Translate

Friday, December 16, 2011

തീരമില്ലാക്കടല്‍ (മോചന കാഹളം)


തീരമില്ലാക്കടല്‍


തീരമില്ലാക്കടല്‍ തുല്യമങ്ങീശ്വരാ,

തീരം തിരഞ്ഞു ഞാന്‍ മോദം നുകര്‍ന്നിടും.

ദുരത്തിനില്ലാ വരമ്പെന്നറിഞ്ഞു ഞാന്‍

വേഗം വരമ്പുങ്കലെത്താന്‍ തുഴഞ്ഞിടും.

ആഴങ്ങളെല്ലാമളവറ്റതെങ്കിലും

ആഴിപ്പരപ്പില്‍ ചവിട്ടാന്‍ കുതിച്ചിടും.

വാരിടില്‍ തീരില്ല മുത്തുകളെങ്കിലും

വാരും മണിമുത്തു മൃത്യുവെത്തും വരെ.

കോരിടില്‍ തീരില്ല ചിപ്പികളെങ്കിലും

കോരിടും ഞാനും ചില സ്വര്‍ണ്ണ ചിപ്പികള്‍.

നിത്യം തുഴഞ്ഞെന്റെ കൈകള്‍ കുഴഞ്ഞിടാം,

ചിത്തം നിരന്തരം തേടി തളര്‍ന്നിടാം.

ഒട്ടും പരിഭവിയ്ക്കില്ല മനസ്സിലെ

സത്യദാഹം ജന്മദത്തമാം നല്‍വരം.

നേടുവാന്‍ ലക്ഷ്യങ്ങളില്ലെനിയ്‌ക്കൊന്നുമേ,

തേടലാണെന്‍മുമ്പിലേകലക്ഷ്യം ചിരം.

സത്യം തിരഞ്ഞിടും യാത്രികന്‍ ഞാന്‍, മമ

മുക്തിയും മോക്ഷവും തേടലാല്‍ നേടിടും.

തീരമില്ലാത്ത കടലിന്റെ മദ്ധ്യേ ഞാന്‍;

ഞാനെന്തിനാശിയ്ക്കണം തീരദര്‍ശനം.


അനുരണനങ്ങള്‍ (ജോര്ജു മൂലേച്ചാലില്‍)


കറകളഞ്ഞ ഒരു ദൈവാന്വേഷകന്‍ ഒരു കവിയും കൂടിയായാല്‍ സംഭവിക്കുന്ന കവിതകളാണെന്നു പറയാം, ജയിംസ് ഗുരുദാസച്ചന്റേത്. ഇക്കാണുന്നതിന്റെയെല്ലാം ഉണ്മയെന്താണ്, പൊരുളെന്താണ്, പരമമായ അര്‍ത്ഥമെന്താണ് എന്നറിയാനുള്ള അടക്കാനാവാത്ത ദാഹം അദ്ദേഹത്തിന്റെ പല കവിതകളിലും അലയടിക്കുന്നതു കാണാം. 'മോചന കാഹളം' എന്ന തന്റെ കവിതാസമാഹാരത്തിലെ ആദ്യകവിത -തീരമില്ലാക്കടല്‍ - തന്നെ കവിയിലെ ഈശ്വരാന്വേഷിയുടെ, സത്യാന്വേഷിയുടെ, ഒരു ഉജ്ജ്വല ചിത്രമാണ് അനുവാചകര്‍ക്കു മുമ്പില്‍ അനാവരണം ചെയ്തിരിക്കുന്നത്.


ഈ പ്രകൃതിലെങ്ങും നിറഞ്ഞുകവിഞ്ഞുനില്‍ക്കുന്ന അനന്തവും അജ്ഞാതവും അവര്‍ണ്ണനീയവുമായ ഈശ്വരചൈതന്യത്തെയാകമാനം ആര്‍ക്കെങ്കിലും മനസ്സിലാക്കാനാവുമോ, ഉള്‍ക്കൊള്ളാനാകുമോ? തീര്‍ച്ചയായുമില്ല. അപ്പോഴത് തീരമില്ലാക്കടല്‍കൂടി ആയാലോ? ഈശ്വരന്‍ അന്തമില്ലാത്ത ഒരു കടല്‍പോലെയാണെന്നും അതിനൊരു തീരമുണ്ടാകാനിടയില്ലെന്നും കവി അറിയുന്നു. എങ്കിലും, ചക്രവാളസമാനമായ അതിന്റെ അജ്ഞാതവും അജ്ഞേയവുമായ തീരം തേടി മുന്നോടു നീങ്ങാതിരിക്കാന്‍ തന്നിലെ അന്വേഷകനു കഴിയുന്നില്ല. കവിയിലെ 'സത്യദാഹ'മെന്ന 'ജന്മദത്തമാം നല്‍വര'ത്തിന്റെ ഉള്‍ത്തള്ളല്‍ അത്ര ശക്തമാണ്.


അതെ, കണ്ടെത്താനാവില്ലെന്നറിഞ്ഞുകൊണ്ടുതന്നെയുള്ള മുന്നേറ്റമാണ് യഥാര്‍ത്ഥ സത്യാന്വേഷണം. അത് നിരാശാജനകമായ ഒരു കാര്യമായി, വിഡ്ഢിത്തം തന്നെയായി, വ്യാഖ്യാനിക്കപ്പെട്ടേക്കാം. പക്ഷേ, യഥാര്‍ത്ഥ അന്വേഷകന് താന്‍ മുന്നോട്ടു നീങ്ങുന്തോറും സത്യത്തിന്റെ ചക്രവാളം അകന്നകന്നുപോകുന്നു എന്നു കാണുമ്പോള്‍ നിരാശയോ കുണ്ഠിതമോ മടുപ്പോ അല്ല അനുഭവപ്പെടുന്നത്. തളരുന്നുവോ എന്ന് ഇടയ്ക്കിടെ തോന്നിയേക്കാം. എങ്കിലും, അടുത്ത നിമിഷത്തില്‍ വിസ്മയംകൊണ്ട് കണ്ണുകള്‍ കൂടുതല്‍ വിടരുകയാണ്;ജിജ്ഞാസ കൂര്‍ക്കുകയാണ്; തേടലിന്റെ ലഹരി ഹൃദയത്തില്‍ പതഞ്ഞുപൊങ്ങുകയാണ്. അടുത്ത കാല്‍വയ്പുകള്‍ക്കുള്ള ശക്തി ഉള്ളിന്റെ ഉള്ളില്‍നിന്നും ചുരമാന്തിയെത്തുകയാണ്; 'നേതി നേതി' എന്നു പറഞ്ഞ് സത്യത്തിന്റെ, ഈശ്വരമാഹാത്മ്യത്തിന്റെ, അത്ഭുതദൃശ്യങ്ങള്‍ കണ്ടു മതിമയങ്ങിയും അതെല്ലാം ഉള്‍ക്കൊള്ളാന്‍ ഹൃദയം വിശാലമാക്കിയും അന്വേഷകന്‍ മുന്നോട്ടുനീങ്ങുകയാണ്. തേടലിന്റെ അനുഭൂതിയില്‍ മറ്റെല്ലാം, തീരദര്‍ശനംപോലും, അപ്രധാനമാകുകയാണ്. തീരമില്ലാക്കടലില്‍ നീന്തിത്തുടിക്കുക അതില്‍ത്തന്നെ നിര്‍വൃതിദായകമാകുകയാണ്. 'തേടലാണെന്മുമ്പിലേക ലക്ഷ്യം, ചിരം' എന്ന അവബോധത്തിലെത്തിച്ചേരുകയാണിവിടെ കവി. മാര്‍ഗ്ഗവും ലക്ഷ്യവും ഒന്നാകുന്നിടത്ത് മാര്‍ഗ്ഗംതന്നെ, അന്വേഷണം തന്നെ, കവിക്ക് മുക്തിയും മോക്ഷവുമായി അനുഭവപ്പെടുന്നു!


അജ്ഞേയസത്യത്തെത്തേടിയുള്ള ഈ യാത്രയില്‍ തേടുന്നതിനെ കിട്ടുന്നില്ലെങ്കിലും കിട്ടേണ്ടതു കിട്ടുന്നു എന്നൊരാശ്ചര്യം നടക്കുന്നുണ്ട്. മനുഷ്യമനസ്സിന് ദൈവത്തെ ഉള്‍ക്കൊള്ളാനാവുന്നില്ലെങ്കിലും മനുഷ്യകുലത്തെയും ലോകത്തെത്തന്നെയും സ്വന്തമെന്ന നിലയില്‍ ഉള്‍ക്കൊള്ളാനുള്ള ഹൃദയവ്യാപ്തി കൈവരുന്നു. മനസ്സില്‍ സ്‌നേഹത്തിന്റെ കടലുകള്‍ നിര്‍ക്കാന്‍ പോരുന്നത്ര ദയാവായ്പ് ഉറവുപൊട്ടുന്നു. ഇതൊക്കെയായിരിക്കാം, കവി ഉദ്ദേശിക്കുന്ന മുത്തുകളും സ്വര്‍ണ്ണച്ചിപ്പികളും. ഇവിടെ, മുക്തിയും മോക്ഷവുമൊന്നും വ്യക്തിതലത്തില്‍ മാത്രമായി ഒതുങ്ങുന്നില്ലെന്നു കാണാം. സ്‌നേഹത്തിന്റെയും നീതിബോധത്തിന്റെയും ദീപശിഖയായി കത്തിനിന്ന് ഓരോ സത്യാന്വേഷിയും ലോകത്തിനു മുഴുവന്‍ മാര്‍ഗ്ഗദര്‍ശകമായിത്തീരുകയാണ്.


1 comment:

  1. ഗുരുദാസച്ചന്‍റെ ഈശ്വരനെ തേടിയുള്ള ഈ യാത്രയില്‍ ഒരു നിമിഷം അനന്തമായ ആ സമുദ്രത്തിലേക്ക് ഞാനും ഒന്നു നോക്കട്ടെ.
    സങ്കീര്‍ത്തനം 139-ഇശ്വരനെ തേടി ഇങ്ങനെ പാടുന്നു.
    "ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു; അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു.
    ഞാന്‍ ഉഷസ്സിന്‍ ചിറകു ധരിച്ചു സമുദ്രത്തിന്‍റെ അറ്റത്തു ചെന്ന് പാര്‍ത്താല്‍ അവിടെയും നിന്‍റെ കൈ എന്നെ നടത്തും നിന്‍റെ വലംകൈ എന്നെ പിടിക്കും. "

    ദൈവത്തെ അറിയുകയെന്നുള്ളത് കരകാണാകടലിലെ ഗ്രഹിക്കാന്‍ സാധിക്കാത്ത ഓളങ്ങളും തിരമാലകള്‍ക്കും മീതെ ലക്ഷ്യമില്ലാത്ത യാത്ര പോലെയെന്നും സങ്കീര്‍ത്തനത്തില്‍ നിന്നും മനസ്സിലാക്കുന്നു.

    ദൈവത്തെ തേടി, അറിവിന്‍റെ ആ പരമസത്യത്തെ തേടി നിഗൂഡമായ സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക്
    ആഞ്ഞു തുഴഞ്ഞിറങ്ങിയാലും അവന്‍ എവിടെയെന്നു കണ്ടെത്തുകയില്ല. ഗഹനമായ ആ അറിവിന്‍റെ ഉറവിടം ആര്‍ക്കും അറിയത്തില്ല.
    കൂടുതല്‍ കൂടുതല്‍ ആ ബ്രഹ്മാണ്ട സത്യമറിയണ‍ മെങ്കില്‍, അവന്‍ എവിടെയെന്നു അന്വേഷണം തുടരണമെങ്കില്‍ മനസ്സിന്‍റെ താളങ്ങള്‍ തെറ്റാതെ ഏകാഗ്രതയില്‍ അവനെ ഹൃദയത്തിനുള്ളില്‍ ആവഹിക്കണം. പരിപോഷിപ്പിക്കണം. ആ പരബ്രഹ്മ മായി അഭേദ്യമായ ഒരു ബന്ധം സ്ഥാപിക്കണം.

    എങ്ങനെ, തീഷ്ണമായ അറിവിന്‍റെ വിശപ്പോടെയും ദാഹത്തോടെയും, കണ്ടെത്താനുള്ള ആത്മാവിന്‍റെ സത്ത, അവന്‍ എന്നും അടുത്തുണ്ടന്നുള്ള അത്യാഹ്ലാദം ഇതെല്ലാം അവനില്‍ കുടികൊള്ളണം. പരമാത്മാവിലെക്കുള്ള യാത്ര ചുരുക്കത്തില്‍ അനന്തമായ സമുദ്രം പോലെയാണ്; എവിടെ അവന്‍ എന്നും എന്താണ് അവന്‍ എന്നും അവനെപ്പറ്റി ഇനി എന്തെല്ലാം, എന്നൊക്കെ സത്യാന്വേഷികള്‍ അനേഷിക്കട്ടെ. അതിനായി ക്ഷമയോടെ, വിശ്രമ മില്ലാതെ, തളരാതെ അഗാധതയിലേക്ക്‌ നീന്തൂ.

    അറിവിനെ തേടിനടക്കുന്നവരേ, നിങ്ങള്‍ മതിയാവോളം തുഴഞ്ഞോളു. എന്‍റെ ശ്രമം പാഴാണ്; പാഴായ ശ്രമത്തിനു ഞാന്‍ ഇല്ല. ഒളിച്ചിരിക്കുന്ന ദൈവത്തിനെ എനിക്കെന്തിനു വേണം?എന്‍റെ ദൈവം കര്‍മ്മംമാത്രം,അതില്‍ സ്നേഹവും ഉണ്ട്. അയല്‍ക്കാരനെ സ്നേഹിക്കുവാനും പുതിയ ഉടമ്പടിയില്‍ ഉണ്ട്.

    പുരോഹിതരും തുഴയുന്നുണ്ട്. അവര്‍ ‍എന്നെ അഗ്നിഗോളത്തിലേക്ക് വലിച്ചെറിയും, തീര്‍ച്ച. അവിടെ വെന്തുരുകുമ്പോള്‍ കര കയറ്റുവാന്‍ ദൈവം കാണുമായിരിക്കും.

    ReplyDelete