ്തവന്‍ എന്ന് സ്വയം പ്രഖ്യാപിക്കുകയാണല്ലോ. ''നിങ്ങള്‍ വിധിക്കപ്പെടാതിരിക്കുവാന്‍ ആരെയും വിധിക്കരുത്'' എന്ന ക്രിസ്തുവചനം ഇവിടെ സ്മരിക്കേണ്ടിയിരിക്കുന്നു. ചുങ്കക്കാരന്റെയും ഫരിസേയന്റെയും ഉപമയില്‍ ഫരിസേയന്‍ നടത്തിയ അഹങ്കാര പ്രാര്‍ത്ഥനയുടെ ധ്വനി ഇവിടെ കേള്‍ക്കുന്നു. 'സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ നിത്യ നരകാഗ്നിക്ക് അര്‍ഹനാകുന്നു' എന്ന വചനവും ഇവിടെ സ്മരിക്കാം. "ക്രൈസ്തവ നാമധാരി" ഉണ്ടെങ്കില്‍ "പുരോഹിത വേഷധാരി"യും ഉണ്ട്.
സഭാധികാരികള്‍ക്കും തിരുത്തലുകള്‍ ആവശ്യമാണ്. കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ ആത്മപരിശോധനയാണു നടത്തേണ്ടത്. തീവ്രവാദനടപടികള്‍ അരുത്. മേജര്‍ ആര്‍ച്ചുബിഷപ്പുപോലും വിമര്‍ശനങ്ങള്‍ക്കു സൗമ്യമായ മറുപടി നല്‍കുകയും അടുത്ത സൂനഹദോസില്‍ ചര്‍ച്ചക്കു വിഷയമാക്കാം എന്ന് അറിയിക്കുകയും ചെയ്യാറുണ്ട്. ഈ മര്യാദ എന്തുകൊണ്ട് രൂപതാദ്ധ്യക്ഷന്മാര്‍ക്കു പാടില്ല? ചില ഇടവകവികാരിമാര്‍ ഊമക്കത്തുകളും ഭീഷണിയുമാണു വിമര്‍ശകരെ ഒതുക്കാന്‍ പ്രയോഗിക്കുന്നത്. വിമര്‍ശിക്കുന്നവരെല്ലാം സഭയെ നശിപ്പിക്കാന്‍ ഒരുമ്പെടുന്ന ക്രൈസ്തവനാമധാരികളാണത്രേ!
കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ ചങ്ങനാശ്ശേരി അതിരൂപതയില്‍ നടന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരുന്നു. ദേവാലയങ്ങളില്‍ നിന്നും ക്രൂശിതരൂപം എടുത്തുമാറ്റി തുടങ്ങിയ കാലം. മദ്ബഹാ പരിഷ്‌കരണത്തെ തുടര്‍ന്നു മാര്‍ത്തോമ്മാ സ്ലീവാ പ്രതിഷ്ഠിക്കുന്നതിനെ ഇടവകജനം എതിര്‍ത്തതിനാല്‍ 40 ദിവസം ഒരു ദേവാലയം അടച്ചുപൂട്ടി കിടന്നു. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ നിര്‍ദ്ദേശമില്ലായിരുന്നുവെങ്കില്‍ ഇവിടെ ഇടവകതോറും കലാപം ഉയരുമായിരുന്നു.
സഭാ വിമര്‍ശകര്‍ ചെയ്യുന്നതിനെക്കാള്‍ പതിന്മടങ്ങുദ്രോഹം സഭയ്‌ക്കെതിരായി ചെയ്യുന്നവര്‍ പുരോഹിതര്‍ തന്നെയല്ലേ? അമേരിക്കയില്‍ ഏതാനും രൂപതകളില്‍ കോടതി നിശ്ചയിച്ച പിഴ അടയ്ക്കാന്‍ പണം കണ്ടെത്തുന്നതിനായി ദേവാലയങ്ങള്‍ വില്‍ക്കേണ്ടിവന്നു. മാര്‍പാപ്പാ പരസ്യമായി മാപ്പപേക്ഷിക്കേണ്ടിയും വന്നു.
കേരളത്തിലെ ഒരു വലിയ രൂപതയില്‍ സോഷ്യല്‍ സര്‍വ്വീസിന്റെ ചുമതല വഹിച്ചിരുന്ന വൈദികന്‍ ഏതാനും കോടികളുടെ വെട്ടിപ്പു നടത്തി പുറത്തുപോയി കുറെ നാളുകള്‍ വിവാഹജീവിതം ആസ്വദിച്ചശേഷം രോഗിയായതിനെ തുടര്‍ന്നു സമസ്താപരാധങ്ങളും പൊറുക്കണേ എന്നുകരഞ്ഞപേക്ഷിച്ചപ്പോള്‍ വീണ്ടും ഇടവക വികാരിയായി നിയമനം ലഭിച്ചു. സഹവൈദികര്‍ക്കും വിശ്വാസികള്‍ക്കും എതിര്‍പ്പുണ്ടെങ്കിലും മെത്രാന്റെ തീരുമാനം നടപ്പാകുന്നു.
കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനം ലഭിക്കാതെ വന്നപ്പോള്‍ ളോഹ വലിച്ചെറിഞ്ഞു വിവാഹം ചെയ്ത ഒരു വൈദികനെയും ജനം കാണുന്നു. സഭയെ അപമാനിക്കുന്നതു സഭാവിമര്‍ശകരല്ല. പുരോഹിത വേഷധാരികളും കമ്പോളവല്‍ക്കരണ സ്ഥാപനങ്ങള്‍ക്കായി വാദിക്കുന്ന പുരോഹിതരും വൈദിക മേലദ്ധ്യക്ഷന്മാരുമാണ്. കോഴവാങ്ങി പണം പെരുപ്പിക്കുന്നത് സഭാ പ്രവര്‍ത്തനമാണെന്നു പ്രചരിപ്പിക്കുന്നവരും വിമര്‍ശകരെ ഭയപ്പെടുന്നു.
തെറ്റു ചൂണ്ടിക്കാണിക്കേണ്ടതു സഭയ്ക്കുള്ളില്‍തന്നെ ആയിരിക്കണമെന്ന് ആര്‍ച്ചു ബിഷപ്പ് പറയുമ്പോള്‍ ചില അനുഭവങ്ങള്‍ പറയേണ്ടിവരുന്നു. ചങ്ങനാശ്ശേരിയില്‍ വിശ്വാസികള്‍ക്കു സ്വന്തം വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ അനുവാദം നല്‍കാറുണ്ടോ? ആരാധനക്രമ വിവാദം ശക്തമായിരുന്നപ്പോള്‍ സ്വതന്ത്രമായ ചര്‍ച്ചകള്‍ക്ക് സഭാവക ഹാളുകള്‍ ലഭ്യമല്ലായിരുന്നു. ഭവനങ്ങളില്‍വെച്ചോ അകത്തോലിക്കാ സ്ഥാപനങ്ങളില്‍ വെച്ചോ ചര്‍ച്ചാ യോഗങ്ങള്‍ നടക്കുമ്പോള്‍ അരമനയില്‍ നിന്നു ഗുണ്ടകള്‍ പാഞ്ഞെത്തിയിരുന്നു. ഏറ്റുമാനൂരും അതിരമ്പുഴയിലും ചെന്നു യോഗം കലക്കിയശേഷം ചങ്ങനാശ്ശേരിയില്‍ വന്നു അഭിനന്ദനവും പ്രതിഫലവും നേടിയവരുണ്ട്. ആര്‍ച്ചു ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ ഇതു വല്ലതും അറിഞ്ഞിരുന്നോ? മാര്‍പാപ്പയുടെ പ്രതിനിധിയായി മേജര്‍ ആര്‍ച്ചു ബിഷപ്പിനെ സഹായിച്ചിരുന്ന മാര്‍ എബ്രഹാം കാട്ടുമനയെ കാട്ടുകള്ളന്‍ വീരപ്പനോടുപമിച്ചു ലഘുലേഖ പ്രസിദ്ധീകരിച്ചവരില്‍ ഏതാനും വൈദികര്‍ ഉണ്ടായിരുന്നു. കോട്ടയം ലൂര്‍ദ്ദു ഫൊറോനയുടെ മീറ്റിംഗിലാണ് അസഭ്യ ലഘുലേഖ വിതരണം ചെയ്തത്. വിമര്‍ശനങ്ങളും ചോദ്യം ചെയ്യലും സഭാ വേദിയില്‍തന്നെ ആയിരിക്കണമെന്ന് എത്ര ലാഘവത്തോടെയാണ് സമര്‍ത്ഥിക്കുന്നത്?
സഭാവിമര്‍ശനം ക്രിസ്തീയ മാര്‍ഗ്ഗത്തിലായിരിക്കണം എന്നുപദേശിക്കുന്ന മാര്‍ ജോസഫ് പവ്വത്തില്‍ ആദ്യമായി 'ക്രിസ്തീയ നാമധാരികള്‍' എന്ന പ്രയോഗം ഉപേക്ഷിക്കണമെന്നു താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു. വിമര്‍ശനങ്ങളെ ഭയപ്പെടുകയോ അവര്‍ക്കെതിരായി തീവ്രവാദ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാതെ കൂടുതല്‍ മാന്യമായ രീതിയില്‍ കാര്യങ്ങള്‍ വിലയിരുത്തണമെന്നും അപേക്ഷിക്കുന്നു.

ജയിംസ് ഐസക് കുടമാളൂര്‍
(Originally published in Hosana, November 2011 Issue)

1 comment:

  1. പവ്വത്തിന്‍റെ ഭരണനൈപുണ്യങ്ങളുടെ വിവരങ്ങള്‍ വായിച്ചതില്‍നിന്നും ഇദ്ദേഹം എക്കാലവും ഏകാധിപതിയായിരുന്നുവെന്നു മനസ്സിലാക്കുന്നു. എവിടെപ്പോയാലും ജനങ്ങളില്‍ പിന്നിപ്പുണ്ടാക്കി സ്ഥാനം നേടുകയെന്നതായിരുന്നു പവ്വത്തിന്‍റെ എക്കാലത്തെയും നയം.ക്ലാവരുകുരിശു കാണിച്ചു അമേരിക്കയിലും ഇന്ന് എല്ലാ പള്ളികളിലും ജനങ്ങള്‍ തമ്മില്‍ ഭിന്നിപ്പ് ഉണ്ടാക്കി ഇദ്ദേഹം ചരിത്രത്തിന്‍റെ ഭാഗം ആയിരിക്കുകയാണ്.

    നിലക്കല്‍ പള്ളിയില്‍ ക്ലാവര്‍ കുരിശു കാഞ്ഞിരപ്പള്ളി അച്ചായന്മാരുടെയും പവ്വത്ത്പിതാവിന്‍റെയും നേതൃത്വത്തില്‍ കുഴിച്ചിട്ടകാലം തുടങ്ങിയതാണ് സഭയ്ക്കകത്തുള്ള പൊട്ടിത്തെറികള്‍. രണ്ടു പ്രബലങ്ങളായ സമുദായങ്ങളെയായിരുന്നു ഈ വിശുദ്ധ ക്രിസ്ത്യാനി കൂട്ടിയടുപ്പിച്ചത്. കാലചക്രത്തെ പുറകോട്ടു കൊണ്ടുപോയി കല്‍ദായ ഭ്രാന്തന്‍തത്ത്വങ്ങളുമായി ഈ സഭയെ ദുഷിപ്പിച്ച ഒരു അധികാരമോഹിയാണ് പവ്വത്ത്. സഭയെ നശിപ്പിക്കുവാന്‍ മലമുകളില്‍ കല്ലുരുട്ടികയറ്റി താഴോട്ടു ഉന്തുവാന്‍ തയ്യാറായിനില്‍ക്കുന്ന ഈ കല്‍ദായപിശാചിന്‍റെ നരകവേഷമൊന്നു നോക്കൂ. സാക്ഷാല്‍ യേശു ഭഗവാന്‍ വന്നു ചാട്ടവാറിനു അടിച്ചു പുറതാക്കിയാനെ ഈ കപടക്രിസ്ത്യാനിയെ.
    കര്‍ദ്ദിനാള്‍ തൊപ്പി കിട്ടാന്‍ സാധിക്കാത്തതില്‍ അമര്‍ഷത്തിലാണ് സാക്ഷാല്‍ ഈ അരമനമന്നന്‍.

    കല്‍ദായകരിങ്കല്ലുമായി കുളംതോണ്ടുവാന്‍ ഇദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണ്. ചങ്ങനാശേരി പാറേല്‍പള്ളിയില്‍ ഇരുന്ന ഇദ്ദേഹത്തിന്‍റെ ഒരു വികാരിയാണ്‌ ടെക്സാസ്പള്ളിയില്‍ ഇന്നു ഇടയന്‍വികാരി. കള്ളനു കൂട്ട്നിക്കുന്ന പരമ കള്ളന്‍ എന്നു ആ വികാരി‍യെപ്പറ്റി ചില ബ്ലോഗുകളില്‍ എഴുതിയിരിക്കുന്നു. നാട്ടില്‍ ഡോളര്‍ കടത്തുവാന്‍വേണ്ടിയാണ് ഇദ്ദേഹത്തിന്‍റെ അമേരിക്കന്‍ പര്യടനമെന്നു സീറോപള്ളികളിലെ ഇടവകജനങ്ങള്‍ ഭയപ്പെടുന്നു. പുതുതായി പണിത ഒരു ഇടവകയില്‍ ക്ലാവര് വെക്കാന്‍ ശ്രമിച്ചാല്‍ അടിച്ചുതകര്‍ക്കുമെന്നു ഇടവക ജനങ്ങളും.

    ആദിമക്രിസ്ത്യാനികളുടെ ഇടയില്‍ കുരിശു ക്രൈസ്തവരുടെ അടയാളമായിരുന്നില്ല. കുരിശു ക്രൈസ്തവ ചിന്ഹം ആയതു മൂന്നാം നൂറ്റാണ്ടിന്‍റെ ആരംഭം അലെക്സാണ്ട്രിയായിലെ ക്ലമന്‍റെ കാലത്താണെന്നാണ് അനുമാനിക്കുന്നു.
    ക്രിസ്തുവിന്‍റെ ക്രൂശിതരൂപം ആദ്യമായി കാണപ്പെട്ടത് അഞ്ചാംനൂറ്റാണ്ടിനുശേഷമാണ്. ഈ കാലഘട്ടത്തില്‍ കുരിശോ ക്ലാവര്‍ കുരിശോ ഇല്ലാതെ ജീവിച്ച ക്രിസ്ത്യാനികള്‍ എന്തു തരം ക്രിസ്ത്യാനി കളാണെന്നു പവ്വത്ത് വിശകലനം ചെയ്‌താല്‍ കൊള്ളാം.

    ക്ലാവര് കുരിശിന്‍റെ ആവീര്‍ഭാവത്തോടെയാണ് ദുഷിച്ചുനാറിയ പിതാക്കന്‍ മാര്‍ കേരളസഭയെ ഭരിക്കുവാന്‍ തുടങ്ങിയത്.ആദിക്രിസ്ത്യാനികളുടെ ചിന്ഹം മത്സ്യം ആയിരുന്നുവെന്നും ഉണ്ട്. ക്രിസ്തുവിനു മുമ്പ് പ്രാകൃത മതങ്ങളില്‍ ഉണ്ടായിരുന്ന മയിലുകളെ തൊപ്പിയില്‍ വെച്ചു നടക്കുന്ന ആലന്‍ചേരിയും മറ്റു പിതാക്കന്‍മാരും നാമക്രിസ്ത്യാനികളുടെ കൂട്ടത്തില്‍ കൂട്ടികൂടെ? ബൈബിളിലുള്ള പേരുകളെല്ലാം യഹൂദ നാമങ്ങളാണ്. അവരെല്ലാം കിസ്ത്യാനികള്‍ തന്നെയോയെന്നു പവ്വത്തിന്‍റെ നിര്‍വചനം എന്തായിരിക്കും?

    ReplyDelete